പി രാജീവ്
P Rajeev

കേരളത്തിലെ വ്യവസായ, നിയമ വകുപ്പുകളുടെ മന്ത്രി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം. മുൻ രാജ്യസഭാംഗവും ദേശാഭിമാനി പത്രത്തിലെ മുൻ ചീഫ് എഡിറ്ററുമാണ്. കളമശേരി മണ്ഡലത്തിൽ മുൻമന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞിന്റെ മകൻ വി.ഇ.അബ്ദുൽ ഗഫൂറിനെ 15,336 വോട്ടുകൾക്ക് പരാജയപ്പെടുത്തി നിയമസഭയിലെത്തി. 

ജീവിതം

തൃശൂർ അന്നമനട മേലഡൂർ പരേതനായ പി. വാസുദേവന്റെയും രാധയുടെയും മകനായി 1967ൽ ജനനം. ഇക്കണോമിക്സിലും നിയമത്തിലും ബിരുദവും കെമിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമയും നേടിയ രാജീവ് എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ്, സെക്രട്ടറി, ദേശീയ വൈസ് പ്രസിഡന്റ്, എസ്എഫ്ഐ മുഖമാസിക സ്റ്റുഡന്റിന്റെയും ‘ദ് റിസർചർ’ ഇംഗ്ലിഷ് മാഗസിന്റെയും ചീഫ് എഡിറ്റർ തുടങ്ങിയ ചുമതലകൾ വഹിച്ചു.

 

1994 മുതൽ സിപിഎം ജില്ലാകമ്മറ്റി അംഗമായി. 2005 മുതൽ സംസ്ഥാന കമ്മറ്റി അംഗമാണ്. 2015ലും 2018ലും എറണാകുളം ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുത്തു. 2009ലും 2015ലും രാജ്യസഭാംഗമായി. രാജ്യസഭ നിയന്ത്രിക്കുന്ന പാനൽ ഓഫ് ചെയർമാനുമായിരുന്നു. യുഎൻ പൊതുസഭയിൽ പ്രസംഗിച്ചിട്ടുണ്ട്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്തുനിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 10 പുസ്തകങ്ങൾ എഴുതി. ഭാര്യ: വാണി കേസരി മക്കൾ: ഹൃദ്യ, ഹരിത