76 ലക്ഷം അക്കൗണ്ടുകൾക്ക് പൂട്ട്; നിരോധിക്കലില്‍ റെക്കോർഡുമായി വാട്‌സാപ്

Mail This Article
ഇന്ത്യക്കാരുടെ പ്രിയ സന്ദേശക്കൈമാറ്റ സംവിധാനമായ വാട്‌സാപ് ഇപ്പോള്‍ ഇട്ടിരിക്കുന്ന റെക്കോർഡ് ചില ഉപയോക്താക്കള്‍ക്ക് ശുഭസൂചകമല്ല. വാട്‌സാപ് ഇന്ത്യ ഫെബ്രുവരി ഒന്നു മുതൽ 29 വരെയുള്ള ദിവസങ്ങളില്‍ 7,628,000 അക്കൗണ്ടുകള്‍ നിരോധിച്ചു. ഇത് ആപ്പിന്റെ സര്‍വകാല റെക്കോർഡ് ആണത്രേ. പ്ലാറ്റ്‌ഫോമില്‍ ഉചിതമല്ലാത്ത പ്രവര്‍ത്തനങ്ങളിൽ ഏര്‍പ്പെട്ടവരുടെ അക്കൗണ്ടുകള്‍ അടക്കമാണ് നിരോധിച്ചത്. ഇന്ത്യയുടെ ഐടി നിയമം 2021 ലംഘിച്ചവരുടെ അക്കൗണ്ടുകളും നിരോധിച്ചിട്ടുണ്ട്.
ഇക്കാര്യം ശ്രദ്ധിക്കുക
ഇതില്‍ 1,424,000 അക്കൗണ്ടുകളും പരാതി ലഭിച്ചതിനാല്‍ നിരോധിച്ചവയാണെന്ന് മെറ്റായുടെ അധീനതയില്‍ പ്രവര്‍ത്തിക്കുന്ന ആപ് അറിയിക്കുന്നു. ഒരാളുടെ വാട്‌സാപ് അക്കൗണ്ടിനെക്കുറിച്ച് മറ്റുള്ളവര്‍ പരാതി നല്‍കിയാന്‍ അത് നിരോധിക്കപ്പെടാനുള്ള സാധ്യതയുണ്ടെന്ന് ഉപയോക്താക്കള്‍ അറിഞ്ഞിരിക്കണം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന സമൂഹ മാധ്യമങ്ങള്‍ എല്ലാ മാസവും നിരോധിക്കുന്ന അക്കൗണ്ടുകളെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഐടി (ഇന്റര്‍മീഡിയറി ഗൈഡ്‌ലൈന്‍സ് ആന്‍ഡ് ഡിജിറ്റല്‍ മീഡിയ എതിക്‌സ് കോഡ്) റൂള്‍സ് 2021 അനുശാസിക്കുന്നു.

പുതിയ എഐ ചിപ് പരിചയപ്പെടുത്തി മെറ്റാ
ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ് തുടങ്ങിയവയുടെ നിര്‍മിത ബുദ്ധിയില്‍ (എഐ) അധിഷ്ഠിത ഫീച്ചറുകള്‍ ശക്തിപ്പെടുത്താനുതകുന്ന പുതിയ പ്രൊസസര്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് മെറ്റാ. നിലവിലുള്ള ചിപ്പുകളുടെ മൂന്നുമടങ്ങു കരുത്താണ് പുതിയ ചിപ്പുകള്‍ക്ക്. മെറ്റാ പ്ലാറ്റ്‌ഫോമുകളില്‍ കുമിഞ്ഞുകൂടുന്ന ഡേറ്റ കൈകാര്യം ചെയ്യാന്‍ കൂടുതല്‍ കരുത്തുറ്റ ചിപ്പുകള്‍ തന്നെ വേണമെന്ന് റോയിട്ടേഴ്‌സ് റിപോര്‍ട്ടു ചെയ്തിരുന്നു. ട്വീറ്റ്:
