ADVERTISEMENT

 ജീവിതത്തില്‍ ഒരിക്കലെങ്കിലും ജോലിക്കായുള്ള അഭിമുഖത്തിന്റെ സമ്മര്‍ദം അനുഭവിക്കാത്തവര്‍ കുറവായിരിക്കും. തികച്ചും അപ്രതീക്ഷിതമായ ചോദ്യത്തിനു മുന്നില്‍ ഉത്തരം കിട്ടാതെ വിയര്‍ത്തുപോവുന്ന സാഹചര്യം ഓരോ അഭിമുഖത്തിലും അപൂര്‍വ്വവുമല്ല. ഗൂഗിള്‍ പോലെയുള്ള വന്‍കിട കോര്‍പറേറ്റ് കമ്പനികളുടെ അഭിമുഖത്തിലാണ് ഇരിക്കുന്നതെങ്കില്‍ സമ്മര്‍ദം വേറെ ലെവലായെന്നും വരാം. അഭിമുഖത്തിനിടെ ഞെട്ടിക്കുന്ന ഗൂഗിളിന്റെ ചോദ്യങ്ങളിലൊന്ന് മുന്‍ ഗൂഗിള്‍ ജീവനക്കാരി തന്നെയാണ് ഇപ്പോള്‍ പരസ്യമാക്കിയിരിക്കുന്നത്. 

ഗൂഗിള്‍, വിക്‌സ്, റോക്കറ്റ് മണി തുടങ്ങിയ കമ്പനികളുടെ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്തുവെന്ന് അവകാശപ്പെടുന്ന വനിതയാണ് ടിക് ടോക്കില്‍ ഗൂഗിള്‍ അഭിമുഖത്തിലെ മില്യണ്‍ ഡോളര്‍ ചോദ്യം പങ്കുവെച്ചിരിക്കുന്നത്. കൊള്ളാവുന്നവരില്‍ നിന്നും ഏറ്റവും മികച്ചവരെ കണ്ടെത്താനാണ് ഈ ചോദ്യം ഉപയോഗിക്കുന്നതെന്നും അവര്‍ പറയുന്നു. 

'സാന്‍ഫ്രാന്‍സിസ്‌കോയില്‍ ഒരു കോഫി ഷോപ്പുണ്ട്. പരിധികളില്ലാത്ത ഡിമാന്‍ഡു സപ്ലൈയുമുള്ള കടയാണിത്. ലോകത്തെ തന്നെ എല്ലാ തരം കാപ്പികളും ചായയും ഇവിടെയുണ്ട്. തെരുവിലേക്കും ഈ കോഫി ഷോപ്പില്‍ നിന്നുള്ള വരി നീളാറുണ്ട്. ആകെ 500 ചതുരശ്ര അടിയാണ് കോഫി ഷോപ്പിന്റെ വലിപ്പം. അങ്ങനെയെങ്കില്‍ എത്ര കപ്പ് കാപ്പി ഇവിടെ ഒരു ദിവസം ഉണ്ടാക്കുന്നുണ്ട്?' എന്നതാണ് അഭിമുഖത്തിന് വന്നിരിക്കുന്നവരുടെ കിളി പറത്തുന്ന ചോദ്യം. 

ടിക് ടോക്കില്‍ ഈ ചോദ്യത്തിനു താഴെ പല തരത്തിലുള്ള കമന്റുകളും എത്തിയിട്ടുണ്ട്. ഒരാള്‍ പറഞ്ഞിരിക്കുന്നത് പൂജ്യം എന്നാണ്. ചോദ്യത്തില്‍ ജോലിക്കാരെക്കുറിച്ചു പറഞ്ഞിട്ടില്ലെന്നതാണ് പൂജ്യത്തിന്റെ കാരണമായി അയാള്‍ പറയുന്നത്. മറ്റൊരാള്‍ കണക്കുകൂട്ടുന്നത് ഒരു കപ്പ് കാപ്പി ഉണ്ടാക്കാന്‍ ഏകദേശം 30 സെക്കന്‍ഡ് വേണ്ടി വരുമെന്നാണ്. 'അങ്ങനെയെങ്കില്‍ മണിക്കൂറില്‍ 120 കപ്പ്. എട്ടു മണിക്കൂറാണ് തുറന്നിരിക്കുന്നതെങ്കില്‍ 960 കപ്പ് കാപ്പി വില്‍ക്കും'.

'ഡിമാന്‍ഡിന് അനുസരിച്ച് സപ്ലൈ ഉണ്ടെന്നു പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് എത്ര കപ്പെന്നതില്‍ കാര്യമില്ല'. 'എത്ര നിര്‍മിക്കുമെന്നാണ് ചോദ്യം വിതരണം ചെയ്യുമെന്നല്ല. വരി നില്‍ക്കുന്ന ഉപഭോക്താക്കളുടെ വിവരം പ്രാധാന്യമില്ലാത്തതാണ്. കപ്പുകള്‍ പോലും ആവശ്യമില്ല' എന്നാണ് മറ്റൊരാള്‍ പറഞ്ഞിരിക്കുന്നത്. 'എനിക്കറിയില്ല, ഗൂഗിള്‍ ചെയ്യും' എന്നു വരെ പറഞ്ഞവരുണ്ട്. ഗൂഗിളുമായി ചേര്‍ന്നു പോവുന്ന ഉത്തരം ഇതാണെങ്കില്‍ പോലും ആരെ ഗൂഗിള്‍ തെരഞ്ഞെടുക്കുമെന്ന് ഗൂഗിളിനേ അറിയാനാവൂ. 

interview - 1
Image Credit: canva

ഈ ചോദ്യത്തിന്റെ ഉത്തരം മറ്റൊരു വിഡിയോയില്‍ മുന്‍ ഗൂഗിള്‍ ജീവനക്കാരി വിശദീകരിക്കുന്നുണ്ട്. ശരിയോ തെറ്റോ ആയ കൃത്യമായ ഒരുത്തരം ഈ ചോദ്യത്തിനില്ല. നിങ്ങള്‍ എങ്ങനെ ചിന്തിക്കുന്നുവെന്നറിയാനാണ് ചോദ്യകര്‍ത്താവ് ശ്രമിക്കുന്നത്. പെട്ടെന്ന് തീരുമാനമെടുക്കാനുള്ള നിങ്ങളുടെ കഴിവാണ് ഇത്തരം സാഹചര്യങ്ങളില്‍ വിലയിരുത്തപ്പെടുന്നത്. 

അതേസമയം ഗൂഗിളിന്റെ കരിയര്‍ വെബ്‌സൈറ്റ് പറയുന്നത് ഉദ്യോഗാര്‍ഥികളെ കുഴക്കുന്ന ചോദ്യങ്ങള്‍ അഭിമുഖത്തിനിടെ ചോദിക്കില്ലെന്നാണ്. അതിന്റെ കാരണവും ഗൂഗിള്‍ വിശദീകരിക്കുന്നുണ്ട്. 'ഒരാളുടെ ജോലി ചെയ്യാനുള്ള കഴിവ് ഇത്തരം ചോദ്യങ്ങള്‍ വഴി വിലയിരുത്താനാവില്ലെന്നാണ് ഞങ്ങളുടെ ഡാറ്റകള്‍ കാണിക്കുന്നത്. അതുകൊണ്ട് ഇത്തരം ചോദ്യങ്ങള്‍ ഇനിയില്ല. മറിച്ച് ജോലിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളായിരിക്കും അഭിമുഖത്തില്‍ ഉള്‍പ്പെടുത്തുക'

English Summary:

Tough Google Interview Questions You Should Prepare

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com