എല്ലായ്പ്പോഴും മലകളും കാടും കടലും തേടിത്തന്നെ യാത്ര ചെയ്യണം എന്നില്ല. ഇടക്കൊക്കെ വയറിനെ സന്തോഷിപ്പിക്കാനുള്ള യാത്രകളും ആകാം! ആരുടെയും ശല്യമില്ലാതെ നല്ല നാടന്‍ ഫ്രഷ് മീന്‍ കറിയും വറുത്ത മീനുമെല്ലാം കഴിക്കണോ, അതും പോക്കറ്റ് കീറാതെ? വണ്ടിയെടുത്ത് നേരെ വിടാം, വൈക്കം എറണാകുളം റൂട്ടിൽ ചെമ്പ് വില്ലേജിൽ കാട്ടിക്കുന്നിലുള്ള പാലാക്കരി ഫിഷ് ഫാമിലേക്ക്!
വേമ്പനാട്ടു കായലിന്‍റെ കരയിലാണ് മല്‍സ്യഫെഡിന്‍റെ കീഴിലുള്ള പാലാക്കരി അക്വാ ടൂറിസം സെന്‍റര്‍. ആദ്യകാഴ്ചയില്‍ ഒരു ചെറിയ ദ്വീപ് പോലെയാണ് ഇവിടം. ഏകദേശം 125 ഏക്കറിലാണ് ഈ ഫാം സ്ഥിതി ചെയ്യുന്നത്. മത്സ്യ കൃഷിയോടൊപ്പം വിനോദ സഞ്ചാരവും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഫാം പ്രവര്‍ത്തിക്കുന്നത്.

പുതിയ പാക്കേജ്
രാവിലെ പത്തുമണി മുതൽ വൈകുന്നോരം ആറുമണി വരെയാണ് സന്ദര്‍ശക സമയം. 250 രൂപയാണ് ടിക്കറ്റ് നിരക്ക്. അവധി ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിന് നേരിയ വ്യത്യാസമുണ്ട്. വൈകുന്നേരം എത്തുന്നവര്‍ക്ക് മൂന്നുമണി മുതൽ ആറര വരെ പ്രത്യേക പാക്കേജുമുണ്ട്. കോവിഡിനു ശേഷം സഞ്ചാരികൾക്കായി കോമ്പിനേഷൻ പാക്കേജുകളും ശിക്കാര ബോട്ടിങ്ങുമായി തരംഗിണി പാക്കേജും ഒറുക്കിയിട്ടുണ്ട്. പ്രവേശനകവാടത്തിലാണ് ടിക്കറ്റ് വില്‍പ്പന. ഇവിടെ നിന്നും തെങ്ങുകള്‍ ഇരുവശത്തും നിറഞ്ഞ പാതയിലൂടെ നടന്ന് ഉള്ളിലെക്കെത്താം. പോകും വഴിയില്‍ മത്സ്യക്കൃഷി കാണാം.
ചായ,കാപ്പി,ഊണ്, ഐസ്ക്രീം, പെഡൽ ബോട്ട് സവാരി,അല്ലെങ്കിൽ റോയിങ് ബോട്ടിങ് എന്നിവ ടിക്കറ്റില്‍ ഉള്‍പ്പെടുന്നു. കക്ക, ചെമ്മീൻ, കരിമീൻ, ഞണ്ട് എന്നിവയെല്ലാം സന്ദർശക്കരുടെ ആവശ്യാനുസരണം ലഭ്യമാണ്. ഉൾ ഭക്ഷണം കഴിഞ്ഞു കായലില്‍ നിന്നും വരുന്ന കാറ്റേറ്റ് സിമന്‍റ് ബെഞ്ചുകളില്‍ ഇരിക്കാം.

മീന്‍പിടിക്കാന്‍ ഇഷ്ടമുള്ള ആളുകള്‍ക്ക് ചൂണ്ടയിടാനും ഇവിടെ സൗകര്യമുണ്ട്. 20 രൂപ നല്‍കിയാൽ ചൂണ്ടയും ഇരയും കിട്ടുമെന്ന് മാത്രമല്ല, പിടിക്കുന്ന മീന്‍ ന്യായവില നൽകി വീട്ടിലേക്ക് കൊണ്ടുപോരാം! പേൾസ്പോട്ട്, മിൽക്ക് ഫിഷ്, നോർത്തേൺ റെഡ് സ്നാപ്പർ, ബ്ലൂഫിൻ, ചെമ്മീൻ തുടങ്ങിയ മത്സ്യങ്ങൾ പാലാക്കരിയിൽ കൃഷി ചെയ്യുന്നു. ജനിതകമാറ്റം വരുത്തിയ തിലാപ്പിയയും (GIFT) ഈ ഫാമിലുണ്ട്.

പാലാക്കരി അക്വാടൂറിസം
വർഷങ്ങൾക്കുമുമ്പ്, കോട്ടയത്തെ പാലാ സ്വദേശികളായ ഒരു കൂട്ടം ആളുകളുടെ ഉടമസ്ഥതയില്‍, ഒരു വലിയ കൊഞ്ച് ഫാം കായല്‍ തീരത്തുള്ള 117 ഏക്കർ സ്ഥലത്ത് പ്രവർത്തിച്ചിരുന്നു. ഇത് മത്സ്യഫെഡ് ഏറ്റെടുത്തു, 'പാലായിൽ നിന്നുള്ളവരുടെ നാട്' എന്നർഥം വരുന്ന 'പാലൈകാരി' എന്ന പേര് നൽകി. മത്സ്യഫെഡിന് എറണാകുളത്തെ ഞാറക്കൽ, മാലിപ്പുറം എന്നിവിടങ്ങളിലും മത്സ്യഫാമുകളുണ്ട്.തുടക്കത്തിൽ വെറും പെഡൽ ബോട്ടിങ്ങും ആംഗ്ലിംഗ് സൗകര്യങ്ങളും ഉള്ള ഒരു ടൂറിസം കേന്ദ്രമായിരുന്നു പാലാക്കരി. പിന്നീട് സഞ്ചാരികളുടെ എണ്ണം കൂടിയതോടെ പാലാക്കരി അക്വാടൂറിസത്തിനും പുതിയ മാറ്റങ്ങൾ വരുത്തുകയായിരുന്നു.

കേരളീയ മത്സ്യത്തൊഴിലാളികളുടെ പഴയ ഉപകരണങ്ങളും പാത്രങ്ങളും അനുബന്ധ ഉപകരണങ്ങളും പ്രദർശിപ്പിക്കുന്ന ഒരു ഹൗസ് ബോട്ട് മ്യൂസിയം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്. കായലിന്‍റെ വിദൂര സൗന്ദര്യം ആസ്വദിക്കാനുള്ള വാച്ച്ടവറുകളും ഇവിടെയുണ്ട്.
English Summary: Spend a lively day at Palaikari Fish Farm in Vaikom