ADVERTISEMENT

കടയില്‍ വിട്ട് സാധനങ്ങള്‍ വാങ്ങിപ്പിക്കാനും, അത്യാവശ്യം വീട്ടു ജോലികള്‍ ചെയ്യിപ്പിക്കാനും ഒക്കെ സാധിക്കുമെന്ന് പറഞ്ഞുകേട്ട ഒപ്ടിമസ് റോബോട്ടിന്റെ ആദ്യ പതിപ്പ് 2025 അവസാനം വില്‍പ്പനയ്‌ക്കെത്തിക്കാന്‍ സാധിച്ചേക്കുമെന്ന് ടെസ്‌ലാ മേധാവി ഇലോണ്‍ മസ്ക്. കമ്പനിക്കുള്ളില്‍, ബംമ്പിൾബീ എന്ന പേരില്‍ അറിയപ്പെടുന്ന ഒപ്ടിമസ്, ടെസ്‌ലാ കമ്പനിയുടെ ഉപവിഭാഗമാണ് നിര്‍മിക്കുന്നത്, ടെസ്‌ലാ ബോട്ട് എന്ന പേരിലും അറിയപ്പെടുന്നു. 

ഏകദേശം 5 ലക്ഷം രൂപയായിരിക്കും ഒപ്ടിമസിന്റെ വില. മുഷിപ്പന്‍ പണികളും, അപകടകരമായ ജോലികളും (ഉദാഹരണത്തിന് വായുസഞ്ചാരം കുറഞ്ഞ കിണറുകളിലും മറ്റും ഇറങ്ങുക), കടകളില്‍ സാധനങ്ങള്‍ എടുത്തുകൊടുക്കുക, ഫാക്ടറി ജോലികള്‍ ചെയ്യിക്കുക തുടങ്ങിയവയൊക്കെ ഒപ്ടിമസിനെ ഏല്‍പ്പിക്കാനായേക്കുമെന്നാണ് അവകാശവാദം. 

ഒരു ഹ്യൂമനോയിഡ് റോബോട്ട് ആണ് എന്നതാണ് ഒപ്ടിമസിന്റെ സവിശേഷതകളില്‍ ഒന്ന്. എന്നുപറഞ്ഞാല്‍ മനുഷ്യാകാരമുള്ള ഒന്ന്. മനുഷ്യാകാരം വേണ്ടെന്നുവച്ചാല്‍ ഒരുപക്ഷെ കൂടുതല്‍ വേഗത്തില്‍ നിര്‍മിച്ചെടുക്കാന്‍സാധിക്കുമായിരുന്നു എന്നു പറയുന്നു. പക്ഷെ, ഹ്യൂമനോയിഡ് തന്നെ മതിയെന്നത് മസ്‌കിന്റെ നിര്‍ബന്ധമാണത്രെ.

അതേസമയം, മറ്റേതങ്കിലും ഹ്യൂമനോയിഡ് നിര്‍മാതാവിനേക്കാള്‍ മികച്ച നിലയിലാണ് ടെസ്‌ലയെന്ന് മക്‌സ് അവകാശപ്പെട്ടു. ഏറ്റവുമധികം എണ്ണം പുറത്തിറക്കാന്‍ വേണ്ട ഫാക്ടറിസജ്ജീകരണങ്ങളും ടെസ്‌ലയ്ക്ക് ഉണ്ട്. കാര്യക്ഷമതയിലും വിട്ടുവീഴ്ച വരുത്താതെ ഇവയെ നിര്‍മിച്ചെടുക്കാനും കമ്പനിക്ക് സാധിക്കും. 