ഹിഗ്‌സ് ബോസോണിനു പിന്നിലുള്ള പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു
ലോകപ്രശസ്ത ബ്രിട്ടിഷ് ശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് ( 94) ഏപ്രില്‍ 8ന് അന്തരിച്ചു. അദ്ദേഹം 2013 ലെ നൊബേല്‍ സമ്മാന ജേതാവുമാണ്. അദ്ദേഹത്തിന്റെ പേരില്‍ ഇപ്പോള്‍ അറിയപ്പെടുന്ന 'ഹിഗ്‌സ് ബോസോണ്‍' എന്ന കണത്തെപ്പറ്റി പീറ്റര്‍ ഹിഗ്‌സ് പ്രവചിക്കുന്നത് 1964ല്‍ ആണ്. ഇത് ശരിയാണ് എന്ന് ഏകദേശം 50 വര്‍ഷത്തിനു ശേഷം 2012ല്‍ ശാസ്ത്രജ്ഞര്‍ ലാർജ് ഹാഡ്രൺ കൊളൈഡർ പരീക്ഷണം വഴി തെളിയിച്ചു. ഗോഡ് പാര്‍ട്ടിക്കിൾ എന്നും ശാസ്ത്ര ലോകം ഹിഗ്‌സ് ബോസോണ്‍ കണത്തെ വിളിച്ചു. ലാളിത്യം കൈമുതലായ ഈ ശാസ്ത്രജ്ഞന്‍ തന്റെ ഔദ്യോഗിക ജീവിതകാലം മുഴുവനും തന്നെ ബ്രിട്ടണിലെ യൂണിവേഴ്‌സിറ്റി ഓഫ് എഡിന്‍ബറയില്‍ ചെലവിടുകയായിരുന്നു.

ഫോണും ഇന്റര്‍നെറ്റും ഉപയോഗിക്കാത്ത ശാസ്ത്രജ്ഞന്‍
നൊബേല്‍ സമ്മാനം നല്‍കുന്ന കാര്യം അറിയിക്കാന്‍ വിളിച്ചപ്പോഴാണ് സ്വീഡിഷ് അക്കാദമി അദ്ദേഹത്തിന് ഒരു സെല്‍ഫോണ്‍ പോലുമില്ലെന്ന് അറിഞ്ഞത്. സന്യാസ സമാനമായ ജീവിതം നയിച്ച അദ്ദേഹം നൊബേല്‍ സമ്മാനം ലഭിക്കുന്ന സമയത്തു പോലും ഇന്റര്‍നെറ്റ് ഉപയോഗിക്കുകയോ ടെലിവിഷന്‍ കാണുകയോ ചെയ്തിരുന്നില്ലെന്ന് എബിസി. നൊബേല്‍ സമ്മാനം വാങ്ങാനും അദ്ദേഹം പോയില്ല. സഹപ്രവര്‍ത്തകനാണ് അദ്ദേഹത്തിനു വേണ്ടി വാങ്ങിയത്. ഹിഗ്‌സ് ബോസോണിനെ ദൈവകണം എന്ന് വിളിച്ചിരുന്നതിനെ പീറ്റര്‍ ഹിഗ്‌സ് എതിര്‍ത്തിരുന്നു.
ഗെയിമര്‍മാര്‍ക്ക് അതിനൂതന മോണിട്ടറുമായി എസ്യൂസ്
എസ്യൂസ് റിപബ്ലിക് ഓഫ് ഗെയ്‌മേഴ്‌സ് (റോഗ്) ശ്രേണിയില്‍ നൂതന മോണിട്ടര്‍ പുറത്തിറക്കി. റോഗ് സ്വിഫ്റ്റ് ഓലെഡ് പിജി27എക്യുഡിഎം എന്നു പേരിട്ടിരിക്കുന്ന പുതിയ 27-ഇഞ്ച് ഓലെഡ് മോണിട്ടറിന് ക്യൂഎച്ഡി റെസലൂഷനാണ് ഉള്ളത്. റിഫ്രെഷ് റേറ്റ് 240ഹെട്‌സ് ആണെങ്കില്‍, ഗ്രേ-റ്റു-ഗ്രേ (ജിറ്റുജി) റെസ്‌പോണ്‍സ് ടൈം 0.03 മില്ലിസെക്കന്‍ഡ്‌സ് ആണ്. ഈ ഫീച്ചറുകള്‍ ഗെയിമര്‍മാര്‍ക്ക് ആവേശം പകരുന്നതാണ്.
തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ഓലെഡ് പാനലിനു കേടു വരുമോ എന്ന പേടി മാറ്റാനായി റോഗ് സ്വിഫ്റ്റ് ഓലെഡ് പിജി27എക്യുഡിഎം മോണിട്ടറില്‍ കസ്റ്റം ഹീറ്റ്‌സിങ്കും ഇന്റലിജന്റ് വോള്‍ട്ടേജ് ഒപ്ടിമൈസേഷനും ഉണ്ട്. ആന്റി-ഗ്ലെയര്‍ മൈക്രോ-ടെക്‌സ്ചര്‍ കോട്ടിങ്, യൂണിഫോം ബ്രൈറ്റ്‌നസ് സെറ്റിങ്‌സ്, എച്ഡിആര്‍ പെര്‍ഫോമന്‍സ് തുടങ്ങിയവയും ഉണ്ട്. കൂടാതെ, 99 പെര്‍സന്റ് ഡിസിഐ-പി3 ഗമട്ട്, ട്രൂ 10-ബിറ്റ് കളര്‍ ഡെപ്ത് തുടങ്ങിയവയും ഉള്ളതിനാല്‍ നിറങ്ങള്‍ കൃത്യതയോടെ പ്രതിഫലിപ്പിക്കുമെന്നു കരുതുന്നു. കണക്ടിവിറ്റിയിലും നിരാശപ്പെടുത്തിയേക്കില്ലാത്ത മോണിട്ടറിന് വില 1,24,999 രൂപയാണ്.

വണ്‍പ്ലസ്, ഒപോ, റിയല്‍മി ഹൈ-എന്‍ഡ് ഫോണുകള്‍ക്ക് പുതിയ സെന്‍സര്‍
ബിബികെ ഇലക്ട്രോണിക്‌സ് കമ്പനിക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫോണ്‍ ബ്രാന്‍ഡുകളായ വണ്‍പ്ലസ്, ഒപോ, റിയല്‍മി തുടങ്ങിയവയുടെ ഹൈ-എന്‍ഡ് ഹാന്‍ഡ്‌സെറ്റുകള്‍ക്ക് പുതിയ അള്‍ട്രാസോണിക് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ലഭിച്ചേക്കുമെന്ന് പ്രവചനം. ഡിജിറ്റല്‍ ചാറ്റ് സ്റ്റേഷന്‍എന്ന വെയ്‌ബോ ഉപയോക്താവാണ് പുതിയ വിവരം പുറത്തുവിട്ടിരിക്കുന്നത്.
ഈ ബ്രാന്‍ഡ് നാമങ്ങളുമായി ഇനി ഇറങ്ങാന്‍ പോകുന്ന ഫ്‌ളാഗ്ഷിപ് ഫോണുകളില്‍ നൂതന സെന്‍സര്‍ പ്രതീക്ഷിക്കുന്നു. സ്‌ക്രീനിന് അടിയില്‍ വച്ചിരിക്കുന്ന ഇത്തരം സെന്‍സറുകള്‍ മികച്ച പ്രകടനം നടത്തുന്നു. കൂടാതെ, സെന്‍സറുകള്‍ ഇങ്ങനെ പിടിപ്പിക്കുക വഴി ഫോണുകളുടെ വാട്ടര്‍ റെസിസ്റ്റൻസ് വർധിപ്പിക്കുകയും ചെയ്യുമത്രേ. പരമ്പരാഗത ഫിംഗര്‍പ്രിന്റ് സെന്‍സറുകളെ കവച്ചുവയ്ക്കുന്ന പ്രകടനം പ്രതീക്ഷിക്കുന്നു.

