ADVERTISEMENT

വേമ്പനാട്ടു കായലിനു നടുവിലായി പ്രകൃതി ഒളിപ്പിച്ചുവച്ച രത്നമാണ് കടമക്കുടി എന്ന സുന്ദരഭൂമി. കായല്‍ഞണ്ടും ചെമ്മീന്‍കെട്ടുകളും പൊക്കാളിപ്പാടങ്ങളുമെല്ലാം നിറഞ്ഞ കടമക്കുടി ദ്വീപുകള്‍, വാരാന്ത്യം ചെലവഴിക്കാന്‍ ഏറ്റവും മികച്ച സ്ഥലമാണ്. കൊച്ചിയില്‍നിന്നു വെറും എട്ടു കിലോമീറ്റർ അകലെയാണ് കടമക്കുടി, വെറും പതിനഞ്ചു മിനിറ്റ് ഡ്രൈവ് മതി ഇവിടേക്ക്. തിരക്കും ബഹളവും നിറഞ്ഞ ഓഫിസ് ദിനങ്ങള്‍ക്കു ശേഷം കൊച്ചിക്കാര്‍ക്ക് ഒന്ന് റിലാക്സ് ചെയ്യാന്‍ കടമക്കുടിയേക്കാള്‍ മികച്ച മറ്റൊരിടമില്ല.

കടമക്കുടി ഉണ്ടായ കഥ

kadamakudi-travel4
Image Source: kadamakkudy.net Official Site

കടമക്കുടിയെക്കുറിച്ച് പറയുമ്പോള്‍ ‘കടന്നാല്‍ കുടുങ്ങി’ എന്നു പ്രാസമൊപ്പിച്ചു പറയാറുണ്ട്‌, പണ്ട് ഇത് ഏകദേശം സത്യമായിരുന്നു! ദ്വീപിലേക്കു വരാനും പോകാനുമെല്ലാം ഇന്നുള്ളതു പോലെയുള്ള വിപുലമായ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. 1341 ലെ വെള്ളപ്പൊക്കത്തിൽ കൊച്ചി അഴിമുഖത്തിന്‍റെ രൂപീകരണസമയത്താണ് കടമക്കുടിയും ഉണ്ടായത് എന്നുകരുതുന്നു. നാലു വശങ്ങളും വെള്ളത്താൽ ചുറ്റപ്പെട്ടതായതിനാല്‍ നാട്ടുകാർക്ക് പുറംലോകവുമായി ബന്ധപ്പെടാനായി ബോട്ടുകളും വഞ്ചികളും മാത്രമേ പണ്ടുകാലത്ത് ഉണ്ടായിരുന്നുള്ളു. പിന്നീട് റോഡ്‌ സൗകര്യം വന്നതോടെ കടമക്കുടിയുടെ വിനോദസഞ്ചാര സാധ്യതകൾ വർധിച്ചു.

പതിനാലു ദ്വീപുകള്‍

പതിനാല് ദ്വീപുകളുടെ ഒരു കൂട്ടമാണ് കടമക്കുടി ദ്വീപുകൾ. വലിയ കടമക്കുടി, മുറിക്കൽ, പാളയം തുരുത്ത്, പിഴല, ചെറിയ കടമക്കുടി, പുളിക്കപ്പുറം, മൂലമ്പിള്ളി, പുതുശ്ശേരി, ചാരിയം തുരുത്ത്, ചേന്നൂർ, കോതാട്, കോരമ്പാടം, കണ്ടനാട്, കാടനാട് എന്നിവയാണവ. ഇവയില്‍ വലിയ കടമക്കുടിയാണ് പ്രധാനദ്വീപ്‌. 

kadamakudi-travel3
Image Source: kadamakkudy.net Official Site

അസ്തമയവും കായല്‍യാത്രകളും

കടമക്കുടിയിലെ ഉദയാസ്തമയക്കാഴ്ചകള്‍ അതിമനോഹരമാണ്. വലിയ കടമക്കുടി, ചെറിയ കടമക്കുടി ദ്വീപുകളാണ് ഇതിനേറ്റവും പ്രശസ്തം. ഇവ കാണാന്‍ മാത്രമായി എത്തുന്ന സഞ്ചാരികളുണ്ട്. ഇതിനായി ഒട്ടനവധി ഏറുമാടങ്ങളും ദ്വീപുകളിലുണ്ട്. പുലര്‍കാലത്ത് കായലിലൂടെ ബോട്ടില്‍ യാത്ര നടത്താം. പൊക്കാളിപ്പാടങ്ങളിലൂടെ നടക്കാം. അന്യദേശങ്ങളില്‍നിന്നു വിരുന്നെത്തുന്ന ദേശാടനപ്പക്ഷികളെ കാണാം. മീന്‍പിടിത്തം ഇഷ്ടമുള്ളവര്‍ക്ക് അതും പരീക്ഷിക്കാം. 

കായല്‍മീന്‍ രുചിയിലലിയാം

kadamakudi-travel5
Image Source: kadamakkudy.net Official Site

ഭക്ഷണപ്രേമികള്‍ തീര്‍ച്ചയായും കടമക്കുടി സന്ദര്‍ശിക്കണം. തൂവെള്ളച്ചോറില്‍ നല്ല എരിവുള്ള നാരന്‍ ചെമ്മീനും കരിമീന്‍ പൊള്ളിച്ചതും ഞണ്ട് റോസ്റ്റും പപ്പടവും കൂട്ടിയൊരു പിടിയങ്ങു പിടിക്കണം, എന്‍റെ സാറേ... പിന്നൊന്നും കാണാന്‍ പറ്റില്ല! രുചിയുടെ സ്വര്‍ഗ്ഗത്തേരേറിയങ്ങനെ പറന്നു നടക്കാം. മാത്രമല്ല, അന്നന്ന് ചെത്തിയെടുത്ത നല്ല ഫ്രഷ്‌ മധുരക്കള്ളും മോന്തിപ്പോരാം!

സോഷ്യല്‍മീഡിയയിലെ താരം

kadamakudi-travel
Image Source: kadamakkudy.net Official Site

ഈയടുത്ത കാലത്താണ് കടമക്കുടി എന്ന പേരിന് വിനോദസഞ്ചാരകേന്ദ്രങ്ങളുടെ പട്ടികയില്‍ തിളക്കമേറിയത്. സോഷ്യല്‍മീഡിയയിലൂടെ കടമക്കുടി എന്ന സുന്ദരിയെക്കുറിച്ച് കേട്ടറിഞ്ഞ് എത്തുന്നവരാണ് കൂടുതലും. ഫൊട്ടോഗ്രഫര്‍മാരുടെയും ഫോട്ടോഷൂട്ടിനെത്തുന്ന നവദമ്പതിമാരുടെയും പറുദീസയാണ് ഇപ്പോള്‍ ഇവിടം. കൊച്ചിയില്‍നിന്ന് എളുപ്പമെത്താം എന്നതും കടമക്കുടിയുടെ ജനപ്രിയത കൂട്ടുന്നു.

English Summary: Kadamakkudy Islands Village Tourism

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com