ADVERTISEMENT

ജർമനി, കാനഡ, ഓസ്ട്രേലിയ, യുകെ തുടങ്ങിയ രാജ്യങ്ങൾക്കു പിറകെ ബൽജിയം, ഫിൻലൻഡ്, നെതർലൻഡ്സ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഇന്ത്യയിൽ നിന്നുള്ള നഴ്സുമാർക്ക് അവസരങ്ങളുടെ വാതിൽ തുറക്കുന്നു.

ബൽജിയത്തിലേക്കു 100 നഴ്സുമാരെ അയക്കാനുള്ള തയാറെടുപ്പിലാണു റിക്രൂട്ടിങ് ഏജൻസിയായ ഓവർസീസ് ഡവലപ്മെന്റ് ആൻഡ് എംപ്ലോയ്മെന്റ് പ്രമോഷൻ കൺസൽറ്റന്റ് ലിമിറ്റഡ് (ഒഡെപെക്). കഴിഞ്ഞ വർഷം ഒഡെപെക് ആരംഭിച്ച ‘അറോറ’ പ്രോജക്ടിന്റെ ഭാഗമായി ഡച്ച് ഭാഷ പഠിച്ച് ബൽജിയത്തിലേക്കു പോകുന്ന നഴ്സിങ് ഉദ്യോഗാർഥികൾക്കു സൗജന്യ പരിശീലനമാണു നൽകുന്നത്. 22 പേർ ബൽജിയത്തിൽ എത്തിയതിനു പിറകെ 37 നഴ്സുമാരെക്കൂടി വടക്കൻ യൂറോപ്പിലേക്കു റിക്രൂട് ചെയ്യുകയാണ്. മാർച്ചോടെ അടുത്ത ബാച്ചിന്റെ തിരഞ്ഞെടുപ്പു നടപടികൾ ആരംഭിക്കും.

എറണാകുളത്തെ ലൂർദ് ആശുപത്രിയുമായി ചേർന്നാണ് ഒഡെപെക് ആറു മാസത്തെ പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്ന നഴ്സിങ് ഉദ്യോഗാർഥികൾക്കു ഡച്ച് ഭാഷയ്ക്കൊപ്പം നഴ്സിങ് പരിശീലനവും നൽകും. പഠനം സൗജന്യമാണ്. മാസം 11,000 രൂപ സ്റ്റൈപെ‍ൻഡും ഉണ്ട്. ബൽജിയത്തിൽനിന്നുള്ള അധ്യാപകരാണു പരിശീലനം നൽകുന്നത്. അടുത്ത ആറു മാസം പരിശീലനം ബൽജിയത്തിലാണ്. ബി2 ലെവൽ ഭാഷാ പരീക്ഷയും നഴ്സിങ് കോഴ്സും പൂർത്തിയാക്കിയാൽ നഴ്സ് ആയി ജോലി ചെയ്യാം. കഴിഞ്ഞ വർഷം മാർച്ചിൽ പോയ 22 പേർ ഇപ്പോൾ അവിടെ റജിസ്ട്രേഡ് നഴ്സുമാരാണ്. തുടക്കത്തിൽ 1700 യൂറോയും (ഒന്നര ലക്ഷം രൂപ) റജിസ്ട്രേഡ് നഴ്സുമാർക്കു 2500–3200 യൂറോയും (2.2 –2.8 ലക്ഷം) ആണു ശമ്പളം.

 

സൗദിയിലേക്കു പോയത് അയ്യായിരത്തോളം നഴ്സ്

ഒഡെപെക് വഴി ഏറ്റവും കൂടുതൽ നഴ്സുമാരെ റിക്രൂട് ചെയ്തിട്ടുള്ളതു സൗദി അറേബ്യയിലേക്കാണ്–അയ്യായിരത്തോളം. മൂന്നു വർഷത്തിനിടെ രണ്ടായിരത്തോളം നഴ്സുമാർ ഒഡെപെക് വഴി വിദേശത്തേക്കു പോയി. ഇതിൽ 600 പേർ യുകെയിലേക്കാണ്.

കാനഡയിലേക്കു നഴ്സിങ് റിക്രൂട്മെന്റ് ആരംഭിക്കാനുള്ള നടപടികളും ആസൂത്രണം ചെയ്തുവരികയാണ്. 500 നഴ്സുമാരെയാണ് അവിടേക്ക് ആവശ്യമായിട്ടുള്ളത്.

മികച്ച പ്രായോഗിക പരിശീലനം നേടിയിട്ടുള്ളവരായതിനാൽ കേരളത്തിൽനിന്നുള്ള നഴ്സുമാർക്ക് വിദേശത്തു വൻ അവസരങ്ങളുണ്ടെന്ന് ഒഡെപെക് എംഡി അനൂപ് അച്യുതൻ പറഞ്ഞു. ഫിൻലൻഡിൽനിന്നടക്കം അവസരങ്ങൾ വരുന്നുണ്ട്. അതിന് ഫിന്നിഷ് ഭാഷ പഠിക്കണം. ഭാഷയാണു പലർക്കും ജോലി നേടുന്നതിൽ വലിയ തടസ്സമാകുന്നത്. പല വിദേശഭാഷകളും പഠിപ്പിക്കാൻ ആളെ കിട്ടാത്ത പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നഴ്സുമാ‍ർ കഴിഞ്ഞാൽ അധ്യാപകർക്കാണു വിദേശത്തു ഡിമാൻഡ്. ടെക്നീഷ്യൻമാർക്കും ജോലി അവസരങ്ങളുണ്ട്. അവസരങ്ങൾ ഏറ്റവും കുറവ് എൻജിനീയർമാർക്കാണ്. എന്നാൽ, ഐടിഐ, ഡിപ്ലോമക്കാർക്ക് അവസരങ്ങളുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com