ADVERTISEMENT

ഗബ്രിയേലെ സിറുളി എന്ന ഇറ്റാലിയൻ എൻജിനീയർ 19 ാം വയസ്സിൽ ഡവലപ് ചെയ്‌ത ഗെയിമാണ് 2048. വിജയങ്ങളിൽ മടുത്ത് കളി നിർത്താനോ തോറ്റാലും പിന്മാറാനോ കളിക്കുന്നയാൾക്കു തോന്നാത്ത വിധമാണ് ഗെയിം ഒരുക്കിയത്. രണ്ടേ രണ്ടു ടൈലുകളിൽ ആരംഭിച്ച്, ടൈലുകൾ കുമിഞ്ഞുകൂടാതെ, ഏറെ ശ്രദ്ധയോടെ അതിന്മേൽ എഴുതിയ സംഖ്യ 2048 ആക്കി മാറ്റാനുള്ള ശ്രമത്തിലായി പിന്നെ സോഫ്റ്റ്‌വെയർ ഗെയിമിങ് ലോകം. 

ഗെയിം കളിക്കാനായി: Play Game

ആംഗ്രി ബേഡ്സും മറ്റ് ഗെയിമുകളും അരങ്ങു വാണ കാലത്താണ്, ഒരു പുത്തൻ ഗെയിം കോഡ് എങ്ങനെയാണു ചെയ്യുക എന്ന കൗതുകത്തിൽ ഗബ്രിയേലെ തന്റെ ലോജിക്കൽ ഗെയിം ഒരുക്കിയത്. സുഡോക്കു പോലെയോ ക്രോസ് വേഡ്‌സ് പോലെയോ ഒരാൾക്ക് ലോജിക് ഉപയോഗിച്ച് ഒറ്റയ്ക്കു കളിക്കാനാവുന്ന ഗെയിം ആയിരുന്നു അവന്റെ ലക്ഷ്യം.

2014 ൽ ആ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടു. വെബ് ഗെയിമായി ആരംഭിച്ച 2048, ട്വിറ്റർ വഴി ചുരുങ്ങിയ കാലം കൊണ്ടാണ് ആളുകൾ ഏറ്റെടുത്തത്. ആദ്യ മാസം തന്നെ പോസ്റ്റിനു ലഭിച്ചത് ഒരു ലക്ഷം മറുട്വീറ്റുകളായിരുന്നു. വൈകാതെ, പൂർണ രൂപത്തിലുള്ള വെബ് ഗെയിം ആയും ആപ്ലിക്കേഷൻ ആയും 2048 നെ സിറുളി വികസിപ്പിച്ചു. 

എന്താണ് 2048  ഗെയിം

ആപ്ലിക്കേഷനോ വെബ്സൈറ്റോ ഉപയോഗിച്ച് ഒരാൾക്ക് ഒറ്റയ്ക്ക് കളിക്കാവുന്ന ഗെയിം ആണ് 2048 . 4 * 4 ഫോർമാറ്റിലോ 5 * 5 ഫോർമാറ്റിലോ സുഡോക്കുവിന് സമാനമായ കളങ്ങളിൽ കളിക്കാം. ഇവിടെ ഓരോ കളത്തിലും ഒരു സംഖ്യ എഴുതിയ ടൈലുണ്ടാകും. അത് വലത്, ഇടത് വശങ്ങളിലേക്കോ മുകളിലേക്കോ താഴേക്കോ നീക്കാം. അപ്പോൾ ഒരെണ്ണം മാത്രമായിരിക്കില്ല, മുഴുവൻ ടൈലുകളും അതേ ദിശയിൽത്തന്നെ നീങ്ങും.

കളിയുടെ തുടക്കത്തിൽ ഒരു ടൈൽ മാത്രമേ ഉണ്ടായിരിക്കൂ. അതിൽ എഴുതിയ സംഖ്യ രണ്ടോ നാലോ ആയിരിക്കും. തുടർന്നുള്ള ഓരോ ചലനത്തിലും ഓരോ ടൈൽ വീതം കൂടിക്കൊണ്ടിരിക്കും. അതേസമയം ചലിക്കുന്ന അതേ ദിശയിൽ ഒരേ സംഖ്യയുള്ള ടൈലുകൾ ഒന്നായി ചേരുകയും സംഖ്യ ഇരട്ടിക്കുകയും ചെയ്യും. ഇങ്ങനെ ഇരട്ടിച്ച്, രണ്ടിൽനിന്നു ടൈലിനെ 2048 എന്ന സംഖ്യയിൽ എത്തിക്കുക എന്നതാണ് ഗെയിമിന്റെ ലക്ഷ്യം. അതായത്, 2 എന്ന സംഖ്യയുള്ള ടൈൽ പതിനൊന്ന് തവണ അതേ സംഖ്യയുള്ള ടൈലുമായി കൂടിച്ചേരണം. ചെറിയൊരു കണക്കുകൂട്ടലിനു മുകളിലാണ് ഗെയിം മുന്നോട്ട് പോകുന്നത്. 