 2024 അവസാനം ഫാക്ടറിക്കുള്ളില്‍ കൊച്ചുകൊച്ചു കാര്യങ്ങള്‍ ചെയ്തു തുടങ്ങാന്‍ ഒപ്ടിമസിനു സാധിച്ചേക്കുമെന്ന് മസ്‌ക് റിപ്പോര്‍ട്ടര്‍മാരോട് പറഞ്ഞു. മസ്‌കിന്റെ ഇത്തരം പ്രവചനങ്ങള്‍ പാടേ തെറ്റിപ്പോയസന്ദര്‍ഭങ്ങള്‍ ധാരാളമുണ്ടെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ഉദാഹരണത്തിന് 2020 മുതല്‍ റോബോ ടാക്‌സികള്‍ (ടാക്‌സിയായി തനിയെ ഓടുന്ന കാറുകള്‍) നിരത്തിലിറക്കുമെന്ന് 2019ല്‍ ടെസ്‌ലയിലെ നിക്ഷേപകരെ അഭിസംബോധന ചെയ്തു സംസാരിച്ച മസ്‌ക് അവകാശപ്പെട്ടിരുന്നു.

ഒരു ഹ്യൂമനോയിഡ് റോബോട്ട് മാത്രമല്ല ഒരുങ്ങുന്നത്

അണിയറയില്‍ ഒരുങ്ങുന്ന ഒരേയൊരു ഹ്യൂമനോയിഡ് റോബോട്ട് അല്ല ഒപ്ടിമസ്. വരും വര്‍ഷങ്ങളില്‍ പല കമ്പനികളുടെയും ഹ്യൂമനോയിഡ് റോബോട്ടുകള്‍ വില്‍പ്പനയ്‌ക്കെത്തിയേക്കും. ജപ്പാന്റെ ഹോണ്ട, ഹ്യുണ്ടായ് മോട്ടോഴ്‌സിനുകീഴില്‍ പ്രവര്‍ത്തിക്കുന്ന ബോസ്റ്റണ്‍ ഡൈനാമിക്‌സ് എന്നീ കമ്പനികള്‍ വര്‍ഷങ്ങളായി ഇത്തരം റോബോട്ടുകളെ നിര്‍മ്മിച്ചുവരുന്നുണ്ട്. ബോസ്റ്റണ്‍ ഡൈനാമിക്‌സിന്റെ അറ്റ്‌ലസ് പ്ലാറ്റ്‌ഫോമിലുള്ള ഹ്യൂമനോയിഡ് റോബോട്ട് നിലത്തുകിടക്കുന്നതും എഴുന്നേറ്റു നില്‍ക്കുകയും നടക്കുകയും ചെയ്യുന്ന വിഡിയോ കഴിഞ്ഞയാഴ്ച പുറത്തുവിട്ടിരുന്നു. 

അതിലും പ്രധാനമാണ് സിലിക്കന്‍ വാലി ഭീമന്മാരായ മൈക്രോസോഫ്റ്റും, എന്‍വിഡിയയും നേതൃത്വം നല്‍കുന്ന 'ഫിഗര്‍' പ്രൊജക്ട്. ഇരു കമ്പനികളും ഫിഗര്‍ നിര്‍മ്മിച്ചെടുക്കാന്‍ ജര്‍മ്മന്‍ വാഹന നിര്‍മ്മാതാവ് ബിഎംവിയുമായി (BMW) കരാറിലേല്‍പ്പെട്ടു കഴിഞ്ഞു. കമ്പനിയുടെ അമേരിക്കയിലെ ഫാക്ടറിയിലായിരിക്കും ഫിഗര്‍ നിര്‍മ്മിച്ചെടുക്കുക. ഫിഗര്‍ 01 കാപ്പിയുണ്ടാക്കിയെടുക്കുന്ന വിഡിയോ 2024 ഫെബ്രുവരിയില്‍ പുറത്തുവിട്ടിരുന്നു. 

ചുരുക്കിപ്പറഞ്ഞാല്‍ മനുഷ്യരാശി ഹ്യൂമനോയിഡ് റോബോട്ടുകള്‍ക്കൊപ്പമുള്ള ജീവിതം ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ ആരംഭിച്ചേക്കും. കരുത്തുറ്റ പ്രൊസസറുകളും, യന്ത്രഭാഗങ്ങളും, അനുദിനമെന്നോണം സ്മാര്‍ട്ടായിവരുന്ന നിര്‍മ്മിത ബുദ്ധിയുമായി (എഐ) സഹകരിപ്പിച്ചു പ്രവര്‍ത്തിപ്പിച്ചായിരിക്കും ഹ്യൂമനോയിഡ് റോബോട്ടുകള്‍ മനുഷ്യരുമൊത്തുള്ള സഹവാസം ആരംഭിക്കുക.

