ADVERTISEMENT

ലോക സന്തോഷ സൂചികയിൽ സ്ഥിരമായി ആദ്യ സ്ഥാനങ്ങളിലെത്തുന്ന ഒരുകൂട്ടം രാജ്യങ്ങളുണ്ട്. ‘നോർഡിക് രാജ്യങ്ങൾ’ എന്നറിയപ്പെടുന്ന വടക്കൻ യൂറോപ്പിലെ ഫിൻലൻഡ്, ഡെൻമാർക്ക്, ഐസ്‌ലൻഡ്, സ്വീഡൻ, നോർവേ എന്നിവയാണീ രാജ്യങ്ങൾ. 2024ലെ പട്ടിക പുറത്തുവന്നപ്പോൾ ഒന്നാമതെത്തിയ ഫിൻലൻഡിന്റെ നേട്ടം തുടർച്ചയായ ഏഴാമത്തെ തവണയായിരുന്നു.

സമ്പത്തിന്റെ മെച്ചം, ഭരണത്തിന്റെ ഗുണം

എന്തായിരിക്കാം ഈ രാജ്യങ്ങൾ തുടർച്ചയായി ആദ്യ സ്ഥാനങ്ങളിൽ വരുന്നതിന്റെ കാരണം?! ചിലർ പറയുന്നു‌, ഇവയെല്ലാം ധനികരാജ്യങ്ങളായതിനാലാണെന്ന്. പക്ഷേ, എല്ലാ ധനികരാജ്യങ്ങളും മുൻനിരയിൽ വരുന്നില്ല എന്നതാണു പ്രത്യേകത. ലോകത്തെ മുൻനിര ധനിക രാജ്യങ്ങളായ സിംഗപ്പുർ 26–ാമതും സൗദി അറേബ്യ 27–ാമതുമാണ്.

എങ്കിലും, നോർഡിക് രാജ്യങ്ങളെപ്പറ്റി പൊതുവായി പറയാവുന്ന ഒരു കാര്യം ഉയർന്ന സമ്പദ്‌വ്യവസ്ഥ ആയിരിക്കുമ്പോൾത്തന്നെ ജനങ്ങൾക്കിടയിലെ സാമ്പത്തിക അന്തരം താരതമ്യേന കുറവാണെന്നതാണ്. നോർഡിക് പ്രദേശത്തുള്ളവർ പൊതു, സ്വകാര്യ ഇടങ്ങളിൽ ഒരുപോലെ പുലർത്തുന്ന ഉന്നതമായ പരസ്പരവിശ്വാസവും പരോപകാരതൃഷ്ണയും അവരെ മറ്റു ജനതകളിൽ നിന്ന് വേറിട്ടു നിർത്തുന്ന ഗുണങ്ങളായി ഗവേഷകർ നിരീക്ഷിച്ചിട്ടുണ്ട്. സർക്കാർ സംവിധാനത്തിന്റെ വിശ്വാസ്യത നോർഡിക് രാജ്യങ്ങളിലെ ജനങ്ങളുടെ സന്തോഷം നിർണയിക്കുന്ന പ്രധാന ഘടകങ്ങളിലൊന്നാണ്. പെൻഷൻ, ശിശുപരിപാലന അവധി, അവശർക്കും രോഗികൾക്കും ലഭിക്കുന്ന സർക്കാർ സഹായം, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ സൗജന്യങ്ങൾ, തൊഴിൽരഹിത വേതനം തുടങ്ങിയവ നോർഡിക് രാജ്യങ്ങളിൽ വളരെ ഉയർന്ന നിലവാരത്തിലാണ്.

വലിയ രാജ്യങ്ങളിൽ ‘സന്തോഷക്കുറവ്’!

ഗാലപ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി വെൽബീയിങ് റിസർച് സെന്റർ, യുഎൻ സസ്റ്റെയ്നബിൾ ഡവലപ്മെന്റ് സൊലൂഷൻസ് നെറ്റ്‌വർക്, വേൾഡ് ഹാപ്പിനെസ് റിപ്പോർട്ട് എഡിറ്റോറിയൽ ബോർഡ് എന്നിവ ചേർന്നാണ് എല്ലാ വർഷവും റിപ്പോർട്ട് പുറത്തിറക്കുന്നത്. ടോപ് ടെൻ രാജ്യങ്ങളിൽ ഇത്തവണ വലിയ മാറ്റമില്ലാതിരിക്കുമ്പോൾ അടുത്ത പത്തിൽ ചില മാറ്റങ്ങളുണ്ടായിട്ടുണ്ട്. 12, 13 സ്ഥാനങ്ങളിലെത്തിയ കോസ്റ്ററിക്കയും കുവൈത്തും ടോപ് 20ലെ പുതിയ അംഗങ്ങളാണ്. കഴിഞ്ഞ വർഷം 15, 16 സ്ഥാനങ്ങളിലുണ്ടായിരുന്ന അമേരിക്കയും ജർമനിയും ഇത്തവണ 23, 24 സ്ഥാനങ്ങളിലേക്കു പതിച്ചതുകൊണ്ടാണ് ഇവ ആദ്യ ഇരുപതിൽ കയറിയത്.

ആദ്യ പത്തിൽ ലോകത്തെ വലിയ രാജ്യങ്ങളൊന്നും ഇല്ലെന്ന പ്രത്യേകതയുമുണ്ട്. ഒന്നരക്കോടിക്കു മുകളിൽ ജനസംഖ്യയുള്ളവ നെതർലൻഡ്സും ഓസ്ട്രേലിയയും മാത്രം. ആദ്യ ഇരുപത് എടുത്താൽ 3 കോടിക്കു മുകളിൽ ജനസംഖ്യയുള്ളവ കാനഡയും യുകെയും മാത്രവും. 

English Summary:

Nordic Countries Winners Current Affairs Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com