ADVERTISEMENT

മനുഷ്യരുടെ സമൂഹ ജീവിതം സുഗമമായി ഒഴുകുന്നു എന്നുറപ്പാക്കുന്നത് അതിപ്രധാനമായ ഒരുപറ്റം മേഖലകളുടെ സംയുക്ത പ്രവര്‍ത്തനത്താലാണ്.വിവിധ മേഖലകളില്‍ തൊഴിലെടുക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുക, അവബോധം രാജ്യത്തെ പൗരന്മാരിലെത്തിക്കുക തുടങ്ങിയ പരിശ്രമങ്ങളുടെ ഭാഗമായാണ് ദേശീയ സുരക്ഷാ ദിനം രാജ്യം ആചരിക്കുന്നത്.  ആരോഗ്യ സുരക്ഷ മുതല്‍ റോഡ് സുരക്ഷയും, പാരിസ്ഥിതിക സുരക്ഷയും വരെ സുപ്രധാനമായ മേഖലകളെക്കുറിച്ചു അവബോധം സൃഷ്ടിക്കാനാണ് മാര്‍ച്ച് 4ന് ദേശീയ സുരക്ഷാദിനം ആചരിക്കുന്നത്. മാര്‍ച്ച് 4 മുതല്‍ ഒരാഴ്ചത്തേക്ക് ദേശീയ സുരക്ഷാ വാരം ആരംഭിക്കുകയും ചെയ്യുന്നു. എന്‍ജിഓ ആയ നാഷണല്‍ സേഫ്റ്റി കൗണ്‍സിലാണ് ഇത് മുന്‍കൈ എടുക്കുന്നത്. 

2024ലെ വിഷയം, കാര്യപരിപാടികളും

പാരിസ്ഥിതികവും, സാമൂഹികവും, ഭരണപരവുമായ (ഇഎസ്ജി) മികവ് ആണ് ഈ വര്‍ഷം ദേശീയ സുരക്ഷാ ദിനം എടുത്തുകാട്ടുന്നത്. രാജ്യത്തെ പൗരന്മാരുടെ ശാരീരികവും മാനസികവും സാമൂഹികവുമായ ഘടകങ്ങളെ (ഹോളിസ്റ്റിക്) പരിഗണിച്ചായിരിക്കും ഈ വര്‍ഷം ജോലിക്കാര്‍ക്കും ജനങ്ങള്‍ക്കുമെല്ലാം അവബോധം ഉണ്ടാക്കാന്‍ ശ്രമിക്കുക. ഈ ദിവസത്തിനായി  ഒട്ടനവധി കാര്യങ്ങള്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ദേശീയ സുരക്ഷാ പതാക ഉയര്‍ത്തല്‍ ആണ് അതിലൊന്ന്. പിന്നീട് സുരക്ഷാ പ്രതിജ്ഞ എടുക്കും. സുരക്ഷ സംബന്ധിച്ച ബാനറുകളും പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കും. 

ഈ ദിനവുമായി ബന്ധപ്പെട്ട് പല മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. മുദ്രാവാക്യങ്ങള്‍, പോസ്റ്ററുകള്‍, ക്വിസ് തുടങ്ങിയവ അതില്‍ ഉള്‍പ്പെടും. സുരക്ഷാ അവബോധ പരിപാടികൾ, എക്‌സിബിഷനുകള്‍, റോഡ് ഷോകള്‍, പരിശീലനക്കളരികള്‍,സെമിനാറുകള്‍ തുടങ്ങിയവയും നടത്തും. അടിയന്തിര സാഹചര്യങ്ങളില്‍ നടത്തേണ്ട പ്രതികരണങ്ങള്‍ക്കും മറ്റും പരിശീലനങ്ങള്‍ നല്‍കും. സുരക്ഷാ അവബോധം പരത്താനായി സിനിമാ പ്രദര്‍ശനവും നടത്തും. 

