ADVERTISEMENT

കിഴക്ക് പശ്ചിമഘട്ടവും പടിഞ്ഞാറ് അറബിക്കടലും അതിര് തീർക്കുന്ന കേരള മണ്ണ് കോവിഡ് കാലത്തെ അതിജീവിക്കാൻ കരുത്താർജ്ജിച്ചിരിക്കുന്നു എന്ന കാര്യത്തിൽ സംശയമില്ല. ഫാം ടൂറിസം എന്ന ആശയം പുതിയതല്ലെങ്കിലും ഈ കാലഘട്ടത്തിൽ പ്രസക്തമായ ഒരു ടൂറിസം വകഭേദം ആണ്. ടൂറിസം മേഖല ആകെ സ്തംഭിച്ചു നിൽക്കുന്ന ഈ കാലത്തിൽ കേരളത്തിന്റെ നെടുംതൂണുകളായ കൃഷിയും ടൂറിസവും പരസ്പരം താങ്ങും തണലും ആകേണ്ടാതായിട്ടുണ്ട്. പ്രകൃതിയുടെ തലോടലും ശിക്ഷയും ഏറ്റു വാങ്ങിയിട്ടുള്ള കേരളത്തിൽ വെള്ളപ്പൊക്കം സംഹാരതാണ്ഡവം ആടിയിട്ട് അധികം നാളായിട്ടില്ല. ഇതിന്റെ ദുരിതം ഏറ്റു വാങ്ങിയ മേഖലകളിൽ കൃഷിയും ടൂറിസവും ഉൾപ്പെടുന്നു. കോവിഡ് 19 കാരണം ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ കേരളത്തിന്റെ മുന്നിലുള്ള ഏറ്റവും നല്ല മാർഗങ്ങളിൽ ഒന്ന് ഫാം ടൂറിസമാണ്. 

ടൂറിസം ഉൾപ്പെടെ മിക്കവാറും എല്ലാ മേഖലകളെയും കോവിഡ് താറുമാറാക്കിയപ്പോൾ കൃഷി മേഖല പുതിയ മാനങ്ങൾ കൈവരിച്ചു. കേരളത്തിന്റെ സന്തുലിതമായ കാലാവസ്ഥ, ജൈവവൈവിധ്യം, മഴ എന്നിവ ഇവിടെ കൃഷിയും ടൂറിസവും വളരാൻ സഹായകരമായി. കാപ്പി, കുരുമുളക്, ഏലം, തേയില, റബ്ബർ എന്നീ നാണ്യവിളകൾക്ക് പുറമെ ഒട്ടനവധി മറ്റ് വിളകളുടെ ഈറ്റില്ലം കൂടിയാണ് കേരളം. പ്രകൃതി സംരക്ഷണം കൂടിയാണ് ഫാം ടൂറിസം എന്നത് ഇതിന്റെ മാറ്റ് കൂട്ടുന്നു.

