ചൂടു കുറയ്ക്കാന്‍ 10 ലക്ഷം ചതുരശ്ര മൈല്‍ വലുപ്പമുള്ള കുട; സൂര്യപ്രകാശം മങ്ങാൻ ചോക്കുപൊടി: ആശയങ്ങൾ ഇങ്ങനെ
Mail This Article
ഭൂമിയിലെ ജീവജാലങ്ങള്‍ നേരിടാന്‍ പോകുന്ന കടുത്ത പ്രശ്‌നങ്ങളിലൊന്ന് ആഗോളതാപനമാണ്. ഇതിനെ എങ്ങനെ പ്രതിരോധിക്കാമെന്നു പല ചര്‍ച്ചകളും നടക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ഇസ്രയേല്‍ ശാസ്ത്രജ്ഞര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന പരിഹാരം വിചിത്രമെന്നു തോന്നാം. 10 ലക്ഷം ചതുരശ്ര മൈല്‍ വലുപ്പമുള്ള ഒരു 'കുട' ഭൂമിയെ ചൂടിക്കുക. അതായത്, ഏകദേശം അര്‍ജന്റീനയുടെ വലുപ്പമുള്ള തണല്‍ ഭൂമിക്കു മുകളില്‍ കൊണ്ടുവരാനുള്ള ശ്രമമാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ നടത്തുന്നത്. ഇതു സാധ്യമായാല്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 2.7 ഡിഗ്രി ഫാരന്‍ഹൈറ്റ് ചൂട് കുറയ്ക്കാമെന്നാണ് വിലയിരുത്തല്‍.
പ്രായോഗികമോ എന്ന് വിമര്‍ശകര്‍
ഭൂമിക്കു 90 ലക്ഷം മൈല്‍ മുകളിലായിരിക്കും ഈ ഒഴുകുന്ന കുട. ഭൂമിയിലേക്ക് നിഴല്‍ വീഴ്ത്തുന്ന ഭാഗം അടയ്ക്കാനും തുറക്കാനും സാധിക്കും. ഏകദേശം 100 അടി മാത്രം വരുന്ന ഇതിന്റെ ആദിമരൂപം ഉണ്ടാക്കിയെടുക്കാന്‍ ടെക്‌നിയോണ്‍ (Technion) ഇസ്രയേല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആവശ്യപ്പെടുന്നത് 2 കോടി ഡോളറാണ്. ഇതിന്റെ പണി 2027 ല്‍ പൂര്‍ത്തിയാക്കാമെന്ന് കമ്പനി പറയുന്നു. അതേസമയം, ഇതിനെതിരെ കടുത്ത വിമര്‍ശനവും ഉയരുന്നുണ്ട്. ടെക്‌നിയോണിന് ഈ ആശയം പ്രചരിപ്പിക്കാം, പക്ഷേ ഈ അപാര സംവിധാനം ഉണ്ടാക്കിയെടുക്കാന്‍ ലക്ഷക്കണക്കിനു കോടി ഡോളര്‍ വേണ്ടിവരുമെന്നാണ് വിമർശനം.
രാജ്യാന്തര സഹകരണം അനിവാര്യം
സോളര്‍ ശക്തി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ഒരു സംവിധാനത്തില്‍ (ക്രാഫ്റ്റ്) ഭാരം കുറഞ്ഞ സോളര്‍ സെല്ലുകള്‍ പിടിപ്പിച്ചായിരിക്കും കുട നിർമാണം. ഇതിന് എന്തു വസ്തുവാണ് ഉപയോഗിക്കുന്നത് തുടങ്ങിയ വിശദാംശങ്ങള്‍ ഗവേഷകര്‍ പുറത്തുവിട്ടിട്ടില്ല. ഇത്തരം ഒരു വലിയ സംവിധാനം ബഹിരാകാശത്തെത്തിക്കുന്നതുതന്നെ അത്യന്തം ചെലവേറിയതാണെന്ന് ഹാര്‍വഡ് ഫിസിസിസ്റ്റ് അവി ലോബ് പറഞ്ഞു. ഇത് പ്രാവര്‍ത്തികമാക്കണമെങ്കില്‍ രാജ്യാന്തര സഹകരണവും വേണം. വിവിധ രാജ്യങ്ങള്‍ സൈനികാവശ്യങ്ങള്‍ക്കായി മാറ്റിവയ്ക്കുന്ന പണം അടക്കം മുടക്കിയാലേ ഇത് നടത്താനാകൂ എന്ന് അദ്ദേഹം പറയുന്നു.
