ADVERTISEMENT

ഗൂഗിളിന്റെ വാക്കു വിശ്വസിച്ച് ക്രോമിലെ ഇന്‍കോഗ്നിറ്റോ മോഡ് ഇട്ട് 'പ്രൈവറ്റായി' സെര്‍ച്ച് ചെയ്തിരുന്നവര്‍ അറിഞ്ഞിരിക്കേണ്ട വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്‍കോഗ്നിറ്റോ മോഡ് യഥാര്‍ഥത്തില്‍ സ്വകാര്യമായിരുന്നില്ലെന്നും അതുവഴിയുള്ള സെര്‍ച്ച് വിവരങ്ങളും ശേഖരിച്ചിരുന്നുവെന്നുമാണ് ഗൂഗിള്‍ സമ്മതിച്ചിരിക്കുന്നത്. ഇപ്പോഴിതാ ക്രോമിന്റെ ഇന്‍കോഗ്നിറ്റോ മോഡ് വഴി ശേഖരിച്ച വിവരങ്ങള്‍ നീക്കം ചെയ്യാമെന്ന് ഗൂഗിള്‍ സമ്മതിച്ചിരിക്കുന്നു. അഞ്ചു ബില്യണ്‍ ഡോളര്‍( 41 കോടിയോളം രൂപ) നഷ്ടപരിഹാരം ആവശ്യപ്പെട്ട് 2020ല്‍ ഫയല്‍ ചെയ്ത കേസിനെ തുടര്‍ന്നാണ് ഗൂഗിളിന്റെ നടപടി. വലിയ തുക നഷ്ടപരിഹാരം നല്‍കുന്നത് ഒഴിവാക്കാനാണ് വിവരങ്ങള്‍ നീക്കം ചെയ്യാന്‍ ഗൂഗിള്‍ സമ്മതിച്ചിരിക്കുന്നതെന്നാണ് ദ് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. 

കോടിക്കണക്കിന് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ തെറ്റിദ്ധരിപ്പിച്ച് ഗൂഗിള്‍ ഉപയോഗിക്കുന്നുവെന്ന പരാതി 2020 ജൂണിലാണ് അമേരിക്കയിലെ കോടതിയിലെത്തുന്നത്. പ്രൈവറ്റ് ബ്രൗസിങിന് എന്ന രീതിയിലാണ് ഗൂഗിള്‍ ക്രോമില്‍ ഇന്‍കോഗ്നിറ്റോ എന്ന ഫീച്ചര്‍ അവതരിപ്പിച്ചിരുന്നത്. വിവരങ്ങള്‍ പങ്കുവെക്കപ്പെടുന്നില്ലെന്ന ധാരണയില്‍ നടത്തിയ സെര്‍ച്ചുകളുടേയും മറ്റും വിവരങ്ങള്‍ ഗൂഗിള്‍ സൂക്ഷിക്കുന്നുണ്ടെന്നതായിരുന്നു പരാതിയുടെ അടിസ്ഥാനം.

ഗൂഗിളിന്റെ നിലപാട്

നിയമപോരാട്ടത്തില്‍ തുടക്കം മുതല്‍ ഒരു നിലപാടാണ് ഗൂഗിള്‍ സ്വീകരിച്ചിരുന്നത്. ഇന്‍കോഗ്നിറ്റോ ടാബില്‍ നിന്നുള്ള വിവരങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് പരസ്യം കാണിക്കുന്നതിനോ മറ്റോ ഉപയോഗിക്കുന്നില്ലെന്നതായിരുന്നു ഗൂഗില്‍ ആവര്‍ത്തിച്ചത്. ഇങ്ങനെയൊരു പരാതി തന്നെ കാമ്പില്ലാത്തതാണെന്നും ഗൂഗിള്‍ ഒരിക്കല്‍ പോലും ഉപയോഗിച്ചിട്ടില്ലാത്ത ഉപഭോക്താക്കളുടെ വിവരങ്ങള്‍ നീക്കം ചെയ്യുന്നതില്‍ സന്തോഷമേ ഉള്ളൂവെന്നുമാണ് ഗൂഗിള്‍ വക്താവ് പ്രതികരിച്ചത്. നഷ്ടപരിഹാരമായി ഒന്നും നല്‍കേണ്ടി വന്നിട്ടില്ലെന്നും ഗൂഗിള്‍ വക്താവ് സൂചിപ്പിച്ചിരുന്നു. 

