ADVERTISEMENT

ഈ വർഷത്തെ വനിതാദിനത്തിൽ വിപ്ലവകരമായ തീരുമാനമാണു ഫ്രാൻസിൽ നടപ്പായത്. സ്ത്രീകൾക്ക് ഗർഭഛിദ്രത്തിനുള്ള അവകാശം ഭരണഘടനയിൽ ഉൾപ്പെടുത്തിയതിലൂടെ ഈ നിർണായക തീരുമാനമെടുത്ത ലോകത്തെ ആദ്യരാജ്യമാവുകയായിരുന്നു ഫ്രാൻസ്. എഴുപതുകളിൽ യൂഗോസ്ലാവിയ ഇത്തരമൊരു തീരുമാനമെടുത്തിരുന്നെങ്കിലും തൊണ്ണൂറുകളുടെ തുടക്കത്തിൽ പല രാജ്യങ്ങളായി വിഘടിച്ചതോടെ ഓരോയിടത്തും വ്യത്യസ്ത നിയമങ്ങൾ നിലവിൽ വന്നിരുന്നു.

1975 മുതൽ നിയമപരിപക്ഷ; ഇപ്പോൾ ഭരണഘടനാവകാശം

പത്തൊൻപതാം നൂറ്റാണ്ടിലെ അച്ചടിയന്ത്രം ഉപയോഗിച്ച് ഭരണഘടനയിൽ പുതിയ നിയമം ഉൾച്ചേർക്കുന്ന രീതിയിൽ പ്രതീകാത്മകമായിരുന്നു മാർച്ച് 8ലെ ചടങ്ങ്. ഫ്രഞ്ച് നിയമമന്ത്രി എറിക് ഡ‌്യുപോൻഡ് മൊറേറ്റിയാണ് ഇതു നിർവഹിച്ചത്. ജനുവരിയിൽ ഫ്രഞ്ച് ദേശീയ അസംബ്ലിയും മാർച്ച് ആദ്യവാരം സെനറ്റും ഭേദഗതി അംഗീകരിച്ചിരു ന്നെങ്കിലും ഇരുസഭകളുടെയും സംയുക്തയോഗം മാർച്ച് 4നു ചേർന്ന് അംഗീകാരം നൽകിയതോടെയാണു നിയമം പ്രാബല്യത്തിലായത്. ഫ്രാൻസിലെ 925 പാർലമെന്റ് അംഗങ്ങളിൽ 780 പേരും ഭേദഗതിക്ക് അനുകൂലമായി വോട്ട് ചെയ്തു. 72 പേർ എതിർത്ത് വോട്ട് ചെയ്തപ്പോൾ 50 പേർ വിട്ടുനിന്നു. 1975 മുതൽ ഫ്രാൻസിൽ ഗർഭഛിദ്രത്തിനു നിയമപരിരക്ഷയുണ്ടെങ്കിലും ഭരണഘടനാവകാശമാകുന്നത് ഇപ്പോഴാണ്.

womens-day-new2-gif

ഫ്രഞ്ചുകാരുടെ പൊതു അനുകൂല നിലപാട്

യൂറോപ്പിലെ മറ്റു പല രാജ്യങ്ങളിൽനിന്നും വ്യത്യസ്തമായി ഫ്രഞ്ചുകാർ പൊതുവിൽ ഗർഭഛിദ്രത്തിന് അനുകൂലമാണ്. 2022ലെ അഭിപ്രായസർവേയിൽ 81% ഫ്രഞ്ചുകാരും ഗർഭഛിദ്രത്തിന് അനുകൂലമായ നിലപാടെടുത്തിരുന്നു. രാഷ്ട്രീയകക്ഷികൾക്കിടയിലും വലിയ എതിരഭിപ്രായമില്ല. തീവ്ര വലതുപക്ഷ പാർട്ടിയായ നാഷനൽ റാലിയുടെ നേതാവ് മരീൻ ലെ പെന്നും പാർലമെന്റിൽ നിയമഭേദഗതിയെ എതിർത്തില്ല. സർക്കാർ കണക്കുപ്രകാരം 2022ൽ ഫ്രാൻസിൽ 2.34 ലക്ഷം ഗർഭഛിദ്രങ്ങളാണു നടന്നത്.

യൂറോപ്പിലെ നാൽപതിലേറെ രാജ്യങ്ങളിൽ നിലവിൽ ഗർഭഛിദ്രം നിയമവിധേയമാണ്. പക്ഷേ, ചില രാജ്യങ്ങളെങ്കിലും ഗർഭഛിദ്രം അനുവദിക്കാൻ ബാധകമായ വ്യവസ്ഥകൾ കൂടുതൽ കർക്കശമാക്കുന്നുമുണ്ട്. ഹംഗറി, പോളണ്ട്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത്തരം നടപടിക്രമങ്ങൾ അങ്ങേയറ്റം കർശനവും സ്ത്രീകൾക്ക് ബുദ്ധിമുട്ടു നിറഞ്ഞവയുമാണ്.

നയം മാറിയപ്പോൾ ചൈന കർശനം

ആഗോളതലത്തിൽ ഇരുപതിലേറെ രാജ്യങ്ങളിൽ ഗർഭഛിദ്രം പൂർണമായി നിയമവിരുദ്ധമാണ്. നൂറോളം രാജ്യങ്ങളിൽ വളരെ പരിമിതമായ സാഹചര്യങ്ങളിൽ മാത്രമേ ഗർഭം അലസിപ്പിക്കാൻ അനുമതിയുള്ളൂ. അമേരിക്കയിൽ പല സംസ്ഥാനങ്ങളിലും വ്യത്യസ്ത നിയമങ്ങളാണ്. 2020ൽ അർജന്റീനയും തായ്‌ലൻഡും ഗർഭഛിദ്രം നിയമവിധേയമാക്കിയിരുന്നു. ദക്ഷിണ കൊറിയ, ന്യൂസീലൻഡ്, കൊളംബിയ, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളും സമീപവർഷങ്ങളിൽ ഗർഭഛിദ്ര അനുകൂലനയങ്ങൾ നടപ്പിലാക്കിയവരാണ്. പഴയ ഒറ്റക്കുട്ടി നയം റദ്ദാക്കി മൂന്നു കുട്ടികളെവരെ പ്രോത്സാഹിപ്പിക്കുന്ന പുതിയ നയം നടപ്പാക്കിയതിനാൽ ചൈനയിലും നിലവിൽ ഗർഭഛിദ്ര വ്യവസ്ഥകൾ കർശനമാണ്. 

English Summary:

Women’s Day France Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com