അമ്പോ! 100 ബില്യൻ ഡോളറിന്റെ എഐ കംപ്യൂട്ടര്‍ വരുന്നു!
Mail This Article
എംടിയും (വാസുദേവന്‍ നായര്‍) എന്‍പിയും (മുഹമ്മദ്) ചേര്‍ന്നാല്‍ 'അറബിപ്പൊന്നാണ്' എന്നൊരു പറച്ചില്‍ മലയാള സാഹിത്യ പ്രേമികള്‍ക്കിടയിലുണ്ട്. അതുപോലെ, ടെക്‌നോളജിയില്‍ അപ്രമാദിത്വമുള്ള കമ്പനികളായ മൈക്രോസോഫ്റ്റിന്റെ പാക്കിങ്ങും ഓപ്പണ്‍എഐയുടെ മിശ്രണവും ചേര്‍ന്നാലോ? ലോകത്ത് ഏറ്റവുമധികം കണ്‍സ്യൂമര്‍ കംപ്യൂട്ടറുകളില്‍ പ്രവര്‍ത്തിക്കുന്ന വിന്‍ഡോസ് ഒഎസിന്റെ സ്രഷ്ടാവ് മൈക്രോസോഫ്റ്റും നിര്‍മിത ബുദ്ധിയുടെ (എഐ) കാര്യത്തില്‍ ഇപ്പോള്‍ ഏറ്റവും മികവു പുലര്‍ത്തുന്നു എന്നു കരുതുന്ന ഓപ്പണ്‍എഐയും കൈകോര്‍ത്താല്‍ എന്തു സംഭവിക്കുമെന്നറിയണോ? കേട്ടോളൂ! ഏകദേശം 100 ബില്യന്‍ ഡോളര്‍ ചെലവിട്ട് ഒരു സൂപ്പര്‍ കംപ്യൂട്ടര്‍ നിര്‍മിക്കാനാണ് ഇരു കമ്പനികളുടെയും ഉദ്ദേശ്യമത്രേ. സമാനതകളില്ലാത്ത ഈ നൂതന ഉപകരണം മനുഷ്യരാശിയെ എങ്ങോട്ടു നയിക്കാനാണ് ഉദ്ദേശിക്കുന്നത്? നോക്കാം:
വരുന്നു സ്റ്റാര്‍ഗേറ്റ്!
സ്റ്റാര്‍ഗേറ്റ് എന്ന പേരില്‍ ഏകദേശം 100 ബില്യന്‍ ഡോളര്‍ മുടക്കി ഒരു ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കംപ്യൂട്ടര്‍ ഉണ്ടാക്കിയെടുക്കാനുള്ള ശ്രമത്തിലാണത്രേ ഓപ്പണ്‍എഐയും മൈക്രോസോഫ്റ്റും. കംപ്യൂട്ടിങ് മേഖലയെ അടിമുടി പൊളിച്ചെഴുതിയേക്കാവുന്ന നീക്കമാണ് ഇതെന്നാണ് വിലയിരുത്തല്‍. ഓപ്പണ്‍ എഐ മേധാവി സാം ഓള്‍ട്ട്മാനോട് സംസാരിച്ച ഒരാളെയും ഇതിനു വേണ്ടിവരുന്ന ചെലവിനെക്കുറിച്ചുള്ള വിവരങ്ങളുടെ എസ്റ്റിമേറ്റ് കാണാനിടയായ ഒരാളെയും ഉദ്ധരിച്ചാണ് ദി ഇന്‍ഫര്‍മേഷന്‍ ഇതിനെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്.
ഇത്തരം ഒരു കംപ്യൂട്ടര്‍ ഉണ്ടാക്കിയെടുക്കാനുള്ള അടിത്തറ പാകാനുള്ള ഏകദേശ ചെലവ് 100 ബില്യൻ വന്നേക്കുമെന്നു കരുതുന്നു. കൂടുതല്‍ പണം വേണ്ടിവരുന്നത് എഐ ഗ്രാഫിക്‌സ് ചിപ്പുകള്‍ വാങ്ങിക്കൂട്ടാനാണ്. മൂന്നു ട്രില്യന്‍ ഡോളറിലേറെ മൂല്യമുള്ള കമ്പനിയായ മൈക്രോസോഫ്റ്റ് ആയിരിക്കും ഇതിനു പണം മുടക്കുക എന്നാണ് കരുതുന്നത്. അതിനുള്ള ടെക്‌നോളജി നല്‍കാന്‍ മുന്‍പില്‍ നില്‍ക്കുന്നത് ഓപ്പണ്‍എഐയും.