(Photo by Kirill KUDRYAVTSEV / AFP)
(Photo by Kirill KUDRYAVTSEV / AFP)

ഗൂഗിളിന്റെ തിരുത്ത്

ഇന്‍കോഗ്നിറ്റോ ടാബിന്റെ വിശേഷണത്തില്‍ കാതലായ മാറ്റം ഈ വര്‍ഷം ആദ്യം ഗൂഗിള്‍ നടത്തിയിരുന്നു. 'പ്രൈവറ്റ് ബ്രൗസിങ്' എന്നതു മാറ്റി 'ബ്രൗസ് മോര്‍ പ്രൈവറ്റ്‌ലി' എന്നാക്കിയാണ് മാറ്റിയത്. ഇന്‍കോഗ്നിറ്റോ ടാബ് വഴി ശേഖരിച്ച കോടിക്കണക്കിന് വിവരങ്ങള്‍ നീക്കം ചെയ്യുന്നതിനു മുന്നോടിയായിട്ടായിരുന്നു ഗൂഗിളിന്റെ ഈ നടപടി. ഇതിനൊപ്പം തേഡ് പാര്‍ട്ടി ട്രാക്കിങ് കുക്കീസിനെ ഇന്‍കോഗ്നിറ്റോ ടാബില്‍ ബ്ലോക്കു ചെയ്യുകയും ചെയ്തു. ഇതുവഴി പ്രൈവറ്റ് ബ്രൗസിങ് സെഷനുകള്‍ വഴി ശേഖരിക്കുന്ന വിവരങ്ങള്‍ സ്വകാര്യ പരസ്യദാതാക്കള്‍ക്ക് കൈമാറുന്നില്ലെന്ന് ഉറപ്പിക്കാനും സാധിച്ചു. 

ഇപ്പോള്‍ സംഭവിച്ചത്

വലിയ നഷ്ടപരിഹാരം നല്‍കാതെ കേസില്‍ നിന്നും ഒഴിവാവാന്‍ ഡാറ്റ നീക്കം ചെയ്യുന്നതു വഴി ഗൂഗിളിന് സാധിച്ചേക്കും. അതേസമയം വ്യക്തികള്‍ക്ക് തങ്ങള്‍ക്കുണ്ടായ നഷ്ടം ചൂണ്ടിക്കാണിച്ച് കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസ് ജൂണ്‍ 30ലേക്കാണ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റിയിരിക്കുന്നത്. ഇക്കാലത്ത് ഒത്തു തീര്‍പ്പിലെത്താനുള്ള ശ്രമങ്ങളും ഗൂഗിളിന്റെ ഭാഗത്തു നിന്നുണ്ടായേക്കും. 

കുക്കീസ്

അടുത്ത അഞ്ചു വര്‍ഷത്തേക്ക് ഇന്‍കോഗ്നിറ്റോ മോഡിലുള്ള സെര്‍ച്ചുകളില്‍ തേഡ് പാര്‍ട്ടി കുക്കീസ് ഉപയോഗിക്കുന്നതില്‍ നിയന്ത്രണങ്ങള്‍ ഉറപ്പാക്കാന്‍ ഈ നിയമനടപടി വഴി സാധിച്ചു. വ്യക്തികള്‍ക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള പരസ്യങ്ങള്‍ കാണിക്കുന്നതിനായി പരസ്യ ദാതാക്കളുടെ ആവശ്യത്തിനു വേണ്ടി ഉപയോഗിക്കുന്ന ചെറു ഫയലുകളാണ് കുക്കീസ്. ഇന്‍കോഗ്നിറ്റോ മോഡില്‍ ഡിഫോള്‍ട്ടായി ഇനി മുതല്‍ തേര്‍ഡ് പാര്‍ട്ടി കുക്കീസ് ബ്ലോക്കായിരിക്കും. രണ്ടു വര്‍ഷങ്ങള്‍ക്കുള്ളില്‍ ക്രോമില്‍ നിന്നും കുക്കീസ് ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുവെന്ന് നേരത്തെ ഗൂഗിള്‍ തന്നെ വ്യക്തമാക്കിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com