ADVERTISEMENT

 ‘നിങ്ങൾ കൊല്ലപ്പെടുകയാണെങ്കിൽ, അതു ശരിക്കും സംഭവിക്കുകയാണെങ്കിൽ, റഷ്യക്കാർക്കായി നിങ്ങൾ നൽകാനാഗ്രഹിക്കുന്ന അവസാന സന്ദേശം എന്തായിരിക്കും?’–2022ലെ ഓസ്കർ ലഭിച്ച ഡോക്യുമെന്ററി ‘നവൽനി’യുടെ സംവിധായകനും കനേഡിയനുമായ ഡാനിയൽ റോഹർ ചിത്രീകരണത്തിനിടെ സാക്ഷാൽ നവൽനിയോടു ചോദിച്ചതാണിത്. അന്നു നവൽനി ചിരിച്ചുതള്ളിയെങ്കിലും അറംപറ്റിയപോലെ ആ മരണം സംഭവിച്ചതുകണ്ട് അമ്പരന്നിരിക്കുകയാണു ലോകം. പുടിന്റെ മറ്റൊരു എതിരാളികൂടി എന്നന്നേക്കുമായി നിശ്ശബ്ദനാകുമ്പോൾ അതിനു പിന്നിലെ യഥാർഥ കാരണങ്ങൾ അജ്ഞാതമായി തുടരുന്നു.

നവലോക നേതാവ്

റഷ്യയിൽ പ്രതിപക്ഷത്തിന്റെ പ്രധാന നേതാവും പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ രാഷ്‌ട്രീയ പ്രതിയോഗിയുമായിരുന്നു ഈയിടെ ജയിലിൽ മരിച്ച അലക്‌സി നവൽനി (47). 2021 ഫെബ്രുവരിയിൽ അറസ്റ്റിലായ അദ്ദേഹം വിവിധ കേസുകളുടെ പേരിലാണ് റഷ്യൻ തലസ്ഥാനമായ മോസ്കോയിൽനിന്ന് 1,900 കിലോമീറ്റർ അകലെ ആർട്ടിക് മേഖലയിലെ വിദൂരജയിലിൽ തടവിലായത്. അഴിമതിവിരുദ്ധ പോരാട്ടത്തിലൂടെ റഷ്യക്കാർക്കിടയിൽ വലിയ പിന്തുണയുണ്ടായിരുന്ന അദ്ദേഹത്തെ ‘പുടിൻ ഏറ്റവും ഭയക്കുന്ന ആൾ’ എന്നാണ് അമേരിക്കൻ മാധ്യമം ‘വോൾ സ്ട്രീറ്റ് ജേണൽ’ വിശേഷിപ്പിച്ചിരുന്നത്.

navelni-new-gif
അലക്സി നവൽനി

മോസ്കോയ്ക്കു പടിഞ്ഞാറുള്ള ഗ്രാമത്തിൽ 1976ലാണു നവൽനിയുടെ ജനനം. 1998ൽ മോസ്കോയിലെ പീപ്പിൾസ് ഫ്രണ്ട്ഷിപ് യൂണിവേഴ്സിറ്റി ഓഫ് റഷ്യയിൽനിന്ന് നിയമബിരുദം നേടി. പുടിനും അനുയായികൾക്കും നിർണായകസ്വാധീനമുള്ള റഷ്യയിലെ പൊതുമേഖലാ കമ്പനികൾക്കുള്ളിലെ വൻ അഴിമതി പുറത്തുകൊണ്ടുവന്ന ബ്ലോഗ് എഴുത്തിലൂടെയാണു നവൽനി ശ്രദ്ധ നേടുന്നത്. 2011ൽ മോസ്കോയിൽ പുടിനെതിരെ വലിയൊരു റാലി നടത്തി വളരെപ്പെട്ടെന്ന് പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് ഉയർന്നു. പുടിനെതിരെ നിലകൊണ്ടതിന്റെ പേരിൽ പലവട്ടം ജയിലിലടയ്ക്കപ്പെട്ടും മോചിപ്പിക്കപ്പെട്ടും റഷ്യൻ രാഷ്ട്രീയഭൂമികയിൽ നിറഞ്ഞുനിന്നു അദ്ദേഹം.

അപായവഴികൾ

alexi-navelni-gif
അലക്സി നവൽനി

സൈബീരിയയിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനു പോകുന്നതിനിടെ 2020 ഓഗസ്റ്റ് 20ന് വിഷപ്രയോഗത്തിനിരയായ നവൽനി വിമാനത്തിൽ കുഴഞ്ഞുവീണിരുന്നു. വിമാനത്താവളത്തിൽ നവൽനി കുടിച്ച ചായയിൽ റഷ്യൻ രഹസ്യാന്വേഷണ ഏജൻസി രാസവിഷം കലർത്തിയെന്ന സംശയമാണ് അദ്ദേഹത്തിന്റെ അനുയായികൾ ഉന്നയിക്കുന്നത്. വിമാനം അടിയന്തര ലാൻഡിങ് നടത്തി അദ്ദേഹത്തെ ആശുപത്രിയിലേക്കു മാറ്റി. കുടുംബാംഗങ്ങളുടെയും അനുയായികളുടെയും നിർബന്ധത്തിനു വഴങ്ങി വിദഗ്ധ ചികിത്സയ്ക്കായി ജർമനിയിലേക്കു കൊണ്ടുപോയി. ആരോഗ്യം വീണ്ടെടുത്ത് 2021 ജനുവരി 17നു റഷ്യയിൽ മടങ്ങിയെത്തിയെങ്കിലും ഉടൻ അറസ്റ്റിലായി. 2022ൽ 9 വർഷം തടവിനു ശിക്ഷിക്കപ്പെട്ടു. തീവ്രവാദപ്രവർത്തനങ്ങൾക്കു സാമ്പത്തികസഹായം നൽകിയെന്ന കേസിൽ 2023ൽ 19 വർഷംകൂടി തടവു വിധിച്ചു. യുലിയയാണു ഭാര്യ. രണ്ടു മക്കളുണ്ട്. 

English Summary:

Russia Alexy Navelny current affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com