വെല്ലുവിളികള്‍
അടുത്ത ആറു വര്‍ഷത്തിനുള്ളില്‍ ഇരു കമ്പനികളും ചേര്‍ന്ന് സൂപ്പര്‍ കംപ്യൂട്ടറുകളുടെ പല സീരിസ് പുറത്തിറക്കാനാണ് പദ്ധതിയിടുന്നത്. ഇതില്‍ എറ്റവും പ്രധാനപ്പെട്ടതാണ് സ്റ്റാര്‍ഗേറ്റ്. ഇതിന്റെ നിർമാണം 2028 ല്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. അഞ്ചു ഘട്ടമായാണ് ഇത് വികസിപ്പിക്കുക. അഞ്ചാമത്തെ ഘട്ടമായിരിക്കും സ്റ്റാര്‍ഗേറ്റ് എന്ന പേരില്‍ അറിയപ്പെടുക. ഇതിനുള്ള എഐ വികസിപ്പിക്കലില്‍ ഇപ്പോള്‍ ചില വെല്ലുവിളികളും നേരിടുന്നുണ്ട്. വേണ്ടത്ര ഗ്രാഫിക്‌സ് പ്രൊസസിങ് യൂണിറ്റുകള്‍ (ജിപിയു) ലഭ്യമല്ലത്തതാണ് പ്രധാന പ്രശ്‌നം. ഇക്കഴിഞ്ഞ മാസങ്ങളില്‍ ജനറേറ്റിവ് എഐയുടെ കാര്യത്തിലുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച ജിപിയുവിന്റെ ലഭ്യത കുറച്ചു.
എല്ലാം എന്‍വിഡിയയുടെ കയ്യില്‍
ഇത്തരം ചിപ്പുകളുടെ നിര്‍മാണ കുത്തക എന്‍വിഡിയ കമ്പനിയുടെ കയ്യിലാണെന്നത് മൈക്രോസോഫ്റ്റിനും ഓപ്പണ്‍എഐക്കും സഹായകമായ കാര്യമല്ല. ഓര്‍ഡര്‍ പ്രകാരം ചിപ്പ് നിര്‍മിച്ചു നല്‍കുന്ന കാര്യത്തില്‍ എന്‍വിഡിയ ഇപ്പോള്‍ കിതയ്ക്കുകയാണ്. അതിനാല്‍ത്തന്നെ ജിപിയുകളുടെ വില കുത്തനെ ഉയര്‍ന്നുകൊണ്ടുമിരിക്കുന്നു.
എന്‍വിഡിയയുടെ ഒരു പുതിയ എഐ ചിപ്പിന് 40,000 ഡോളര്‍ വരെ വില!
തങ്ങളുടെ ഒരു പുതിയ എഐ ചിപ്പിന് 30,000-40,000 ഡോളര്‍ വരെ വില വന്നേക്കാമെന്ന് ജിടിസി 2024 സമ്മേളനത്തില്‍ സംസാരിച്ച എന്‍വിഡിയ മേധാവി ജെന്‍സണ്‍ ഹുവാങ് പറഞ്ഞിട്ടുണ്ട്. മറ്റു കമ്പനികളുടെ ജിപിയു യൂണിറ്റുകളെ ബഹുദൂരം പിന്തള്ളുന്ന എന്‍വിഡിയ ജിപിയു ചിപ്പുകളുടെ വികസിപ്പിക്കല്‍-നിര്‍മാണ വിഭാഗങ്ങള്‍ക്കായി തങ്ങള്‍ 10 ബില്യന്‍ ഡോളര്‍ ചെലവിട്ടെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.
