ADVERTISEMENT

ആപ്പിള്‍ വിഷന്‍ പ്രോയാണ് ഇപ്പോൾ താരം. ധരിക്കുന്നവര്‍ക്കു മുന്നില്‍ ഒരു സമാന്തര ലോകം തീര്‍ക്കുന്ന ഉപകരണമായി ആപ്പിള്‍ വിഷന്‍ പ്രോ മാറിക്കഴിഞ്ഞു. വിഷൻപ്രോ ധരിച്ചുകൊണ്ട് നിത്യജീവിതത്തിലെ നിരവധി കാര്യങ്ങളും ചെയ്യുന്ന വിഡിയോകൾ നാം കണ്ടിരുന്നു. എന്നാൽ തുടര്‍ച്ചയായി 50 മണിക്കൂര്‍ ഒരു യുട്യൂബര്‍ ആപ്പിള്‍ വിഷന്‍ പ്രോ ധരിക്കുകയാണെങ്കിലോ? വിഷൻപ്രോയുടെ കൂടുതൽ പ്രായോഗികവശങ്ങളെ കുറിച്ചറിയാം.

എന്താണ് വിഷൻപ്രോ

ആപ്പിളിന്റെ ഓഗ്‌മെന്റ് റിയാലിറ്റി ഉപകരണമാണ് ആപ്പിള്‍ വിഷന്‍ പ്രോ. ധരിക്കുമ്പോള്‍ തന്നെ കണ്‍മുന്നില്‍ സാധാരണ കാണുന്ന കാഴ്ചകള്‍ക്കൊപ്പം ഹോം വ്യൂവും തെളിഞ്ഞു വരും. കമ്പ്യൂട്ടറിന്റെ ഹോം പേജ് പോലുള്ള സംവിധാനമാണിത്. കമ്പ്യൂട്ടര്‍ നിയന്ത്രിക്കാന്‍ മൗസുണ്ടെങ്കില്‍ ആപ്പിള്‍ വിഷന്‍ പ്രോ നമ്മുടെ കണ്ണും കയ്യും ശബ്ദവും ഉപയോഗിച്ചാണ് നിയന്ത്രിക്കാനാവുക. ഇനി ഹോം വ്യൂ ക്ലോസു ചെയ്യണമെങ്കില്‍ ആപ്പിള്‍ വിഷന്‍ പ്രോയിലെ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതിയാവും. 

ആയിരക്കണക്കിന് ഐപാഡ്, ആപ്പിള്‍ ആപ്പുകള്‍ ആപ്പിള്‍ വിഷന്‍ പ്രോ നമ്മുടെ മുന്നിലെത്തിക്കും. ആപ്പിള്‍ വിഷന്‍ പ്രോ ഉപയോഗിക്കുന്ന മറ്റൊരാളുമായി ഫെയ്‌സ് ടൈം കോള്‍ നടത്താം. ആ സമയത്ത് നമ്മള്‍ സംസാരിക്കുന്നയാള്‍ തൊട്ടടുത്തുള്ളതുപോലെ തോന്നും. ആപ്പിളിന്റെ ആദ്യത്തെ ത്രിഡി ക്യാമറ കൂടിയാണ് വിഷന്‍ പ്രോ. റയാന്‍ ട്രാഹന്‍ എന്ന യുട്യൂബറാണ് തുടര്‍ച്ചയായി 50 മണിക്കൂര്‍ ആപ്പിള്‍ വിഷന്‍ പ്രോ ഉപയോഗിച്ചത്.

vision-pro-test-1 - 1
Image From youtue Ryan Trahan

യുട്യൂബര്‍ റയാന്‍ മൂന്നു നിയമങ്ങള്‍ പാലിച്ചു

ആദ്യത്തേത്ത് 50 മണിക്കൂര്‍ നേരത്തേക്ക് ആപ്പിള്‍ വിഷന്‍ പ്രോ മുഖത്തു നിന്നു എടുത്തു മാറ്റാനാവില്ലെന്നതായിരുന്നു. 50 മണിക്കൂര്‍ സ്‌ക്രീന്‍ ടൈം പൂര്‍ത്തിയാക്കണമെന്നും ആപ്പിള്‍ വിഷന്‍ പ്രോ അല്ലാതെ മറ്റേതെങ്കിലും സാങ്കേതികവിദ്യയോ ഉപകരണങ്ങളോ ഇതിനിടെ ഉപയോഗിക്കില്ലെന്നുമായിരുന്നു രണ്ടും മൂന്നും നിയമങ്ങള്‍. സാധാരണ ഒഴിവു ദിവസം എന്തൊക്കെ ചെയ്യുന്നോ അതെല്ലാം ആപ്പിള്‍ വിഷന്‍ പ്രോ ധരിച്ചുകൊണ്ട് ചെയ്യാനാണ് റയാന്‍ ശ്രമിച്ചത്.

യാത്രകൾക്കായി ആപ്പിള്‍ റൈഡ് മാത്രമാണ് റയാന്‍ ഉപയോഗിക്കുന്നത്. ആപ്പിള്‍ റൈഡ് ഉപയോഗിക്കുന്ന മൂന്നു ഡ്രൈവര്‍മാര്‍ മാത്രമേ റയാന്‍ താമസിക്കുന്ന സ്ഥലത്തുള്ളൂ. പിന്നീടുള്ള മണിക്കൂറുകളില്‍ ഒരേ കാറില്‍ത്തന്നെ റയാന്‍ കയറുന്നുമുണ്ട്. ബാറ്ററി തീരാതിരിക്കാന്‍ ഇടക്കിടെ പോര്‍ട്ടബിള്‍ ചാര്‍ജര്‍ ഉപയോഗിക്കുന്നുണ്ട്. ഒറ്റ ക്ലിക്കില്‍ ഭൂമിയില്‍ നിന്നു ചന്ദ്രനിലേക്കെത്താന്‍ ആപ്പിള്‍ വിഷന്‍ പ്രോ ഉപയോഗിക്കുന്നവര്‍ക്കാവും. കാറില്‍ യാത്ര ചെയ്യുന്നതിനിടെ ബോറടിക്കുന്നുവെന്നു തോന്നുമ്പോള്‍ ഈ ഫീച്ചര്‍ റയാന്‍ പരീക്ഷിക്കുന്നുണ്ട്.

