മാജിക്കൽ മാർക്കേസ്

HIGHLIGHTS
  • എഴുതാനും സ്വാതന്ത്ര്യമുണ്ടെന്ന് കാഫ്കയുടെ ‘മെറ്റമോർഫസിസ്’ എന്ന പുസ്തകം മാർക്കേസിനെ ബോധ്യപ്പെടുത്തി
Gabriel
SHARE

‘വർഷങ്ങൾക്കുശഷം കേണൽ ഔറേലിയാനോ ബുവെന്ദിയ തന്റെ വധശിക്ഷ നടപ്പാക്കാനുള്ള തോക്കുധാരികളെ അഭിമുഖീകരിച്ചപ്പോൾ, പണ്ടുപണ്ടൊരു ഉച്ചയ്ക്ക് ഐസ് കണ്ടുപിടിക്കാൻ അച്ഛൻ തന്നെ കൊണ്ടുപോയത് ഓർക്കുകയായിരുന്നു’–പല കാലങ്ങളെ ആവാഹിച്ചിരുത്തിയ ഈ വാചകം ലോകത്തെ ഏറ്റവും പ്രശസ്തമായ നോവലുകളിലൊന്നിന്റെ തുടക്കമാണ്. ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ (One Hundred Years of Solitude) ആണ് ആ പുസ്തകം. ലാറ്റിനമേരിക്കൻ സാഹിത്യത്തിലെ അതികായരിലൊരാളായ ഗബ്രിയേൽ ഗാർഷ്യ മാർക്കേസിന്റെ തൂലികയിൽ പിറന്ന വായനാവിളക്ക്.

നോവും നോവലുകളും

സെർവാന്റസിന്റെ ഡോൺ ക്വിഹോട്ടെ (Don Quixote) എന്ന ഇതിഹാസരചനയ്ക്കു ശേഷം സ്പാനിഷ് സാഹിത്യത്തിലുണ്ടായ അത്ഭുതമെന്ന് ‘ഏകാന്തതയുടെ നൂറുവർഷങ്ങൾ’ വിശേഷിപ്പിക്കപ്പെട്ടു. ഇതിലൂടെ മക്കൊണ്ടൊ എന്ന സാങ്കൽപികനഗരം സാഹിത്യത്തിലെ അനശ്വരദേശമായി.

കൗമാരത്തിലേ മാർക്കേസ് കുറിച്ചിട്ട ആദ്യ വാചകം നോവലായതു പിൽക്കാലത്താണ്. ഇതെഴുതുന്ന കാലത്തു വീട്ടുചെലവുകൾക്കു പണം കണ്ടെത്താനാകാതെ മാർക്കേസിന്റെ ഭാര്യ മെഴ്സിഡസ് വിഷമിച്ചിരുന്നു. 1967ലാണ് നോവൽ സ്പാനിഷിൽ പുറത്തിറങ്ങിയത്. 1970ൽ‌ ഗ്രിഗറി റബാസ ഇംഗ്ലിഷിലേക്കു മൊഴിമാറ്റിയതോടെ ഖ്യാതി ലോകം നിറഞ്ഞു. പണവും പ്രശസ്തിയും മാർക്കേസിന്റെ പിറകെയെത്തി.

കാഫ്കയുടെ കഥാപാഠം

വടക്കൻ കൊളംബിയയിലെ അരക്കറ്റാക്കയിൽ 1927 മാർച്ച് 6നു ജനിച്ച മാർക്കേസിന്റെ കുട്ടിക്കാലം മുത്തച്ഛനും മുത്തശ്ശിക്കുമൊപ്പമായിരുന്നു. മുത്തച്ഛൻ പറഞ്ഞ പട്ടാളക്കഥകളും മുത്തശ്ശിയുടെ മാന്ത്രികകഥകളുമാണു മാർക്കേസിൽ കഥയുടെ വിത്തിട്ടത്.

ബൊഗോട്ടയിൽ നിയമം പഠിക്കുന്ന കാലത്താണു കാഫ്കയുടെ ‘മെറ്റമോർഫസിസ്’ വായിച്ചത്. ഇങ്ങനെയൊക്കെ എഴുതാനും സ്വാതന്ത്ര്യമുണ്ടെന്ന് ആ പുസ്തകം ബോധ്യപ്പെടുത്തി. ‘തേഡ് റെസിഗ്നേഷൻ’ എന്ന ആദ്യ കഥതന്നെ ആത്മവിശ്വാസമേകി. പത്രപ്രവർത്തനത്തിലേക്കെത്തിയപ്പോൾ, മാർക്കേസിന്റെ റിപ്പോർട്ടുകൾ അതിമനോഹരമായ ആഖ്യാനങ്ങളായി.

കാൻസർ ബാധിതനായിട്ടും എഴുത്തിലേക്കു തിരിച്ചുവന്നെങ്കിലും അവസാനകാലം മറവിരോഗത്തിന്റെ പിടിയിലായി. 2014 ഏപ്രിൽ 17നു മാർക്കേസ് ഓർമയായി.

വാഴ്ത്തും വിമർശനങ്ങളും

സാമ്രാജ്യത്വവിരുദ്ധതയും സ്വേച്ഛാധിപത്യവിരുദ്ധതയുമാണു മാർക്കേസിന്റെ രാഷ്ട്രീയത്തെയും എഴുത്തിനെയും നിർണയിച്ചത്. ‘ലാറ്റിനമേരിക്കൻ ബൂമി’ന്റെ ഭാഗമായിരുന്നെങ്കിലും മാർക്കേസിന്റെ മാജിക്കൽ റിയലിസം വ്യത്യസ്തമായിരുന്നു. അഗുസ്തോ റോബസ്തോസ്, കാർലോസ് ഫുവന്തസ്, യോസ തുടങ്ങിയവരിൽനിന്നു പ്രമേയത്തിലും ആഖ്യാനത്തിലും അദ്ദേഹം വേറിട്ടുനിന്നു. 1982ൽ മാർക്കേസിനു സാഹിത്യ നൊബേൽ ലഭിച്ചു. ഈ ബഹുമതി ലഭിച്ച നാലാമത്തെ ലാറ്റിനമേരിക്കൻ എഴുത്തുകാരനാണ്.

ലീഫ് സ്റ്റോം, ഓട്ടം ഓഫ് ദ് പേട്രിയാർക്, ക്രോണിക്കിൾ ഓഫ് എ ഡെത്ത് ഫോർടോൾഡ്, ലവ് ഇൻ ദ് ടൈം ഓഫ് കോളറ, ദ് ജനറൽ ഇൻ ഹിസ് ലാബിരിന്ത്, ലവ് ആൻഡ് അദർ ഡെമൻസ്, ക്ലാൻഡെസ്റ്റിൻ ഇൻ ചിലെ, ന്യൂസ് ഓഫ് എ കിഡ്നാപ്പിങ്, സ്റ്റോറി ഓഫ് എ ഷിപ് റെക്ക്ഡ് സെയിലർ, ലിവിങ് ടു ടെൽ ദ് ടെയിൽ എന്നിവയാണു മാർക്കേസിന്റെ പ്രധാന കൃതികൾ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN Vaakkum Velichavum

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS