ADVERTISEMENT

വീട്ടിൽനിന്നാരും സർക്കാർ സർവീസിലൊന്നുമില്ല. അതുകൊണ്ടുതന്നെ സർക്കാർ ജോലി തേടണമെന്നൊന്നും ചിന്തിച്ചിട്ടില്ല’–ഈ ചിന്താഗതി തട്ടിത്തെറിപ്പിച്ച് വിജയത്തിന്റെ കൊടുമുടി കയറിയത് പി.കെ.ഹരിത. കഴിഞ്ഞ എൽഡിസി പരീക്ഷയിൽ കാസർകോട് ജില്ലയിലെ ഒന്നാം റാങ്കുകാരി. ബിരുദം പൂർത്തിയാക്കി പിജി പഠനവും കുട്ടികൾക്കു ട്യൂഷനുമായി കഴിഞ്ഞ നാളുകളിൽ മകളുടെ മനസ്സിലേക്ക് അച്ഛൻ കൊളുത്തിവിട്ട ‘തീപ്പൊരി’യാണ് എൽഡിസി പരീക്ഷയിൽ ഒന്നാം റാങ്കായി ആളിക്കത്തിയത്. തിരുവനന്തപുരം ലേബർ കമ്മിഷണർ ഓഫിസിൽ ക്ലാർക്കായ കണ്ണൂർ പയ്യന്നൂർ സ്വദേശി ഹരിതയുടെ ‘എൽഡിസി വിജയരഹസ്യം’ വായിക്കാം.

Turning Point

സസ്യശാസ്ത്രത്തിൽ ബിരുദം പൂർത്തിയാക്കിയശേഷം അച്ഛന്റെ നിർബന്ധപ്രകാരമാണു പിഎസ്‌സി പരിശീലനത്തിനു പോയത്. വീട്ടിൽനിന്നു നല്ല പിന്തുണ ലഭിച്ചു. അച്ഛൻ പകർന്ന ആത്മവിശ്വാസമായിരുന്നു ഏറ്റവും വലുത്. കോച്ചിങ് ക്ലാസിനു പോയിത്തുടങ്ങിപ്പോഴും എനിക്കത്ര ഉറപ്പു പോരായിരുന്നു. പക്ഷേ, എനിക്ക് സർക്കാർ ജോലി നേടാനാകുമെന്ന് വീട്ടിലെല്ലാവരും ഉറച്ചു വിശ്വസിച്ചു.

കോവിഡിനെത്തുടർന്ന് വീട്ടിൽ ഒതുങ്ങിയ നാളുകളിലാണു പിഎസ്‌സി പഠനം ട്രാക്കിലായത്. വീടിനടുത്തുള്ള കൂട്ടുകാർക്കൊപ്പം ചേർന്നു പഠിച്ചതു ഏറെ ഗുണം ചെയ്തു. സയൻസ് എളുപ്പത്തിൽ വഴങ്ങുമെന്ന വിശ്വാസമുണ്ടായിരുന്നു. വിദൂരവിദ്യാഭ്യാസ പിജി പഠനത്തിൽ ചരിത്രമായിരുന്നു വിഷയം. ആ പഠനവും എൽഡിസി ഒരുക്കത്തിൽ തുണയായി. ഇംഗ്ലിഷും മലയാളവും ഗണിതവുമൊന്നും അത്ര പ്രശ്നമായി തോന്നിയതുമില്ല. പത്രം വായിക്കുന്ന ശീലം കറന്റ് അഫയേഴ്സിന്റെ കാര്യത്തിലും ധൈര്യം പകർന്നു.

My Strategy

സിലബസ് കൃത്യമായി മനസ്സിലാക്കിയാണു പഠനം ആരംഭിച്ചത്. ഓരോ വിഷയത്തിനും എത്ര പ്രാധാന്യമെന്നു തിരിച്ചറിഞ്ഞ് പഠനം ആസൂത്രണം ചെയ്തു. സമീപകാല പരീക്ഷകളുടെ ചോദ്യ പേപ്പറുകൾ പരിശോധിച്ച് പിഎസ്‌സി ഊന്നൽ കൊടുക്കുന്ന ചോദ്യമേഖലകൾ കണ്ടെത്തി ആ വിഷയങ്ങൾ ആഴത്തിൽ പഠിച്ചു. പത്താം ക്ലാസിലും പ്ലസ് ടുവിനും പഠിക്കുന്ന കുട്ടികൾക്കു ട്യൂഷൻ എടുത്തിരുന്നതിനാൽ, എൻസിഇആർടി ടെക്സ്റ്റുകൾ സമഗ്രമായിത്തന്നെ പഠിക്കാനായി. പത്രവായനയിലും തൊഴിൽവീഥിയിലും ഇന്റർനെറ്റിലുമായി ലഭിക്കുന്ന പുതിയ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുകയും പിന്നീട് ഉപകരിക്കാനായി ശേഖരിക്കുകയും ചെയ്തത് ഏറെ പ്രയോജനം ചെയ്തു. തയാറെടുപ്പിന്റെ ഒരു ഘട്ടത്തിലും ‘ബുദ്ധിമുട്ട്’ എന്ന മനോഭാവത്തിൽ ഒന്നിനെയും സമീപിച്ചിരുന്നില്ല. എല്ലാം പഠിച്ചെടുക്കേണ്ടത് വിജയത്തിന് ആവശ്യം എന്ന നിലയ്ക്കാണു മുന്നോട്ടുനീങ്ങിയത്. വിഷമിപ്പിച്ച വിഷയങ്ങൾ സമയമെടുത്തുതന്നെ പഠിച്ചു തീർക്കാൻ ശ്രദ്ധിച്ചിരുന്നു.

