ADVERTISEMENT

സുന്ദരമായ കാഴ്ചകൾ കണ്ടു മനസു നിറയ്ക്കുന്നതിനൊപ്പം രുചികരമായ ഭക്ഷണവും ലഭിക്കുന്നൊരിടം . ഒരു ദിവസം മാത്രം നീളുന്ന യാത്രയാണ് മനസിലെങ്കിൽ മാലിപ്പുറത്തേക്കു വണ്ടി വിടാം. എറണാകുളം ജില്ലയിലെ വൈപ്പിൻകരയിലാണ് മൽസ്യഫെഡിന്റെ മാലിപ്പുറം ഫിഷ് ഫാം സ്ഥിതി ചെയ്യുന്നത്. ആരെയും വശീകരിക്കുന്ന കാലാവസ്ഥയും കാഴ്ചകളും കണ്ടൽക്കാടിന്റെ കുളിർമയും ഒരിക്കലും വിസ്‌മൃതിയിലാഴ്ത്താത്ത മനോഹരമായ ഒരു ദിവസം സന്ദർശകർക്കു സമ്മാനിക്കുമെന്നതു ഉറപ്പാണ്. 

രാവിലെ പത്തുമണി മുതലാണ് ഫാമിലേക്കു പ്രവേശനം, വൈകുന്നേരം അഞ്ചു വരെ അവിടെ വിവിധ വിനോദങ്ങളിൽ ഏർപ്പെട്ടുകൊണ്ടു സമയം ചെലവഴിക്കാം. 300 രൂപ, 450 രൂപ എന്നിങ്ങനെയാണ് പ്രവേശന നിരക്കുകൾ. റോവിങ് ബോട്ട്, പെഡൽ ബോട്ട് യാത്ര,  ചൂണ്ടയിടൽ, മീൻചാട്ടം എന്നിവ ഉൾപ്പെടുന്നതാണ് 450 രൂപയുടെ പാക്കേജ്. ഉച്ചഭക്ഷണവും ചായയും ചെറുകടിയും ഈ പാക്കേജിൽ ഉണ്ട്. മുന്നൂറു രൂപയുടെ പാക്കേജിൽ മീൻചാട്ടം ഉൾപ്പെടുന്നില്ല. 11.30 മുതൽ 2.30 വരെയാണ് ഉച്ചഭക്ഷണം ലഭ്യമാകുന്ന സമയം. 

malipuram3

ഫിഷ് ഫാമിന്റെ പ്രവേശന കവാടത്തിൽ നിന്നും ബോട്ടിലാണ് അകത്തേയ്ക്കു പ്രവേശിക്കുന്നത്. പതിനഞ്ചു മിനിറ്റോളം നീളുന്ന ബോട്ടിലുള്ള സഞ്ചാരം വേറിട്ടൊരു അനുഭവം തന്നെയായിരിക്കും. ഇരുകരയിലും  തണലിട്ടു നിൽക്കുന്ന വൃക്ഷങ്ങൾക്കു നടുവിലൂടെയാണ്  ജലയാത്ര. മനസിനാകെ കുളിർമ നൽകുന്ന കാഴ്ചകളാണ് പിന്നീടങ്ങോട്ട് സഞ്ചാരികളെ കാത്തിരിക്കുന്നത്. 

സ്പീഡ് ബോട്ടിൽ മീൻ വളർത്തുന്നയിടത്തേക്കു എത്തിച്ചേരാം. മീൻചാട്ടം എന്ന സവിശേഷമായ കാഴ്ചയ്ക്കു സന്ദർശകർക്കിവിടെ സാക്ഷികളാകാം. രണ്ടുമുതൽ ആറു കിലോഗ്രാം വരെ തൂക്കമുള്ള പൂമീനുകൾ വെള്ളത്തിനു മുകളിലൂടെ ഉയർന്നു ചാടുന്ന കാഴ്ച ആരിലും ആശ്ചര്യമുണർത്തും. ചുറ്റിലുമുള്ള പ്രകൃതിയോടു കൂട്ടുകൂടി പാടവരമ്പിലൂടെയാണ് തിരിച്ചു നടത്തം. നടക്കാൻ താൽപര്യമില്ലെങ്കിൽ പെഡൽബോട്ടിൽ തന്നെ മടങ്ങാം. 

