ADVERTISEMENT

ബിരുദ കോഴ്സിൽ ഒന്നിലേറെ വിഷയങ്ങൾക്കു നിശ്ചിത ക്രെഡിറ്റ് നേടിയാൽ ഡബിൾ മേജർ ഡിഗ്രി സ്വന്തമാക്കാമെന്നു യുജിസിയുടെ പുതിയ മാർഗരേഖ. 4 വർഷ കോഴ്സ് പൂർത്തിയാക്കുന്നവർക്കു മാത്രമേ ഓണേഴ്സ് ബിരുദം നൽകാവൂ എന്നും ബിരുദ കോഴ്സുകൾക്കുള്ള ‘പാഠ്യപദ്ധതി–ക്രെഡിറ്റ് ചട്ടക്കൂടി’ൽ നിർദേശിക്കുന്നു. ദേശീയ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി അവതരിപ്പിച്ച ചട്ടക്കൂട് നടപ്പാക്കാൻ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു യുജിസി നിർദേശം നൽകി.

4 വർഷ കോഴ്സിൽ 160 ക്രെഡിറ്റ് പൂർത്തിയാകുന്നവർക്കു യുജി (ഓണേഴ്സ്) ഡിഗ്രി നൽകാമെന്നും 3 വർഷം കൊണ്ടു 120 ക്രെഡിറ്റ് പൂർത്തിയാക്കുന്നവർക്കു ഡിഗ്രി നൽകാമെന്നും മാർഗരേഖ വ്യക്തമാക്കുന്നു. ആദ്യ 6 സെമസ്റ്ററിൽ 75% മാർക്ക് നേടിയവർക്കു നാലാം വർഷം ഗവേഷണത്തിനു പ്രാധാന്യം നൽകി പഠനം പൂർത്തിയാക്കാം. ഇവർക്ക് ഓണേഴ്സ് വിത്ത് റിസർച് ബിരുദം നേടാം. റിസർച് പ്രോജക്ട്, പ്രബന്ധം എന്നിവയിൽനിന്നുള്ള 12 ക്രെഡിറ്റ് ഉൾപ്പെടെ 160 ക്രെഡിറ്റ് ഇവരും പൂർത്തിയാക്കണം.

 

കോഴ്സ് വിട്ടാലും തിരികെയെത്താം

ആദ്യ വർഷത്തിനു ശേഷം വിദ്യാർഥികൾ എക്സിറ്റ് ഓപ്ഷൻ തിരഞ്ഞെടുത്താൽ യുജി സർട്ടിഫിക്കറ്റ് ലഭിക്കും. ആദ്യ വർഷം 40 ക്രെഡിറ്റ് സ്വന്തമാക്കിയിരിക്കണം. വേനലവധിക്കാലത്തു 4 ക്രെഡിറ്റുള്ള ഒരു വൊക്കേഷനൽ കോഴ്സും പൂർത്തിയാക്കണം. രണ്ടാം വർഷത്തിനുശേഷം 80 ക്രെഡിറ്റ് സ്വന്തമാക്കി എക്സിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നവർക്കു യുജി ഡിപ്ലോമ ലഭിക്കും. ഇരുകൂട്ടർക്കും 3 വർഷത്തിനുള്ളിൽ തിരികെയെത്തി ബിരുദം പൂർത്തിയാക്കാനും അവസരമുണ്ട്.

3 വർഷ യുജി ബിരുദത്തിൽ പ്രധാന വിഷയത്തിൽ (മേജർ) 60 ക്രെഡിറ്റും മൈനർ വിഷയത്തിൽ 24 ക്രെഡിറ്റും ഉൾപ്പെടെ കുറഞ്ഞതു 120 ക്രെഡിറ്റാണ് വേണ്ടത്. 4 വർഷമാണെങ്കിൽ മേജറിൽ 80 ക്രെഡിറ്റും മൈനർ വിഷയത്തിൽ 32 ക്രെഡിറ്റും ഉൾപ്പെടെ 160 ക്രെഡിറ്റ് നേടണം. അതായതു 3 വർഷത്തിൽ 24നു പകരം കുറഞ്ഞതു 48 ക്രെഡിറ്റ് രണ്ടാം വിഷയത്തിൽ നേടിയാൽ യുജി ഡിഗ്രി വിത്ത് ഡബിൾ മേജർ സ്വന്തമാക്കാം. 4 വർഷ കോഴ്സാണെങ്കിൽ 64 ക്രെഡിറ്റാണ് രണ്ടാമത്തെ വിഷയത്തിൽ നേടേണ്ടത്.

