ADVERTISEMENT

വിഡിയോ ഗെയിം കഥാപാത്രങ്ങളില്‍ ഏറ്റവും ജനപ്രീതി മരിയോയ്ക്ക് ആണ് എന്നായിരുന്നു പൊതുവെയുള്ള ധാരണ. എന്നാല്‍ ഇപ്പോള്‍ ബാഫ്റ്റ നടത്തിയ പോള്‍ പ്രകാരം ആ ഖ്യാതി ടൂം റൈഡറിലെ ലാറാ ക്രോഫ്റ്റിനാണ്. മരിയോ രണ്ടാം സ്ഥാനത്തുണ്ട്. ഏജന്റ് 47 (ഹിറ്റ്മാന്‍) ആണ് മൂന്നാം സ്ഥാനത്തെത്തിയത്. സോണിക് ഹെജ്‌ഹോഗ് (സോണിക്) നാലാം സ്ഥാനത്തും, സാക്‌ബോയി (ലിറ്റ്ല്‍ബിഗ്പ്ലാനറ്റ്) അഞ്ചാം സ്ഥാനത്തും എത്തി.

ആപ്പിള്‍ കാര്‍ ‘ദുരന്തം’; 700 പേര്‍ക്ക് പണി പോയേക്കും

പല ടെക്‌നോളജി കമ്പനികളും ആയിരക്കണക്കിനു ജോലിക്കാരെ പിരിച്ചുവിട്ടെങ്കിലും അധികം പേരെ പിരിച്ചുവിടാതെ ഇതുവരെ തലയുയര്‍ത്തി നിന്ന ആപ്പിള്‍ കമ്പനി ഉടനെ ഏകദേശം 700 പേരെ പിരിച്ചുവിട്ടേക്കുമെന്ന് റിപ്പോര്‍ട്ട്. സ്വന്തമായി ഇലക്ട്രിക് കാര്‍ നിര്‍മിക്കാന്‍ ആപ്പിള്‍ ശ്രമിച്ചിരുന്നു. പൊളിഞ്ഞു പോയ ഈ പദ്ധതിയിലുള്ള ജോലിക്കാര്‍ക്കടക്കം തൊഴില്‍ നഷ്ടമായേക്കുമെന്നാണ് കേള്‍വി. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

സ്വന്തമായി മൈക്രോ-എല്‍ഇഡി പാനലുകള്‍ ഉണ്ടാക്കിയെടുക്കാനും ആപ്പിള്‍ ശ്രമിച്ചിരുന്നു. ആ പദ്ധതിയും ഉപേക്ഷിച്ചേക്കും. ലക്‌സ്‌വു (LuxVue) ടെക്‌നോളജി എന്ന പേരില്‍ പ്രവര്‍ത്തിച്ചുവന്ന ഡിസ്‌പ്ലെ നിര്‍മാണ കമ്പനി ആപ്പിള്‍ ഏറ്റെടുത്തത് 2014ല്‍ ആണ്. ഡിസ്‌പ്ലേ നിര്‍മാണത്തില്‍ വെല്ലുവിളികള്‍ നേരിട്ടതോടെയാണ് പദ്ധതി ഉപേക്ഷിച്ചത്, എന്ന് 9ടു5മാക്. കൂടാതെ, സാന്‍ ഡിയെഗോയില്‍ ഉള്ള സിരി ഡേറ്റാ ഓപ്പറേഷന്‍സ് ഓഫിസും കമ്പനി പൂട്ടിയേക്കും. ഇവിടെ ഏകദേശം 120 പേര്‍ക്ക് തൊഴില്‍ നഷ്ടമായേക്കും.

Image Credit: husayno/Istock
Image Credit: husayno/Istock

ഐഒഎസ് 18 എക്‌സ്ആര്‍, എക്‌സ്എസ് മോഡലുകള്‍ക്കും?

ഐഒഎസ് 18 വരും മാസങ്ങളില്‍ പരിചയപ്പെടുത്തിയേക്കും. ഇതിന്റെ ഫീച്ചറുകളെല്ലാം പ്രവര്‍ത്തിപ്പിക്കാനാകുക ഐഫോണ്‍ 16 സീരിസിലായിരിക്കുമെങ്കിലും, പഴയ പല മോഡലുകള്‍ക്കും ഇത് സ്വീകരിക്കാനാകും. സിനെറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം ഇപ്പോള്‍ ഐഒഎസ് 17 പ്രവര്‍ത്തിക്കുന്ന എല്ലാ മോഡലുകള്‍ക്കും ഐഒഎസ് 18 ലഭിച്ചേക്കും. 