ആന്‍ഡ്രോയിഡിലെ ഗൂഗിള്‍ ആപ്പിന് ടോഗ്ള്‍
ഗൂഗിള്‍ സേര്‍ച്ച് വേണോ, എഐ സേര്‍ച് എൻജിന്‍ ജെമിനി ഉപയോഗിക്കണോ? ആന്‍ഡ്രോയിഡിലെ ഗൂഗിള്‍ ആപ്പില്‍ ഇതില്‍ ഏതുവേണമെന്ന് തിരഞ്ഞെടുക്കാന്‍ ഒരു ടോഗ്ള്‍ സ്വിച് ഉടന്‍ ലഭ്യമായേക്കുമെന്ന് റിപ്പോര്‍ട്ട്.
കണ്ടന്റ് കൊളാബറേഷന്‍ പ്ലാറ്റ്‌ഫോം നൂതനമാക്കി അഡോബി
പ്രമുഖ കണ്ടന്റ് എഡിറ്റിങ് ആപ്പുകള്‍ക്കു പിന്നില്‍ പ്രവര്‍ത്തിക്കുന്ന അഡോബിയുടെ കൊളാബറേഷന്‍ പ്ലാറ്റ്‌ഫോമായ ഫ്രെയിം (Frame.io) കൂടുതല്‍ നവീനമാക്കി. ഇതിന്റെ ഗുണം ഫ്രീ ഉപയോക്താക്കള്‍ക്കും പ്രോ ഉപയോക്താക്കള്‍ക്കും ലഭിക്കും. ഏകദേശം 1.275 ബില്യന്‍ ഡോളറിന് 2021ല്‍ അഡോബി വാങ്ങിയ പ്ലാറ്റ്‌ഫോമാണ് ഫ്രെയിം എന്ന് ടെക്ക്രഞ്ച്. ഇത് അഡോബിയുടെ ക്രിയേറ്റിവ് ക്ലൗഡുമായി ബന്ധിപ്പിച്ച് പ്രവര്‍ത്തിപ്പിക്കുകയാണിപ്പോള്‍.
മെസേജിങ് ആപ്പായ ബീപര്‍ വേഡ്പ്രസ് ഉടമ വാങ്ങി
ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ വേഡ്പ്രസ്.കോമിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയായ ഓട്ടമാറ്റിക് (Automattic Inc), മെസേജിങ് ആപ് ആയ ബീപര്‍ (Beeper) 125 ദശലക്ഷം ഡോളറിന് വാങ്ങിയെന്ന് ബ്ലൂംബര്‍ഗ്. ബീപര്‍ മേധാവിയുടെ ട്വീറ്റ്:
കളര്‍ ഇബുക് റീഡറുകള്‍ പരിചയപ്പെടുത്തി കോബോ
ആമസോണ്‍ കിന്‍ഡ്ല്‍ ഇ–റീഡറിന്റെ അടുത്ത എതിരാളി കോബോ, കളര്‍ ഡിസ്‌പ്ലെ ഉള്ള പുതിയ വായനാ ഉപകരണങ്ങള്‍ പുറത്തിറക്കി. കോബോ ലിബ്രാ കളര്‍, കോബോ ക്ലാരാ കളര്‍ എന്നീ പേരുകളിലായിരിക്കും ഇവ ലഭ്യമാക്കുക. കളര്‍ ഇ ഇങ്ക് ഡിസ്‌പ്ലെയാണ് ഇവയുടെ സവിശേഷത.
ഇ ഇങ്ക് സാങ്കേതികവിദ്യ നിലനിര്‍ത്തിയാണ് ഇവ നിര്‍മിച്ചിരിക്കുന്നത്. ലിബ്രാ കളറിന് 7-ഇഞ്ച് ഡിസ്‌പ്ലെയാണ് ഉള്ളത്. സംഭരണശേഷി 32ജിബി. ഏകദേശം 24,000 ഇ ബുക്കുകള്‍ ഉൾപ്പെടുത്താം. വില 219.99 ഡോളര്‍. ക്ലാര മോഡലിന് 6-ഇഞ്ച് സ്‌ക്രീന്‍, 16ജിബി സംഭരണശേഷി (ഏകദേശം 12,000 ഇ ബുക്കുകള്‍) തുടങ്ങിയ ഫീച്ചറുകള്‍ ഉണ്ട്. വില 149.99 ഡോളര്‍. ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമോ എന്ന കാര്യം ഇപ്പോള്‍ വ്യക്തമല്ല.