ADVERTISEMENT

തുടർച്ചയായി മൂന്നാം തവണയും ലണ്ടൻ മേയറായി തിരഞ്ഞെടുക്കപ്പെട്ടു ചരിത്രമെഴുതിയിരിക്കുകയാണ് സാദിഖ് ഖാൻ. 89 ലക്ഷം ജനസംഖ്യയുള്ള ലണ്ടൻ നഗരത്തിന്റെ മേയർ പദവിയിൽ ഒരാൾ മൂന്നു തവണയെത്തുന്നത് ആദ്യം. എട്ടു വർഷം ലണ്ടൻ മേയറായിരുന്ന മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനുശേഷം 2016ലാണു സാദിഖ് ഖാൻ ആദ്യമായി മേയർ സ്ഥാനത്തേക്കു തിരഞ്ഞെടുക്കപ്പെടുന്നത്. അതിനുമുൻപു 11 വർഷം ദക്ഷിണ ലണ്ടനിലെ ടൂട്ടിങ് മണ്ഡലത്തിൽനിന്നു പാർലമെന്റ് അംഗമായിരുന്നു. ലേബർ പാർട്ടി അംഗമായ സാദിഖ്, കൺസർവേറ്റീവ് പാർട്ടിയുടെ സൂസൻ ഹാളിനെ 2.76 ലക്ഷം വോട്ടിനാണു മേയർ തിരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തിയത്.

പാക്ക്, ഇന്ത്യൻ വേരുകൾ

പാക്കിസ്ഥാനിൽനിന്നുള്ള കുടിയേറ്റക്കാരുടെ മകനായ സാദിഖ് അമാൻ ഖാൻ 1970 ഒക്ടോബർ എട്ടിന് ടൂട്ടിങ്ങിലാണു ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് അമാനുല്ലയും മാതാവ് സെഹ്റാനും ആയിരത്തി തൊള്ളായിരത്തി അറുപതുകളുടെ രണ്ടാം പകുതിയിലാണു പാക്കിസ്ഥാനിൽനിന്നു ലണ്ടനിലേക്കു കുടിയേറുന്നത്. മുംബൈയിൽ വേരുകളുള്ള അമാനുല്ലയുടെ കുടുംബം വിഭജനത്തെത്തുടർന്ന് പാക്കിസ്ഥാനിലേക്ക് പോയവരാണ്.

ലണ്ടനിൽ ബസ് ഡ്രൈവറായി ജോലി ചെയ്ത അമാനുല്ല വളരെ പരിമിതസാഹചര്യങ്ങളിലും മക്കൾക്കു മികച്ച വിദ്യാഭ്യാസം നൽകി. ഏഴു സഹോദരൻമാരും ഒരു സഹോദരിയുമാണു സാദിഖിന്. ചെറുപ്പത്തിലേ ബോക്സിങ് പരിശീലിച്ച സാദിഖിന്റെ രണ്ടു സഹോദരങ്ങൾ ബോക്സിങ് പരിശീലകരായിരുന്നു. നോർത്ത് ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്നു നിയമബിരുദം നേടി സാദിഖ് അഭിഭാഷക പ്രാക്ടീസ് ആരംഭിച്ചു. മനുഷ്യാവകാശത്തിലാണു സ്പെഷലൈസ് ചെയ്തത്. കൂടെ ജോലി ചെയ്ത അഭിഭാഷക സാദിയ അഹമ്മദിനെ 1994ൽ വിവാഹം കഴിച്ചു. ഇവർക്കു രണ്ടു പെൺമക്കൾ.

ഭരണകൂടത്തിനും ഞെട്ടൽ

sadhik-khan-gif
സാദിഖ് അമാൻ ഖാൻ

പതിനഞ്ചാം വയസ്സിൽ സാദിഖ് ലേബർ പാർട്ടി അംഗമാകുമ്പോൾ കൺസർവേറ്റീവ് പാർട്ടി നേതാവ് മാർഗരറ്റ് താച്ചർ ആയിരുന്നു ബ്രിട്ടിഷ് പ്രധാനമന്ത്രി. 1994ൽ ടൂട്ടിങ്ങിലെ പ്രാദേശിക തിരഞ്ഞെടുപ്പു ജയിച്ച് മേഖലാ കൗൺസിലറായതോടെയാണു സാദിഖ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കു പ്രവേശിച്ചത്. 2005 മുതൽ 2016 വരെ ടൂട്ടിങ് എംപിയായി. ലേബർ മന്ത്രിസഭയിൽ കുറേ നാൾ ട്രാൻസ്പോർട്, സാമൂഹികക്ഷേമ മന്ത്രിയായി.

ഇംഗ്ലണ്ടിലും വെയിൽസിലുമായി നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വലിയ മുന്നേറ്റമാണു നടത്തിയിരിക്കുന്നത്. പരമ്പരാഗത കൺസർവേറ്റീവ് സ്വാധീനമേഖലകളിൽപോലും അവർ ജയിച്ചുകയറി. ഈ വർഷം അവസാനം പൊതുതിരഞ്ഞെടുപ്പിനെ നേരിടാനിരിക്കുന്ന ബ്രിട്ടിഷ് പ്രധാനമന്ത്രി റിഷി സുനക്കിനും കൺസർവേറ്റീവ് പാർട്ടിക്കും ഇതു ശുഭസൂചനയല്ല. 14 വർഷത്തെ കൺസർവേറ്റീവ് ഭരണം അവസാനിപ്പിച്ച് ലേബർ പാർട്ടി ബ്രിട്ടനിൽ അധികാരത്തിലെത്തുമെന്നാണ് അഭിപ്രായ സർവേകൾ പ്രവചിക്കുന്നത്.

English Summary:

Sadhik Khan London Mayor for the third time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com