ആപ്പിള്‍ ഇതുവരെ പിന്തുടര്‍ന്നുവന്ന പാരമ്പര്യം കണക്കിലെടുത്താല്‍ ഐഫോണ്‍ എക്‌സ്ആര്‍ (10ആര്‍), എക്‌സ്എസ്, എക്‌സ്എസ് മാക്‌സ് മോഡലുകള്‍ക്ക് ഈ വര്‍ഷം ഐഒഎസ് 18 ലഭിക്കേണ്ടതല്ല. (ഇതിന് ഒരു അപവാദം ഐഫോണ്‍ 6എസ് സീരിസാണ്.) ഐഫോണ്‍ 11 സീരിസ് മുതൽ പുതിയ ഫോണുകള്‍ക്കെല്ലാം ഐഒഎസ് 18 ലഭിക്കും.

‌ഡിസ്‌നി പ്ലസും പാസ്‌വേഡ് ഷെയറിങ് അവസാനിപ്പിക്കുന്നു

കണ്ടെന്റ് സ്ട്രീമിങ് ഭീമന്‍ നെറ്റ്ഫ്‌ളിക്‌സ് പാസ്‌വേഡ് പങ്കുവയ്ക്കല്‍ അവസാനിപ്പിച്ചതിന്റെ ചുവടുപിടിച്ച് ഡിസ്‌നി പ്ലസും. ജൂണ്‍ 2024 മുതല്‍ ഒരാളുടെ പാസ്‌വേഡ് ഉപയോഗിച്ച് മറ്റുള്ളവര്‍ തങ്ങളുടെ പ്ലാറ്റ്‌ഫോമിലെ കണ്ടെന്റ് കാണുന്നതിന് പരിമിതികള്‍ ഏര്‍പ്പെടുത്തുമെന്ന് ഡിസ്‌നി പ്ലസ് മേധാവി ബോബ് ഇഗര്‍. 

vi-vodafone-idea

ക്ലൗഡ് പ്ലേ മൊബൈല്‍ ഗെയിമിങ് സേവനം അവതരിപ്പിച്ച് വി

കെയര്‍ഗെയിമുമായി സഹകരിച്ച് പുതിയ ക്ലൗഡ് പ്ലേ മൊബൈല്‍ ഗെയിമിങ് ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുകയാണ് വൊഡാഫോണ്‍ ഐഡിയ (വി). ആന്‍ഡ്രോയിഡ്, ഐഒഎസ്, വെബ് ഉപയോക്താക്കള്‍ക്ക് ഇത് പ്രയോജനപ്പെടുത്താം. പുതിയ ട്രിപ്ള്‍ എ (AAA) ടൈറ്റിലുകള്‍ ഇനി ഫോണുകളില്‍ കളിക്കാം. ഇഷ്ടപ്പെട്ടാല്‍വാങ്ങാവുന്ന രീതിയലാണ് ചില ഗെയിമുകള്‍ വരിക. 

പരിമിതകാല ഓഫര്‍ പ്രയോജനപ്പെടുത്തുന്നവര്‍ക്ക് ആദ്യ 15 ദിവസത്തേക്ക് ഗെയിമുകള്‍ ഫ്രീയായി കളിക്കാന്‍ സാധിക്കും. തുടര്‍ന്ന് പ്രതിമാസം 100 രൂപ വരിസംഖ്യ നല്‍കണം. ഇതിനായി 104 രൂപയുടെ റീചാര്‍ജ് ചെയ്യേണ്ടി വരും. ക്ലൗഡ് പ്ലേയില്‍ മോഡേണ്‍ കോംബാറ്റ് 5, ഷാഡോ ഫൈറ്റ്, സ്റ്റോംബ്ലേഡ്‌സ്, റിപ്‌റ്റൈഡ്, ബീച്ച് ബഗി റെസിങ്, തുടങ്ങിയ ഗെയിമുകളാണ് ഉള്ളത്. ഇവ ഡൗണ്‍ലോഡ് ചെയ്യാതെ കളിക്കാമെന്നുള്ളതാണ് ഒരു ഗുണം. കൂടുതല്‍ ഗെയിമുകള്‍ ക്ലൗഡ് പ്ലേയില്‍ എത്തുമെന്ന് വി അറിയിക്കുന്നു.   

വിദേശ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ചൈന

ഇന്ത്യയിലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നിര്‍മിതബുദ്ധി (എഐ) സൃഷ്ടിച്ച കണ്ടെന്റ് ഉപയോഗിച്ച് താറുമാറാക്കാന്‍ ചൈന ശ്രമിച്ചേക്കാമെന്ന് മൈക്രോസോഫ്റ്റ്. ഇന്ത്യയ്ക്കു പുറമെ അമേരിക്ക, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലെ തിരഞ്ഞെടുപ്പു സമയത്തും ഈ തന്ത്രം പയറ്റിയേക്കാമെന്നും ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ ഭീമന്മാരില്‍ ഒന്നായ കമ്പനി പുറത്തുവിട്ട മുന്നറിയിപ്പില്‍ പറയുന്നു. അനുകൂലമായ കുറച്ചു കണ്ടെന്റ് എഐ ഉപയോഗിച്ച് സൃഷ്ടിക്കുകയും അത് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയുമെങ്കിലും ചൈന ചെയ്യുമെന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. 

