ധനം കുമിഞ്ഞു കൂടിയത് എഐ കമ്പനി ഉടമകള്‍ക്ക്; ഈ വർഷം 'ചാകര'
Mail This Article
നിര്‍മിത ബുദ്ധി വികസിപ്പിക്കുന്ന, അല്ലെങ്കില്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന കമ്പനിയുടമകളാണ് ഈ വര്‍ഷം ഏറ്റവുമധികം പണം നേടിയതെന്ന് ബ്ലൂംബര്‍ഗ്. ചരിത്രത്തിലാദ്യമായി ആമസോണിന്റെ ഓഹരിയേക്കാള്‍ മൂല്യം നേടിയിരിക്കുകയാണ് എഐ ചിപ് നിര്‍മാതാവ് എന്‍വിഡിയ കോര്‍പറേഷന്റെ ഓഹരികള്‍ക്ക്. എഎംഡി കമ്പനിയുടെ മേധാവികള്‍ക്കും ഈ വര്‍ഷം ചാകരയായിരുന്നു. ലോകത്തെ ഏറ്റവും വലിയ 500 ധനികരില്‍, എഐ-കേന്ദ്രീകൃത കമ്പനികളില്‍ മുതല്‍ മുടക്കിയിരിക്കുന്നവര്‍ക്ക് മൊത്തത്തില്‍ 124 ബില്ല്യന്‍ ഡോളര്‍ ലഭിച്ചിട്ടുണ്ടെന്ന് ബ്ലൂംബർഗ് ഗ്ലോബല്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇന്‍ഡെക്‌സ് പറയുന്നു. ഈ വര്‍ഷം ഈ 500 പേര്‍ ആര്‍ജ്ജിച്ച ധനത്തിന്റെ 96 ശതമാനം വരും ഇതെന്നുമാണ് വിവരം.
വാട്‌സാപ് പെട്ടു; ഐമെസേജും, ബിങും രക്ഷപെട്ടു
വമ്പന്‍ ടെക്‌നോളജി പ്ലാറ്റ്‌ഫോമുകള്‍ക്ക് മൂക്കുകയറിടാനായി യൂറോപ്യന്‍ യൂണിയന്‍ നടപ്പാക്കാന്‍ പോകുന്ന പുതിയ ഡിജിറ്റല്‍ മാര്‍ക്കറ്റ്‌സ് ആക്ടിന്റെ (ഡിഎംഎ) പരിധിയില്‍ നിന്ന് ആപ്പിളിന്റെ സന്ദേശക്കൈമാറ്റ ആപ്പായ ഐമെസേജും, മൈക്രോസോഫ്റ്റിന്റെ സേര്‍ച്ച് എഞ്ചിനായ ബിങും, ബ്രൗസറായ എജും രക്ഷപെട്ടു. മെറ്റ കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വാട്‌സാപ് അടക്കമുളള ആപ്പുകള്‍, ഗൂഗിളിന്റെ സേവനങ്ങള്‍ തുടങ്ങിയവയ്ക്ക് ഡിഎംഎ ബാധകമായിരിക്കും.
ഐമെസേജിനെയും, ബിങിനെയും എജിനേയും ഒക്കെ ഒഴിവാക്കയതല്ല, മറിച്ച് വലിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് ഉണ്ടാവണം എന്ന് ഡിഎംഎയില്‍ പറഞ്ഞിരിക്കുന്നത്ര ഉപയോക്താക്കള്‍ഇല്ലാത്തതാണ് ഇവയ്ക്ക് നിയമം ബാധകമല്ലാതിരിക്കാന്‍ കാരണം. ആപ്പിളും മൈക്രസോസോഫ്റ്റും ഈ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. യൂറോപ്പില്‍ വലിയൊരു യൂസര്‍ ബെയ്‌സ് ഇല്ലെങ്കിലും ഐമെസേജ് ആണ് അമേരിക്കക്കാരുടെ പ്രിയപ്പെട്ട സന്ദേശക്കൈമാറ്റ ആപ്പ്.
ഡിഎംഎയുടെ പരിധിയില്‍ വരുന്നത് മെറ്റാ, ഗൂഗിള്‍, ടിക്‌ടോക്കിന്റെ ഉടമയായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സ് എന്നിവയും, ആപ്പിളിന്റെ ഐഓഎസും, മൈക്രോസോഫ്റ്റിന്റെവിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റവും ഒക്കെ ആയിരിക്കും.
ആപ്പിളില്‍ ഐവ് യുഗത്തിന് അന്ത്യം
ഐഫോണും, മാക്കുകളും മുതല്‍ ആപ്പിളിന്റെ പ്രധാനപ്പെട്ട പല പ്രൊഡക്ടുകളുടെയും രൂപകല്‍പ്പനയ്ക്കു ചുക്കാന്‍ പിടിച്ച ജോണി ഐവ് കമ്പനി വിട്ടിട്ട് ഏതാനും വര്‍ഷങ്ങളായി. അദ്ദേഹത്തിന്റെ ടീമില്‍ ഉള്‍പ്പെട്ടിരുന്ന അവസാനത്തെ ആളായ ബാര്‍ട്ട് ആന്‍ഡ്രെയും രാജി സമര്‍പ്പിച്ചു. നീണ്ട 30 വര്‍ഷത്തെ സേവനത്തിനൊടുവിലാണ് ബാര്‍ട്ട് ആപ്പിള്‍ വിടുന്നത്.
ആപ്പിളില്‍ 1992ല്‍ ചേര്‍ന്ന ബാര്‍ട്ട്, ഐവിനൊപ്പം പ്രവര്‍ത്തിച്ചു പേരെടുത്തയാളാണ്. ഉല്‍പ്പന്നങ്ങളുടെ സൗന്ദര്യവശത്തിനു പ്രാധാന്യം നല്‍കിയ ആളായിരുന്നു ബാര്‍ട്ട്. ഡിസൈന്‍ ടീമിന്റെ ശേഷിക്കുറവ് സമീപ വര്‍ഷങ്ങളില്‍ ആപ്പിളിന് വിനയായി തുടങ്ങിയിട്ടുണ്ടെന്ന് അഭിപ്രായമുള്ളവരുണ്ട്.
എം3 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡ് എയര്‍ മാര്‍ച്ചിലെത്തും?
ആപ്പിളിന്റെ ഏറ്റവും പുതിയ കംപ്യൂട്ടര്‍ പ്രൊസസറുകളായ എം3 ശ്രേണിയില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡ് എയര്‍, പ്രോ ശ്രേണികള്‍ ഈ വര്‍ഷം മാര്‍ക്കറ്റിലെത്തിയേക്കുമെന്ന് സൂചന.
എയര്‍ ശ്രേണിക്ക് 12.9-ഇഞ്ച് വലിപ്പമുള്ള ഒരു വേരിയന്റ് കണ്ടേക്കുമെന്നും പറയുന്നു. ഇതില്‍ എല്‍സിഡി സ്‌ക്രീന്‍ ടെക്‌നോളജിയാണ് പ്രതീക്ഷിക്കുന്നത്. എയര്‍മോഡലുകള്‍ അടുത്ത മാസം പുറത്തിറക്കാനുള്ള സാധ്യതയുണ്ട്.