ചോക്കു പൊടി തൂളല്‍
സൂര്യന്റെ പ്രകാശം മങ്ങിപ്പിക്കുക എന്നത് പല ശാസ്ത്രജ്ഞരുടെയും മനസ്സിലുള്ള കാര്യമാണ്. അതിനായി പല ആശയങ്ങളും പരിഗണിക്കുന്നുമുണ്ട്. ദശലക്ഷക്കണക്കിനു ടണ്‍ ചോക്ക് ഭൂമിയുടെ സ്ട്രാറ്റോസ്ഫിയറിലേക്ക് സ്പ്രേ ചെയ്യാനുള്ള ഒരു സംരംഭം 2021ല്‍ ആരംഭിച്ചിരുന്നു. ഏകദേശം 30 ലക്ഷം ഡോളര്‍ വേണ്ടിവരുന്ന ഈ പദ്ധതിക്ക് മൈക്രോസോഫ്റ്റ് മേധാവി ബില്‍ ഗേറ്റ്‌സിന്റെ പിന്തുണയും ഉണ്ടായിരുന്നു.
അമേരിക്ക 2023ല്‍ ആഗോള താപനം കുറയ്ക്കാനുള്ള പദ്ധതികള്‍ക്ക് തങ്ങളുടെ പിന്തുണ അറിയിച്ചു കഴിഞ്ഞു. ഇത്തരം പദ്ധതികള്‍ക്കൊന്നും അന്തിമരൂപമോ പിന്തുണയോ ലഭിച്ചിട്ടില്ലെങ്കിലും, ഇസ്രയേലി ഗേവഷകര്‍ തങ്ങളുടെ ആശയത്തിന്റെ മൂലരൂപം മൂന്നു വര്‍ഷത്തിനുള്ളില്‍ ഉണ്ടാക്കിയെടുക്കുമെന്നാണ് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഒരു പ്രദേശം മുഴുവന്‍ നിറഞ്ഞു നില്‍ക്കേണ്ടതിനാല്‍ കൊച്ചു കൊച്ചു ഷെയ്ഡുകളായിരിക്കും ഉണ്ടാക്കുക.
എന്താണ് ഇഎസ്ജി? എന്തുകൊണ്ട് അതിനെക്കുറിച്ച് അറിഞ്ഞിരിക്കണം?
റിലയന്‍സ് സ്ഥാപനങ്ങളുടെ മേധാവി മുകേഷ് അംബാനി, ബ്രാന്‍ഡ് ഗാര്‍ഡിയന്‍ഷിപ് ഇന്‍ഡക്സ് ആഗോള റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയ വാര്‍ത്ത വന്നിരുന്നുവല്ലോ. ഈ അംഗീകാരത്തിന് അദ്ദേഹത്തെ പ്രാപ്തനാക്കിയ ഘടകങ്ങളിലൊന്ന് അദ്ദേഹത്തിന്റെ കമ്പനി പാരിസ്ഥിതികവും സാമൂഹികവും ഭരണപരവും ആയ കാര്യങ്ങള്‍ക്ക് നല്‍കിയ മുന്‍ഗണനയാണ്.
