ADVERTISEMENT

ജീവിതത്തിൽ കഷ്ടപ്പാടുകൾ കണ്ടറിഞ്ഞതിന്റെ ‘പ്രചോദന’ത്തിൽ നിന്നു വിജയം കയ്യെത്തിപ്പിടിച്ച കഥയാണു ധന്യയുടേത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നൊരു സാധാരണ കുടുംബത്തിൽ നിന്നു പ്രൈവറ്റ് പഠനത്തിലൂടെ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ധന്യ കണ്ട സ്വപ്നം എൽഡി ക്ലാർക്ക് ആകുക എന്നതായിരുന്നു. ആ ലക്ഷ്യത്തിനു വേണ്ടിയുള്ള ‘ഹോം വർക്കു’കൾ എല്ലാം നടത്തിയ ശേഷമുള്ള ആദ്യശ്രമത്തിൽതന്നെ ധന്യ സ്വപ്നം സഫലമാക്കി. മുൻ എൽഡിസി വിജ്ഞാപനത്തിൽ കൊല്ലം ജില്ലയിലെ ഒന്നാം റാങ്കിന്റെ ഇരട്ടിമധുരം കൂടി ചേർത്തായിരുന്നു നിശ്ചയദാർഢ്യത്തിന്റെയും പരിശ്രമത്തിന്റെയും ആ നേട്ടത്തിനു വിജയദേവത അനുഗ്രഹം ചൊരിഞ്ഞത്. ഇപ്പോൾ കൊല്ലം ബീച്ച് റോഡ് പിഡബ്ല്യുഡി ഡിവിഷനൽ ഓഫിസിൽ ക്ലാർക്കായ ബി. ധന്യയുടെ ‘എൽഡിസി വിജയരഹസ്യം’ വായിക്കാം.

Turning Point

സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെയുള്ള ഒരു സാധാരണ കുടുംബത്തിൽ നിന്നുള്ളയാളാണു ഞാൻ. പഠനത്തിലും ശരാശരി മാത്രമായിരുന്നു ഞാൻ. കൂലിപ്പണി ചെയ്തു ജീവിതം നയിക്കുന്ന അച്ഛന്റെ രണ്ടു പെൺമക്കളിൽ ഒരാൾ എന്ന നിലയ്ക്ക് നല്ലൊരു ജോലി കണ്ടെത്തി കുടുംബത്തെ സഹായിക്കണം എന്നതായിരുന്നു പഠനകാലം തൊട്ടേയുള്ള ആഗ്രഹം. ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ഒരു ജോലി അനിവാര്യമായിരുന്നു. പ്രൈവറ്റായി പഠിച്ചു കൊമേഴ്സിൽ ബിരുദവും ബിരുദാനന്തര ബിരുദവും നേടിയ ശേഷമാണു പിഎസ്‌സി പഠനത്തിനിറങ്ങിയത്. എൽഡിസി എന്ന തസ്തികതന്നെയായിരുന്നു എന്റെ ലക്ഷ്യവും. ബിരുദത്തിനു പഠിക്കുമ്പോൾ തയാറെടുപ്പൊന്നുമില്ലാതെയെഴുതിയ ഒരു എൽഡിസി പരീക്ഷയിൽ സപ്ലിമെന്ററി പട്ടികയിൽ പോലും ഇടംലഭിച്ചിരുന്നില്ല. രണ്ടാംവട്ടം വാശിയോടെ പഠിക്കാൻ അതും ഒരു കാരണമായി. ഗൗരവമായി പിഎസ്‌സി തയാറെടുപ്പ് തുടങ്ങിയ ശേഷമെഴുതിയ ആദ്യ പരീക്ഷ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയാണ്. സ്വന്തമായി പഠിച്ചു ബിഎഫ്ഒ സാധ്യതാ പട്ടികയിൽ ഇടംനേടിയതോടെ ഒരു പ്രതീക്ഷയായി. പഠിച്ചാൽ നേടിയെടുക്കാനാകും എന്ന ആത്മവിശ്വാസത്തോടെയാണ് എൽഡിസിക്ക് അപേക്ഷിച്ചത്.

