ADVERTISEMENT

ഐഫോൺ ഉടമകളുടെമേൽ ആരെങ്കിലും 'ചാരവൃത്തി' നടത്തുന്നുണ്ടോ എന്നറിയിക്കാന്‍ ആപ്പിളിന്റെ ഫോണുകളിലേക്കും ടാബുകളിലേക്കും പുതിയ സുരക്ഷാ ഫീച്ചര്‍. മൊബൈല്‍ ഓപ്പറേറ്റിങ് സിസ്റ്റങ്ങളായ ഐഓഎസ്/ഐപാഡ്ഓഎസ് 17.5 അപ്‌ഡേറ്റിലാണ് അണ്‍വാണ്ടഡ് ട്രാക്കര്‍ അലേര്‍ട്ട് ഫീച്ചര്‍ ആപ്പിള്‍ അവതരിപ്പിച്ചിരിക്കുന്നത് എന്ന് സ്ലാഷ്ഗിയര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. താക്കോലുകള്‍, ബാഗുകള്‍ തുടങ്ങി സ്വന്തം വസ്തുക്കള്‍ എവിടെ വച്ചിരിക്കുന്നു എന്ന് ബ്ലൂടൂത് ഉപയോഗിച്ച് എളുപ്പത്തില്‍ കണ്ടെത്താന്‍ ആപ്പിള്‍ പുറത്തിറക്കിയ കൊച്ച് ഉപകരണമാണ് എയര്‍ടാഗ്‌സ്.

air-tag - 1

ഇവ ഉപയോഗിച്ച് വ്യക്തികളെ അവരറിയാതെ പിന്തുടരുന്ന രീതിയും ക്രിമിനലുകള്‍ അടക്കമുള്ളവര്‍ പ്രയോജനപ്പെടുത്തി വന്നിരുന്നു. ഇനിമേല്‍ പരിചയമില്ലാത്ത ഏതെങ്കിലും ബ്ലൂടൂത് ട്രാക്കിങ് ഉപകരണം ഒരാള്‍ക്കൊപ്പം സഞ്ചരിക്കുന്നുണ്ടെന്നു കണ്ടാല്‍ ഇക്കാര്യവും ആപ്പിള്‍ ഉപകരണ ഉടമകളെ തത്സമയം അറിയിക്കും. 'ഡിറ്റെക്ടിങ് അണ്‍വാണ്ടഡ് ലൊക്കേഷന്‍ ട്രാക്കേഴ്‌സ്' (ഡിയുഎല്‍ടി) സ്റ്റാന്‍ഡര്‍ഡ് അനുസരിച്ചായിരിക്കും പുതിയ ഫീച്ചര്‍ പ്രവര്‍ത്തിക്കുക.

ആന്‍ഡ്രോയഡ് ഉപയോക്താക്കള്‍ കൂടുതല്‍ ഭാഗ്യമുള്ളവര്‍

ഉപയോക്താക്കളുടെ സ്വകാര്യതയും, സുരക്ഷയും അടുത്ത തലത്തിലേക്ക് ഉയര്‍ത്തുന്ന, സമാനമായ ഫീച്ചര്‍ ആന്‍ഡ്രോയിഡിലും എത്തും. ഐഓഎസ് 17.5 പ്രവര്‍ത്തിക്കുന്ന ആപ്പിള്‍ ഉപകരണങ്ങളില്‍ മാത്രമേ ട്രാക്കിങ് പ്രതിരോധ ഫീച്ചര്‍ പ്രവര്‍ത്തിക്കൂ എങ്കില്‍, ആന്‍ഡ്രോയിഡ് 6 മുതല്‍ പുതിയ ഓഎസ് വേര്‍ഷനുകളിലെല്ലാം അണ്‍വാണ്ടഡ് ട്രാക്കര്‍ അലേര്‍ട്ട് ലഭിക്കും. 

മുന്നറിയിപ്പ് ലഭിച്ചാല്‍ എന്തു ചെയ്യണം?

നോട്ടിഫിക്കേഷന്‍ സൂക്ഷ്മമായി പരിശോധിക്കുക. ട്രാക്കര്‍ എവിടെയാണ് കണ്ടെത്തിയത്, ഏതു തരത്തിലുള്ള ഉപകരണമാണ് എന്ന് കണ്ടെത്തുക. അത് സ്വന്തം ഉപകരണമല്ലെന്ന് ഉറപ്പായാല്‍ അത് ഉടനെ തന്നെ അതുമായുള്ള ബന്ധം വിച്ഛേദിക്കുക. നിരീക്ഷിക്കാനുള്ള ഉദ്ദേശത്തോടെ സ്ഥാപിച്ച ഉപകരണമാണെന്നു കണ്ടെത്തിയാല്‍ അധികാരികളെയോ, ആ ഉപകരണത്തിന്റെ നിര്‍മാതാവിനെയോ വിവരമറിയിക്കുക. 