ഫാം ടൂറിസം 

കേരളത്തിൽ വരുന്ന വിദേശ ടൂറിസ്റ്റുകളിൽ വലിയ ശതമാനവും പ്രകൃതിയുടെ സാന്ത്വന സ്പർശമേറ്റു കേരളത്തനിമ  ആസ്വദിക്കാൻ വരുന്നവരാണ്. ഹോം സ്റ്റേകളിൽ ഒരു പരിധി വരെ ഇത് സാധ്യമാണെന്നല്ലാതെ പൂർണത കൈവരിക്കാൻ സാധിക്കില്ല. ഇത് തരണം ചെയ്യാൻ ഹോം സ്റ്റേ ഓപ്പറേറ്റർമാർ മാത്രം വിചാരിച്ചിട്ട് കാര്യമില്ല. മറിച്ച്, എല്ലാ രീതിയിലും പൂർണമായ ഒരു ഫാം ടൂറിസം മോഡൽ പ്രവർത്തികമാകേണ്ടി വരും. വെറും ഒരു വരുമാന മാർഗമായി കാണാതെ കൃഷിയുടെ മർമങ്ങൾ അറിഞ്ഞു വേണം മുന്നോട്ടു പോകാൻ. കർഷകന്  ന്യായമായ പ്രതിഫലം ഉറപ്പാക്കുക വഴി ഫാം ടൂറിസം ദീർഘകാലാടിസ്ഥാനത്തിൽ പ്രാവർത്തികമാക്കാൻ പറ്റും. കേരളത്തിൽ സ്വകാര്യ, സർക്കാർ ഫാമുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇതിനെ ഏകോപിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടു വരേണ്ടതുണ്ട്. ടൂറിസം പരിശീലനത്തിൽ 30 ലേറെ വർഷമായി കർമനിരതമായ കിറ്റ്‌സ്‌ പോലുള്ള സർക്കാർ സ്ഥാപനങ്ങൾ നടത്തിയിട്ടുള്ള സേവനങ്ങൾ വിസ്മരിക്കാനാവില്ല. ഫാം ടൂറിസം ഒരു ജനകീയ പ്രസ്ഥാനം ആക്കി മാറ്റാൻ വിദഗ്‌ധ പരിശീലനം ആവശ്യമാണ്. ഇവിടെ കിറ്റ്‌സിന് വലിയ ഒരു പങ്ക് വഹിക്കാനാകും. 

ഫാം ടൂറിസത്തിന്റെ അടിസ്ഥാന ഘടകങ്ങൾ താഴെ പറയുന്നവയാണ്. 

a) താമസസൗകങ്ങൾ 

b) കൃഷിയിട സന്ദർശങ്ങൾ 

c) കാർഷികോല്പന്നങ്ങൾ  വാങ്ങാനുള്ള സംവിധാനം 

d) കൃഷി നേരിട്ട് അനുഭവിച്ചറിയാനുള്ള സംവിധാനം 

വയനാട്, നെല്ലിയാമ്പതി,  കാന്തളൂർ, ആറളം തുടങ്ങിയ സ്ഥലങ്ങൾ ഫാം ടൂറിസത്തിന് പ്രശസ്തമാണ്. ജൈവകൃഷി ഉൽപന്നങ്ങൾക്കു ജനപ്രീതി ഏറി വരികയാണ്. അതിന്റെ വിശ്വാസ്യത നിലനിർത്താൻ നടപടികൾ വേണം. ഇതിന് സുതാര്യതയും സത്യസന്ധമായ ഇടപാടുകളും അനിവാര്യമാണ്. 

ഫാം ടുറിസം സംരംഭകന് വേണ്ട ഗുണങ്ങളും അത് മൂലം കൈവരുന്ന ജീവിതമൂല്യങ്ങളും താഴെ.

a) പ്രകൃതി സ്നേഹവും അർപ്പണ മനോഭാവവും ഉള്ള ഒരു വ്യക്തിക്കേ ഇതിൽ വിജയിക്കാനാകൂ. ഇതിൽ നിന്നു ലഭിക്കുന്ന ആത്മസംതൃപ്തിയോളം വരില്ല മറ്റൊന്നും എന്ന് ഈ മേഖലയിൽ വിജയം കൊയ്തവർ സാക്ഷ്യപ്പെടുത്തുന്നു.

b) ഇതൊരു കൂട്ടായ്മ കൂടി ആയതിനാൽ അതിലൂടെ കെട്ടുറപ്പുള്ള സമൂഹവും ഉടലെടുക്കും എന്നത് സംശയം ഇല്ലാത്ത കാര്യമാണ്.

c) സ്ഥിര വരുമാനമാർഗവും വരും തലമുറയ്ക്ക് കൈമാറാനുള്ള പൈതൃകവും കൂടിയാണ് ഇതിലൂടെ സാധ്യമാകുക.

ഫാം ടൂറിസം തുടങ്ങാനുള്ള അടിസ്ഥാന ഘടകങ്ങൾ

കുറഞ്ഞത് 10 ഏക്കർ കൃഷിയിടം ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലോ അതിന്റെ അടുത്തോ സംരംഭകൻ കണ്ടെത്തണം. ഫാം ടൂറിസം സംരംഭകൻ ആകാൻ മറ്റൊരു മാർഗം ഗ്രീൻസ് ഫാം കേരളയുടെ ഭാഗമാക്കുക എന്നതാണ്.

