ADVERTISEMENT

സാങ്കേതികവിദ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും അരങ്ങുവാഴുമ്പോഴും ലോക ജനതയുടെ ഇന്റർനെറ്റ്, സ്മാർട് ഫോൺ ഉപയോഗത്തിൽ വലിയ അന്തരം! അമേരിക്കയിൽ വാഷിങ്ടൺ ഡിസിയിൽ പ്രവർത്തിക്കുന്ന ഗവേഷണ സ്ഥാപനമായ പ്യൂ റിസർച് സെന്റർ (പിആർടി) നടത്തിയ സർവേയിലാണ് ഈ വിവരം. 2022–23 വർഷങ്ങളിലായി 27 രാജ്യങ്ങളിൽ പ്യൂ റിസർച് നടത്തിയ സർവേ വിവരങ്ങളാണു പുറത്തുവന്നിരിക്കുന്നത്. സാമ്പത്തികസ്ഥിതി, വിദ്യാഭ്യാസം, പ്രായം തുടങ്ങി വിവിധ ഘടകങ്ങൾ ഇന്റർനെറ്റ് ഉപയോഗത്തെ സ്വാധീനിക്കുന്നതായാണു കണ്ടെത്തൽ.

നമ്പർ വൺ കൊറിയ

പ്രായപൂർത്തിയായ ദക്ഷിണ കൊറിയക്കാരിൽ 99 ശതമാനം പേരും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. ഇന്ത്യ (56%), നൈജീരിയ (57%), കെനിയ (66%) തുടങ്ങിയ രാജ്യങ്ങളിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നവരുടെ സംഖ്യ വികസിത രാഷ്ട്രങ്ങളേക്കാൾ കുറവാണെങ്കിലും സാമ്പത്തിക പുരോഗതിയുടെ തേരിലേറി വരും വർഷങ്ങളിൽ ഈ കണക്ക് കുതിച്ചു കയറിയേക്കാമെന്നും ഗവേഷകർ ചൂണ്ടിക്കാട്ടുന്നു. നെതർലൻഡ്സ് (96%), സ്വീഡൻ (96%), കാനഡ (95%), യുഎസ് (95%), ഗ്രീസ് (94%), മലേഷ്യ (94%), സിംഗപ്പൂർ (94%), ജർമനി (93%), ഇറ്റലി (93%) എന്നീ രാജ്യങ്ങളാണ് ഇന്റർനെറ്റ് ഉപയോഗത്തിൽ ആദ്യ 10 സ്ഥാനങ്ങളിലുള്ളത്. 18നും 39 വയസ്സിനും ഇടയിലുള്ളവരാണു 40 വയസ്സിനു മുകളിലുള്ളവരേക്കാൾ ഇന്റർനെറ്റ് ഉപയോഗത്തിൽ മുന്നിൽ. ദക്ഷിണ കൊറിയ, സ്വീഡൻ, നെതർലൻഡ്സ്, കാനഡ, സിംഗപ്പൂർ, ഇറ്റലി, ജർമനി, യുകെ, ബെൽജിയം, പോളണ്ട് എന്നീ രാഷ്ട്രങ്ങളിൽ 100 % യുവാക്കളും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്.

സ്മാർട് ഫോൺ

വിദ്യാഭ്യാസ യോഗ്യത വർധിക്കുന്നതനുസരിച്ച് ഇന്റർനെറ്റ് ഉപയോഗ നിരക്കും വർധിക്കുന്നുണ്ട്. വ്യക്തികളുടെ സാമ്പത്തിക സ്ഥിതിയിലെ ഏറ്റക്കുറച്ചിലുകളും ഇന്റർനെറ്റ് ഉപയോഗത്തെ നിർണയിക്കുന്നു. ദക്ഷിണ കൊറിയയിൽ 98 % പേരും സ്മാർട് ഫോൺ ഉപയോഗിക്കുമ്പോൾ നൈജീരിയയിൽ അത് 50 ശതമാനത്തിൽ താഴെയാണ്. സിംഗപ്പൂർ, നെതർലൻഡ്സ്, സ്വീഡൻ, യുഎസ് എന്നീ രാജ്യങ്ങളിൽ 90 ശതമാനത്തിനു മേൽ ആളുകളും സ്മാർട് ഫോൺ ഉള്ളവരാണ്. സർവേ നടത്തിയ രാജ്യങ്ങളിലെ പകുതിയിലേറെപ്പേരും ഏതെങ്കിലും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നവരാണെന്നും കണ്ടെത്തി. അർജന്റീന, ബ്രസീൽ, മലേഷ്യ എന്നിവിടങ്ങളിലെ പത്തിൽ എട്ടു പേരും തങ്ങൾ ഫെയ്സ്ബുക്, എക്സ്, ഇൻസ്റ്റഗ്രാം എന്നിവയിലേതെങ്കിലുമുപയോഗിക്കുന്നതായി സാക്ഷ്യപ്പെടുത്തി. പ്രായവ്യത്യാസവും വ്യക്തികളുടെ സമൂഹമാധ്യമ ഉപയോഗത്തെ സ്വാധീനിക്കുന്നുണ്ട്. പോളണ്ടിലാണ് ഈ അന്തരം ഏറ്റവും കൂടുതൽ. അവിടെ 18–39 പ്രായപരിധിയിലുള്ള 98 ശതമാനം പേരും സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുമ്പോൾ 40നു മുകളിലുള്ളവരിൽ ഉപയോഗം 48% മാത്രമാണ്. ഈ അന്തരം ഏറ്റവും കുറവുള്ളത് ഇസ്രയേലിലാണ്. പ്രായം കുറഞ്ഞവരിൽ 85% പേർ സമൂഹ മാധ്യമം ഉപയോഗിക്കുമ്പോൾ പ്രായം കൂടിയവരിൽ 72% പേരും സമൂഹ മാധ്യമത്തിൽ സജീവമാണ്.

ഇന്റർനെറ്റെന്ന അദ്ഭുതലോകം

ലോകത്തിന്റെ വിവിധയിടങ്ങളിലെ കംപ്യൂട്ടിങ് സ്വഭാവമുള്ള കോടിക്കണക്കിന് ഉപകരണങ്ങളെ ബന്ധിപ്പിച്ച ശൃംഖലയാണ് ഇന്റർനെറ്റ്. ലോക ജനസംഖ്യയുടെ ഇന്റർനെറ്റ് ഉപയോഗത്തിൽ സിംഹഭാഗവും മൊബൈൽ ഉപകരണം ഉപയോഗിക്കുന്നതു വഴിയാണ്. മൊബൈൽ ഇന്റർനെറ്റ് ഉപയോഗമാണ് ഡേറ്റ ട്രാഫിക്കിന്റെ ഏറിയ പങ്കും. വയർലെസ് ഇന്റർനെറ്റ് 1990 സെപ്റ്റംബറിലാണ് വികസിപ്പിച്ചത്. പക്ഷേ, ജനങ്ങൾക്കു വൈഫൈ സുപരിചിതമായത് 25 വർഷങ്ങൾക്കു ശേഷമാണ്. 2030ൽ ആകെ 125 ബില്യൻ ഉപകരണങ്ങൾ ഇന്റർനെറ്റുമായി ബന്ധിപ്പിക്കുമെന്നാണ് കരുതുന്നത്. അതായത്, ഓരോ വീട്ടിലും ശരാശരി 15 ഉപകരണങ്ങൾ.

English Summary:

Digital Divided World Current Affairs Winner Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com