കുടുംബമായി ഒരു ദിവസത്തെ യാത്രയാണോ പ്ലാൻ ചെയ്യുന്നത്? കുറഞ്ഞ ചെലവിൽ രുചിയൂറും ഭക്ഷണം കഴിച്ച് പ്രകൃതിയുടെ കാഴ്ച ആസ്വദിക്കാനായി പോകാം മത്സ്യഫെഡിന്റെകീഴിലുള്ള ഞാറയ്ക്കൽ അക്വടൂറിസം സെന്ററിലേക്ക്. പ്രകൃതിയോട് ചേർന്ന കഴ്ചകളും ബോട്ടിങ്ങും,ചൂണ്ടയിടിലും, കയാക്കിങ്ങും ഫ്രഷ് മീൻകൂട്ടിയുള്ള ഉൗണുമൊക്കെ ഇവിടെ ഒരുക്കിയിട്ടുണ്ട്. സഞ്ചാരികളെ കാത്ത് നിരവധി പാക്കേജുകളുമുണ്ട്.

അമ്പതോളം ഏക്കർ വിസ്തൃതിയുള്ള ഫാമിലാണ് മത്സ്യഫെഡ് അക്വടൂറിസം പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.

ഫിഷ് ഫാമിന്റെ ഏറ്റവും വലിയ ആകർഷണമാണ് ജലാശയത്തിനു നടുവിലെ മുളങ്കുടിലുകളും വഞ്ചിത്തുരുത്തും. പത്തുപേർക്ക് ഇരിക്കാവുന്ന സൗകര്യത്തിലാണ് മുളങ്കുടിലുകൾ നിർമിച്ചിരിക്കുന്നത്. ഇത്തരത്തിൽ മൂന്നു ഹട്ടുകളാണ് ഇവിടെയുള്ളത്.

ചൂണ്ടിയിട്ട് പിടിക്കുന്ന മീൻ ഫാമിലെ അടുക്കളയിൽ കൊടുത്താൽ സ്വാദിഷ്ടമായ വിഭവമായി മുന്നിലെത്തും. മീൻ വീട്ടിൽ കൊണ്ടുപോകേണ്ടവർക്ക് ചെറിയൊരു തുക നൽകി അത് മേടിക്കാനുള്ള സൗകര്യവുമുണ്ട്.

250 രൂപയുടെ ടിക്കറ്റിൽ വെൽകം ഡ്രിങ്ക്, ഉച്ചഭക്ഷണം, ഐസ് ക്രീം, ബോട്ടിങ് എന്നിവയാണ് ആസ്വദിക്കാനാവുക. ചൂണ്ട ഉൾപ്പെടെയുള്ള ബാക്കി പ്രവർത്തനങ്ങൾക്ക് നിശ്ചിത നിരക്ക് അധികം നൽകേണ്ടതുണ്ട്.

ഇവിടെ എത്തിയാൽ സൈക്ക്ലിങ്ങും കയാക്കിങ്ങും കുട്ടവഞ്ചി യാത്രയും ആസ്വദിക്കാം

യാത്രയുടെ ഏറ്റവും വലിയ ഹൈലൈറ്റ് ഉച്ചയൂണ് ആണ്. ഭക്ഷണപ്രേമികളുടെ ആവശ്യമനുസരിച്ച് വിഭവങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്താൽ ഊണ് സമയത്തേക്ക് റെഡിയാവും.

വഞ്ചിത്തുരുത്തിലെ ഏറുമാടത്തിലും ഇരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഞാറയ്ക്കൽ ടൂറിസം ഒരുക്കുന്നുണ്ട്.ഏറുമാടമാണ് വഞ്ചിത്തുരുത്തിലെ പ്രധാന ആകർഷണം. ഞാറയ്ക്കലിലെത്തുന്ന സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് വഞ്ചിത്തുരുത്തിലെ ഏറുമാടം.

എറണാകുളം ജില്ലയിലാണ് ഞാറയ്ക്കൽ അക്വാടൂറിസം സെന്റർ.ഹൈകോർട്ട് ജംക്‌ഷനിൽ നിന്ന് 12 കിലോമീറ്റർ അകലെ ഗോശ്രീ പാലം കടന്ന് വൈപ്പിൻ– ചെറായി റൂട്ടിലൂടെ സഞ്ചരിച്ചാൽ ഞാറയ്ക്കലിലെത്താം.
English Summary: Njarakkal Aqua Tourism Centre