ഗെയിം കളിക്കാന്‍ ഇനി എഐ; ഗൂഗിള്‍ ഡീപ്മൈന്‍ഡിന്റെ 'സിമ' എന്തെന്നറിയാം
Mail This Article
ലോകത്ത് ആദ്യമായി 3ഡി വെര്‍ച്വല്‍ പരിസ്ഥിതിയില്‍ വോയിസ് കമാന്‍ഡ് മനസിലാക്കാന്‍ കെല്‍പ്പുള്ള ജനറലിസ്റ്റ് എഐ ഏജന്റിനെ പരിചിയപ്പെടുത്തിയിരിക്കുകയാണ് ടെക്‌നോളജി ഭീമന്‍ ഗൂഗിളിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിപ്‌മൈന്‍ഡ്. സ്‌കെയ്‌ലബ്ള്‍, ഇന്‍ട്രക്ടബ്ള്‍, മള്‍ട്ടിവേള്‍ഡ്ഏജന്റ് (SIMA) എന്ന സങ്കല്‍പ്പമാണ് ഡീപ്‌മൈന്‍ഡ് ഗവേഷകരുടെ ടീം മുന്നോട്ടുവയ്ക്കുന്നത്. കളിക്കുന്ന ഗെയിമിനെക്കുറിച്ചുള്ള വിവരങ്ങള്‍ സിമയ്ക്ക് പകര്‍ന്നു നല്‍കേണ്ടതില്ലെന്നുള്ളതാണ് ഇതിന്റെ സിവിശേഷതകളിലൊന്ന്. ഒരു ഗെയിമര്‍ക്കു പ്രാഥമികമായി ഉണ്ടായിരിക്കേണ്ട ഏകദേശം 600 കഴിവുകളാണ് ഇതുവരെ സിമ വളര്‍ത്തിയെടുത്തിരിക്കുന്നത്.
നാച്വറല്‍ ലാംഗ്വെജ് ഇന്‍്ട്രക്ഷന്‍സ്, ചിത്രം തിരിച്ചറിയല്‍ തുടങ്ങിയ സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന ഒന്നാണ് സിമ എന്ന് ഗൂഗിള്‍ പറയുന്നു. ചുരുക്കിപ്പറഞ്ഞാല്‍, സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ കാണുന്നതു പോലെ എഐയുമായി ഗെയിമുകളില്‍ ഏറ്റുമുട്ടാന്‍ സാധിച്ചേക്കും. വിവിധ തരം ഗെയിമുകള്‍ കളിക്കാന്‍ വേണ്ട കഴിവ് പഠിച്ച് ആര്‍ജ്ജിക്കാന്‍ സിമയ്ക്ക് സാധിക്കും. പരമ്പരാഗത നോണ്‍-പ്ലെയര്‍ ക്യാരക്ടര്‍ ബോട്ടുകള്‍ ഏതെങ്കിലും ഒരു ഗെയിം കളിക്കാനുള്ള കഴിവുള്ളതാണ്. എന്നാല്‍, സിമയ്ക്ക് ഒരു ഗെയിമില്‍ മാത്രമായിരിക്കില്ല പ്രാവീണ്യം ആര്‍ജ്ജിക്കാന്‍ സാധിക്കുക.
ഇത് സാധിക്കുന്നത് ഗെയിമുകളുടെ സോഴ്‌സ് കോഡ് മനസിലാക്കിയെടുത്തും അല്ല തുടങ്ങിയ കാര്യങ്ങളെല്ലാമാണ് സിമയെ വ്യത്യസ്തമാക്കുന്നത്. ഇതിനെ നിങ്ങള്‍ക്ക് നിങ്ങളുടെ വിഡിയോ ഗെയിം പാര്‍ട്ണറും ആക്കാം. ഹലോ ഗെയിംസ്, ടുക്‌സെഡോ ലാബ്‌സ് തുടങ്ങി പല വിഡിയോ ഗെയിം സ്റ്റുഡിയോകളുമായി സഹകരിച്ചാണ് സിമയെ ഗൂഗള്‍ ഇപ്പോള്‍ പരിശീലിപ്പിച്ചുവരുന്നത്. ഗെയിമില്‍ കിട്ടുന്ന സ്‌കോര്‍ അല്ല ഇവിടെ പ്രാധാനം. മറിച്ച്, എഐ സിസ്റ്റത്തെ ഒരു വിഡിയോ ഗെയിം എങ്കിലും കളിക്കാന്‍ പരിശീലിപ്പിക്കുകഎന്നത് ഒരു നേട്ടംതന്നെയാണെന്ന് ഗൂഗിള്‍ പറയുന്നു.