ഐഓഎസ് 17.5 ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം

ഐഓഎസ്, ഐപാഡ്ഓഎസ് 17.5, വാച്ച്ഓഎസ് 10.5, മാക്ഓഎസ് 14.5, ടിവിഓഎസ് 17.5 എന്നീ സോഫ്റ്റ്‌വെയര്‍ ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാമെന്ന് ബിജിആര്‍. 

Iphone-13 - 1

സ്‌ക്രീനുള്ള ഹോംപോഡ് പുറത്തിറക്കിയേക്കും

ആപ്പിളിന്റെ സ്മാര്‍ട്ട് സ്പീക്കര്‍ സിസ്റ്റമായ ഹോം പോഡിന് സ്‌ക്രീന്‍ ഉള്ള വേര്‍ഷന്‍ താമസിയാതെ അവതരിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം, ഹോംപോഡിന് സ്‌ക്രീന്‍ ഉണ്ടാകണമെന്നില്ല, പകരം സ്‌ക്രീനായി പ്രവര്‍ത്തിക്കാന്‍ ഐപാഡിന് ഇരിക്കാനുള്ള സൗകര്യമൊരുക്കുക ആയിരിക്കാം എന്ന വാദവും ശക്തമാണ്. വൃത്താകൃതിയിലുള്ള സ്‌ക്രീനോടെ ഹോംപോഡ് വില്‍പ്പനയ്‌ക്കെത്തും എന്നാണ് കൂടുതല്‍ പേര്‍ വിശ്വസിക്കുന്നത്. 

vision-pro-1 - 1

വിഷന്‍ പ്രോ അമേരിക്കയ്ക്കു വെളിയില്‍ വില്‍ക്കാന്‍ ഊര്‍ജ്ജിത ശ്രമം ആരംഭിച്ചേക്കും

ആപ്പിളിന്റെ മിക്‌സഡ് റിയാലിറ്റി ഹെഡ്‌സെറ്റ് ആയ വിഷന്‍ പ്രോയുടെ വില്‍പ്പന അമേരിക്കയില്‍ പാടെ ഇടിഞ്ഞതോടെ പുത്തന്‍ അടവ് പുറത്തെടുക്കാന്‍ ഒരുങ്ങുകയാണ് ആപ്പിളെന്ന് സൂചന. തങ്ങളുടെ ആദ്യ സ്‌പേഷ്യല്‍ കംപ്യൂട്ടറാണ് ഇതെന്നു പറഞ്ഞ് അന്താരാഷ്ട്ര തലത്തില്‍ ഇത് വില്‍ക്കാനാണ് കമ്പനി ഒരുങ്ങുന്നതത്രെ. ഇതിന്റെ ഭാഗമായി പല രാജ്യങ്ങളിലും തങ്ങളുടെ നൂറു കണക്കിന് ജോലിക്കാര്‍ക്ക് വിഷന്‍ പ്രോയുടെ ഫീച്ചറുകള്‍ പരിചയപ്പെടുത്താനുള്ള പരിശീലനം ആപ്പിള്‍ ആരംഭിച്ചു എന്ന് ബ്ലൂംബര്‍ഗ്. 

ഇന്ത്യന്‍ സ്‌പേസ് കോണ്‍ഗ്രസ് ജൂണില്‍

ബഹിരാകാശ മേഖലയിലെ പുതിയ സാധ്യതകള്‍ ചര്‍ച്ചചെയ്യാനായി ത്രിദിന ഇന്ത്യന്‍ സ്‌പേസ് കോണ്‍ഗ്രസ് 2024 ജൂണ്‍ 26-28 തിയതികളില്‍ നടത്തും. ലോകമെമ്പാടും നിന്നായി 800ലേറെ പ്രതിനിധികള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 