പ്രധാന ഘടകങ്ങൾ 

1.കുറഞ്ഞത് 10 ഏക്കർ കൃഷിയിടം അല്ലെങ്കിൽ 50 ഏക്കർ തോട്ടം 

2. പാർക്കിങ് സൗകര്യം 

3. സൈറ്റിൽ കയറാൻ എല്ലാ സൗകര്യങ്ങളോടും കൂടിയ കവാടം 

4. ടിക്കറ്റ് കൗണ്ടർ, സുരക്ഷ ജീവനക്കാർക്കുള്ള കാബിൻ, ഗേറ്റ്, നെയിം ബോർഡുകൾ എന്നിവ 

5. ചുറ്റുമതിൽ 

6. ഉത്പന്നങ്ങൾ വിൽക്കാനുള്ള സ്റ്റാളുകൾ 

7. റസ്റ്ററന്റ്/ സ്നാക്ക്സ് ബാർ 

8. നടപ്പാതകൾ, ചൂണ്ടു പലകകൾ

9.ടോയ്‌ലറ്റ് സൗകര്യം 

10. ലഘു ലേഖകൾ

പാക്കേജുകൾ/ടൂറുകൾ 

ഓരോ പ്രദേശത്തിന്റെയും പ്രത്യേകതകളും പ്രകൃതി വിഭവങ്ങളും ഉൾക്കൊള്ളുന്ന പാക്കേജുകളും ടൂറുകളും രൂപകല്പന ചെയ്യാവുന്നതാണ്. ട്രെക്കിങ്, ബോട്ടിങ്, ആംഗ്ലിങ് എന്നിവ ടൂറിസ്റ്റുകൾക്കിടയിൽ പ്രചാരത്തിലുള്ള വിനോദോപാധികളാണ്. പല ടൂറിസ്റ്റുകളും പ്രകൃതിയിൽ ലയിക്കാൻ ആഗ്രഹിക്കുന്നവരാണ്. അവർക്ക്  സന്തോഷവും മനസ്സമാധാനവും ലഭിക്കുന്ന ചുറ്റുപാടുകൾ സൃഷ്ടിക്കുകയാണ് വേണ്ടത്. ഒരു വിനോദസഞ്ചാരിയെ  സംതൃപ്തനായി മടക്കി അയച്ചാൽ അവർ വീണ്ടും വരികയും പുതിയ ആളുകളെ കൊണ്ടുവരികയും ചെയ്യും. ഇതിലൂടെ  വരുമാനം വർധിക്കും. ആ പ്രദേശം അഭിവൃദ്ധിപ്പെടും.

പല സംരംഭകരും പശു, ആട്, കോഴി, താറാവ്, തുടങ്ങിയ ജീവികളുടെ ആവാസവ്യവസ്ഥയും പരിപാലനവും പാക്കജിൽ ഉൾപ്പെടുത്തി വരുമാനം വർധിപ്പിക്കാറുണ്ട്. ഈ മേഖലയിൽ ശോഭിക്കാൻ കൃഷിയുമായി വൈകാരികമായ അടുപ്പവും പരമ്പരാഗത കൃഷിരീതികളിൽ ആഴത്തിലുള്ള അറിവും ആവശ്യമാണ്. പക്ഷിനിരീക്ഷണം കൂടുതൽ പേരെ ആകർഷിച്ചു കൊണ്ടിരിക്കെ, ചുറ്റുവട്ടത്തുള്ള പക്ഷികളുടെ പേരുകളും അവയെ കുറിച്ചുള്ള ചെറു വിവരണവും ഹൃദിസ്ഥമാക്കിയാൽ അതൊരു വാല്യൂ അഡിഷൻ ആകും. 