ചരിത്രപ്രധാനമായ എഐ ആക്ട് പാസാക്കി ഇയു പാര്‍ലമെന്റ്
യൂറോപ്യന്‍ യൂണിയന്‍ (ഇയു) ചരിത്രപ്രധാനമായ എഐ ആക്ട് പാസാക്കി എന്ന് എഎഫ്പി. ഓപ്പണ്‍എഐയുടെ ചാറ്റ്ജിപിറ്റി തുടങ്ങിയ അതിശക്തമായ എഐ ടൂളുകള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന തരത്തിലുള്ള ഒന്നാണിത്. വേണ്ട സുതാര്യത ഇല്ലാതെ പ്രവര്‍ത്തിക്കുന്ന അപകടകരമായ എഐ ടൂളുകളെ നിരോധിക്കാനടക്കം വ്യവസ്ഥ ചെയ്യുന്ന നിയമങ്ങളാണ് ഇപ്പോള്‍ പാസാക്കിയിരിക്കുന്നത്.
ഇവയില്‍ പലതും ആദ്യം മുന്നോട്ടുവച്ചത് 2021ലാണ്. തങ്ങളുടെ പൗരന്മാരെ എഐയില്‍ നിന്ന് സംരക്ഷിച്ചു നിറുത്തുക എന്ന പ്രാഥമിക ലക്ഷ്യത്തോടെയാണ് ഇവ നടപ്പാക്കുക. ലോകമെമ്പാടും നിന്നുളള വിശ്വസിക്കാവുന്ന എഐയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യവും പുതിയ നിയമങ്ങള്‍ക്കുണ്ട്. ഇത് 46ന് എതിരെ 523 വോട്ടുകള്‍ക്കാണ് പാസാക്കിയത്. ഇയുവിലെ 27 സ്റ്റേറ്റുകള്‍ ഇത് അംഗീകരിച്ചേക്കും.
സൂപ്പര്‍നോവയുടെ കൂറ്റന്‍ ചിത്രം കാണാം
വലിയൊരു നക്ഷത്രം പൊട്ടിത്തെറിച്ചതിന്റെ ശേഷിപ്പിനെയാണ് സൂപ്പര്‍നോവ എന്ന വാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത്. ഭൂമിയില്‍ നിന്ന് ഏറ്റവും അടുത്ത ദര്‍ശിക്കാവുന്ന അത്തരത്തിലൊന്നാണ് വെള (Vela) സൂപ്പര്‍നോവ റെമനന്റ്. വെള കോസ്റ്റലേഷനിലെ ഒരു സ്റ്റാറിന്റെ പൊട്ടിത്തെറിക്കലില്‍നിന്ന് ഇത് രൂപപ്പെട്ടത്. ഭൂമിയില്‍ നിന്ന് അടുത്ത് എന്നൊക്കെ തട്ടിവിടാമെങ്കിലും ഇത് സ്ഥിതി ചെയ്യുന്നത് ഭൂമിയില്‍ നിന്ന് ഏകദേശം 815 പ്രകാശവര്‍ഷം അകലെയാണ്. ഏകദേശം 11,000 - 12,300 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ടൈപ് 2 സൂപ്പര്‍നോവയില്‍ നിന്നാണ് ഇത് സൃഷ്ടിക്കപ്പെട്ടത്എന്നാണ് ഗവേഷകര്‍ പറയുന്നത്. എന്തായാലും, ഇതിന്റെ ഒരു കൂറ്റന്‍ ചിത്രം പകര്‍ത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞര്‍ ഇപ്പോള്‍.
ചിത്രത്തിന് 1.3 ജിബി റെസലൂഷന്‍ ആണ് ഉള്ളത്. ചിലിയിലെ ഇന്റര്‍-അമേരിക്കന്‍ ഒബ്‌സര്‍വേറ്ററിയില്‍ സ്ഥാപിച്ചിരിക്കുന്ന ഡിഇക്യാം (DECam) ഉപയോഗിച്ചാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഇതില്‍ കാണുന്ന നിറങ്ങള്‍ക്ക് കൃത്യതയില്ല. കാരണം സ്‌പെഷ്യലൈസ്ഡ് അസ്‌ട്രോണമി ക്യാമറകള്‍പകര്‍ത്തുന്ന ചിത്രങ്ങള്‍ ബ്ലാക് ആന്‍ഡ് വൈറ്റ് ആണ്. ഇത്തരം ചിത്രങ്ങളിലേക്ക് മനുഷ്യന്റെ കാഴ്ച പരിഗണിച്ച് നിറങ്ങള്‍ ചേര്‍ക്കുകയാണ് ചെയ്യുന്നത്.
