ADVERTISEMENT

മേയ് മാസം ആദ്യം കൂടുതൽ‍ ഫീച്ചറുകളും ഉപകരണങ്ങളുമൊക്കെ പ്രഖ്യാപിക്കുന്ന ആപ്പിൾ ഇവന്റ് നടക്കാനിരിക്കുകയാണ്. എന്തൊക്കെ വിസ്മയ ഫീച്ചറുകൾ ആപ്പിൾ അവതരിപ്പിക്കുകയെന്ന് കാത്തിരിക്കുകയാണ് ടെക് ലോകം. ഐഫോണിലേയും ആപ്പിള്‍ വാച്ചിലേയും സ്മാര്‍ട്ട് ഫീച്ചറുകള്‍ പലരുടേയും ജീവന്‍ രക്ഷിച്ചതും അസുഖങ്ങള്‍ തിരിച്ചറിയാന്‍ സാധിച്ചതുമായ സംഭവങ്ങള്‍ നാം വായിച്ചിട്ടുണ്ട്. എന്നാൽ അടുത്തിടെ അത്തരമൊരു കാര്യം വീണ്ടും സംഭവിച്ചിരുന്നു. അമേരിക്കക്കാരനായ എറിക് സോളിംങ്ങറാണ് ഒരു അപകടത്തില്‍ നിന്നും ആപ്പിള്‍ വാച്ചിന്റെ സഹായത്തില്‍ രക്ഷപ്പെട്ടത്. 

നാൽപ്പത്തിയൊമ്പതുകാരനായ എറിക് പതിവു പോലെ ഓഫീസില്‍ നിന്നും സൈക്കിളില്‍ വീട്ടിലേക്കു പോവുകയായിരുന്നു. മഴ പെയ്തതിനാല്‍ വെള്ളം റോഡില്‍ പലയിടത്തും തളംകെട്ടി നിന്നിരുന്നു. റോഡിലെ ഒരു കുഴിയില്‍ അപ്രതീക്ഷിതമായി എറിക്ക് വീണു. മുഖം കോണ്‍ക്രീറ്റില്‍ പോയിടിച്ചു. ആകെ തരിച്ചു പോയതിനാല്‍ വേദന അറിയാതിരുന്നതോടെ എത്രത്തോളം പരിക്കുപറ്റിയെന്ന് എറിക്കിന് തിരിച്ചറിയാനായില്ല. സൈക്കിള്‍ അവിടെ തന്നെ പാര്‍ക്കു ചെയ്ത് കുറച്ചു ദൂരം മാത്രം അകലെയുള്ള വീട്ടിലേക്ക് എറിക് നടന്നു. 

വീട്ടില്‍ കുളിമുറിയിലെ കണ്ണാടിക്കു മുമ്പില്‍ ചെന്ന് മുറിവു വൃത്തിയാക്കാന്‍ നോക്കിയപ്പോഴാണ് മുഖമാകെ രക്തം തളംകെട്ടിയ നിലയിലാണെന്ന് തിരിച്ചറിഞ്ഞത്. മുഖം കഴുകി വൃത്തിയാക്കാനായി പിന്നത്തെ ശ്രമം. അപ്പോഴേക്കും മൂക്കില്‍ രക്തം നിറഞ്ഞ് കട്ടയായി പുറത്തേക്കു വന്നു. ചുമരില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും എറിക്ക് തലചുറ്റി വീഴുകയായിരുന്നു. 

apple-watch - 1

പിന്നീട് എറിക് എഴുന്നേല്‍ക്കുന്നത് ആപ്പിള്‍ വാച്ചില്‍ നിന്നും 911 കോള്‍ കേട്ടാണ്. 911 ഓപറേറ്റര്‍ അപകടവിവരങ്ങള്‍ ചോദിച്ചറിയുകയും വൈദ്യസഹായം ഉറപ്പിക്കുകയും ചെയ്തു. നേരത്തെ വീണപ്പോള്‍ ആപ്പിള്‍ വാച്ച് ടബിന്റെ വശത്ത് തട്ടിയിരുന്നു. ഇതോടെ ആപ്പിള്‍ വാച്ചിലെ സുരക്ഷാ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയും 911ലേക്ക് കോള്‍ ചെയ്യുകയുമായിരുന്നു. മാത്രമല്ല ഫോണിലെ അടിയന്തര കോണ്‍ടാക്ടുകളെ അപകട വിവരം അറിയിക്കുകയും എറിക്കിന്റെ ലൊക്കേഷന്‍ അയച്ചുകൊടുക്കുകയും ചെയ്തു. 