പരിണാമ സിദ്ധാന്തത്തിന് ഒരു തെളിവുമില്ലെന്ന് കാള്‍സണ്‍

ഏകകോശ ജീവിയില്‍ നിന്ന് വളര്‍ന്നു വലുതായതാണ് ഇന്നു കാണുന്ന സസ്യജന്തുജാലമെല്ലാം എന്ന് പറയുന്ന പരിണാമ സിദ്ധാന്തത്തിന് തെളിവില്ലെന്ന്, അമേരിക്കന്‍ രാഷ്ട്രിയ നിരീക്ഷകനും പ്രശസ്ത അവതാരകനുമായ ടക്കര്‍ കാള്‍സണ്‍. ഫോക്‌സ് ന്യൂസില്‍ ടു നൈറ്റ് എന്ന വിഖ്യാത ഷോ അവതരിപ്പിച്ചിരുന്ന കാള്‍സണെ 2023ല്‍ പിരിച്ചുവിട്ടിരുന്നു. തുടര്‍ന്ന് ഒട്ടനവധി വിചിത്ര വാദങ്ങളുമായി അദ്ദേഹം രംഗത്തെത്തിയിരുന്നു.

യുഎഫ്ഓകളില്‍ (ഇവയുടെ സാന്നിധ്യം ഇന്നേവരെ ശരിവച്ചിട്ടില്ല) ആത്മീയ ശക്തികള്‍ ആണ് സഞ്ചരിക്കുന്നതെന്നും, അവയ്ക്ക് ഭൂമിയില്‍ ഒരു രഹസ്യ താവളമുണ്ട് എന്നുമൊക്കെ കാള്‍സണ്‍ ജോ റോഗണ്‍ ഷോയില്‍ തട്ടിവിട്ടു. ആ കൂട്ടത്തിലാണ് ഡാര്‍വിന്റെ പരിണാമ സിദ്ധാന്തത്തിനും തെളിവില്ലെന്ന് അവതാരകന്‍ പറഞ്ഞിരിക്കുന്നത്. കാള്‍സണെ പലപ്പോഴും പുകഴ്ത്തുന്ന മസ്‌ക് പോലും അദ്ദേഹത്തിന്റെ പുതിയ അവകാശ വാദത്തെ വിമര്‍ശിച്ചു എന്നും ഡെയിലി മെയില്‍. 

Image Credit: fireFX/shutterstock.com
Image Credit: fireFX/shutterstock.com

∙ആപ്പിളിന്റെ പ്രത്യേക ഇവന്റ് മാര്‍ച്ച് 7ന്

ലെറ്റ് ലൂസ് എന്ന പേരില്‍ ആപ്പിള്‍ മെയ് 7ന് പുതിയ ഇവന്റ് പ്രഖ്യാപിച്ചു. അഭ്യൂഹങ്ങള്‍ ശരിയാണെങ്കില്‍ പുതിയ ഐപാഡുകളും ആപ്പിള്‍ പെന്‍സിലും അന്ന് പരിചയപ്പെടുത്തിയേക്കും. എം3 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഐപാഡുകളും, ഓലെഡ് ഡിസ്‌പ്ലെയുള്ള ഇതുവരെ ഇല്ലാത്ത പുതിയ ഐപാഡ് പ്രോ ശ്രേണിയും പുറത്തെടുക്കുമെന്നു പറയുന്നു. 

∙ഇന്ത്യയില്‍ ഇന്റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാര്‍ 936 ദശലക്ഷത്തിലേറെ

ഡിസംബര്‍ 2023ല്‍ ഇന്ത്യയിലെ ഇന്റര്‍നെറ്റ് സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം 936.16 ദശലക്ഷത്തിലേറെ ആയി എന്ന് ട്രായി. ഇതില്‍ 897.59 ദശലക്ഷം പേരും മൊബൈല്‍ ബ്രോഡ്ബാന്‍ഡ് ഉപയോക്താക്കളാണ്. വയേഡ് ബ്രോഡ്ബാന്‍ഡ് രാജ്യത്തെ 38.57 ദശലക്ഷം വീടുകളിലെത്തി.

