ചെങ്കടലും യുദ്ധഭൂമിയാക്കി ഇസ്രയേൽ–പലസ്തീൻ സംഘർഷം; ആഗോള ചരക്കുഗതാഗതത്തിനും ഭീഷണി
Mail This Article
പുതുവർഷത്തിൽ ഇസ്രയേൽ–പലസ്തീൻ സംഘർഷത്തിന്റെ പുതിയ യുദ്ധഭൂമിയായി മാറുകയാണ് ചെങ്കടൽ മേഖല. ആഗോള ചരക്കുഗതാഗതത്തെ സ്തംഭിപ്പിക്കുന്ന നിലയിലേക്കും എണ്ണവിലയിൽ വർധനയ്ക്കും വഴിയൊരുക്കുമെന്നാണ് ആശങ്ക.
വിലക്കയറ്റ ഭീഷണി
ഇറാന്റെ പിന്തുണയോടെ യെമനിൽ ആധിപത്യം ഉറപ്പിക്കാൻ പോരാടുന്ന ഹൂതി വിമതർ, ചെങ്കടലിലൂടെ കടന്നുപോകുന്ന ഇസ്രയേൽ ബന്ധമുള്ളതോ ഇസ്രയേലിന്റെ സഖ്യകക്ഷികളുമായി ബന്ധമുള്ളതോ ആയ കപ്പലുകൾക്കു നേരേ ആക്രമണം അഴിച്ചുവിടുകയാണ്. മിസൈലുകളും ഡ്രോണുകളും സായുധബോട്ടുമൊക്കെ ഉപയോഗിച്ചാണ് ഹൂതികളുടെ ആക്രമണം. അമേരിക്കയിൽനിന്നും യൂറോപ്പിൽനിന്നും ഏഷ്യയിലേക്കും തിരിച്ചുമുള്ള സമുദ്ര ചരക്കുഗതാഗതത്തെയാകെ ഇത് സ്തംഭനത്തിലേക്കു നയിക്കുമെന്നാണ് ആശങ്ക.
മേഖലയിലുള്ള അമേരിക്കൻ പടക്കപ്പലുകൾ തിരിച്ചടിക്കുന്നുണ്ടെങ്കിലും ആക്രമണഭീതി ഉയർന്നതോടെ പല രാജ്യാന്തര കപ്പൽ ഗതാഗത കമ്പനികളും സൂയസ് കനാൽ വഴിയുള്ള വ്യാപാരനീക്കം നിർത്തിവച്ചു. ഭീഷണി തുടരുന്നത് രാജ്യാന്തര ഇന്ധനനീക്കത്തെയും ബാധിക്കും. ഇത് എണ്ണവില ഉയരാൻ ഇടയാക്കിയാൽ സ്ഥിതി ഗുരുതരമാകും.
ലക്ഷ്യം ‘കുപ്പിക്കഴുത്ത്’
164 കിലോമീറ്റർ നീളമുള്ള ഈജിപ്തിലെ സൂയസ് കനാൽ വഴിയാണു മെഡിറ്ററേനിയൻ കടലിൽനിന്നു ചരക്കുകപ്പലുകൾ ചെങ്കടലിലേക്കു പ്രവേശിക്കുന്നത്. അവിടെനിന്ന് 32 കിലോമീറ്റർ മാത്രം വീതിയുള്ള ബാബൽ മൻദബ് കടലിടുക്കിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിലെത്തിയാണ് ഏഷ്യൻ രാജ്യങ്ങളിലെ പ്രധാന തുറമുഖങ്ങളിലേക്കുള്ള യാത്ര തുടരുന്നത്. ഈ കുപ്പിക്കഴുത്താണ് തൊട്ടടുത്ത് യെമനിൽനിന്നുള്ള ഹൂതികളുടെ ആക്രമണഭീഷണിയിലായിരിക്കുന്നത്.
വർഷം ഏകദേശം 17,000 കപ്പലുകൾ നീങ്ങുന്ന ഈ കടൽപ്പാതയിലൂടെയാണു ലോകവ്യാപാരത്തിന്റെ 12 ശതമാനവും നടക്കുന്നത്. ശരാശരി 90 ലക്ഷം വീപ്പ എണ്ണ ഓരോ ദിവസവും ഇതുവഴി കടന്നുപോകുന്നു. ആക്രമണം ഭയന്നു പല വമ്പൻ കമ്പനികളും കപ്പലുകൾ ആഫ്രിക്കൻ ഭൂഖണ്ഡം ചുറ്റിയുള്ള പരമ്പരാഗതപാതയിലേക്കു തിരിച്ചുവിടാൻ തുടങ്ങി. 3,500 നോട്ടിക്കൽ മൈൽ ദൂരം കൂടുതലുള്ള ഈ പാത ഷിപ്പിങ് ചെലവു കൂടാൻ ഇടയാക്കും.
യെമനും ഹൂതികളും
ലബനനിലെ ഹിസ്ബുല്ലയുടെയും ഇറാൻ ഭരണകൂടത്തിന്റെയും സൈനിക, സാമ്പത്തികപിന്തുണയാണു യെമനിലെ ആഭ്യന്തരയുദ്ധത്തിൽ ഹൂതികളുടെ പ്രധാന ബലം. യെമൻ ഔദ്യോഗികവിഭാഗത്തെ പിന്തുണയ്ക്കുന്ന സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന 2015ൽ ഹൂതി വിമതർക്കെതിരെ ആക്രമണം തുടങ്ങി. യുദ്ധത്തിൽ ഇതുവരെ ഒന്നര ലക്ഷത്തിലേറെപ്പേർ കൊല്ലപ്പെട്ടു.
നിലവിൽ വടക്കൻ മേഖല ഹൂതികളുടെ നിയന്ത്രണത്തിലാണ്. തെക്കൻ മേഖല സൗദി പിന്തുണയുള്ള പൊളിറ്റിക്കൽ ലീഡർഷിപ് കൗൺസിലിനു (പിഎൽസി) കീഴിലാണ്. യെമനിൽ സ്വാധീനം വർധിപ്പിക്കാൻകൂടി ഉദ്ദേശിച്ചാണു ഹൂതികൾ ചെങ്കടലിൽ ആക്രമണം അഴിച്ചുവിടുന്നത്. ഗാസയിൽ കൂട്ടക്കുരുതി തുടരുന്ന ഇസ്രയേലിനെതിരെ സൈനികനടപടി ഉൾപ്പെടെ കടുത്ത തീരുമാനങ്ങളിലേക്കു മേഖലയിലെ മറ്റു രാജ്യങ്ങൾ പോകാതിരിക്കുന്നത് തങ്ങളുടെ നീക്കങ്ങൾക്കു വലിയ ജനപിന്തുണ ലഭ്യമാക്കുമെന്ന് ഹൂതികൾക്കറിയാം.