ADVERTISEMENT

ആപ്പിളിനായി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന തയ്‌വാനീസ് കമ്പനിയായ പെഗാട്രോണിന്റെ, ഇന്ത്യയിലെ ഫാക്ടറി ടാറ്റയ്ക്ക് വിറ്റേക്കുമെന്ന് റോയിട്ടേഴ്‌സ്. ഇരു കമ്പനികളും തമ്മിലുള്ള ചര്‍ച്ച നിര്‍ണായക ഘട്ടത്തിലാണ്. ആപ്പിളിന്റെ അനുമതിയോടെ നടത്തുന്ന ചര്‍ച്ച ആറു മാസത്തിനുള്ളില്‍ ഫലം കാണുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചെന്നൈ നഗരത്തിന് അടുത്തു പ്രവര്‍ത്തിക്കുന്ന പെഗാട്രോണ്‍ ഫാക്ടറി ടാറ്റാ ഏറ്റെടുക്കുകയോ ഇരു കമ്പനികളും സംയുക്തമായി നടത്തുകയോ ചെയ്യുന്ന കാര്യത്തിലാണ് ചര്‍ച്ച. ജോയിന്റ് വെഞ്ച്വര്‍ ആണെങ്കില്‍ ടാറ്റയ്ക്ക് 65 ശതമാനം ഓഹരി എങ്കിലും ഉണ്ടാകുമെന്നാണ് സൂചന. 

ഏകദേശം 10,000 പേരാണ് ചെന്നൈ പ്ലാന്റില്‍ ജോലിയെടുക്കുന്നത്. പ്രതിവര്‍ഷം 50 ലക്ഷം ഐഫോണുകള്‍ ഉണ്ടാക്കുന്ന ഫാക്ടറിയാണിത്. പെഗാട്രോണ്‍ ചൈനയില്‍ പ്രവര്‍ത്തിപ്പിച്ചു വന്ന മറ്റൊരു പ്ലാന്റ് കഴിഞ്ഞ വര്‍ഷം 290 ദശലക്ഷം ഡോളറിന് ലക്‌സ്‌ഷെയര്‍ കമ്പനിക്ക് വിറ്റിരുന്നു. 

INDIA-TATA-BRITAIN-STEEL-TAKEOVER-CORUS

ടാറ്റയ്ക്ക് ഇപ്പോള്‍ത്തന്നെ ഒരു ഐഫോണ്‍ പ്ലാന്റ് കര്‍ണാടകയില്‍ ഉണ്ട്. ഇത് ടാറ്റ മറ്റൊരു തയ്‌വാനീസ് കമ്പനിയായ വിസ്ട്രണില്‍നിന്ന് ഏറ്റെടുത്തതാണ്. അതിനു പുറമെ ടാറ്റ മറ്റൊരു ഐഫോണ്‍ പ്ലാന്റ് തമിഴ് നാട്ടിലെ ഹൊസൂറിലും നിർമിക്കുന്നുണ്ട്. ഈ പ്ലാന്റിന്റെ പ്രവര്‍ത്തനത്തില്‍ പെഗാട്രോണ്‍ ടാറ്റയുമായി സഹകരിച്ചേക്കും. അതേസമയം, പെഗാട്രോണും പുതിയൊരു ഐഫോണ്‍ നിര്‍മാണശാല ചെന്നൈയില്‍ നിര്‍മിക്കുന്നുണ്ട്. ടാറ്റയുമായുള്ള ചര്‍ച്ചയില്‍ ഇതിന്റെ ഭാവിയും ഉള്‍പ്പെടുത്തും. പെഗാട്രോണ്‍ എന്തിനാണ് സ്ഥാപനങ്ങള്‍ വിൽക്കുന്നതെന്നു വ്യക്തതമല്ല.