49 ഇഞ്ച് കേര്‍വ്ഡ് ഓലെഡ് ഗെയിമിങ് മോണിട്ടറുമായി ഗിഗാബൈറ്റ്

ഗിഗാബൈറ്റ് കമ്പനി പുതിയ 49-ഇഞ്ച് കേര്‍വ്ഡ് ക്യൂഡി-ഓലെഡ് ഗെയിമിങ് മോണിട്ടര്‍ പുറത്തിറക്കി. വില 1,29,000 രൂപ. റെസലൂഷന്‍ 5120 x 1440 പിക്‌സല്‍സ് ആണ്. 10-ബിറ്റ് പാനലിന് 144 ഹെട്‌സ് റിഫ്രെഷ് റേറ്റുമുണ്ട്. എഎംഡി ഫ്രീസിങഅക് പ്രീമിയം പ്രോ സര്‍ട്ടിഫിക്കേഷനും മോണിട്ടറിനുണ്ട്. എച്ഡിആര്‍ ഗെയിമുകള്‍ കളിക്കുമ്പോള്‍ 400 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നസ് ലഭിക്കുമെന്നും പറയുന്നു.

യുഎസിൽ ടിക്–ടോക് നിരോധനത്തിനു വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി.
യുഎസിൽ ടിക്–ടോക് നിരോധനത്തിനു വഴിയൊരുക്കുന്ന ബില്ലിന് സെനറ്റ് അനുമതി.

അമേരിക്ക ടിക്‌ടോക് നിരോധന ബില്‍ പാസാക്കി

ചൈനീസ് സമൂഹ മാധ്യമമായ ടിക്‌ടോക് നിരോധിക്കാനുള്ള ബില്‍ അമേരിക്കന്‍ സെനറ്റ് പാസാക്കി. ടിക്‌ടോക് അമേരിക്കയില്‍ തുടര്‍ന്ന് പ്രവര്‍ത്തിപ്പിക്കണമെങ്കില്‍ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കണം എന്നാണ് ബില്‍ പറയുന്നത്. അമേരിക്കക്കാരുടെ ഡേറ്റ ബെയ്ജിങിന്റെ കൈയ്യില്‍ എത്തുന്നു എന്നാണ് ആരോപണം. ബില്‍ നേരത്തെ അമേരിക്കന്‍ ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്‌സിലും പാസായിരുന്നു. 

അമേരിക്കന്‍ കമ്പനിക്ക് ടിക്‌ടോക് വില്‍ക്കുന്നില്ലെങ്കില്‍ ഒമ്പതു മാസത്തിനുള്ളില്‍ പൂട്ടിക്കോളണം എന്നാണ് ബില്‍ അനുശാസിക്കുന്നത്. താന്‍ ബില്ലില്‍ ബുധനാഴ്ച ഒപ്പുവയ്ക്കുമെന്ന് പ്രസിഡന്റ് ബൈഡനും പറഞ്ഞുകഴിഞ്ഞതോടെ ഇനി 270ദിന കൗണ്ട്ഡൗണ്‍ ആരംഭിക്കും. ഏതെങ്കിലും കമ്പനിക്ക് വില്‍ക്കാന്‍ ഉദ്ദേശമുണ്ട് എന്ന് അറിയിച്ചാല്‍ 90 ദിവസം കൂടെ സമയം നീട്ടിക്കൊടുക്കാന്‍ പ്രസിഡന്റിന് അധികാരമുണ്ടായിരിക്കും. പുതിയ ബില്ലിനെതിരെ ടിക്‌ടോക് കോടതിയെ സമീപിച്ചേക്കുമെന്നും റോയിട്ടേഴ്‌സിന്റെറിപ്പോര്‍ട്ടില്‍ പറയുന്നു. 

English Summary:

Tesla's Optimus: Elon Musk has an update on its humanoid robot

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com