ADVERTISEMENT

പതിറ്റാണ്ടുകളായി നീറിപ്പുകഞ്ഞുകൊണ്ടിരിക്കുന്ന പലസ്തീൻ പ്രശ്നം ഹമാസ്–ഇസ്രയേൽ സംഘർഷത്തെത്തുടർന്നു വീണ്ടും ലോകശ്രദ്ധയിലെത്തി. ലോകത്തിന്റെ കണ്ണീരായി മാറിയ ഈ യുദ്ധം, ഒരു നൂറ്റാണ്ടിലേറെയായി നീളുന്ന ആധുനികകാല സംഘർഷത്തിന്റെ തുടർപ്പതിപ്പാണ്.

ജൂത കുടിയേറ്റം

ഒട്ടോമൻ സാമ്രാജ്യത്തിനു കീഴിലായിരുന്നു ഇന്നത്തെ പലസ്തീനും ഇസ്രയേലും അടങ്ങുന്ന ഭൂവിഭാഗം. 1914 മുതൽ ’18 വരെ നടന്ന ഒന്നാം ലോക മഹായുദ്ധത്തിൽ അവർ പരാജയപ്പെട്ടതോടെ ഈ പ്രദേശം ബ്രിട്ടന്റെ കൈയിലെത്തി. തുടർന്നാണ് ആധുനികകാലത്തെ സംഘർഷങ്ങൾക്കു തുടക്കം.

പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനംവരെ പലസ്തീൻ പ്രദേശത്തു വളരെച്ചെറിയ ജൂതസമൂഹം മാത്രമാണ് അധിവസിച്ചിരുന്നത്. എന്നാൽ, അക്കാലത്ത് ലോകമെങ്ങും പടർന്ന ജൂതവിരുദ്ധ വികാരത്തിന്റെ ഭാഗമായി ഭരണകൂടങ്ങളാലും സാമ്രാജ്യങ്ങളാലും വേട്ടയാടപ്പെട്ട ജൂതവംശജർ ജറുസലേം സ്ഥിതിചെയ്യുന്ന അവരുടെ വാഗ്ദത്ത ഭൂമിയിലേക്കു കുടിയേറാൻ ആരംഭിച്ചു. 1941–’45 കാലത്ത് ഹിറ്റ്ലർ നടത്തിയ ജൂത കൂട്ടക്കൊലയായ ‘ഹോളോകോസ്റ്റി’നെത്തുടർന്ന് അഭൂതപൂർവമായ കുടിയേറ്റം സംഭവിച്ചു.

സാമ്രാജ്യത്വ കളികൾ

ഒന്നാം ലോകയുദ്ധത്തിലെ സഹായത്തിനു പകരമായി, അറബ് വംശജർക്കു പലസ്തീനും ജൂതർക്കു സ്വതന്ത്ര രാഷ്ട്ര വാഗ്ദാനവുമെന്ന ഇരട്ടത്താപ്പ് നയമാണു ബ്രിട്ടൻ സ്വീകരിച്ചത്. പക്ഷേ, യുദ്ധാനന്തരം തങ്ങളുടെ കീഴിലായ പലസ്തീൻ പ്രദേശത്തേക്കു ജൂത കുടിയേറ്റം ബ്രിട്ടൻ പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്.

1945ൽ അവസാനിച്ച രണ്ടാം ലോകയുദ്ധത്തിൽ വിജയിച്ചെങ്കിലും, ബ്രിട്ടനു കോളനികളിൽ ഭരണം തുടരാനാകാത്ത സ്ഥിതി വന്നതിനെത്തുടർന്നാണു പലസ്തീൻ വിഷയത്തിൽ ഐക്യരാഷ്ട്ര സംഘടന (യുഎൻ) ഇടപെടുന്നത്. ഏകദേശം തുല്യ അളവിൽ പലസ്തീൻ വിഭജിച്ചു ജൂതരാഷ്ട്രവും പലസ്തീൻ രാഷ്ട്രവും എന്ന ഫോർമുലയും ജറുസലേം രാജ്യാന്തര മേഖലയാക്കിയുമുള്ള പദ്ധതി യുഎൻ മുന്നോട്ടുവച്ചു. ജൂതർ ഇത് അംഗീകരിച്ചതോടെ 1948 മേയ് 14ന് ഇസ്രയേൽ എന്ന ജൂതരാഷ്ട്രം പിറവിയെടുത്തു.

നിരന്തര സംഘർഷം

യുഎൻ തീരുമാനം നിരാകരിച്ച അറബ് രാജ്യങ്ങൾ 1948–’49ൽ ഇസ്രയേലുമായി യുദ്ധം ചെയ്തെങ്കിലും ഇസ്രയേലാണു ജയിച്ചത്. ലക്ഷക്കണക്കിനു പലസ്തീൻകാർക്ക് പലായനം ചെയ്യേണ്ടിവരുന്നു. വെസ്റ്റ് ബാങ്ക്, ഗാസ എന്നിവിടങ്ങളിൽ മാത്രമായി പലസ്തീൻ ചുരുക്കപ്പെട്ടു. 1967ലും അറബ് രാജ്യങ്ങളും ഇസ്രയേലും തമ്മിൽ ‘ആറു ദിവസ യുദ്ധം’ എന്ന പേരിലെ ഏറ്റുമുട്ടൽ നടന്നപ്പോഴും ഇസ്രയേലിനായിരുന്നു ജയം.

1964-ലാണു പലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ (പിഎൽഒ) രൂപീകരിക്കുന്നതും യാസർ അരാഫത്തിന്റെ നേതൃത്വത്തിൽ അതു ലോകശ്രദ്ധയിലേക്കു വരുന്നതും. 1987ൽ ഹമാസ് രൂപീകരണത്തെത്തുടർന്ന് അതിതീവ്ര സംഘടനകൾ പലസ്തീൻ ജനതയിൽ സ്വാധീനം വർധിപ്പിക്കുകയും പലപ്പോഴും തീവ്രവാദ ആക്രമണങ്ങളിലേക്കു സംഘർഷം വഴിമാറുകയും ചെയ്യുന്ന സാഹചര്യത്തിലേക്കെത്തി. 

English Summary:

Israel Palastine War Videsha Visesham Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com