ഇപ്പോള്‍ സ്റ്റാര്‍ഗേറ്റ് അതിന്റെ മൂന്നാം ഘട്ട വികസിപ്പിക്കല്‍ എത്തിക്കഴിഞ്ഞു എന്നാണ് പറയുന്നത്. നാലാം ഘട്ടം 2026ല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് മൈക്രോസോഫ്റ്റ്. എഐ ഇന്‍ഫ്രാസ്ട്രക്ചറിന്റെ കാര്യത്തില്‍ മറ്റൊരു സംരംഭത്തിലും കാണാത്ത തരത്തിലുള്ള, ഗൗരവത്തിലെടുക്കേണ്ട മുന്നേറ്റം സ്റ്റാര്‍ഗേറ്റ് കൊണ്ടുവന്നേക്കും. നിലവിലെ കംപ്യൂട്ടറുകള്‍ക്ക് സാധിക്കാത്ത പ്രൊസസിങ് ശേഷിയുമായി എത്തുന്ന സ്റ്റാര്‍ഗേറ്റ് സംവിധാനം മനുഷ്യരാശിയുടെ പുരോഗതിക്കാവശ്യമായ ഗവേഷണങ്ങള്‍ക്കും മറ്റും വന്‍കുതിപ്പ് പകര്‍ന്നേക്കും.
അതേസമയം, എന്‍വിഡിയയുടെ കുത്തക തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ചിപ്പ് നിര്‍മാതാക്കളായ ഇന്റല്‍, ക്വാല്‍കം, ആം തുടങ്ങിയവരും ഗൂഗിള്‍ ക്ലൗഡ്, സാംസങ് തുടങ്ങിയ കമ്പനികളും കൈകോര്‍ക്കുകയാണ്. യുണൈറ്റഡ് ആക്‌സലറേഷന്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഒരു ഓപ്പണ്‍ സ്റ്റാന്‍ഡേര്‍ഡ് ആക്‌സലറേറ്റര്‍ പ്രോഗ്രാമിങ് മോഡലാണ് ഇവര്‍ പുഷ്ടിപ്പെടുത്തി വരുന്നത്.
ഫോള്‍ഡബ്ള്‍ ഐഫോണിനും ആപ്പിള്‍ കാറിന്റെ ഗതി വരുമോ?
ആപ്പിള്‍ 2016 മുതല്‍ രഹസ്യമായി നടത്തിയിരുന്ന ഇലക്ട്രിക് കാര്‍ പദ്ധതി പാതിവഴിയില്‍ പൂട്ടിക്കെട്ടിയത് അടുത്തിടെ വാര്‍ത്തയായിരുന്നല്ലോ. അതുപോലെ, കമ്പനി കഴിഞ്ഞ കുറച്ചു വര്‍ഷമായി നിര്‍മിക്കാന്‍ ശ്രമിക്കുന്ന ആദ്യത്തെ മടക്കാവുന്ന ഐഫോണ്‍ പദ്ധതിയും ഉപേക്ഷിച്ചേക്കാമെന്ന് റിപ്പോര്‍ട്ട്. ഫോള്‍ഡബ്ള്‍ ഐഫോണ്‍ 2026 അവസാനം പുറത്തിറക്കാനായിരുന്നു കമ്പനിയുടെ ഉദ്ദേശ്യമെന്ന് പല വിശകലന വിദഗ്ധരും പറഞ്ഞിരുന്നു.
കൊറിയന്‍ മാധ്യമമായ ആല്‍ഫാബിസ് പ്രസിദ്ധീകരിച്ച പുതിയ റിപ്പോര്‍ട്ട് പ്രകാരം ഫോള്‍ഡബ്ള്‍ ഫോണിന്റെ നിര്‍മാണത്തില്‍ പുതിയ പ്രശ്നങ്ങൾ കണ്ടെത്തിയതോടെ പുറത്തിറക്കല്‍ 2027 ലേക്ക് മാറ്റവയ്ക്കാന്‍ ആപ്പിള്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. ഒരു മുതിര്‍ന്ന ആപ്പിള്‍ ഉദ്യോഗസ്ഥനില്‍നിന്ന് ചോര്‍ന്നുകിട്ടിയ വിവരമാണിത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണിന്റെ സ്‌ക്രീനില്‍ മടങ്ങുന്ന ഭാഗത്ത് ചുളിവു വീഴാതിരിക്കാനുള്ള മാര്‍ഗം ആപ്പിള്‍ എൻജിനീയര്‍മാര്‍ക്ക് ഇതുവരെ കണ്ടെത്താനാകാത്തതായിരിക്കാം കാരണമെന്നു വാദമുണ്ട്.
പക്ഷേ അത് ശരിയായിരിക്കണമെന്നില്ല. തങ്ങളുടെ ഉപകരണങ്ങള്‍ക്ക് സാംസങ് മുതലായ കമ്പനികളില്‍ നിന്ന് ഡിസ്‌പ്ലെ വാങ്ങുകയാണല്ലോ ആപ്പിള്‍ ചെയ്യുന്നത്. ഫോള്‍ഡബ്ള്‍ ഫോണ്‍ ഒരുപാടു വൈകി പുറത്തിറക്കുന്നതില്‍ കാര്യമുണ്ടാകണമെന്നില്ല എന്നു കരുതി ആ പദ്ധതി നിർത്തിയേക്കാം എന്നും അഭ്യൂഹമുണ്ട്. ഇതും പൂര്‍ണമായി വിശ്വസിക്കേണ്ട കാര്യമില്ല.
പുതിയ ആപ്പിള്‍ ട്യൂട്ടോറിയല്‍സ്
അടുത്ത തലമുറ ആപ് ഡവലപ്പര്‍മാരെ സഹായിക്കാനായി ആപ്പിള്‍ ഒരു പുതിയ വെബ് പേജ് തുറന്നു. ഡവലപ് ഇന്‍ സ്വിഫ്റ്റ് ട്യൂട്ടോറിയല്‍സ് എന്നാണ് പേര്. എക്‌സ്‌കോഡ്, സ്വിഫ്റ്റ്, സ്വിഫ്റ്റിയുഐ എന്നിവ ഉപയോഗിച്ചു പഠിക്കേണ്ടവര്‍ക്ക് ഇത് പ്രയോജനപ്പെടുത്താം.
22 സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റുകള്‍ വിക്ഷേപിച്ചു
സ്‌പെയ്‌സ്എക്‌സ് മേധാവി ഇലോണ്‍ മസ്‌കിനു കീഴില്‍ പ്രവര്‍ക്കിക്കുന്ന കമ്പനിയായ സ്റ്റാര്‍ലിങ്ക് 22 ലോ എര്‍ത് ഓര്‍ബിറ്റ് സാറ്റലൈറ്റുകള്‍ കൂടെ മാര്‍ച്ച് 30ന് വിജയകരമായി വിക്ഷേപിച്ചു.
മസ്‌കിന്റെ ഗ്രോക് എഐ 1.5 അടുത്തയാഴ്ച എത്തും
മസ്‌കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ എക്‌സ്എഐ വികസിപ്പിക്കുന്ന ഗ്രോക് എഐയുടെ പുതിയ വേര്‍ഷന്‍ അടുത്തയാഴ്ച പുറത്തിറക്കും. ഗ്രോക്-1.5 എന്നായിരിക്കും പേര്.
ഹൈപ്പര്‍ ഒഎസ് റോഡ്മാപ്പ് അനാവരണം ചെയ്തു
ഷഓമിയുടെ ആന്‍ഡ്രോയിഡ് സ്‌കിന്‍ ആയ ഹൈപ്പര്‍ഒഎസ് ഏതൊക്കെ ഫോണുകള്‍ക്ക് ലഭിക്കും എന്ന കാര്യം പുറത്തിവിട്ടു. റെഡ്മി നോട്ട് 11 സീരിസ് അടക്കം പല ഫോണുകള്‍ക്കും ലഭിക്കും. മുഴുവന്‍ ലിസ്റ്റ് ഇവിടെ കാണാം: