ADVERTISEMENT

ലാറ്റിൻ അമേരിക്കയുടെ പുരാതന സംസ്കാരമായ മായൻ സംസ്കൃതിയുടെ ശേഷിപ്പുകൾ തുടിക്കുന്ന പൈതൃകദേശങ്ങളിലൂടൊരു സഞ്ചാരത്തിനു ചൂളംവിളിക്കുകയാണു മെക്സിക്കോ. മൂന്നര വർഷത്തെ നിർമാണ പ്രവർത്തനങ്ങൾക്കൊടുവിൽ മെക്സിക്കോയുടെ അഭിമാനമായ മായൻ റയിൽവേ ലൈനിന്റെ ആദ്യ ഘട്ടം ഗതാഗതത്തിനായി തുറന്നു. മെക്സിക്കോയുടെ സാമ്പത്തികരംഗത്തിന്റെ ഉണർവു കൂടിയാകുമെന്നു പ്രതീക്ഷിക്കുന്നതാണ് പുതിയ ട്രെയിൻ സർവീസ്.

സഞ്ചാരികളെ ഇതിലെ, ഇതിലെ

1500 കിലോമീറ്ററിലേറെ ദൂരമുള്ളതാണ് മായൻ ടൂറിസ്റ്റ് റെയിൽവേ ലൈൻ പദ്ധതി. നിർമാണ ചെലവ് 1.66 ലക്ഷം കോടി രൂപ. പദ്ധതിയുടെ ആദ്യ ഘട്ടമായ 473 കിലോമീറ്റർ ലൈനാണു മെക്സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപസ് ഒബ്രഡോർ ഇപ്പോൾ ഗതാഗതത്തിനു തുറന്നുകൊടുത്തിരിക്കുന്നത്. മണിക്കൂറിൽ 120 കിലോമീറ്റർ വരെ വേഗത്തിലോടുന്ന ട്രെയിനുകൾക്കു സഞ്ചരിക്കാവുന്ന വിധത്തിലാണു ട്രാക്കിന്റെ നിർമാണം. വിനോദസഞ്ചാര, പൈതൃക പ്രാധാന്യമുള്ള 12 സ്റ്റോപ്പുകളാണു നിലവിലെ പാതയിലുള്ളത്. ദിവസവും രണ്ടു ട്രെയിനുകൾ ഇരു വശങ്ങളിലേക്കും സർവീസ് നടത്തും. അമേരിക്കൻ ഭൂഖണ്ഡത്തിലെ ഏറ്റവും പഴക്കമേറിയ മനുഷ്യവാസത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുള്ള ഗുഹാനിരകളിലൂടെയും റെയിൽവേ ട്രാക്ക് കടന്നുപോകുന്നുണ്ട്.

വികസനത്തിന്റെ പൈതൃകക്കുതിപ്പ്

അടുത്ത സെപ്റ്റംബറിൽ സ്ഥാനമൊഴിയും മുൻപു തന്റെ സ്വപ്നപദ്ധതി പൂർത്തിയാക്കുക എന്നതാണു പ്രസിഡന്റ് ഒബ്രഡോറിന്റെ ലക്ഷ്യം. ചരക്കു ഗതാഗതത്തിനു കൂടി ഉപയോഗിക്കാനാകുന്ന മായൻ റയിൽ പൂർത്തിയാകുന്നതോടെ 2030ൽ 11 ലക്ഷം ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നു കരകയറ്റാൻ പദ്ധതിക്കാകുമെന്നു ഐക്യരാഷ്ട്രസംഘടനയുടെ വികസനവിഭാഗം ചൂണ്ടിക്കാട്ടുന്നു. ദേശീയപ്രധാന്യം ഏറെയുണ്ടെന്നു ചൂണ്ടിക്കാട്ടി പരിസ്ഥിതി ആഘാത പഠനം ഉൾപ്പെടെ ലഭിക്കേണ്ട അനുമതികളെല്ലാം ഒഴിവാക്കിയാണു മായൻ ട്രെയിൻ പദ്ധതി മെക്സിക്കൻ സർക്കാർ നടപ്പാക്കുന്നത്. ദേശീയ താൽപര്യവും ദേശീയ സുരക്ഷയും മുൻനിർത്തി സർക്കാർ പ്രഖ്യാപിക്കുന്ന പദ്ധതികൾക്ക് എല്ലാ ബന്ധപ്പെട്ട വകുപ്പുകളും ഉടൻ അനുമതി നൽകണമെന്ന് നിയമം 2021 നവംബറിൽ ഒബ്രഡോർ സർക്കാർ പാസാക്കിയിരുന്നു. വനപ്രദേശങ്ങളിലെ റെയിൽവേ ലൈൻ നിർമാണത്തിനെതിരെ മെക്സിക്കോയിലെ പരിസ്ഥിതിവാദികൾ വലിയ പ്രതിഷേധവും ഉയർത്തുന്നുണ്ട്. 34 ലക്ഷം മരങ്ങൾ പദ്ധതിക്കായി ഇതിനകം മുറിക്കേണ്ടിവന്നിട്ടുണ്ടെന്നാണു കണക്കുകൾ. വനപ്രദേശങ്ങളിലൂടെയും പൈതൃക പ്രദേശങ്ങളിലൂടെയുമാണു ബാക്കി നിർമാണത്തിൽ ഭൂരിഭാഗവും നടത്താനുള്ളത്

പുരാതന കൊട്ടാരം

സ്വന്തമായി രൂപപ്പെടുത്തിയ ലിപി, കലണ്ടർ, കൃഷി ആയുധങ്ങൾ, കനാലുകൾ, കെട്ടിടങ്ങൾ, പിരമിഡുകൾ... ആയിരത്തിലേറെ വർഷങ്ങൾക്കു മുൻപ് നിലനിന്നിരുന്ന മായൻ സംസ്കാരത്തിന്റെ അദ്ഭുത അടയാളങ്ങളാണ് ഇവയെല്ലാം. എഡി 800നും 1000ത്തിനും ഇടയ്ക്കു മായൻ സംസ്കാരം തകർന്നു. യുദ്ധം, കാലാവസ്ഥാമാറ്റം, ആഭ്യന്തരകലാപം തുടങ്ങിയവയെല്ലാം കാരണമായി പറയുന്നുണ്ട്. ഇപ്പോഴും യഥാർഥ കാരണം പുരാവസ്തു ഗവേഷകർക്ക് പിടികിട്ടിയിട്ടില്ല. ഇതിനിടെ, മെക്സിക്കോയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ കൻകൂണിന് അടുത്ത് ഒരു മായൻ കൊട്ടാരം കണ്ടെത്തി യിരുന്നു. പുതിയ മായൻ റയിൽ ലൈൻ കടന്നുപോകുന്നത് ഈ പുരാതന കൊട്ടാര ത്തിനു സമീപത്തുകൂടിയാണെന്നതു വലിയസംഖ്യ വിനോദസഞ്ചാരികളെയും ചരിത്രാ ന്വേഷികളെയും ആകർഷിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്. 

English Summary:

Mayan Tourist Railway Mexico Videsha Visesham Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT