റഷ്യ – യുക്രെയ്ൻ യുദ്ധം | Russia - Ukraine War

നിലവിലെ യുദ്ധം ആരംഭിച്ചത് 2022 ഫെബ്രുവരി 24നാണ്. മുൻപ് സോവിറ്റ് യൂണിയനിലെ അംഗങ്ങളായിരുന്നു റഷ്യയും യുക്രെയ്നും. 1991ൽ സോവിയറ്റ് യൂണിയൻ തകർന്നതിനു പിന്നാലെ സ്വതന്ത്ര രാജ്യങ്ങളായി നിലകൊള്ളുകയായിരുന്നു. 2013ഓടുകൂടി പാശ്ചാത്യ യൂറോപ്പുമായി കൈകോർക്കാൻ യുക്രെയ്ന്റെ പാർലമെന്റിൽ അഭിപ്രായമുണ്ടായി. എന്നാൽ അന്നത്തെ പ്രസിഡന്റ് വിക്ടർ യാനുകോവിച്ചിനും മന്ത്രിസഭയ്ക്കും റഷ്യയുമായി അടുത്ത ബന്ധം തുടരാനായിരുന്നു താൽപര്യം. 

പിന്നാലെ രാജ്യത്ത് പ്രതിഷേധ പ്രകടനങ്ങൾ അരങ്ങേറി. 2014 ജനുവരിയിലും ഫെബ്രുവരിയിലും വൻതോതിൽ അക്രമങ്ങളും ഉണ്ടായി. ഇതേത്തുടർന്ന് റഷ്യൻ അനുകൂല പ്രസിഡന്റായിരുന്ന യാനുകോവിച്ചിന് സ്ഥാനം നഷ്ടമാകുകയായിരുന്നു. പിന്നീട് സ്ഥാപിച്ച ഇടക്കാല സർക്കാരിന് പാശ്ചാത്യ യൂറോപ്പുമായി ബന്ധം സ്ഥാപിക്കാനായിരുന്നു താൽപര്യം. ഇതിനു പിന്നാലെ റഷ്യ ആക്രമണം നടത്തി ക്രൈമിയയെ അടർത്തിയെടുത്തു. മാത്രമല്ല, ഡോൻബാസ് മേഖലയിൽ റഷ്യൻ പിന്തുണയുള്ള വിഘടനവാദികൾ അവിടം പിടിച്ചെടുക്കാനായി യുക്രെയ്നുമായി യുദ്ധം നടത്തി വരികയുമാണ്. 

റഷ്യയുടെ വർധിച്ചുവരുന്ന ഭീഷണിയെത്തുടർന്ന് പാശ്ചാത്യ സൈനിക ശക്തിയായ നാറ്റോയിൽ ചേരാൻ യുക്രെയ്ൻ താൽപര്യപ്പെട്ടു. ഇതേത്തുടർന്ന് 2022 ഫെബ്രുവരി 24ന് റഷ്യ യുദ്ധം ആരംഭിക്കുകയായിരുന്നു.