ഡിജിറ്റല്‍ കാലഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ഇഎസ്ജിയില്‍ ശ്രദ്ധാലുക്കളായിരിക്കണം. ടെക്‌നോളജി കമ്പനികള്‍ പാരിസ്ഥിതികവും സാമൂഹികവുമായ വലിയ ആഘാതം സൃഷ്ടിക്കാന്‍ കെല്‍പുള്ളവയാണ്. അതിനാല്‍ത്തന്നെ അവയുടെ ഭരണ രീതിയും പ്രാധാന്യമര്‍ഹിക്കുന്നു. ഉദാഹരണത്തിന് ആഗോള ഭീമന്‍ ഗൂഗിള്‍ 2017 മുതല്‍ പൂര്‍ണമായും പുനഃചക്രമണം ചെയ്യാവുന്ന ഊര്‍ജത്തെ ആശ്രയിച്ചു പ്രവര്‍ത്തിക്കാന്‍ ശ്രമിക്കും എന്ന് പ്രതിജ്ഞ എടുത്തിരുന്നു. ഇന്ത്യയിലാണെങ്കില്‍ ആര്‍പിജി ഗ്രൂപ്പ് 2030 നു മുമ്പ് 10 ലക്ഷം വൃക്ഷത്തൈകള്‍ നടുമെന്ന് അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ ഇഎസ്ജി നിക്ഷേപം 2019ല്‍ 330 ദശലക്ഷം ഡോളറായിരുന്നു. ഇത് 2023ല്‍ 1.3 ബില്യന്‍ ഡോളറായി വർധിപ്പിച്ചിരിക്കുന്നതു തന്നെ ഇന്ത്യ ഇഎസ്ജിക്കു നല്‍കുന്ന പ്രാധാന്യം വിളംബരം ചെയ്യുന്നു. രാജ്യത്തിന്റെ അസറ്റ് അണ്ടര്‍ മാനേജ്‌മെന്റ് (എഎംയു) 2051ല്‍ 34 ശതമാനം വളര്‍ച്ച കാണിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തിന്റെ നെറ്റ്-സീറോ ലക്ഷ്യം 2027ല്‍ കൈവരിക്കാനാകുമെന്നാണ് കരുതുന്നത്. ഉത്തരവാദിത്തമുള്ള ടെക്‌നോളജി കമ്പനികളാണ് രാജ്യത്ത് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മാത്രമെ ഇതൊക്കെ നേടാനാകൂ. അതാണ് ഇഎസ്ജി എന്ന സങ്കല്‍പത്തെ അതീവ പ്രാധാന്യമുള്ള ഒന്നായി നിലനിര്‍ത്തുന്നത്.
ആമസോണ്‍ ഫയര്‍ ടിവി ലിനക്‌സിലേക്ക് മാറിയേക്കും
ആമസോണ്‍ കമ്പനിയുടെ വിഡിയോ സ്ട്രീമിങ് ഉപകരണമായ ഫയര്‍ ടിവി ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് ഫയര്‍ ഒഎസിലാണ്. ഇതാകട്ടെ ആന്‍ഡ്രോയിഡ് ഓപ്പണ്‍ സോഴ്‌സ് പ്രൊജക്ടില്‍നിന്ന് വേര്‍തിരിച്ചെടുത്തതാണ്. എന്നാല്‍, വെഗാ ഒഎസ് എന്ന പേരില്‍ ലിനക്‌സ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പുതിയ ഒഎസിലേക്കു മാറാന്‍ ശ്രമിക്കുകയാണ് ആമസോണ്‍ എന്ന് സൂചന. ഫയര്‍ ടിവി സ്റ്റിക്, ഫയര്‍ ടാബ്‌ലറ്റുകള്‍, അലക്‌സ എക്കോ ഷോ ഉപകരണങ്ങള്‍ തുടങ്ങിയവയ്ക്കായിരിക്കും ഇനി വെഗാ ഒഎസ് നല്‍കുക. ഈ ഉപകരണങ്ങള്‍ക്കെല്ലാം ധാരാളം ഉപഭോക്താക്കളുണ്ട്.
ആപ്പിള്‍ വിഷന്‍ പ്രോ ആപ്പുമായി യൂട്യൂബ്
പല പ്രമുഖ ടെക്‌നോളജി കമ്പനികളും ആപ്പിള്‍ കമ്പനിയുടെ വിആര്‍ ഹെഡ്‌സെറ്റായ വിഷന്‍ പ്രോയ്ക്ക് നേറ്റിവ് ആപ് ഉണ്ടാക്കാന്‍ വിസമ്മതിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. നെറ്റ്ഫ്‌ളിക്‌സ് തുടങ്ങിയ സ്ട്രീമിങ് ആപ്പുകളുടെ അഭാവമാണ് ഇപ്പോള്‍ ശ്രദ്ധേയം. എന്തായാലും ഗൂഗിളിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന യൂട്യൂബ് വിഷന്‍ പ്രോയ്ക്കു വേണ്ടി പ്രത്യേക ആപ് വികസിപ്പിച്ചു തുടങ്ങിയതായി ദ് വേര്‍ജ് റിപ്പോര്‍ട്ടു ചെയ്യുന്നു.