ADVERTISEMENT

ഡോണൾഡ് ട്രംപും ജൈർ ബൊൽസൊനാരോയും ബോറിസ് ജോൺസണും ഒരുമിച്ചു ചേരുന്ന വ്യക്തിത്വം. എന്നാൽ, അവരെയൊക്കെ മറികടക്കുന്ന, അസ്വാഭാവികമെന്നു തോന്നിയേക്കാവുന്ന മറ്റു ചില വിചിത്രസ്വഭാവങ്ങളുടെ ഉടമ. താന്ത്രിക് സെക്സിന്റെയും റോക്ക് സംഗീതത്തിന്റെയും സാമ്പത്തികശാസ്ത്രത്തിന്റെയും ആരാധകൻ. അർജന്റീനയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വലതുപക്ഷ നേതാവ് ഹവിയർ മിലൈ (53) നിലപാടുകളാൽ രാജ്യാന്തര രാഷ്ട്രീയത്തിൽ ശ്രദ്ധാകേന്ദ്രമാവുകയാണ്.

റെക്കോർഡ് വിജയം

മിലൈയ്ക്ക് തിരഞ്ഞെടുപ്പിൽ 55.7% വോട്ട് ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥി സെർഗിയോ മാസയ്ക്ക് 44.3% മാത്രമാണു ലഭിച്ചത്. 1983ൽ അർജന്റീന ഏകാധിപത്യ ഭരണവ്യവസ്ഥയിൽനിന്നു ജനാധിപത്യത്തിലേക്ക് തിരികെയെത്തിയ ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണിത്. തെക്കേ അമേരിക്കയിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാണെങ്കിലും (ആദ്യത്തേതു ബ്രസീൽ) 140% വരെയെത്തിയ പണപ്പെരുപ്പവും കടുത്ത സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്മയുമാണു ഭരണമാറ്റത്തിനു കാരണം. 40 ശതമാനത്തിലേറെ അർജന്റീനക്കാർ ജീവിക്കുന്നതു ദാരിദ്ര്യരേഖയ്ക്കു താഴെയാണ്.

മിലൈയുടെ ‘ബോസ്’

‘അരാജക മുതലാളിത്തവാദി’ എന്നു സ്വയം വിശേഷിപ്പിക്കുന്ന സാമ്പത്തിക വിദഗ്ധനാണു മിലൈ. തലസ്ഥാനമായ ബ്യൂനസ് ഐറിസിലാണു ജനനം. പിതാവ് ബസ് ഡ്രൈവറും അമ്മ ഹോം മേക്കറും. വീട്ടിലും സ്കൂളിലും പരിഹാസം ഏറ്റുവാങ്ങിയ കുട്ടിക്കാലം മിലൈയുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തി. സഹോദരി കാരിനയുമായാണ് അടുത്ത ബന്ധം. അവരെ മിലൈ ‘ബോസ്’ എന്നാണു വിളിക്കുന്നത്. നടി ഫാത്തിമ ഫ്ലോറെസുമായി ഏറെ നാളായി പ്രണയത്തിലാണ്. അർജന്റീനയിൽ ടെലിവിഷൻ രംഗത്തെ താരമാണു മിലൈ. സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെട്ട സംവാദങ്ങളിലെല്ലാം മിലൈ തിളക്കമാർന്ന പ്രകടനമാണു കാഴ്ചവച്ചത്. 2021ൽ ആദ്യമായി പാർലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.

വിചിത്ര നിലപാടുകൾ

നിലവിലെ 18 മന്ത്രാലയങ്ങൾ 8 ആക്കി ചുരുക്കും, അർജന്റീനയുടെ കറൻസിയായ പെസോ ഒഴിവാക്കി ഡോള‍ർ അധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കൊണ്ടുവരും, കേന്ദ്ര ബാങ്ക് പിരിച്ചുവിടും തുടങ്ങിയവയാണു മിലൈ ഉടൻ നടപ്പാക്കാനിരിക്കുന്ന പരിഷ്കരണങ്ങളിൽ ചിലത്. ഗർഭഛിദ്രം, സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസം തുടങ്ങിയവയെ അദ്ദേഹം എതിർക്കുന്നു. കോവിഡ് വാക്സീൻ തട്ടിപ്പാണെന്നും കാലാവസ്ഥാ ശാസ്ത്രം ഇടതു ഗൂഢാലോചനയാണെന്നും വിശ്വസിക്കുന്നു. സാമൂഹികനീതി ഒരു അപഭ്രംശ മാണെന്നാണു മിലൈ പറയുന്നത്.

English Summary:

Argentina President Javier Milei Winner Column

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com