മുന്നാറിനടുത്തുള്ളണ മറയൂർ ഇത്തരം പരീക്ഷങ്ങളിൽ വിജയം കൊയ്തു എന്നത് ആത്മവിശ്വാസം പകരുന്ന സംഗതിയാണ്. അങ്ങാടിക്കുരുവികളെ സംരക്ഷിക്കാനായി കിറ്റ്‌സ്‌ വിഭാവന ചെയ്ത ബാക്ക് റ്റു നെസ്റ്റ് പദ്ധതി വളരെയേറെ പ്രശംസ പിടിച്ചു പറ്റി. കിറ്റ്‌സിന്റെ പരിശീലന പരിപാടികളുടെ പിൻബലത്തിൽ മറയൂരിലെ ഒട്ടേറെ സ്ത്രീകൾ സ്വയംതൊഴിൽ നേടുകയും ആത്മവിശ്വസം ഉള്ള ഒരു സമൂഹത്തിന്റെ നെടുംതൂണുകൾ ആയി മാറുകയും ചെയ്തു. കൃഷി, കാറ്ററിങ് തുടങ്ങി വിവിധ തൊഴിലുകളിൽ  നൈപുണ്യം നേടുക വഴി മറയൂരിലെ സ്ത്രീകൾ മാത്രമല്ല ആ ഗ്രാമം തന്നെ അഭിവൃദ്ധിപ്പെട്ടു.

ഫാം ടൂറിസത്തിന്റെ പ്രസക്തി

കൃഷി അന്നും ഇന്നും കേരളീയന്റെ രക്തത്തിൽ അലിഞ്ഞു ചേർത്ത ഒരു ഘടകമാണ്. ഈ സൈബർ യുഗത്തിലും ഒട്ടേറെ ചെറുപ്പക്കാർ കൃഷി ഒരു തപസ്യയും ജീവിതമാർഗവും ആക്കി മാറ്റി കഴിഞ്ഞു. പ്രളയക്കെടുതികളുടെ നടുവിലും കേരളത്തിന്റെ നെല്ലറയായ കുട്ടനാട്ടിലെ കർഷകർ കൃഷിയെ സ്നേഹിക്കുന്നു. മാറി മാറി വരുന്ന സർക്കാരുകളുടെ അകമഴിഞ്ഞ പിന്തുണ ഇക്കാര്യത്തിൽ കിട്ടുന്നുണ്ടെങ്കിലും മേൽ പറഞ്ഞ ഫാം ടൂറിസം പദ്ധതി ഇവിടെ നടപ്പാകേണ്ടതുണ്ട്.

അതുപോലെ വയനാടിന്റെ മുള ഉത്പന്നങ്ങളും സുഗന്ധവ്യഞ്ജനങ്ങളും ഫാം ടൂറിസവുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. മൂന്നാറിന്റെ തേയിലയും തേയിലത്തോട്ടങ്ങളും മൂന്നാറിന്റെ മുഖമുദ്ര ആയിരിക്കെ, ഫാം ടൂറിസത്തിന് പ്രസക്തി ഏറെയാണ്. കേരളത്തിന്റെ തെക്കേ അറ്റം മുതൽ വടക്കേ അറ്റം വരെ നീളുന്ന പശ്ചിമഘട്ടത്തിന്റെ പച്ചപ്പിനിടയിൽ സ്ഥിതി ചെയ്യുന്ന ഇക്കോ ടൂറിസം സെന്ററുകൾ ഫാം ടൂറിസവുമായി ബന്ധിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കോവിഡ് കാലത്തിലും അതിനു ശേഷവും ഫാം ടൂറിസം ഒരു ജീവിതശൈലി ആകേണ്ടത് കാലത്തിന്റെ അനിവാര്യത കൂടിയാണ്. 

ഫാം ടൂറിസത്തിന്റെ സവിശേഷതകൾ

1. ഇത് വഴി പ്രകൃതിക്ക് യാതൊരു കോട്ടവും സംഭവിക്കില്ല, മറിച്ചു വരുമാനം വർധിക്കും.

2. ടൂറിസ്റ്റിനും സംരംഭകനും ഒരു പോലെ ഗുണകരം.

3. തദ്ദേശവാസികൾക്കും ഗുണകരം.

4. ഫാം ടൂറിസം വഴി ലഭിക്കുന്ന വരുമാനത്തിന്റെ ഒരു പങ്ക് ആ പ്രദേശത്തിന്റെ ജൈവവൈവിധ്യവും സന്തുലിതാവസ്ഥയും നിലനിർത്താൻ ഉപയോഗിക്കണം 

കേരളത്തിൽ ഫാം ടൂറിസം താഴെ പറയുന്ന കാര്യങ്ങളിൽ ശ്രദ്ധ നൽകണം

1. അതാത്‌ സ്ഥലത്തെ പാരമ്പര്യം, സംസ്കാരം, കാർഷികോല്പന്നങ്ങൾ, ഭക്ഷണം എന്നിവ സന്ദർശകന് പരിചയപ്പെടാനും അനുഭവിക്കാനും ഉതകുന്നതാവണം ഫാം ടൂറിസം. തദ്ദേശീയരുടെ ജീവിതശൈലി മനസ്സിലാക്കാനും ഇത് ഉപകരിക്കും.

2. ബോട്ട് സവാരി, ചൂണ്ടയിടൽ തുടങ്ങിയ നാടൻ വിനോദങ്ങൾ പരിചയപ്പെടാനും ഇത് ഉപകരിക്കും. ഇത് കൂടാതെ ആ പ്രദേശത്തെ തനതായ പ്രതേകതകൾ ഉൾപ്പെടുത്താൻ സംരംഭകൻ ശ്രമിക്കുകയും വേണം.

3. നെല്പാടത്തു വിത്തിടൽ മുതൽ കൊയ്ത്തും അതിനു ശേഷം അരി വേർതിരിക്കുന്നതും വരെ ഉള്ള വിവിധ കാര്യങ്ങൾ പരിചയപ്പെടൽ.

4.തദ്ദേശവാസികളുടെ വീട് സന്ദർശനം.

5. കള്ള് ചെത്തൽ,  തെങ്ങുകയറ്റം, തേയില ചെടിയുടെ കിളുന്ത് നുള്ളൽ.

ഫാം ടൂറിസത്തിന്റെ അനന്ത സാധ്യതകൾ തുറന്നിടുകയാണ് കോവിഡ് കാലത്തിലെ അനുഭവങ്ങൾ. ജനങ്ങൾ സജീവമായി കൃഷിയിലേക്കിറങ്ങിയ അനുഭവങ്ങൾ ഒട്ടേറെ. ഫാം ടൂറിസം ജീവിതശൈലിക്കുപരി ജീവനോപാധി കൂടി ആയാൽ കേരളം സ്വയം പര്യാപ്തത നേടുന്ന കാലം വിദൂരമല്ല. ഒട്ടേറെ ഫാം ടൂറിസം കേന്ദ്രങ്ങൾ ഉണ്ടെങ്കിലും ഇവയെ ഒരു കുടക്കീഴിൽ കൊണ്ട് വരേണ്ടതുണ്ട്. കേരളത്തിൽ ഏറ്റവും വലിയ തൊഴിൽ മേഖലകളിൽ ഒന്നായ ടൂറിസം സംസ്ഥാനത്തിന് സാമ്പത്തിക നേട്ടം നേടിത്തരുന്നതിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. വരും നാളുകളിൽ ടൂറിസവും കൃഷിയും സംയോജിപ്പിച്ചു ഫാം ടൂറിസം മുന്നോട്ടു കൊണ്ട് പോയാൽ കോവിഡ് കാലത്തെ കേരളം അതിജീവിക്കുക മാത്രമല്ല കേരളത്തനിമ വീണ്ടെടുക്കുകയും ചെയ്യും.

ലേഖകൻ ഡോ. വേണുഗോപാൽ .സി.കെ, കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവൽ സ്റ്റഡീസിലെ (KITTS) അസിസ്റ്റന്റ് പ്രഫസറാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com