"പരിശ്രമത്തിൽനിന്നുള്ള പിൻവാങ്ങലാണ് ഏറ്റവും വലിയ ദൗർബല്യം. വിജയത്തിലേക്കുള്ള ഏറ്റവും സുനിശ്ചിതമായ വഴി വീണ്ടും വീണ്ടും പരിശ്രമിക്കാനുള്ള മനസ്സാണ്" -തോമസ് ആൽവാ എഡിസൺ

Key to Success

മൾട്ടിപ്പിൾ ചോയ്സ് രീതിയിലുള്ള പരീക്ഷയ്ക്ക് വായിച്ചുപഠിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്നു മനസ്സിലാക്കിയാണു പരിശീലനത്തിന് ഇറങ്ങിയത്. അതിനാൽ തുടക്കം തൊട്ടേ മോക് ടെസ്റ്റുകൾ ശീലമാക്കി. ദിവസവും ഒരു മാതൃകാപരീക്ഷയെങ്കിലും സോൾവ് ചെയ്യാൻ ശ്രദ്ധിച്ചു. പഠനനിലവാരം മനസ്സിലാക്കാനും പഠനരീതികളിൽ മാറ്റം വരുത്താനും മോക് ടെസ്റ്റുകൾ സഹായിച്ചു. തുടക്കത്തിൽ പല ചോദ്യങ്ങൾക്കും ഉത്തരം കിട്ടിയിരുന്നില്ല. ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ എഴുതിയെടുത്ത് ‘മനസ്സിൽ’ കയറ്റി. ആദ്യം സോൾവ് ചെയ്യാനാകാതെപോയ ചോദ്യങ്ങൾ പിന്നീടു ‘പിടികിട്ടി’ത്തുടങ്ങിയതോടെ ആത്മവിശ്വാസം കുതിച്ചുകയറി. എൽഡിസി സിലബസിലെ ടോപിക്സ് മാത്രം ഉൾക്കൊള്ളിച്ച തൊഴിൽവീഥിയിലേത് ഉൾപ്പെടെയുള്ള മോക് ടെസ്റ്റുകൾ ചെയ്തു പരിശീലിച്ചത് ആത്മവിശ്വാസത്തോടെ പരീക്ഷാഹാളിലെത്താൻ തുണയായി.

Get Ready

എൽഡിസി പരീക്ഷയുടെ സിലബസ് മനസ്സിലാക്കിയ ശേഷം പഠനം തുടങ്ങുക. ഓരോരുത്തർക്കും ഇഷ്ടമുള്ളതും ഇല്ലാത്തതുമായ വിഷയങ്ങൾ പിഎസ്‌സി സിലബസിന്റെ ഭാഗമാണ്. പക്ഷേ, ഇഷ്ടമുള്ളതു മാത്രം പഠിച്ചാൽ പരീക്ഷ ജയിക്കാനാവില്ല. ഇംഗ്ലിഷും മാത്‌സും മലയാളവും പോലുള്ള കോർ സബ്ജെക്ടുകളുടെ കാര്യത്തിൽ പോലും ഓരോരുത്തരുടെയും സ്ട്രെങ്ത് വ്യത്യസ്തമാകും.

ബുദ്ധിമുട്ടുള്ള വിഷയങ്ങൾക്കു പ്രത്യേകം ഊന്നൽ നൽകി പഠിക്കുക. പരീക്ഷയിൽ ഓരോ വിഷയങ്ങൾക്കുമുള്ള ‘വെയ്റ്റേജ്’ തിരിച്ചറിഞ്ഞു കൂടിയാകണം പഠനം. വലിച്ചുവാരിയുള്ള പഠനമല്ല, വസ്തുനിഷ്ഠമായ പഠനമാണു സമയലാഭവും വിജയഭാഗ്യവും സമ്മാനിക്കുക.

Success Mantra

സിലബസ് ഏറെക്കുറെ മുഴുവനായി ‘കവർ’ ചെയ്തു പോകുന്നത് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാൻ സഹായിക്കും. ‘വെറുതെയല്ല ഈ പരീക്ഷയ്ക്കു വന്നിരിക്കുന്നത്’ എന്നൊരു ബോധ്യം നൽകുന്ന ധൈര്യം ചെറുതല്ല. സമ്മർദമില്ലാതെ പരീക്ഷ പൂർത്തിയാക്കുകയെന്നതും പ്രധാനമാണ്. സിലബസ് ഫോക്കസ് ചെയ്തുള്ള മോക് ടെസ്റ്റുകൾ പരമാവധി ചെയ്തു ശീലിച്ചു വേണം പരീക്ഷയ്ക്ക് എത്താൻ. കണ്ടുപരിചയിച്ച ചോദ്യങ്ങൾ ചോദ്യ പേപ്പറിലും കാണുമ്പോൾ ധൈര്യമേറും. സാമ്പത്തികശാസ്ത്രം, ആനുകാലികം പോലുള്ള ചില മേഖലകൾക്ക് അടുത്ത കാലത്തായി പരീക്ഷയിൽ പ്രാധാന്യമേറുന്നുണ്ട്. അടുത്തിടെ പിഎസ്‌സി നടത്തിയ ഡിഗ്രി ലെവൽ ഉൾപ്പെടെയുള്ള പരീക്ഷകളുടെ പാറ്റേൺ മനസ്സിലാക്കി ഒരുങ്ങുക. 

English Summary:

LDC Exam rank holder Interview Thozhilveedhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com