കളം അറിഞ്ഞു ഗെയിം കളിച്ചു നേടാം: 2048

അത്ര എളുപ്പമല്ല 2048 ന്റെ പൂർത്തീകരണം എന്നിരിക്കെ, ഗെയിം ആളുകളെ പിടിച്ചിരുത്തുന്നുണ്ട്. ആയാസമില്ലാതെ, ബുദ്ധിപൂർവം പൂർത്തിയാക്കാവുന്ന വെബ് ഗെയിമുകളിൽ ഇപ്പോഴും 2048 മുൻപന്തിയിലാണ്. മാനസിക പിരിമുറുക്കങ്ങളിൽ നിന്നുള്ള മോചനവും പ്രശ്നപരിഹാര ശേഷി വികസിപ്പിക്കലും ഈ ഗെയിം മൂലം സാധ്യമാകുന്നെന്നാണ് പറയപ്പെടുന്നത്. തലച്ചോറിന് നൽകാവുന്ന പരിശീലനമായും, ജോലിക്കിടയിൽ പോലും അൽപനേരം ആശ്വസിക്കാനുള്ള മാർഗമായും ഗെയിം നിർദ്ദേശിക്കപ്പെടാറുണ്ട്. 

എന്തൊക്കെയാണ് ഗെയിം കൊണ്ടുള്ള ഗുണങ്ങൾ ? 

2048 ഗെയിംപ്ലേ. കോം എന്ന കമ്പനി അതിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ പറയുന്നത് പ്രധാനമായും നാല് പ്രയോജനങ്ങളെപ്പറ്റിയാണ്. 

 മാനസിക ഉത്തേജനം നൽകുന്നു : 2048 ഗെയിം പൂർത്തിയാക്കാൻ വിമർശനാത്മക ചിന്തയും പ്രശ്നപരിഹാരശേഷിയും തന്ത്രപരമായ ആസൂത്രണങ്ങളും ആവശ്യമാണ്. ഇത് തലച്ചോറിനെ ലോജിക്കൽ റീസണിങ്, പാറ്റേൺ തിരിച്ചറിയൽ തുടങ്ങിയ കഴിവുകളിൽ പരിശീലിപ്പിക്കും. വൈജ്ഞാനിക കഴിവുകൾ മെച്ചപ്പെടുത്താൻ നിരന്തര പരിശീലനം സഹായകമാകും. 

ശ്രദ്ധയും ഏകാഗ്രതയും വർധിപ്പിക്കുന്നു : ചുരുങ്ങിയ നീക്കങ്ങൾ നടത്താൻ ഏകാഗ്രതയും ശ്രദ്ധയും അത്യാവശ്യമായതിനാൽ ഗെയിം പതിവാക്കുന്നത് ജീവിതത്തിന്റെ മറ്റു മേഖലകളിലും ശ്രദ്ധ കേന്ദ്രീകരിക്കാനും ജോലിയിൽ അതുപയോഗപ്പെടുത്താനും ഉപകരിക്കും.  

തീരുമാനമെടുക്കാനുള്ള കഴിവുകൾ വികസിപ്പിക്കുന്നു: ഓരോ നീക്കത്തിലും നിങ്ങൾക്ക് പല അവസരങ്ങളുണ്ട്. അവിടെ വ്യത്യസ്ത തീരുമാനങ്ങളുടെ ഗുണദോഷങ്ങൾ വിലയിരുത്തേണ്ടതുണ്ട്. കളം വിശകലനം ചെയ്യാനും ഓരോ നീക്കത്തിന്റെയും ഫലം മുൻകൂട്ടി കാണാനും സാധിക്കണം എന്നതിനാൽ ഇത്തരം കഴിവുകൾ വർധിപ്പിക്കാൻ സഹായകമാവുന്നു. 

വിശ്രമവും സമ്മർദത്തിൽ നിന്നുള്ള മോചനവും: ഗെയിമിൽ ഏർപ്പെടുന്നത് സമ്മർദ്ദം കുറക്കുകയും വിശ്രമമാർഗ്ഗമാവുകയും ചെയ്യും. മനസ്സിനെ വഴി തിരിച്ചു വിടാനും തലച്ചോറിനെ വിശ്രമിപ്പിക്കാനും സാധിക്കുന്നതിനപ്പുറം, ഗെയിം പൂർത്തിയാക്കുന്നത് നിങ്ങൾക്ക് പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിവുണ്ടെന്ന ആത്മവിശ്വാസവും നൽകും. ഇതെല്ലാം വായിച്ചശേഷം ഒരു ഗെയിം പൂർത്തിയാക്കാൻ പ്ലാനുണ്ടോ?. എങ്കിൽ ഇതാ ഗെയിം 2048

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com