വിട പറഞ്ഞത് നീതിപീഠത്തിലെ പെൺസ്വരം
Mail This Article
സുപ്രീം കോടതിയിലെ ആദ്യത്തെ വനിതാ ജഡ്ജിയും ഗവർണർ സ്ഥാനത്തെത്തുന്ന ആദ്യ മലയാളി വനിതയുമായ ജസ്റ്റിസ് എം.ഫാത്തിമ ബീവി (96) നവംബർ 23 ന് അന്തരിച്ചു. കേരള ഹൈക്കോടതിയിലെ ആദ്യ മുസ്‌ലിം വനിതാ ജഡ്ജി, കേരളത്തിലെ പിന്നാക്ക വിഭാഗ കമ്മിഷന്റെ ആദ്യ അധ്യക്ഷ, പ്രഥമ കേന്ദ്ര മനുഷ്യാവകാശ കമ്മിഷൻ അംഗം, ആദ്യ മുസ്‌ലിം വനിതാ ഗവർണർ തുടങ്ങിയ ഒട്ടേറെ വിശേഷണങ്ങൾ നേടിയ ജസ്റ്റിസ് ഫാത്തിമ ബീവി 1989 ലാണു സുപ്രീം കോടതിയിൽ ജഡ്ജിയായത്. 1997 ൽ തമിഴ്നാട് ഗവർണറായി.
തിരുവിതാംകൂറിൽ നിയമ ബിരുദം (ബിഎൽ) നേടിയ ആദ്യ മുസ്‌ലിം വനിത, ബിഎൽ പരീക്ഷയിൽ ഒന്നാം റാങ്ക് നേടുന്ന ആദ്യ പെൺകുട്ടി, തിരുവിതാംകൂറിലെ ആദ്യ മുസ്‌ലിം വനിതാ അഭിഭാഷക എന്നീ ബഹുമതികളും ഫാത്തിമ ബീവിക്കു സ്വന്തം. കോമൺവെൽത്ത് രാജ്യങ്ങളിൽ പരമോന്നത കോടതിയിൽ ന്യായാധിപയാകുന്ന ആദ്യ വനിതയെന്ന നേട്ടവും ഈ പത്തനംതിട്ട സ്വദേശിനിയുടെ പേരിലാണ്.