മക്‌ഡൊണാള്‍ഡില്‍ ഭക്ഷണം വാങ്ങി ആപ്പിള്‍ വിഷന്‍ പ്രോയില്‍ ആപ്പിള്‍ പേ ഉപയോഗിച്ച് പണം നല്‍കാന്‍ ശ്രമിക്കുന്നുവെങ്കിലും സാധിക്കുന്നില്ല. അവിടെ കറന്‍സിയാണ് നല്‍കുന്നത്. വ്യായാമം ചെയ്യാന്‍ പോകുമ്പോഴും ആപ്പിള്‍ വിഷന്‍ പ്രോ ഊരുന്നില്ല. ട്രെഡ് മില്ലില്‍ ആപ്പിള്‍ വിഷന്‍ പ്രോ ധരിച്ച് ഓടുന്നത് അല്‍പം മെനക്കേടു പിടിച്ച പണിയാണെന്ന് റയാന്‍ തിരിച്ചറിയുന്നുണ്ട്. ഇതിനിടെ വ്യായാമം ചെയ്യാനെത്തിയ മറ്റുള്ളവര്‍ റയാന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും കാണാം. വ്യായാമത്തിന്റെ ഇടവേളയില്‍ 3ഡി ഗെയിം കളിക്കാനും സാധിക്കുന്നു.

vision-pro-6 - 1

പല്ലു തേക്കുമ്പോള്‍ പോലും വിഷന്‍ പ്രോ ഊരുന്നില്ല

ആപ്പിള്‍ വിഷന്‍ പ്രോ ഊരാതെ ബാറ്ററി മാറ്റുകയെന്ന ശ്രമകരമായ പണിയും ഇതിനിടെ ചെയ്യുന്നുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം ഫ്രിസ്ബി കളിക്കാന്‍ ഇഷ്ടപ്പെടുന്ന റയാന്‍ അതും വിഷന്‍ പ്രോ ധരിച്ചു ചെയ്യുന്നുണ്ട്. ഇത്തരം കളികള്‍ക്കിടെ സ്വാഭാവികമായുള്ളതിനേക്കാള്‍ വേഗത്തിലാണ് താന്‍ ചലിക്കുന്നതെന്നും റയാന്‍ പറയുന്നു.  വിഷന്‍ പ്രോ ഉപയോഗിച്ചുള്ള പാചകവും രസകരമാണ്. ഇഷ്ട പാചക വിഡിയോ തെരഞ്ഞെടുത്ത് അതിനനുസരിച്ച് പാചകം ചെയ്യാം. വേണ്ട വിഭവങ്ങളുടെ അളവെടുക്കാനും പാചക സമയം മനസിലാക്കാനുമെല്ലാം വിഷന്‍ പ്രോ സഹായിക്കുന്നുണ്ട്. ഉറങ്ങുമ്പോഴും രാവിലെ എഴുന്നേറ്റ് പല്ലു തേക്കുമ്പോള്‍ പോലും വിഷന്‍ പ്രോ ഊരുന്നില്ല.

vision-pro-test-5 - 1
Image From youtue Ryan Trahan

പിറ്റേന്ന് രാവിലെ പലരോടും ആപ്പിള്‍ വിഷന്‍ പ്രോയെക്കുറിച്ചുള്ള അഭിപ്രായവും ചോദിക്കുന്നുണ്ട്. പുസ്‌തകം എത്ര സമയം വായിക്കണമെന്ന് സെറ്റു ചെയ്യുക, ഇതിനിടെ പോലും ഗെയിം കളിക്കുക എന്നിങ്ങനെയുള്ള സാധ്യതകളും വിഷന്‍ പ്രോ റയാന്റെ കണ്‍മുന്നില്‍ തെളിയിക്കുന്നു. പങ്കാളിയോടൊപ്പമുള്ള നിമിഷങ്ങളില്‍ പോലും വിഷന്‍ പ്രോ ഊരുന്നില്ല. പക്ഷേ, ആപ്പിള്‍ വിഷന്‍ പ്രോ ധരിച്ചുകൊണ്ട് രണ്ടു പേര്‍ക്ക് ചുംബിക്കാനാവില്ലെന്ന സത്യവും വിഡിയോ കാണിച്ചു തരുന്നു.

vision-pro-test-2 - 1

50 മണിക്കൂര്‍ തുടര്‍ച്ചയായി ആപ്പിള്‍ വിഷന്‍ പ്രോ ധരിക്കുകയെന്ന ചലഞ്ച് വിജയകരമായി പൂര്‍ത്തിയാക്കാന്‍ റയാന് സാധിക്കുന്നുണ്ട്. നിത്യ ജീവിതത്തില്‍ ആപ്പിള്‍ വിഷന്‍ പ്രോ ഉപയോഗിക്കുമ്പോഴുള്ള ഗുണദോഷങ്ങള്‍ ഈ വിഡിയോ വഴി തിരിച്ചറിയാനാവും. ഇത്രയും സമയംകൊണ്ടു തന്നെ ആപ്പിൾ വിഷന്‍ പ്രോയ്ക്ക് അടിമയാകാനുള്ള സാധ്യത കൂടി റയാന്‍ പങ്കുവയ്ക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com