representative image (Photo Credit : vs148/shutterstock)
representative image (Photo Credit : vs148/shutterstock)

പുതിയ പരീക്ഷണങ്ങളുമായി ചൈന

മുകളില്‍ പറഞ്ഞ തരത്തിലുള്ള കണ്ടെന്റ് തിരഞ്ഞെടുപ്പു ഫലത്തെ നേരിട്ടു ബാധിക്കാനുള്ള സാധ്യത കുറവായിരിക്കാം. എന്നാല്‍, മീമുകള്‍, വിഡിയോകള്‍, ഓഡിയോ തുടങ്ങിയവ ഉപയോഗിച്ചുള്ള പുതിയ പരീക്ഷണങ്ങള്‍ ചൈന വർധിപ്പിച്ചെന്നാണു സൂചന. ഇത് ഭാവിയില്‍ ഫലം കാണാനുള്ള സാധ്യതയുണ്ട് എന്നാണ് 'മൈക്രോസോഫ്റ്റ് ത്രെറ്റ് ഇന്റലിജന്‍സ്' റിപ്പോര്‍ട്ടില്‍ പറയുന്നത്. 

തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചുള്ള പരീക്ഷണം ചൈന തയ്‌വാനില്‍ ജനുവരിയില്‍ നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരീക്ഷിച്ചിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു വിദേശ രാജ്യത്തെ തിരഞ്ഞെടുപ്പിനെ എഐ ജനറേറ്റഡ് കണ്ടെന്റ് ഉപയോഗിച്ച് സ്വാധീനിക്കാന്‍ ചൈന നടത്തിയ ആദ്യ ശ്രമം ആണത് എന്നും മൈക്രോസോഫ്റ്റ് ത്രെറ്റ് അനാലിസിസ് സെന്റര്‍ തയാറാക്കിയ റിപ്പോര്‍ട്ടില്‍ അവകാശപ്പെടുന്നു. 

തയ്‌വാനുമപ്പുറം

എന്നാല്‍, ഈ വര്‍ഷം ചൈന തങ്ങളുടെ ‘തിരഞ്ഞെടുപ്പു താറുമാറാക്കല്‍’ പരീക്ഷണങ്ങള്‍ തയ്‌വാന് അപ്പുറത്തേക്കും കൊണ്ടുപോയേക്കുമെന്നും  അതിനായി ചൈനയും ഉത്തര കൊറിയയും കൂടുതല്‍ ടൂളുകള്‍ രൂപപ്പെടുത്തുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എഐ സൃഷ്ടിച്ച, അല്ലെങ്കില്‍ എഐ ഉപയോഗിച്ച് മാറ്റംവരുത്തിയ കണ്ടെന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായി പ്രചരിപ്പിച്ചേക്കാമെന്നും, അതിനെക്കുറിച്ച് കരുതല്‍ വേണമെന്നുമാണ് റിപ്പോര്‍ട്ട്.

സാമ്പത്തിക, സൈനിക മേഖലകളെ ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങളുടെ സാധ്യതയും തള്ളിക്കളയുന്നില്ല. ഫാളാക്‌സ് ടൈഫൂണ്‍ (Flax Typhoon) എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന ഒരു ചൈനീസ് സൈബര്‍ ഗ്രൂപ്പ് ഫിലിപ്പീന്‍സ്, ഹോങ്കോങ്, ഇന്ത്യ അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ട് 2023 അവസാനം ആക്രമണത്തിന് കോപ്പുകൂട്ടിയെന്നും മൈക്രോസോഫ്റ്റ് പറയുന്നു.

പബ്ലിഷര്‍മാരെയും കണ്ടെന്റ് ക്രിയേറ്റര്‍മാരെയും സംരക്ഷിക്കാന്‍ പുതിയ എഐ നിയമം കൊണ്ടുവരാന്‍ കേന്ദ്രം 

എഐയെ പരിശീലിപ്പിച്ചെടുക്കാനായി വിവിധ പ്രസിദ്ധീകരണങ്ങളില്‍നിന്നും കണ്ടെന്റ് ക്രിയേറ്റര്‍മാരില്‍നിന്നും ഉള്ളടക്കങ്ങള്‍ എടുക്കുന്നതിന് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഇറക്കാന്‍ കേന്ദ്രം. പലപ്പോഴും ഇത്തരം കണ്ടെന്റ് എടുക്കുന്നത് പകര്‍പ്പവകാശ ലംഘനമാണ്. ഇതിനെതിരെ പുതിയനിയമം കൊണ്ടുവരുമെന്ന് കേന്ദ്ര ഐടി വകുപ്പു മന്ത്രി അശ്വിനി വൈഷ്ണവ്. പുതിയ നിയമം ഡിജിറ്റല്‍ ഇന്ത്യാ ആക്ടിന്റെ ഭാഗമായേക്കുംഎന്നാണ് സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com