ADVERTISEMENT

ഈ വർഷം നവംബർ 5നു നടക്കാനിരിക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട പ്രചാരണം നടക്കുകയാണിപ്പോൾ. മത്സരരംഗത്തെ പ്രധാന എതിരാളികളായ ഡമോക്രാറ്റിക്, റിപ്പബ്ലിക്കൻ പാർട്ടികൾ അവരുടെ പ്രസിഡന്റ് സ്ഥാനാർഥികളെ കണ്ടെത്താനുള്ള ഉൾപ്പാർട്ടി മത്സരച്ചൂടിലൂടെ കടന്നുപോകുമ്പോൾ, നിലവിലുള്ള പ്രസിഡന്റോ മുൻ പ്രസിഡന്റോ വരുമോയെന്നതും പ്രധാന ചർച്ചാവിഷയമാണ്.

ബൈഡനു താൽപര്യം; ട്രംപും രംഗത്ത്

ഡമോക്രാറ്റിക് പാർട്ടി സ്ഥാനാർഥിയാകാൻ രണ്ടാമതും താൽപര്യമുണ്ടെന്നു പ്രസിഡന്റ് ജോ ബൈഡൻ വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ പ്രസിഡന്റ് വീണ്ടും ജനവിധി തേടുന്നെങ്കിൽ ആ പാർട്ടിയിലെ മറ്റാരും സ്ഥാനാർഥിത്വത്തിന് അവകാശമുന്നയിക്കുക പതിവില്ല. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായി മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെ എത്താനാണു സാധ്യത. കഴിഞ്ഞ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ യുഎസ് പാർലമെന്റ് മന്ദിരമായ ക്യാപ്പിറ്റൾ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഒട്ടേറെ കേസുകൾ അദ്ദേഹത്തിനെതിരെയുണ്ടെങ്കിലും അതൊന്നും പ്രസിഡന്റ് സ്ഥാനാർഥിത്വത്തെ ബാധിക്കാനിടയില്ലെന്ന വിശ്വാസത്തിലാണു ട്രംപ്. ഈയിടെ നടന്ന അഭിപ്രായ സർവേയിൽ ട്രംപിന് 51% വോട്ടും ബൈഡന് 42% വോട്ടുമാണു ലഭിച്ചത്. തിരഞ്ഞെടുപ്പിന് ഇനിയും 8 മാസത്തോളമുണ്ടെങ്കിലും ട്രംപിന് അനുകൂലമായ ജനവികാരമുണ്ടെന്ന് വിവിധ അഭിപ്രായ സർവേകൾ വ്യക്തമാക്കുന്നു.

president-election-gif

സ്ഥാനാർഥിയെ കണ്ടെത്തും, പ്രത്യേക ‘കോക്കസ്’!

മറ്റു രാജ്യങ്ങളിലേക്കാൾ സങ്കീർണമായ തിരഞ്ഞെടുപ്പു പ്രക്രിയയാണ് അമേരിക്കയിലേത്. പ്രസിഡന്റ് സ്ഥാനാർഥിത്വം ആഗ്രഹിക്കുന്നവർ സ്വന്തം പാർട്ടി അംഗങ്ങൾക്കിടയിൽ പ്രചാരണം നടത്തും. പ്രൈമറി, കോക്കസ് എന്നീ രണ്ടു രീതികൾ വഴിയാണ് പാർട്ടികൾ പ്രസിഡന്റ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. പാർട്ടി പ്രതിനിധികളുടെ വോട്ടെടുപ്പിലൂടെ പ്രസിഡന്റ് സ്ഥാനാർഥിയെ കണ്ടെത്തുന്നതാണു ‘പ്രൈമറി’. പ്രതിനിധികളുടെ ചെറുസംഘങ്ങൾ ചേർന്നു സ്ഥാനാർഥിയെ തിരഞ്ഞെടുക്കുന്നതാണു ‘കോക്കസ്’. പ്രൈമറിയാണു കൂടുതൽ സ്ഥലത്തും പിന്തുടരുന്ന രീതി.

പ്രസിഡന്റിനെ നിശ്ചയിക്കും, ജനപ്രതിനിധികൾ

ഇന്ത്യയിൽനിന്നു വ്യത്യസ്തമായി അമേരിക്കയുടെ രാഷ്ട്രത്തലവനും ഭരണത്തലവനും പ്രസിഡന്റാണ്. ഇന്ത്യയിൽ രാഷ്ട്രത്തലവൻ പ്രസിഡന്റ് ആയിരിക്കുമ്പോൾ ഭരണത്തലവൻ പ്രധാനമന്ത്രിയാണ്. യുഎസിൽ ജനങ്ങൾ വോട്ട് ചെയ്ത് 538 അംഗ ഇലക്ടറൽ കോളജ് അംഗങ്ങളെ തിരഞ്ഞെടുക്കും. ഈ അംഗങ്ങൾ ഡിസംബറിൽ യോഗം ചേർന്ന് പ്രസിഡന്റിനെ ഔദ്യോഗികമായി തിരഞ്ഞെടുക്കും. ഒരു സംസ്ഥാനത്ത് ഏറ്റവുമധികം വോട്ട് നേടുന്നയാൾക്ക് ആ സംസ്ഥാനത്തെ മുഴുവൻ ഇലക്ടറൽ കോളജ് അംഗങ്ങളെയും ലഭിക്കും.

പ്രസിഡന്റ് തന്നെ പരമാധികാരി

യുഎസ് പാർലമെന്റായ കോൺഗ്രസിന് രണ്ടു ഘടകങ്ങളുണ്ട്. ഇന്ത്യയിലെ ലോക്സഭയ്ക്കു തുല്യമായ അമേരിക്കൻ സഭയാണു ജനപ്രതിനിധി സഭ (House of Representatives). 435 അംഗങ്ങളുള്ള ഈ സഭയ്ക്ക് രണ്ടു വർഷമാണു കാലാവധി. ഓരോ സംസ്ഥാനത്തിനും ജനസംഖ്യാനുപാതികമായി മണ്ഡലങ്ങളുണ്ട്. രാജ്യസഭയ്ക്കു തുല്യമായ അമേരിക്കൻ സഭയാണ് സെനറ്റ് (Senate). 6 വർഷമാണു സെനറ്റിന്റെ കാലാവധി. ഓരോ സംസ്ഥാനത്തിനും 2 വീതം അംഗങ്ങൾ സെനറ്റിലുണ്ടാകും. 

English Summary:

US President Election current affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com