അതേസമയം, ആപ്പിളിന് ചൈനയില്‍ നിന്ന് ഐഫോണ്‍ നിര്‍മാണം മറ്റിടങ്ങളിലേക്കു മാറ്റണമെന്ന ആഗ്രഹം ഉണ്ടു താനും. ഈ വര്‍ഷം ഇന്ത്യയില്‍ നിന്ന് 20-25 ശതമാനം വരെ ഐഫോണ്‍ കയറ്റുമതി ഉണ്ടായേക്കാമെന്നാണ് വിശകലനവിദഗ്ധര്‍ പ്രവചിക്കുന്നത്. ഏറ്റവുമധികം ഐഫോണ്‍ നിര്‍മിക്കുന്ന കമ്പനിയായ ഫോക്‌സ്‌കോണ്‍, ടാറ്റ, പെഗാട്രോണ്‍ എന്നീ കരാര്‍ കമ്പനികളാണ് ഇപ്പോള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത്. പോയ വര്‍ഷം ഏകദേശം 12-14 ശതമാനം ഐഫോണുകളാണ് ഇന്ത്യയില്‍നിന്നു കയറ്റുമതി ചെയ്തത്.

Image Credit: kovop/Shuttestock
Image Credit: kovop/Shuttestock

എഐ അടുത്ത വര്‍ഷം കൂടുതൽ സ്മാര്‍ട് ആകുമെന്ന് മസ്‌ക്; മനുഷ്യരാശി എജിഐ യുഗത്തിന്റെ വക്കിലോ?

അനുദിനമെന്നോണം നൂതന ശേഷി ആര്‍ജ്ജിച്ചു വരുന്ന നിര്‍മിത ബുദ്ധി (എഐ) 'അടുത്ത വര്‍ഷം, അല്ലെങ്കില്‍ 2026ല്‍' ഏറ്റവും സാമർഥ്യമുള്ള മനുഷ്യനേക്കാള്‍ സാമർഥ്യമാര്‍ജിക്കുമെന്ന് ടെസ്‌ലാ കമ്പനി മേധാവി ഇലോണ്‍ മസ്‌ക്. 'ആര്‍ട്ടിഫിഷ്യല്‍ ജനറല്‍ ഇന്റലിജന്‍സ'് (എജിഐ) എന്ന പ്രയോഗത്തിന് ''ഏറ്റവും മിടുക്കുള്ള ആളേക്കാള്‍ സാമർഥ്യമുള്ള'' എന്നാണ് നിര്‍വചനമെങ്കില്‍, അത് രണ്ടു വര്‍ഷത്തിനുള്ളില്‍ ആര്‍ജ്ജിക്കാനായേക്കുമെന്ന് മസ്‌ക് പറയുന്നു. 

നിര്‍മ്മിത ബുദ്ധിയെ പരിശീലിപ്പിക്കാനാവശ്യമായ വൈദ്യുതി ലഭ്യമല്ലാത്തത് എഐ വികസിപ്പിക്കലിന് തടസ്സമാകുന്നുണ്ടെന്നും മസ്‌ക്, നോര്‍വെ വെല്‍ത് ഫണ്ട് മേധാവി നികോളായ് ടാന്‍ജെനുമായി നടത്തിയ സംഭാഷണത്തില്‍ അഭിപ്രായപ്പെട്ടു. തന്റെ കീഴില്‍പ്രവര്‍ത്തിക്കുന്ന കമ്പനിയായ എക്‌സ്എഐയുടെ ഗ്രോക് ചാറ്റ്‌ബോട്ട് അടുത്ത ഘട്ട പരിശീലനം മേയ് മാസത്തില്‍ ആരംഭിച്ചേക്കുമെന്നും മസ്‌ക് പറഞ്ഞു. 

അടുത്ത ഘട്ട എഐ വികസിപ്പിക്കലിനു വേണ്ട അത്യാധൂനിക പ്രൊസസറുകളുടെ ദൗര്‍ലഭ്യവും ഒരു പ്രശ്‌നമാണ് എന്ന് മസ്‌ക് സമ്മതിച്ചു. എഐ വികസിപ്പിക്കലില്‍ ഇപ്പോള്‍ ഏറ്റവും മുന്നിലുള്ള ഓപ്പണ്‍എഐയുടെ സ്ഥാപകരില്‍ ഒരാളായ മസ്‌ക്, കമ്പനിക്കു വെല്ലുവിളി ഉയര്‍ത്താന്‍ കൂടെയാണ് എക്‌സ്എഐ സ്ഥാപിച്ചത്. മുഴുവന്‍ മനുഷ്യരാശിക്കും ഗുണകരമാകണം എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച ഓപ്പണ്‍എഐ ഇപ്പോള്‍ ലാഭേച്ഛയോടെ പ്രവര്‍ത്തിക്കുന്ന കമ്പനിയായി എന്നത് ഓപ്പണ്‍എഐക്കെതിരെയുള്ള മസ്‌കിന്റെ പ്രധാന ആരോപണങ്ങളിലൊന്നാണ്. 

