ADVERTISEMENT

എവറെസ്റ്റ് കൊടുമുടിയുടെ നെറുകയിലും, സമുദ്രാന്തര്‍ഭാഗത്തും മുതല്‍ മനുഷ്യമസ്തിഷ്‌കത്തില്‍ വരെ കണ്ടെത്തി തുടങ്ങിയിരിക്കുന്ന പ്ലാസ്റ്റിക്കിന്റെ സൂക്ഷ്മ കണങ്ങള്‍ ക്യാന്‍സര്‍, വന്ധ്യത തുടങ്ങി ഒട്ടനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു എന്ന് വാദിച്ച് പുതിയ സിനിമ.'പ്ലാസ്റ്റിക് പീപ്ള്‍' എന്ന പേരില്‍ പ്രദര്‍ശിപ്പിക്കുന്ന പടം പ്ലാസ്റ്റിക് പ്രശ്‌നം 1950കളില്‍ ആരംഭിച്ചതാണെന്ന് വാദിക്കുന്നു. ഉപയോഗിച്ച ശേഷം എറിഞ്ഞു കളയാവുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ വാങ്ങി ഉപയോഗിക്കുകയാണ് വേണ്ടതെന്ന പ്രചാരണത്തിന് അടിപ്പെട്ടതാണ് ഇന്നത്തെ ഗുരുതരമായആരോഗ്യ പ്രതിസന്ധിക്കു കാരണം എന്ന ആരോപണമാണ് സിനിമ മുന്നോട്ടുവയ്ക്കുന്നത്. 

1955 ല്‍ പുറത്തിറക്കിയ ഒരു മാഗസിനില്‍ ആധുനിക ജീവിത രീതി എന്നാല്‍ വസ്തുക്കള്‍ ഉപയോഗിച്ച ശേഷം എറിഞ്ഞു കളയുന്നതാണ് എന്ന പ്രചാരണം ആരംഭിച്ചതോടെയാണ് എന്നാണ്. പ്ലാസ്റ്റിക് ഉപയോഗം വര്‍ദ്ധിക്കാനിടവരുത്തിയ കാരണങ്ങളിലൊന്ന് ഇതാണ്. സന്തോഷമുളള ഒരു കുടംബം തങ്ങളുടെ പ്ലേറ്റുകളും, കപ്പുകളും എല്ലാം എറിഞ്ഞു കളയുന്ന ഒരു ചിത്രവും ലൈഫിലെ ലേഖനത്തിനൊപ്പം നല്‍കിയിരുന്നു. അതുവരെ ശ്രദ്ധാപൂര്‍വ്വം ജീവിച്ചുവന്ന മനുഷ്യരെ അതില്‍ നിന്നു വ്യതിചലിപ്പിക്കാന്‍ പ്ലാസ്റ്റിക് വ്യവസായത്തിന് സാധിച്ചു. 

പാത്രങ്ങളൊക്കെ തേച്ചു കഴുകിയെടുക്കേണ്ടി വരുന്ന പ്രശ്‌നമൊക്കെ ഒറ്റയടിക്കു പരിഹരിക്കാമെന്ന സന്ദേശമാണ്  പ്രചരിപ്പിച്ചത്. തുടര്‍ന്ന്, 1960കളിലേക്ക് എത്തുമ്പോള്‍ ആളുകള്‍ തങ്ങളുടെ വീടുകളിലേക്ക് തടി, ലോഹം, ഗ്ലാസ് തുടങ്ങിയവയ്ക്കു പകരം പ്ലാസ്റ്റിക് നിര്‍മ്മിത ഉല്‍പ്പന്നങ്ങള്‍ക്ക് പ്രവേശനം നല്‍കുന്നു. നിറ വൈവിധ്യവും, വിലക്കുറവും ഇവയ്ക്ക് അധിക ആകര്‍ഷണവും നല്‍കി. ഭാവിയുടെ വസ്തുവായി പ്ലാസ്റ്റിക്കിനെ പുകഴ്ത്തുന്ന ലേഖനങ്ങള്‍ മിക്ക പത്രങ്ങളിലും, മാസികകളിലും വന്നു. 

(Photo Contributor: Romolo Tavani / Shutterstock)
(Photo Contributor: Romolo Tavani / Shutterstock)

അടുത്തിടെ നടത്തിയ പഠനങ്ങളില്‍ നേര്‍ത്ത പ്ലാസ്റ്റിക് കണങ്ങള്‍ മനുഷ്യരുടെ ഹൃദയത്തിലും, മുലപ്പാലിലും, കിഡ്‌നിയിലും, ശ്വാസകോശത്തിലും, ശുക്ലത്തിലുമൊക്കെ കണ്ടെത്തിയതോടെയാണ് മനുഷ്യരാശിയുടെ പ്ലാസ്റ്റിക് പ്രേമത്തിന്റെ ചരിത്രം തിരക്കാനുള്ള ശ്രമം തുടങ്ങിയത്. പ്ലാസ്റ്റിക്കുപ്പിവെള്ളം എന്ന ആശയം പ്രചരിപ്പിക്കപ്പെടുന്നത് 1970ലും 1980ലുമാണ്. കുപ്പിവെള്ളം മറ്റു വെള്ളത്തെക്കാള്‍ ശുദ്ധിയുളളതാണെന്ന കഥയും ഒപ്പം പരത്തുകയും ചെയ്തു. 