ഭക്ഷണപ്രിയരെയും തൃപ്തിപ്പെടുത്തും മാലിപ്പുറം. വിഭവസമൃദ്ധമാണ് ഉച്ചഭക്ഷണം. മീൻവറുത്തതും മീൻകറിയും പച്ചക്കറികളും കൂട്ടിയുള്ള ഊണ്, വയറുമാത്രമല്ല മനവും നിറയ്ക്കും. മൽസ്യ വിഭവങ്ങൾ ഇഷ്ടപ്പെടുന്നവർക്കു മൽസ്യവിഭവങ്ങളുടെ ഒരു ചാകര തന്നെ ഇവിടെയൊരുക്കിയിട്ടുണ്ട്. ഞണ്ടും കരിമീനും കക്കയും കൂന്തലുമൊക്കെ ഉൾപ്പെടുന്ന സ്പെഷലുകൾ ഏതൊരു ഭക്ഷണപ്രേമിയെയും തൃപ്തിപ്പെടുത്തും. വിലയും തുച്ഛമെന്നതാണ് എടുത്തുപറയേണ്ട മറ്റൊരു മേന്മ. 

malipuram1

ചൂണ്ടയിട്ടു മീൻ പിടിക്കാൻ താല്പര്യമുണ്ടെങ്കിൽ അതിനുള്ള അവസരവും ഇവിടെയുണ്ട്. പിടിക്കുന്ന മത്സ്യങ്ങളെ തിരികെ പോരുമ്പോൾ കൂടെ കൊണ്ടുവരാമെന്നതാണ് ഈ വിനോദത്തിലെ പ്രധാന ഹൈലൈറ്റ്. എത്ര നേരം വേണമെങ്കിലും  മീൻപിടുത്തത്തിൽ ഏർപ്പെടാവുന്നതാണ്. മാലിപ്പുറത്തെ അതിമനോഹരമായ കാഴ്ചകളിലൊന്നാണ് ശീതളിമ പകരുന്ന കണ്ടൽക്കാടുകൾ. ഒരല്പം പോലും സൂര്യപ്രകാശം അകത്തേയ്ക്കു പ്രവേശിക്കാത്ത ഇവിടം സമ്മാനിക്കുന്ന കുളിർമ സന്ദർശകരെ ഈ ഫിഷ്‌ഫാമിന്റെ ആരാധകരാക്കി മാറ്റും. വിശ്രമിക്കാനായി ഇരിപ്പിടങ്ങളും കുട്ടികൾക്കു കളിക്കാനായി ചെറിയ പാർക്കുമുണ്ട്. വിരസതയുടെ  ചെറു ലാഞ്ചന പോലും ബാധിക്കാതെ, ഒരു പകൽ ചെലവഴിക്കാൻ കഴിയുന്ന നമുക്ക് ചുറ്റുമുള്ള മനോഹരയിടങ്ങളിൽ ഒന്നാണ് മാലിപ്പുറം. 

malipuram

എങ്ങനെ എത്തിച്ചേരാം

യാത്ര എറണാകുളത്തു നിന്നാണെങ്കിൽ ഹൈക്കോടതി ജംഗ്ഷനിൽ നിന്നും വൈപ്പിനിലൂടെ പോകുന്ന പറവൂർ-മുനമ്പം ബസിലോ ഗുരുവായൂർ ബസിലോ കയറി വളപ്പ് എന്ന  സ്റ്റോപ്പിലിറങ്ങാം. അവിടെ നിന്നും ഓട്ടോറിക്ഷയിൽ മാലിപ്പുറം ഫിഷ് ഫാമിൽ  എത്തിച്ചേരാവുന്നതാണ്. 

English Summary: Matsyafed Malipuram Fish Farm-Aqua Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com