An employee attends a customer at the Reliance Industries Petrol pump in Navi Mumbai on June 24, 2021. (Photo by Punit PARANJPE / AFP)
An employee attends a customer at the Reliance Industries Petrol pump in Navi Mumbai on June 24, 2021. (Photo by Punit PARANJPE / AFP)

ചരിത്രം

നാഷണല്‍ സേഫ്റ്റി കൗണ്‍സില്‍ (എന്‍എസ്‌സി) സ്ഥാപിതമായ ദിവസമാണ് മാര്‍ച്ച് 4, 1966. എന്നാല്‍, ദേശീയ സുരക്ഷാ ദിവസം ആചരിച്ചു തുടങ്ങുന്നത് 1972 മുതലാണ്. തുടര്‍ന്ന് ഓരോ വര്‍ഷവും വിവിധ ജോലികള്‍ക്കുവേണ്ട സുരക്ഷാ അവബോധം ഉണ്ടാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഒപ്പം ആരോഗ്യത്തെക്കുറിച്ചുളള അവബോധവും വളര്‍ത്തുന്നു. തൊഴിലിടങ്ങളില്‍ ആരോഗ്യവും സുരക്ഷയും പ്രോത്സാഹിപ്പിക്കുക, അപകടങ്ങള്‍ ഒഴിവാക്കുക, ആരോഗ്യകരമായ തൊഴിലടങ്ങള്‍ ഉറപ്പാക്കുക തുടങ്ങിയവയ്ക്കാണ് എന്‍എസ്‌സി ഇതുവരെപ്രാധാന്യം നല്‍കിവന്നിരിക്കുന്നത്. 

വിവിധ മേഖലകളുടെ സഹകരണം

വിവിധ വ്യവസായ സ്ഥാപനങ്ങളും, ഗവണ്‍മെന്റ് സ്ഥാപനങ്ങളും മറ്റ് സംഘടനകളുമെല്ലാമായി സഹകരിച്ചാണ് സുരക്ഷയെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമുള്ള അവബോധം പരത്താന്‍ എന്‍എസ്‌സി ശ്രമിക്കുന്നത്. ചില വ്യവസായ മേഖലകളിലും മറ്റും പണിയെടുക്കുന്നവരുടെ സുരക്ഷ, അവിടങ്ങളില്‍ ഉണ്ടായേക്കാവുന്ന അപകടങ്ങള്‍ തുടങ്ങിയവയെക്കുറിച്ച് അവബോധം ഉണ്ടാക്കാനാണ് ശ്രമം. ജീവനക്കാര്‍, തൊഴില്‍ ദാതാക്കള്‍, ഗവണ്‍മെന്റ് തുടങ്ങിയവരെയെല്ലാം ഒരേ പോലെ സുരക്ഷിതവും, ആരോഗ്യകരവുമായ തൊഴിലിടങ്ങളിൽ വ ണ്ടതിന്റെ ആവശ്യകത പറഞ്ഞു മനിസിലാക്കുന്നു. 

safety-day-1 - 1
Image Credit: Canva

ദേശീയ സുരക്ഷാ ദിവസത്തിന്റെ പ്രാധാന്യമെന്ത്?

ആരോഗ്യകരവും സുരക്ഷിതവുമായ തൊഴിലിടം എന്ന ആശയമാണ് എന്‍എസ്‌സി പ്രചരിപ്പിക്കുന്നത്. ചില തൊഴിലിടങ്ങളില്‍ ഉണ്ടായേക്കാവുന്ന അപകട സാധ്യതകളും മറ്റും മുന്‍കൂട്ടി അറിയിക്കുക വഴി അവ സംഭവിക്കുന്നതു തടയാനാകുന്നു. തങ്ങളുടെ തൊഴില്‍ മേഖലയില്‍ വേണ്ട സുരക്ഷയെക്കുറിച്ച് ജോലിക്കാര്‍ക്ക് അവബോധം പകരുന്നു.  തൊഴില്‍ സുരക്ഷ വര്‍ദ്ധിക്കുന്നതോടെ ഉത്പാദനക്ഷമതയും വര്‍ദ്ധിക്കുന്നു. ആരോഗ്യപരിപാലനത്തിന് വേണ്ട ചിലവ് കുറയുകയും ചെയ്യുന്നു. ഇതെല്ലാം ജോലിക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിക്കാന്‍ ഇടവരുത്തുന്നു. 