പ്ലാസ്റ്റിക്കിന് സ്വാഭാവികമായി ദ്രവിച്ച് ഭൂമിയില്‍ അലിഞ്ഞു ചേരാന്‍ സാധിക്കുന്നില്ല. പകരം അത് അതിന്റെ സിന്തെറ്റിക് കെമിക്കല്‍ സ്വഭാവം നിലനിര്‍ത്തുന്ന ചെറു കണങ്ങളായി നിലകൊള്ളുന്നു. പ്ലാസ്റ്റിക് വിപത്തിന്റെ ഫലമായി അമേരിക്കന്‍ ആരോഗ്യ മേഖലയില്‍ 2018ല്‍ മാത്രം 289 ബില്ല്യന്‍ ഡോളര്‍ ചിലവിടേണ്ടതായി വന്നു. പ്ലാസ്റ്റിക് മാത്രമല്ല പ്രശ്‌നം. അവ നിര്‍മ്മിച്ചെടുക്കുമ്പോള്‍ അതില്‍ ചേര്‍ക്കേണ്ടിവരുന്ന വരുന്ന, ക്യാന്‍സറുണ്ടാക്കുന്ന രാസവസ്തുക്കളും പ്രശ്‌നമാണ്. നശിപ്പിക്കാനാകാത്ത രാസവസ്തുക്കള്‍ അല്ലെങ്കില്‍ ഫോറെവര്‍ കെമിക്കല്‍സ് എന്നാണ് ഇവയെ വിളിക്കുന്നത്. ഇവ മനുഷ്യരിലേക്കും മറ്റ് ജീവജാലങ്ങളിലേക്കും ആഴ്ന്നിറങ്ങുന്നു എന്നും പറയുന്നു. 

(Credit:onuma Inthapong/Istock)
(Credit:onuma Inthapong/Istock)

ഇപ്പോള്‍ പ്രതിവര്‍ഷം ഭൂമിയിലേക്കു തള്ളുന്ന പ്ലാസ്റ്റിക് വേസ്റ്റിന്റെ അളവ് 440 ടണ്‍ ആയി. പ്ലാസ്റ്റിക് വേസ്റ്റ് കൂനകള്‍ ലോകമെമ്പാടും സൃഷ്ടിക്കപ്പെട്ടു. 'നിങ്ങള്‍ ഇപ്പോള്‍ ശ്വസിക്കുന്ന വായുവില്‍ പോലും അതുണ്ട്. അതിന്റെ സാന്നിധ്യമില്ലാത്ത ഒരിടവും ഭൂമിയില്‍ ഇപ്പോഴില്ല', എന്നാണ് സിനിമയുടെ സഹസംവിധായകനായ ബെന്‍ ആഡ്ല്‍മാന്‍ പറഞ്ഞത്.  വൈകിയ വേളയില്‍ ആണെങ്കിലും പ്ലാസ്റ്റിക് ഉടമ്പടി കൊണ്ടുവരാന്‍ യുഎന്‍ മുന്നോട്ടിറങ്ങിയിരിക്കുന്നു തുടങ്ങിയ ചില പ്രതീക്ഷ പകരുന്ന കാര്യങ്ങളും സിനിമ പറയുന്നു. പ്ലാസ്റ്റിക്കിന്റെ ഉത്പാദനത്തിലും, ഉപയോഗത്തിലും നിയന്ത്രണങ്ങള്‍ കൊണ്ടുവരണമെന്ന സന്ദേശവും സിനിമ മുന്നോട്ടുവയ്ക്കുന്നു. 

പ്ലാസ്റ്റിക് വ്യവസായം ഭൂമിയുടെ അന്തരീക്ഷത്തെ ചൂടാക്കുന്നത് ഇരട്ടി വേഗത്തില്‍

പ്ലാസ്റ്റിക് വിപത്തിനെതിരെ മറ്റൊരു ലേഖനവും. ഭൗമാന്തരീക്ഷത്തിലേക്ക് ആയിരക്കണക്കിന് ടണ്‍ ഗ്രീന്‍ഹൗസ് (ഹരിതഗൃഹ) വാതകം ഓരോ വര്‍ഷവും തള്ളുന്നു എന്ന കുപ്രസിദ്ധി വ്യോമയാന മേഖലയ്ക്കുണ്ട്. എന്നാല്‍, അതിനേക്കാള്‍ ഏറെയാണ് പ്ലാസ്റ്റിക് വ്യവസായത്തിന്റെ സംഭാവന എന്നാണ് പുതിയകണ്ടെത്തല്‍. എയര്‍ലൈന്‍ വ്യവസായം പ്രതിവര്‍ഷം 1 ബില്ല്യന്‍ ടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് ആണ് പുറം തള്ളുന്നതെങ്കില്‍, പ്ലാസ്റ്റിക് വ്യവസായത്തിന്റെ പങ്ക് 2.5 ബില്ല്യന്‍ ടണ്‍ ആണെന്ന് ലോറന്‍സ് ബെര്‍ക്‌ലി നാഷണല്‍ ലാബ്രട്ടറി നടത്തിയ പഠനം പറയുന്നു.  