 

ഇന്റേൺഷിപ് നിർബന്ധം

∙എല്ലാ ബിരുദവിദ്യാർഥികളും വിവിധ വിഷയങ്ങളിലുള്ള മൾട്ടി ഡിസിപ്ലിനറി കോഴ്സ് പൂർത്തിയാക്കണം. 9 ക്രെഡിറ്റാണ് ഇതിനുള്ളത്. 12–ാം ക്ലാസിൽ പഠിച്ച വിഷയങ്ങളിൽ ഇതു തുടരാനാകില്ല. നാച്ചുറൽ ആൻഡ് ഫിസിക്കൽ സയൻസസ്, ലൈബ്രറി–ഇൻഫർമേഷൻ ആൻഡ് മീഡിയ സയൻസസ്, കൊമേഴ്സ് ആൻഡ് മാനേജ്മെന്റ്, കണക്ക്–സ്റ്റാറ്റിസ്റ്റിക്സ്–കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഹ്യുമാനിറ്റീസ്–സോഷ്യൽ സയൻസസ് എന്നീ വിഭാഗങ്ങളിൽനിന്നു 3 എണ്ണമാണു തിരഞ്ഞെടുക്കേണ്ടത്.

∙8 ക്രെഡിറ്റ് ലഭിക്കുന്ന എബിലിറ്റി എൻഹാൻസ്മെന്റ് കോഴ്സിൽ മോഡേൺ ഇന്ത്യൻ ഭാഷകൾക്കും ഇംഗ്ലിഷിനുമാണു പ്രാധാന്യം നൽകുന്നത്. 6–8 ക്രെഡിറ്റ് ലഭിക്കാവുന്ന മൂല്യവർധിത കോഴ്സുകളും വിവിധ വിഷയങ്ങളിൽനിന്നു തിരഞ്ഞെടുക്കാം. ഇതിൽ യോഗ, സ്പോർട്സ്, ഡിജിറ്റൽ ആൻഡ് ടെക്നോളജിക്കൽ സൊലൂഷൻസ്, പരിസ്ഥിതി ശാസ്ത്രം എന്നിവയെല്ലാം ഉൾപ്പെടുന്നു.

∙ഇന്റേൺഷിപ്പുകൾ നിർബന്ധമാണ്. യുജി സർട്ടിഫിക്കറ്റും ഡിപ്ലോമയും ലഭിക്കാൻ സമ്മർ ഇന്റേൺഷിപ്പുകൾ പൂർത്തിയാക്കണം.

∙വിദ്യാർഥികൾക്ക് ആദ്യ വർഷത്തിന്റെ അവസാനം മേജർ വിഷയത്തിൽ മാറ്റം വരുത്താൻ അവസരമുണ്ട്. ഇത്തരം മാറ്റം പരിഗണിച്ച് സ്ഥാപനങ്ങൾ 10% സീറ്റ് അധികമായി ഒരുക്കണം.

∙3,4 സെമസ്റ്ററുകളിലാണു മേജർ, മൈനർ വിഷയങ്ങളിൽ കേന്ദ്രീകൃതമായ പഠനം ആരംഭിക്കുക. ∙4 വർഷ ഗവേഷണ ഓണേഴ്സിൽ മികച്ച വിജയം നേടുന്നവർക്കു നേരിട്ട് പിഎച്ച്ഡിക്ക് അപേക്ഷിക്കാം. അല്ലാത്തവർക്കു രണ്ടാം വർഷ പിജി കോഴ്സുകളിലേക്കു നേരിട്ടു പ്രവേശനം നേടാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com