കൂട്ടുത്തരവാദിത്വം

സുരക്ഷയുടെ കാര്യത്തില്‍ തൊഴല്‍ദാതാക്കളുടെ പങ്കും നിര്‍ണ്ണായകമാണ്. എന്നാല്‍, മികച്ച തൊഴിലിടങ്ങള്‍ ഉണ്ടാകുന്നു എന്ന് ഉറപ്പാക്കുന്നത്, തൊഴില്‍ദാതാക്കള്‍, ജോലിക്കാര്‍, ഗവണ്‍മെന്റ് എന്നീ കക്ഷികളുടെ കൂട്ടുത്തരവാദിത്വമാണെന്ന് ദേശീയ സുരക്ഷാ ദിനം ഓര്‍മിപ്പിക്കുന്നു എന്നത് അതിന്റെ സിവിശേഷതയാണ്. തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുമ്പോള്‍ ഉൽപ്പാദനവും വര്‍ദ്ധിപ്പിക്കുന്നു.

ഷീ

ജോലിക്കാര്‍ക്ക് ആരോഗ്യപരമായ സുരക്ഷാ കവചം ഒരുക്കാനായി രാജ്യം ഒന്നായി ശ്രമിക്കുന്ന ദിവസമാണ് ദേശീയ സുരക്ഷാ ദിനം എന്നു നിര്‍വ്വചിക്കുന്നവരും ഉണ്ട്. ഈ ദിവസത്തിന്റെ ലക്ഷ്യങ്ങളെ സുരക്ഷ, ആരോഗ്യം, പരിസ്ഥിതി (ഷീ Safety, Health, and Environment (SHE) എന്നിവ ആണെന്നും അവര്‍ വാദിക്കുന്നു. വിവിധ വ്യവസായ മേഖലകളില്‍ ജോലിയെടുക്കുന്നവരുടെ തൊഴില്‍ സുരക്ഷയ്ക്ക് പരമപ്രാധാന്യം നല്‍കണമെന്ന സന്ദേശമാണ് ഈ ദിനം നല്‍കുന്നത്. 

എന്‍എസ്‌സി നേരിടുന്ന വെല്ലുവിളികള്‍

സുരക്ഷിതമായ തൊഴിലിടം എന്ന സങ്കല്‍പ്പത്തെക്കുറിച്ച് വേണ്ടത്ര അവബോധം അധികമാര്‍ക്കുമില്ലെന്നുള്ളതാണ് എന്‍എസ്‌സി നേരിടുന്ന പ്രധാന വെല്ലുവിളി. വേണ്ടത്ര അടിസ്ഥാനസൗകര്യങ്ങളില്ലാത്തതാണ്രണ്ടാമത്തെ പ്രശ്‌നം. അനൗപചാരിക തൊഴില്‍ മേഖലയില്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ കാര്യമായി ഇല്ല എന്നതാണ് മറ്റൊരു പ്രശ്‌നം. 

ഇനി, സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്ള മേഖലയില്‍ പണിയെടുക്കുന്നവർക്ക് ഇതെല്ലാം ഉണ്ടല്ലോ എന്നാണ് കരുതുന്നതെങ്കില്‍, അവ നടപ്പാക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സാധിക്കുന്നില്ലെന്നുള്ളതും മറ്റൊരു പ്രശ്‌നമാണ്. ഇതെല്ലാം വര്‍ഷത്തിലൊരിക്കലെങ്കിലും ചര്‍ച്ച ചെയ്യപ്പെടുന്നതിനായാണ് ദേശീയ സുരക്ഷാ ദിനവും വാരവും ആഘോഷിക്കുന്നത്.

English Summary:

National Safety Day 2024: Date, history and significance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com