Representative image. Photo Credit: nortonrsx/istockphoto.com
Representative image. Photo Credit: nortonrsx/istockphoto.com

അമേരിക്കയില്‍ ഒപ്പിടാന്‍ അറിയാത്ത 20 വയസുള്ള വിദ്യാര്‍ഥികള്‍

വിദ്യാഭ്യാസ രംഗത്ത് ടെക്‌നോളജിയുടെ കടന്നുകയറ്റം മൂലം വിദ്യാര്‍ത്ഥികള്‍ക്ക് വന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. അമേരിക്കന്‍ ഗവണ്‍മെന്റ് 2010ല്‍ കൊണ്ടുവന്ന ഒരു വിദ്യാഭ്യാസ നയ പരിഷ്‌കാരമാണ് ഇതിലേക്ക് വഴിവച്ചത്. ഇനി എഴുത്തു പഠിക്കണമെന്നില്ല, മറിച്ച് ടൈപിങില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നായിരുന്നു ആ തീരുമാനം. അതിന്റെ ഫലമായി ഇപ്പോള്‍ ഒരു പെന്‍സില്‍ നേരെ പിടിക്കാന്‍ അറിയാത്ത കുട്ടികള്‍ തങ്ങളുടെ ക്ലാസില്‍ ഉണ്ടെന്ന് ചില അദ്ധ്യാപകര്‍ പരാതിപ്പെട്ടതോടെയാണ് ഇപ്പോള്‍ ഏകദേശം 20 വയസുള്ള വിദ്യാര്‍ഥികളുടെ ഒരു സവിശേഷത ശ്രദ്ധയില്‍ പെട്ടിരിക്കുന്നത് എന്ന് ഡെയിലി മെയില്‍. 

സ്വന്തം പേരെഴുതാനോ, ഒപ്പിടാനോ അറിയാത്ത കുട്ടികള്‍ ഉണ്ടെന്ന് മാതാപിതാക്കളും, അദ്ധ്യാപകരും സാക്ഷ്യപ്പെടുത്തുന്നു എന്നും റിപ്പോര്‍ട്ട്. കാലിഫോര്‍ണിയ, ന്യൂയോര്‍ക് തുടങ്ങിയ സ്‌റ്റേറ്റുകള്‍ ഇപ്പോള്‍ 12 വയസു വരെയുള്ള കുട്ടികള്‍ എഴുത്തു പഠിക്കണമെന്ന നിയമങ്ങള്‍ പാസാക്കി. കൊളാറാഡോ, ന്യൂ മെക്‌സിക്കോ, നെവാഡ തുടങ്ങിയ സ്‌റ്റേറ്റുകള്‍ ഇപ്പോഴും കൈയ്യെഴുത്തിന്റെ നിര്യാണത്തില്‍ വലിയ പ്രശ്‌നമൊന്നും കാണിക്കുന്നില്ലെന്നും പറയുന്നു. കൈയ്യെഴുത്ത് തലച്ചോറിന്റെ ചില മേഖലകളെ പ്രകോപിപ്പിക്കുന്ന ഒരു 'ഫൈന്‍ മോട്ടോര്‍ സ്‌കില്‍' ആയി ആണ് അറിയപ്പെട്ടിരുന്നത്. 

വാവെയ് ഫോണുകളിലെ നൂതന ചിപ്പുകള്‍ ഭീഷണിയല്ലെന്ന് അമേരിക്ക

ചൈനീസ് കമ്പനിയായ വാവെയ് പുറത്തിറക്കിയ മെയ്റ്റ് 60 പ്രോ തുടങ്ങിയ ഫോണുകളില്‍ പിടിപ്പിച്ചിരിക്കുന്ന പ്രൊസസറുകള്‍ അമേരിക്കന്‍ ഫോണുകളില്‍ ഉള്ളവയുടെയത്ര നൂതനമല്ലെന്ന് യുഎസ് കമേഴ്‌സ് സെക്രട്ടറി ഗിനാ റെയ്‌മൊണ്ടോ പറഞ്ഞു.  വാവെയ് കമ്പനിക്കെതിരെ അമേരിക്ക ടെക്‌നോളജി ഉപരോധം ഏര്‍പ്പെടുത്തിയത് 2019 മുതലാണ്. ഇത് ഫലിച്ചിരിക്കുന്നു എന്നു തന്നെയാണ് വാവെയുടെ പുതിയ ഫോണുകള്‍ പരിശോധിക്കുമ്പോള്‍ മനിസിലാകുന്നതത്രെ. അതേസമയം, മെയ്റ്റ് 60 പ്രോ, തങ്ങളാര്‍ജ്ജിച്ച പുത്തന്‍ ടെക്‌നോളജി കരുത്തിന്റെ ഉദാഹരണമായി ചൈനയും എടുത്തുകാണിക്കുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com