പുതിയ എഐ മോഡല്‍ പരിചയപ്പെടുത്തി യുഎഇ

വമ്പന്‍ ടെക്‌നോളജി കമ്പനികളോട് മത്സരിക്കാനായി തങ്ങളുടെ സ്വന്തം ഓപ്പണ്‍-സോഴ്‌സ് ജെന്‍എഐ മോഡല്‍ ഫോള്‍ക്കണ്‍ 2 പരിചയപ്പെടുത്തിയിരിക്കുയാണ് യുഎഇ എന്ന് റോയിട്ടേഴ്‌സ്. ഗവണ്‍മെന്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന അബുദബി ടെക്‌നോളജി ഇനവേഷന്‍  ആണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ഫോള്‍ക്കണ്‍ 2 11 ബി വിഎല്‍എം ഒരു വിഷന്‍-ടു-ലാംഗ്വെജ് മോഡലാണ്. വമ്പന്‍ നിക്ഷേപമാണ് എഐ മേഖലയില്‍ യുഎഇ ഇറക്കുന്നത്.

എളുപ്പത്തില്‍ തറ വൃത്തിയാക്കാന്‍ പുതിയ വെറ്റ് ക്ലീനറുമായി ഡൈസണ്‍

തറ വൃത്തിയാക്കാന്‍ വാഷ്ജി1 (WashG1) എന്ന പേരില്‍ പുതിയ വെറ്റ് ക്ലീനര്‍ പരിചയപ്പെടുത്തിയിരിക്കുകയാണ് ഡൈസണ്‍. നനഞ്ഞതോ, നലവില്ലാത്തതോ എന്ന വ്യത്യാസമില്ലാതെ ഒറ്റ വലിക്ക് നീക്കംചെയ്യാനുള്ള ശേഷിയാണ് ഇതിനെ വ്യത്യസ്തമാക്കുന്നതത്രെ. ഇതിലുള്ള ഒരു ലീറ്റര്‍ ശുദ്ധ ജല ടാങ്ക് നിറച്ച് ഉപയോഗച്ചാല്‍ 290 ചതുരശ്ര മീറ്റര്‍ വൃത്തിയാക്കാനാകുമെന്നു പറയുന്നു. ഹൈഡ്രേഷന്‍, അബ്‌സോര്‍പ്ഷന്‍, എക്‌സ്ട്രാക്ഷന്‍ ടെക്‌നോളജികള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. പുതിയ മോഡല്‍ താമസിയാതെ ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തും. 

ആമസോണിന് പുതിയ എഡബ്ല്യുഎസ് മേധാവി

ക്ലൗഡ് കംപ്യൂട്ടിങ് മേഖലയില്‍ ടെക്‌നോളജി ഭീമന്മാരായ മെക്രോസോഫ്റ്റും ആമസോണും തമ്മിലുള്ള മത്സരം മുറുകുന്നതായി സൂചന. ആമസോണ്‍ വെബ് സര്‍വിസസ് (എഡബ്ല്യുഎസ്) മേധാവിയായി പ്രവര്‍ത്തിച്ചു വന്ന ആഡം സെലിപ്‌സ്‌കിയുടെ അപ്രതീക്ഷിത രാജിക്കു ശേഷം ഉടനെ തന്നെ മാറ്റ് ഗര്‍മന് ഈ പദവി നല്‍കുകയായിരുന്നു എന്ന് ബ്ലൂംബര്‍ഗ്. എഡബ്ല്യുഎസ് ഏകദേശം 100 ബില്ല്യന്‍ ഡോളറിന്റെ ബിസിനസ് ആണ് പ്രതിവര്‍ഷം നടത്തുന്നത്. ഇത് വര്‍ദ്ധിപ്പിക്കുക എന്നതായിരിക്കും പുതിയ മേധാവിയുടെ ചുമതല. 

കോമഡി പെറ്റ് ഫോട്ടോ അവാര്‍ഡ്‌സിലെ രസകരങ്ങളായ ചിത്രങ്ങള്‍ കാണാം

വളര്‍ത്തു മൃഗങ്ങളുടെ ജീവിതത്തിലെ രസകരങ്ങളായ നിമിഷങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരമാണ് കോമഡി പെറ്റ് ഫോട്ടോ അവാര്‍ഡ്‌സ്. ഈ വര്‍ഷത്തെ ഫൈനലിസ്റ്റുകളുടെ ചിത്രങ്ങള്‍ ഈ ലിങ്കില്‍ കാണാം: https://www.comedypetphoto.com/gallery/finalists/2024_finalists.php

English Summary:

Apple and Google deliver support for unwanted tracking alerts in iOS and Android

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com