"ഒഴുകുന്ന ജലവും പാറയും പലപ്പോഴും ഏറ്റുമുട്ടും. എന്നാൽ ജയിക്കുന്നത് എപ്പോഴും ജലമായിരിക്കും. അത് ജലത്തിന്റെ ശക്തി കൊണ്ടല്ല, നിർത്താതെയുള്ള പരിശ്രമംകൊണ്ടു മാത്രമാണ്" -ശ്രീബുദ്ധൻ

My Strategy

തുടക്കത്തിൽ നാലു മാസത്തോളം കോച്ചിങ് ക്ലാസിനു പോയിരുന്നു. വീട്ടുകാർക്ക് അതൊരു ബാധ്യതയാകരുതെന്നു തോന്നിയതോടെ പിന്നെ ഒറ്റയ്ക്കായി പഠനം. സിലബസിന്റെ അടിസ്ഥാനത്തിൽ ഓരോ വിഷയത്തിന്റെയും പ്രാധാന്യം തിരിച്ചറിഞ്ഞാണു പഠിച്ചത്. പത്താം ക്ലാസിനു ശേഷം കൊമേഴ്സ് മാത്രം പഠിച്ചതിനാൽ സയൻസിൽ അത്ര ഉറപ്പു തോന്നിയില്ല. സയൻസ് പാഠങ്ങൾക്ക് പ്രത്യേക ശ്രദ്ധ നൽകിയായിരുന്നു പഠനം. എൻസിഇആർടി സിലബസിലെ 5 മുതൽ 10 വരെയുള്ള പാഠപുസ്തകങ്ങൾ ‘സമഗ്ര’മായി പഠിച്ചെടുത്തു. ഗണിതവും കറന്റ് അഫയേഴ്സുമായിരുന്നു ഇഷ്ടവിഷയങ്ങൾ. തൊഴിൽവീഥിയും ദിനപത്രവും ഓൺലൈൻ മാധ്യമങ്ങളുമാണു കറന്റ് അഫയേഴ്സ് വിവരശേഖരണത്തിന് ഉപയോഗിച്ചത്. ഓരോ മാസവും എന്ന കണക്കിൽ എന്തെല്ലാം നടന്നു എന്നതു നമ്മൾ അറിയണം. എങ്കിൽ മാത്രമേ പരീക്ഷയിലെ കറന്റ് അഫയേഴ്സ് ചോദ്യങ്ങൾ എളുപ്പമാകൂ. പഠിക്കുന്ന വിവരങ്ങൾ ‘റിവിഷൻ’ ചെയ്തു അപ്ഡേറ്റ് ആയിരിക്കാനും ശ്രദ്ധിച്ചു.

Key to Success

പൊതുവിജ്ഞാനം ഉണ്ടായാൽ മാത്രം പോരാ, മലയാളവും ഗണിതവും ഇംഗ്ലിഷുമെല്ലാം പരമാവധി സ്കോർ ചെയ്യാനായാലേ വിജയിക്കാനാകൂ എന്നു മനസ്സിലാക്കിത്തന്നെയാണു തയാറെടുത്തത്. ഈ മൂന്നു വിഷയങ്ങൾക്കും കൂടി 25 മാർക്കിലേറെ സ്കോർ ചെയ്താൽ റാങ്ക് ലിസ്റ്റിൽ ഒരു ഇടം ഉറപ്പിക്കാം. സ്കൂൾ പാഠപുസ്തകങ്ങളെ ആശ്രയിച്ച് അടിസ്ഥാന പാഠങ്ങൾ മുതൽ പഠിച്ചെടുത്താണു കണക്കും ഇംഗ്ലിഷും മലയാളവുമെല്ലാം ഉറപ്പാക്കിയത്. ഗണിതം ഉൾപ്പെടെയുള്ളവ ചെയ്തു പരിശീലിച്ചതും പരീക്ഷാ ഹാളിൽ അതിവേഗം അനായാസം ഉത്തരം കണ്ടെത്താൻ സഹായിച്ചു. മാതൃകാ പരീക്ഷകളും മുൻകാല പരീക്ഷകളിലെ ചോദ്യങ്ങളും ‘സോൾവ്’ ചെയ്തു പരിശീലിച്ചതും നിർണായകമായി. പഠനത്തിന്റെ യഥാർഥ നിലവാരം തിരിച്ചറിഞ്ഞു തയാറെടുക്കാൻ മോക് ടെസ്റ്റുകൾ ഗുണം ചെയ്യും. ഒഎംആർ മാതൃകയിൽതന്നെ പരിശീലിക്കാനാണു തുടക്കംതൊട്ടേ ശ്രമിച്ചത്. കിട്ടാവുന്നിടത്തു നിന്നെല്ലാം ചോദ്യങ്ങൾ കണ്ടെത്തി ‘സോൾവ്’ ചെയ്തായിരുന്നു തയാറെടുപ്പ്്.

