250 രൂപയ്ക്ക് കായൽക്കാഴ്ചയും ബോട്ടിങ്ങും ഉൗണും, മീൻരുചികളുടെ പാലാക്കരി

palakkari
SHARE

നഗരതിരക്കുകളിൽ നിന്നും ഗ്രാമത്തിന്റെ സ്വച്ഛതയിലേക്ക് കുടുംബവുമൊത്ത് യാത്രപോകാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ പാലാക്കരി ബെസ്റ്റ് ചോയിസാണ്. അധികം പണം മുടക്കാതെ ഒരു ദിവസത്തെ യാത്രയ്ക്ക് ഇതിലും മികച്ചയിടം വേറെ കാണില്ല. മല്‍സ്യഫെഡ് കാഴ്ചകളുടെ പറുദീസയാണ് കാഴ്ചക്കാർക്കായി ഒരുക്കിയിരിക്കുന്നത്. അതാണ് പാലാക്കരി അക്വാ ടൂറിസം. നാട്ടിൻപുറത്തിന്റെ തനിമയാർന്ന കാഴ്ചകളാസ്വദിക്കാൻ പാലാക്കരി അക്വാടൂറിസം സെന്ററിലേക്ക് യാത്ര തിരിക്കാം. വൈക്കം എറണാകുളം റൂട്ടിൽ ചെമ്പ് വില്ലേജിൽ കാട്ടിക്കുന്നിലാണ് പാലാക്കരി ഫിഷ് ഫാം നിലകൊള്ളുന്നത്. പൂമീൻ തുള്ളുന്ന വേമ്പനാട്ടുക്കായൽ തീരത്ത് കാറ്റേറ്റ് മതിയാവോളം ഇരിക്കാം.

Palaikari-Fish-Farm

250 രൂപ ടിക്കറ്റിൽ വെൽക്കം ഡ്രിങ്ക്, മീൻ വിഭവങ്ങൾ ഉൾപ്പടെയുള്ള ഉൗണ്, െഎസ്ക്രീം, പെഡൽ ബോട്ട് സവാരിയുമൊക്കെയായി ആകർഷകമായ പാക്കേജുകളാണ് പാലാക്കരിയിൽ ഒരുക്കിയിരിക്കുന്നത്. അവധി ദിവസങ്ങളിൽ സാധാരണ നിരക്കിൽ നിന്നും അമ്പതുരൂപ കൂടുതല്‍ ഇൗടാക്കും. രാവിലെ പത്തുമണി മുതൽ വൈകുന്നോരം ആറുമണി വരെയാണ് ഫാമിന്റെ സമയക്രമം. കൂടാതെ വൈകുന്നേരത്തെ സന്ദർശനത്തിനാണ് എത്തുന്നതെങ്കിൽ മൂന്നുമണി മുതൽ ആറുമണി വരെയുള്ള പാക്കേജുമുണ്ട്. ബോട്ടിങ്ങും പെഡൽബോട്ട് സവാരിയുമായി പ്രവേശനഫീസ് ഉള്‍പ്പെടെ മുതിർന്നവർക്ക് 100 രൂപയും പന്ത്രണ്ട് വയസ്സിന് താഴെയുള്ള കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. അവധി ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിന് നേരിയ വ്യത്യാസമുണ്ട്.

Palaikari-Fish-Farm-1

ഫാമിന്റെ ഉള്ളിലേക്ക് കാഴ്ചക്കാരെ സ്വാഗതം ചെയ്യുന്നത് നീലജലാശയത്തിലെ സുന്ദരിയായ മൽസ്യകന്യകയാണ്. ആദ്യകാഴ്ച തന്നെ സന്ദർശകരെ ആകർഷിക്കുന്നതാണ്. കണ്ണുകളിൽ കൗതുകം നിറച്ച കാഴ്ചകളാണ് പാലാക്കരി അക്വാടൂറിസം സെന്ററിൽ ഒരുക്കിയിരിക്കുന്നത്. കായൽക്കാഴ്ചയാണ് പ്രധാനം. കായൽക്കാറ്റേറ്റ് വിശ്രമിക്കാനായി അങ്ങിങ്ങായി സിമന്റ് ബഞ്ചുകളും തയാറാണ്. മത്സ്യഫെഡിന്റെ 125 ഏക്കറിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്. മത്സ്യ കൃഷിയോടൊപ്പം വിനോദ സഞ്ചാരവും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ ഫാമിന്റെ പ്രവർത്തനം.

Palaikari-Fish-Farm-4

ചൂണ്ടയിടാൻ മോഹമുണ്ടേൽ അതുമാകാം. 10 രൂപ നല്‍കിയാൽ ചൂണ്ടയും ഇരയും ലഭിക്കും. തീർന്നില്ല, ചൂണ്ടയിൽ മീൻ കുരുങ്ങിയാൽ ന്യായവില നൽകികൊണ്ടുപോരുകയുമാകാം. പെഡല്‍ബോട്ട്, ചുണ്ടയിടീൽ എന്നിങ്ങനെ രണ്ടു അക്ടിവിറ്റികളുമായാണ് പാലാക്കരിയുടെ തുടക്കം. സഞ്ചാരികളുടെ എണ്ണം ദിനംപ്രതി കൂടിയതോടെ പാലാക്കരി അക്വാടൂറിസത്തിനും പുതിയ മാറ്റങ്ങൾ വരുത്തി. ഇന്ന് അവധിയായാലും അല്ലെങ്കിലും പാലാക്കരി അക്വാടൂറിസത്തിലേക്ക് നല്ലതിരക്കാണ്. അടുത്ത ആകർഷണം വാച്ച് ടവറും കെട്ടുവള്ള മ്യൂസിയവുമാണ്. വിദൂര സൗന്ദര്യം ആസ്വദിക്കാനുള്ള വാച്ച്ടവറുകള്‍ വിവാഹ വിഡിയോ ചിത്രീകരണത്തിനു അനുയോജ്യമായ സ്ഥലം കൂടിയാണ്. പണ്ടുക്കാലത്ത് നാട്ടിൻപുറങ്ങളിൽ മീൻപിടുത്തക്കാർ ഉപയോഗിച്ചിരുന്ന നിത്യോപയോഗ ഉപകരണങ്ങൾ ഉൾപ്പെടെയുള്ളവ പ്രദർശിപ്പിക്കുന്ന മ്യൂസിയമുണ്ട്. അതാണ് കെട്ടുവള്ള മ്യൂസിയം. കെട്ടുവള്ളത്തിലാണ് ഇൗ ഉപകരണങ്ങളൊക്കെയും സൂക്ഷിച്ചിരിക്കുന്നത്.

ഇനിയും സന്ദർശകരെ കാത്ത് പാലാക്കരി അക്വാടൂറിസം മുഖംമിനുക്കികൊണ്ടിരിക്കുകയാണ്. ചീനവലയാണ് പുതിയകാഴ്ച,. ഉച്ച ഉൗണടക്കം കുറഞ്ഞ നിരക്കിൽ കൂടുതൽ കാഴ്ചകൾ ആസ്വദിക്കണോ? വണ്ടി പാലാക്കരിയിലേക്ക് വിട്ടോളൂ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FARM TOURISM
SHOW MORE
FROM ONMANORAMA