എൺപത് രാജ്യങ്ങളിൽ എണ്ണൂറോളം സൈനികതാവളങ്ങൾ, ഒന്നേമുക്കാൽ ലക്ഷം സൈനികർ; സൂപ്പർ പവറാകാൻ അമേരിക്ക

Mail This Article
ജോർദാനിലെ അമേരിക്കൻ സൈനിക താവളത്തിനു നേരേ നടന്ന ഡ്രോൺ ആക്രമണത്തിൽ 3 യുഎസ് സൈനികർ കൊല്ലപ്പെട്ടത് കഴിഞ്ഞ ആഴ്ചകളിൽ ലോകത്തെ മുൾമുനയിലാഴ്ത്തിയ സംഭവമായിരുന്നു. ആക്രമണത്തിനു പിന്നിൽ ഇറാനാണെന്ന് ആരോപിച്ച അമേരിക്ക തിരിച്ചടിച്ചാൽ ലോകത്തിന് അതു താങ്ങാനാകുമോയെന്ന ആശങ്ക രാജ്യാന്തരസമൂഹത്തിൽ പടർന്നു. ആഗോളതലത്തിലെ അമേരിക്കൻ സൈനിക താവളങ്ങളെക്കുറിച്ചും ചർച്ചകൾ ഉയർന്നു.
എണ്ണത്തിൽ ജപ്പാൻ
ജപ്പാനിലാണ് യുഎസിന് ഏറ്റവും കൂടുതൽ സൈനിക താവളങ്ങളുള്ളത്–120 എണ്ണം (53,973 സൈനികർ). രണ്ടാം സ്ഥാനത്തുള്ള ജർമനിയിൽ 119 എണ്ണവും മൂന്നാമതുള്ള ദക്ഷിണ കൊറിയയിൽ 73 താവളങ്ങളുമുണ്ട്. ഇവ മൂന്നും രണ്ടാം ലോകയുദ്ധത്തിൽ അമേരിക്ക ഉൾപ്പെട്ട സഖ്യശക്തികളോടു പരാജയപ്പെട്ട രാജ്യങ്ങളുമാണ്.
അമേരിക്കൻ ആഗോള താവളങ്ങളെ പൊതുവെ രണ്ടായി തിരിച്ചിട്ടുണ്ട്. 10 ഏക്കറിലേറെ വിസ്തൃതിയുള്ളതും 200 സൈനികരിൽ കൂടുതൽ ഉള്ളതുമായ താവളങ്ങളെ ‘വലിയ താവളങ്ങളായി’ കണക്കാക്കുന്നു. നിലവിലെ താവളങ്ങളിൽ 60 ശതമാനത്തിലേറെ ഈ വിഭാഗത്തിൽ വരുന്നു. 10 ഏക്കറിൽ താഴെ സ്ഥലത്തു പ്രവർത്തിക്കുന്ന താവളങ്ങൾ ‘ചെറിയ താവളങ്ങളുടെ’ ഗണത്തിലാണ്.
നിലവിൽ ഒന്നേമുക്കാൽ ലക്ഷത്തോളം യുഎസ് സൈനികർ വിവിധ വിദേശ സൈനിക താവളങ്ങളിലായി സേവനമനുഷ്ഠിക്കുന്നതായി കോൺഫ്ലിക്റ്റ് മാനേജ്മെന്റ് ആൻഡ് പീസ് സയൻസ് ജേണലിൽ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
വലുപ്പത്തിൽ കൊറിയ
വിദേശത്തെ അമേരിക്കയുടെ ഏറ്റവും വലിയ സൈനികതാവളം ദക്ഷിണകൊറിയയിലാണ്. തലസ്ഥാനമായ സോളിൽനിന്ന് 65 കിലോമീറ്റർ ദൂരെയാണ് 3,454 ഏക്കർ വിസ്തൃതിയുള്ള ഈ താവളം. 25,372 യുഎസ് സൈനികർ ദക്ഷിണ കൊറിയയിലുണ്ട്.
യൂറോപ്പിൽ ജർമനിയിലാണ് ഏറ്റവും വലിയ കൂടുതൽ യുഎസ് സൈനികരുള്ളത്–35,781. രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയിൽ 12,300 സൈനികരും മൂന്നാമതുള്ള യുകെയിൽ 9,300 സൈനികരുമുണ്ട്.
ഖത്തറിലെ ദോഹയിലാണ് മധ്യപൂർവദേശത്തെ ഏറ്റവും വലിയ അമേരിക്കൻ സൈനികതാവളം. അമേരിക്കയുടേതും സഖ്യകക്ഷികളുടേതുമായി 11,000 സൈനികർ ഈ താവളത്തിലുണ്ട്. 60 ഏക്കറിലേറെ വിസ്തൃതിയുള്ള ഈ താവളത്തിൽ നൂറോളം യുദ്ധവിമാനങ്ങളും ഡ്രോണുകളുമുണ്ട്.
800 സൈനികതാവളം; പടുകൂറ്റൻ ബജറ്റ്
രണ്ടാം ലോകയുദ്ധത്തിലെ വിജയത്തിനു ശേഷമാണ് അമേരിക്ക ലോകശക്തിയായി വളരുന്നതും വിവിധ രാജ്യങ്ങളിൽ സൈനികസാന്നിധ്യം ഉണ്ടാക്കുന്നതും. 80 രാജ്യങ്ങളിലായി എണ്ണൂറോളം സൈനികതാവളങ്ങൾ അമേരിക്കയ്ക്ക് ഉണ്ടെന്നാണു സൈനിക വിദഗ്ധർ കണക്കാക്കുന്നത്. പ്രതിരോധച്ചെലവിൽ ഒന്നാം സ്ഥാനത്തുള്ള അമേരിക്കയുടെ ഒരു വർഷത്തെ സൈനിക ബജറ്റ് തൊട്ടുപിറകിലെ 10 രാജ്യങ്ങളുടെ സൈനിക ബജറ്റുകൾ ചേരുന്നതിനേക്കാൾ അധികവുമാണ്.
ബജറ്റിന്റെ 12% അമേരിക്ക സൈനികരംഗത്ത് ചെലവഴിക്കുമ്പോൾ രണ്ടാം സ്ഥാനത്തുള്ള ചൈന ചെലവഴിക്കുന്നത് 4.79 ശതമാനം മാത്രമാണ്. സോവിയറ്റ് യൂണിയന്റെ പതനശേഷം ലോകത്തെ ഏക സൂപ്പർ പവർ എന്ന തങ്ങളുടെ ചോദ്യം ചെയ്യപ്പെടാത്ത സ്ഥാനം ഉറപ്പിക്കാനുള്ള അമേരിക്കയുടെ ബോധപൂർവമുള്ള ശ്രമമാണ് ഈ കണക്കുകളിൽ പ്രതിഫലിക്കുന്നത്.