ജനപിന്തുണയിൽ ലോ ബൈഡൻ

Mail This Article
അധികാരത്തിലെത്തിയശേഷം ജനപ്രീതിയിൽ ഏറ്റവും വലിയ ഇടിവു നേരിട്ടിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. 40 ശതമാനമായാണു ബൈഡന്റെ ജനപിന്തുണ താഴ്ന്നത്. സർവേ അനുസരിച്ച് 40% അമേരിക്കക്കാർ ബൈഡന്റെ പ്രകടനത്തിൽ തൃപ്തി രേഖപ്പെടുത്തിയപ്പോൾ 57% പേർ പ്രസിഡന്റിൽ തൃപ്തരല്ലെന്ന് അറിയിച്ചു. ബൈഡൻ പ്രസിഡന്റായി സ്ഥാനമേറ്റശേഷമുള്ള ഏറ്റവും കുറഞ്ഞ ജനപിന്തുണയും ഏറ്റവും ഉയർന്ന എതിർപ്പുമാണിത്.
ഇസ്രയേൽ–ഹമാസ് വിഷയത്തിലെ അമേരിക്കയുടെ നിലപാടിലുള്ള വോട്ടർമാരുടെ അമർഷമാണ് ഇത്രയേറെ വോട്ടർമാരെ ബൈഡന് എതിരാക്കിയതെന്നാണു സർവേ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാരുടെ ഇടയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ബൈഡനേക്കാൾ ജനപ്രീതി വർധിച്ചുവെന്നതും ശ്രദ്ധേയം. അടുത്ത വർഷം അവസാനം അമേരിക്ക പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്കു പ്രവേശിക്കുകയാണ്.
വീഴ്ച പലസ്തീനിൽ
പലസ്തീനിലേക്കുള്ള ഇസ്രയേലിന്റെ കടന്നുകയറ്റം എല്ലാ അതിരുകളും ലംഘിച്ചെന്ന വികാരമാണു സർവേയിൽ പങ്കെടുത്തവർ പൊതുവേ പങ്കുവച്ചത്. 18 മുതൽ 34 വരെ പ്രായമുള്ള വോട്ടർമാരിൽ 70 ശതമാനവും പശ്ചിമേഷ്യൻ പ്രതിസന്ധി ബൈഡൻ കൈകാര്യം ചെയ്ത രീതിയിൽ എതിർപ്പുള്ളവരാണ്. അമേരിക്കൻ സൈന്യം നേരിട്ട് ഇടപെടാത്ത രാജ്യാന്തര സംഘർഷം അമേരിക്കക്കുള്ളിലെ ജനാഭിപ്രായത്തെ ഇത്രയേറെ സ്വാധീനിച്ച മറ്റൊരു അവസരമുണ്ടായിട്ടില്ലെന്നു സർവേ പറയുന്നു. പ്രസിഡന്റിന്റെ വിദേശനയം 62% പേർ തള്ളിയപ്പോൾ 33% വോട്ടർമാർ മാത്രമാണു പിന്തുണച്ചത്. ഇസ്രയേൽ–ഹമാസ് പ്രശ്നം ബൈഡൻ കൈകാര്യം ചെയ്ത രീതിയിൽ 34% പേർ പിന്തുണ രേഖപ്പെടുത്തിയപ്പോൾ 56% എതിർത്തു.
ട്രംപിന് ആശ്വാസം
ഇക്കഴിഞ്ഞ നവംബർ 10 മുതൽ 14 വരെയുള്ള ദിവസങ്ങളിലാണ് അമേരിക്കൻ മാധ്യമമായ എൻബിസി സർവേ നടത്തിയത്. അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യമായി ഡോണൾഡ് ട്രംപിന് നേരിയ മുൻതൂക്കം ലഭിച്ചു എന്നതും ശ്രദ്ധേയം. ട്രംപിന് 46% വോട്ടർമാരുടെ പിന്തുണയുള്ളപ്പോൾ ബൈഡന് 44% ആണു പിന്തുണ. കറുത്ത വർഗക്കാർ, സ്ത്രീകൾ എന്നിവരിൽ ബൈഡന് സ്വാധീനം കൂടുതലുള്ളപ്പോൾ വെളുത്ത വർഗക്കാർ, പുരുഷൻമാർ എന്നിവരിൽ ട്രംപിനാണു മേധാവിത്വം.
അതേസമയം, പ്രസിഡന്റ് നാമനിർദേശം ലഭിക്കാനുള്ള റിപ്പബ്ലിക്കൻ മത്സരത്തിൽ ട്രംപ് ബഹുദൂരം മുൻപിലാണ്–58% പിന്തുണ. രണ്ടാം സ്ഥാനത്തുള്ള ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസിന് 18% പിന്തുണയേയുള്ളു. നിക്കി ഹേലി (13%), വിവേക് രാമസ്വാമി (3%) എന്നിവർ ഏറെ പിന്നിലാണ്.