അയ്യായിരം അടി ഉയരത്തില്‍, മലനിരകളില്‍ മഞ്ഞു പൊഴിയും നേരം വിളഞ്ഞു കിടക്കുന്ന ആപ്പിള്‍ തോട്ടങ്ങള്‍ക്കും ഓറഞ്ച് മരങ്ങള്‍ക്കുമിടയിലൂടെ നടക്കാന്‍ റെഡിയാണോ? 'അല്ല' എന്ന ഉത്തരം പറയാന്‍ മാത്രമുള്ള 'മനോബലം' ഒരു യാത്രാപ്രേമിക്കും ഉണ്ടാവില്ല എന്നുറപ്പാണ്! അപ്പോള്‍, നേരെ പോവുകയല്ലേ കാന്തല്ലൂരിലെ ചീനി ഹില്‍സ് ഫാം സ്റ്റേയിലേക്ക്!
ഒന്‍പതേക്കറില്‍ പഴങ്ങളും പച്ചക്കറികളും വിളയുന്ന അതിസുന്ദരമായ ഒരു കൃഷിയിട താമസസ്ഥലമാണ് ചീനി ഹില്‍സ്. കേരളത്തില്‍ ആപ്പിള്‍ വിളയുന്ന ഏകസ്ഥലമാണ് കാന്തല്ലൂര്‍. അതില്‍ത്തന്നെ ഏറ്റവും കൂടുതല്‍ ആപ്പിള്‍ വിളവെടുക്കുന്നത് ചീനി ഹില്‍സില്‍ നിന്നാണ്. കൂടാതെ, ഓറഞ്ച്, മുസാമ്പി,സ്ട്രോബറി, നീല പാഷൻ ഫ്രൂട്ട്, മരത്താക്കളി, പേരക്ക, നാരങ്ങ എന്നിവയെല്ലാമുണ്ട്. വിളവെടുപ്പു സമയത്ത് എത്തുന്ന സഞ്ചാരികള്‍ക്ക് കീടനാശിനി ചേർക്കാത്ത പഴങ്ങളും പച്ചക്കറികളും നേരിട്ട് പറിച്ചുവാങ്ങാം.

വര്‍ഷം മുഴുവന്‍ സുന്ദരമായ കാലാവസ്ഥയുള്ള ഇവിടം സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമാണ്. തിരക്കേറിയ നഗരജീവിതത്തില്‍ നിന്നും ഒരു ദിനം കടമെടുത്ത്, മലനിരകളുടെ സാന്ത്വനപ്പെടുത്തലില്‍ അലിഞ്ഞു ചേരാനായി നിരവധി യാത്രികരാണ് ഇവിടെയെത്തുന്നത്. താമസക്കാര്‍ക്കായി മികച്ച സൗകര്യങ്ങള്‍ ഉള്ളതിനാല്‍ ഒരിക്കല്‍ വന്നവര്‍ തന്നെ വീണ്ടും വീണ്ടും എത്തുന്നു എന്നതും ഒരു പ്രത്യേകതയാണ്.

രാവിലെ തന്നെ സൂര്യോദയം കാണാനായി നിരവധി പോയിന്‍റുകള്‍ ഇവിടെയുണ്ട്. തുടര്‍ന്നുള്ള യാത്രയില്‍ വനവാസികളുടെ താമസസ്ഥലങ്ങളും മുളയും പുല്ലും കൊണ്ട് ഉണ്ടാക്കിയെടുത്ത വിശ്രമ സ്ഥലങ്ങളുമെല്ലാം കാണാം. കാട്ടില്‍ നിന്നും ശേഖരിക്കുന്ന കാട്ടുഞാവൽ പഴവും തേനീച്ചക്കൂടിനൊപ്പം ചെറുതേനും പേരക്കയും മരത്തക്കാളിയുമെല്ലാം വേണമെങ്കില്‍ ഈ യാത്രയില്‍ ശേഖരിക്കാം.

അടുത്തുള്ള ടൂറിസ്റ്റ് സ്പോട്ടുകളായ കീഴാന്തൂരും ഒറ്റമലയുമെല്ലാം ഈ യാത്രയില്‍ സന്ദര്‍ശിക്കാം. ആദ്യമേ പറഞ്ഞാല്‍ ഇതിനായി പ്രത്യേകം ജീപ്പ് സൗകര്യം ഒരുക്കിത്തരും. ഒറ്റമലയ്ക്കു പോകുന്ന വഴിയാണ് വേട്ടക്കാരൻ കോവിൽ. മോഹന്‍ലാല്‍ അഭിനയിച്ച 'ഭ്രമരം' സിനിമയുടെ ലൊക്കേഷൻ സെറ്റ് ഇട്ട 'ഭ്രമരം പോയിന്‍റ് ' കാണാം. രാത്രി തിരിച്ചെത്തിയാല്‍ ക്യാംപ് ഫയറും ബാർബിക്യുവുമെല്ലാം ചീനി ഹില്‍സില്‍ സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കും.
English Summary: Cheeni Hills Farm Stay Kanthalloor