Get Ready

പിഎസ്‌സി പരീക്ഷകൾക്കുള്ള തയാറെടുപ്പ് തുടങ്ങുമ്പോൾതന്നെ ‘ഉറപ്പായും ഇതു നേടാൻ പറ്റും’ എന്നൊരു ചിന്ത മനസ്സിൽ തോന്നണം. സ്കൂൾ അല്ലെങ്കിൽ അക്കാദമിക് പശ്ചാത്തലമൊന്നും ഇവിടെ ഒരു തരത്തിലും ബാധകമല്ല. നമ്മുടെ ഒരു ആവശ്യമാണ് ഈ ജോലി എന്ന ലക്ഷ്യത്തോടെ സ്വയം പ്രചോദനം നൽകി പഠിക്കണം. ദിവസവും 10– 15 മണിക്കൂറൊന്നും പഠിക്കാനായി മാറ്റിവയ്ക്കണമെന്നില്ല; പകരം ഒരു 3 മണിക്കൂറെങ്കിലും നീക്കിവച്ചാൽ മതി. പക്ഷേ, ആ സമയം പൂർണമായും പഠനത്തിനു സമർപ്പിക്കണം. ശ്രദ്ധയും കഠിനാധ്വാനവും നിർബന്ധം. പഠനം ‘കറക്ട്’ ആയിരിക്കണം, സിലബസിനുള്ളിൽ നിന്നു പഠിക്കണം. സിലബസ് മുഴുവൻ ഒരു പ്രിന്റെടുത്തു പഠിച്ച ഭാഗങ്ങൾ അടയാളപ്പെടുത്തി ചിട്ടയോടെ മുന്നോട്ടു പോകുക. പഠിച്ച കാര്യങ്ങൾ റിവിഷൻ നടത്തുന്നതിലും വിട്ടുവീഴ്ച പാടില്ല.

Success Mantra

സമീപകാല പരീക്ഷകളിലെ ചോദ്യങ്ങളും അവയുടെ പാറ്റേണും മനസ്സിലാക്കി തയാറെടുക്കണം. റാങ്ക് ഫയലുകളും മറ്റും പഠനത്തിന് ആശ്രയിക്കാമെങ്കിലും സ്വന്തം നിലയ്ക്കൊരു ‘സ്ട്രാറ്റജി’ സ്വീകരിക്കാൻ ആകുമെങ്കിൽ ഏറെ ഗുണം ചെയ്യും. വിഷയങ്ങളിലെ എളുപ്പവും കടുപ്പവുമെല്ലാം ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. അതിനനുസരിച്ചൊരു ‘സ്ട്രാറ്റജി’ തയാറാക്കാം. പൊതുവിജ്ഞാനത്തിലും കറന്റ് അഫയേഴ്സിലുമെല്ലാം സ്വന്തം നിലയ്ക്കു പഠനക്കുറിപ്പുകൾ ഒരുക്കാം. പഠനത്തിനിടയിൽ ലഭിക്കുന്ന അപൂർവമെന്നു തോന്നുന്ന വിവരങ്ങൾ എഴുതിയെടുക്കാനും ശ്രദ്ധിക്കണം. ധാരാളം മോക്ടെസ്റ്റുകൾ എഴുതുന്നത് ആശങ്കയില്ലാതെ പരീക്ഷയെഴുതാൻ സഹായിക്കും. 

English Summary:

LD Clerk Rank holder Interview Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com