165 ദിവസത്തിനുള്ളില്‍ വില്‍ക്കുന്നില്ലെങ്കില്‍ കെട്ടുകെട്ടിക്കോളാന്‍ ടിക്‌ടോക്കിനോട് അമേരിക്ക
ചൈനീസ് കമ്പനിയായ ബൈറ്റ്ഡാന്‍സിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമമായ ടിക്‌ടോക്കിന് കനത്ത തിരിച്ചടി. ആപ് 165 ദിവസത്തിനുള്ളില്‍ ഒരു അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കുന്നില്ലെങ്കില്‍ പടംമടക്കിക്കോളാനാണ് അമേരിക്കയുടെ ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്‌സ് പാസാക്കിയബില്ലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ബില്‍ 65നെതിരെ 352 വോട്ടുകള്‍ക്കാണ് പാസാക്കിയിരിക്കുന്നത്. അമേരിക്കക്കാര്‍ക്ക് പ്രിയപ്പെട്ട ആപ്പായ ടിക്‌ടോക്കിന്റെ ഉടമസ്ഥതാവകാശം ബൈറ്റ്ഡാന്‍സ് നിശ്ചിത സമയത്തിനുള്ളില്‍ വിറ്റിരിക്കണം. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ ആപ്പ് നിരോധിക്കുകയല്ല അമേരിക്ക ചെയ്യാന്‍ ഒരുങ്ങുന്നത്. മറിച്ച് ആപ്പിളിന്റെ ആപ്പ് സ്റ്റോറിലും ഗൂഗിളിന്റെപ്ലേ സ്റ്റോറിലും അത് ഉണ്ടാകരുത് എന്നായിരിക്കും ആവശ്യപ്പെടുക.
ഇനിയും കടമ്പകള്‍
അമരിക്കയിലെ ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെയാണ് അംഗങ്ങള്‍ ടിക്‌ടോക്കിനെതരെ വോട്ട് ചെയ്തിരിക്കുന്നത്. എന്നാലും ഇനി ഇത് സെനറ്റില്‍ പാസാക്കണം. അതിനു ശേഷം അന്തിമ തീരുമാനം എടുക്കുക പ്രസിഡന്റ് ജോ ബൈഡന്‍ ആയിരിക്കും. ടിക്‌ടോക്കിനെ എതിര്‍ക്കുന്നവര്‍ പറയുന്നത് ആപ്പ് ബെയ്ജിങിന്റെ നിയന്ത്രണത്തിലാണ് എന്നാണ്.
ഏകദേശം 170 ദശലക്ഷം അമേരിക്കക്കാര്‍ ആപ് ഉപയോഗിക്കുന്നുണ്ട്. ഇവരെ അണിനിരത്തി ടിക്‌ടോക്ക് പ്രതിരോധം ചമയ്ക്കാന്‍ ശ്രമിക്കുമോ എന്ന ചോദ്യവും ഉയരുന്നു. അതേസമയം, ഈ ബില്‍ സെനറ്റില്‍ പാസാക്കുക എന്നത് ശ്രമകരമായിരിക്കുമെന്ന് ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു. ജൂണ്‍ 2020ലാണ് ഇന്ത്യ ടിക്‌ടോക് നിരോധിച്ചത്.
സ്റ്റാര്‍ഷിപ്പിന്റെ മൂന്നാം ഫ്‌ളൈറ്റിനുള്ള ലൈസന്‍സ് നല്‍കി
ഇലോണ്‍ മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികളിലൊന്നായ സ്‌പെയ്‌സ്എക്‌സ് നിര്‍മ്മിക്കുന്ന സ്റ്റാര്‍ഷിപ്പിന് മൂന്നാം ഫ്‌ളൈറ്റിനുള്ള ലൈസന്‍സ് അമേരിക്കയുടെ ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിട്രേഷന്‍ നല്‍കി. ഇതിനു മുമ്പ് രണ്ടു തവണ പരീക്ഷണാര്‍ത്ഥം സ്റ്റാര്‍ഷിപ് ലോഞ്ച്ചെയ്‌തെങ്കിലും പൊട്ടിത്തെറിക്കുകയായിരുന്നു.
ഓപ്പണ്‍എഐയുടെ സൊറാ എഐ വിഡിയോ ജനറേറ്റര്‍ ഈ വര്‍ഷം പുറത്തിറക്കും
ഓപ്പണ്‍എഐയുടെ എഐ വിഡിയോ ജനറേറ്ററായ സൊറാ ഈ വര്‍ഷം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുമെന്ന് കമ്പനിയുടെ ചീഫ് ടെക്‌നോളജി ഓഫിസറായ മിരാ മുരാറ്റി അറിയിച്ചു. കമ്പനിയുടെ മറ്റൊരു സേവനമായ ഡാല്‍-ഇയ്ക്കു സമാനമായ വില ആയിരിക്കും ഇത് ഉപയോഗിക്കുന്നവര്‍ നല്‍കേണ്ടിവരിക എന്നാണ് സൂചന. സോറയിലേക്ക് ഓഡിയോ ജനറേഷനും ഉള്‍ക്കൊള്ളിക്കും എന്നും മിര പറയുന്നു.