Elon Musk's Grok AI chatbot is now available to X Premium+ users in India
Elon Musk's Grok AI chatbot is now available to X Premium+ users in India

ഗ്രോക് 3

ഗ്രോക് 2 മോഡലിന്റെ പരിശീലനത്തിന് ഏകദേശം 20,000 എന്‍വിഡിയ എച്100 ജിപിയു ചിപ്പുകളുടെ കരുത്ത് ഉപയോഗിക്കുന്നുണ്ടെന്ന് മസ്‌ക് വെളിപ്പെടുത്തി. എന്നാല്‍, അടുത്ത ഘട്ടമായ ഗ്രോക് 3 മോഡലിന് 100,000 ലേറെ എന്‍വിഡിയ എച്100 പ്രൊസസറുകള്‍ വേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു. ചിപ്പുകളുടെ ദൗര്‍ലഭ്യവും ഇതെല്ലാം പ്രവര്‍ത്തിപ്പിക്കാന്‍ വേണ്ട വൈദ്യുതിയുടെ അഭാവവും എഐ വികസിപ്പിക്കലുമായി മുന്നോട്ടുപോകുന്നതിന് വിലങ്ങുതടിയാകുന്നു എന്ന് അദ്ദേഹം പറഞ്ഞു.

ടെസ്‌ലയ്ക്ക് വെല്ലുവിളി ചൈനീസ് കാര്‍ നിര്‍മാതാക്കള്‍

തന്റെ കാര്‍ നിര്‍മാണ കമ്പനിയായ ടെസ്‌ലയ്ക്ക് കടുത്തു വെല്ലുവിളി ഉയര്‍ത്തുന്നത് ചൈനീസ് കാര്‍ നിര്‍മാതാക്കളാണെന്നും മസ്‌ക് പറഞ്ഞു. ചൈനീസ് കാര്‍ നിര്‍മാതാക്കള്‍ ആഗോള കാര്‍ നിര്‍മാണ കമ്പനികളെ തകര്‍ത്തെറിയാന്‍ കെല്‍പ്പുള്ളവരാണെന്ന് മസ്‌ക് മുമ്പ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സ്വീഡനിലെ ടെസ്‌ല ഫാക്ടറിയില്‍ യൂണിയനുകള്‍ നടത്തിയ സമരം കഴിഞ്ഞു എന്നാണ് താന്‍ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 1.5 ട്രില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള സോവറിന്‍ വെല്‍ത് ഫണ്ട് ആണ് ടെസ്‌ലയിലെ പ്രധാന നിക്ഷേപകരിലൊരാള്‍. 

Representative  Image, Source: Euro NCAP
Representative Image, Source: Euro NCAP

പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങളില്‍ ക്ലിക്കു ചെയ്യാനൊരുങ്ങിയാല്‍ മുന്നറിയിപ്പു നല്‍കാന്‍ ഗൂഗിള്‍

ഗൂഗിള്‍ സേജസ് ആപ്പില്‍, പരിചയമില്ലാത്ത നമ്പറുകളില്‍ നിന്നുള്ള സന്ദേശങ്ങളില്‍ ഒരാള്‍ ക്ലിക്കു ചെയ്യാനൊരുങ്ങിയാല്‍ ഗൂഗിള്‍ മുന്നറിയിപ്പു നല്‍കിയേക്കും എന്ന് റിപ്പോര്‍ട്ട്. എസ്എംഎസിനു പകരം കൊണ്ടുവരുന്ന ആര്‍സിഎസ് ഫോര്‍മാറ്റ് പുതിയ അനുഭവം പ്രദാനം ചെയ്‌തേക്കുമെങ്കിലും, അത് ഫോണുകളുടെ സുരക്ഷ സംബന്ധിച്ച് തലവേദനകളും കൊണ്ടുവന്നേക്കാമെന്നതിനാല്‍ അതിനെതിരെയുള്ള നടപടികളുടെ ഭാഗമായാണ് പുതിയ മുന്നറിയിപ്പ് എത്തുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com