ആപ്പിള്‍ വാച്ചിന്റെ സമയത്തുള്ള ഇടപെടലില്‍ എറിക്ക് ഏറെ സന്തോഷവാനാണ്. ഒരു കൊലക്കളം പോലെ ചോര നിറഞ്ഞു കിടന്ന കുളിമുറിയോ മുഖത്തെ പരിക്കുകളോ സോഷ്യല്‍മീഡിയയില്‍ പങ്കുവെക്കാന്‍ എറിക് തയ്യാറായില്ല. മറിച്ച് തന്റെ ആപ്പിള്‍ വാച്ചിനേയും പരിക്കുഭേദമായ മുഖവുമാണ് അദ്ദേഹം പങ്കുവെച്ചത്. ബോധം കെട്ടുവീണു പോയപ്പോള്‍ ആപ്പിള്‍ വാച്ച് 911ലേക്കു വിളിച്ചില്ലെങ്കില്‍ എന്തു സംഭവിക്കുമെന്ന് യാതൊരു ഉറപ്പുമില്ലെന്നാണ് പിന്നീട് എറിക് പ്രതികരിച്ചത്. 

ഫാള്‍ ഡിറ്റക്ഷന്‍ ഫീച്ചര്‍

2018 സെപ്തംബറില്‍ ആപ്പിള്‍ വാച്ച് സീരീസ് 4ലാണ് ആദ്യമായി ആപ്പിള്‍ ഫാള്‍ ഡിറ്റക്ഷന്‍ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. ഏതാനും സെന്‍സറുകളുടെ സഹായത്തില്‍ ആപ്പിള്‍ വാച്ച് ധരിച്ചയാള്‍ വീഴുകയാണെങ്കില്‍ അത് തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് ഈ ഫീച്ചര്‍ ചെയ്യുന്നത്. പെട്ടെന്നുള്ള ചലനങ്ങളെ തിരിച്ചറിയുന്ന ആസെലറോമീറ്റര്‍, വാച്ച് ധരിച്ചിരിക്കുന്നതിലുണ്ടായ മാറ്റം തിരിച്ചറിയുന്ന ഗൈറോസ്‌കോപ് എന്നിവയുടെ സഹായത്തിലാണ് പെട്ടെന്നുണ്ടാവുന്ന ആഘാതം ആപ്പിള്‍ വാച്ച് തിരിച്ചറിയുന്നത്. 

വീഴ്ച്ച തിരിച്ചറിയുന്ന നിമിഷം മുതല്‍ ആപ്പിള്‍ വാച്ച് വൈബ്രേറ്റ് ചെയ്തു തുടങ്ങുകയും വാച്ച് ധരിച്ചയാള്‍ വീണോ എന്നു ചോദിച്ച് അലാം അടിക്കുകയും ചെയ്യും. വാച്ച് ധരിച്ചയാള്‍ സ്വബോധത്തോടെയുണ്ടെങ്കില്‍ അലാം നിര്‍ത്താനാവും. അതേസമയം പ്രതികരണമൊന്നുമില്ലെങ്കില്‍ വാച്ച് ധരിച്ചയാള്‍ക്ക് അപകടം സംഭവിച്ചുവെന്ന ധാരണയില്‍ ശബ്ദസന്ദേശം കൊണ്ട് മുന്നറിയിപ്പുകള്‍ നല്‍കും. ഈ സമയത്തും മുന്നറിയിപ്പ് റദ്ദാക്കുന്നില്ലെങ്കില്‍ ആപ്പിള്‍ വാച്ച് എമര്‍ജന്‍സി സര്‍വീസുകള്‍ക്കും എമര്‍ജന്‍സി കോണ്‍ടാക്ടുകള്‍ക്കും സന്ദേശം അയക്കുകയും കോള്‍ ചെയ്യുകയും ചെയ്യും. എമര്‍ജന്‍സി സര്‍വീസുകള്‍ക്ക് കോള്‍ ചെയ്ത ശേഷം നേരത്തെ റെക്കോഡു ചെയ്തു വെച്ച സന്ദേശം കൈമാറുകയും ലൊക്കേഷന്‍ അയച്ചുകൊടുക്കുകയുമാണ് ചെയ്യുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com