നാടന്‍ കള്ളും അപ്പവും കരിമീനും ഞണ്ടും; കാക്കത്തുരുത്തിലേക്ക് വിട്ടാലോ?

kakkathuruthu3
Image Source: kakkathuruthu Official Page
SHARE

വേമ്പനാട്ടു കായലില്‍ വെള്ളത്താല്‍ ചുറ്റപ്പെട്ട മനോഹരമായ തുരുത്താണ് കാക്കത്തുരുത്ത്. ഈ ഭൂമിയിലെ തന്നെ ഏറ്റവും മനോഹരമായ അസ്തമയ കാഴ്ച ആലപ്പുഴയിലെ ഈ തുരുത്തിലാണെന്നു പറഞ്ഞത് നാഷനല്‍ ജിയോഗ്രഫി ചാനലാണ്. ഭൂമിയിലെ വിവിധ പ്രദേശങ്ങളുടെ ഏറ്റവും മനോഹരമായ 24 ചിത്രങ്ങളുടെ നാഷനല്‍ ജിയോഗ്രഫി സീരീസിലാണ് കാക്കത്തുരുത്തും ഉള്‍പ്പെട്ടത്. 

kakkathuruthu
Image Source: kakkathuruthu Official Page

തുരുത്തിലെ തെങ്ങില്‍നിന്നു ചെത്തിയിറക്കുന്ന നല്ല നാടന്‍ കള്ളും അപ്പവും പുട്ടും കരിമീനും ഞണ്ടും ചെമ്മീനും കോഴിയും താറാവും പോര്‍ക്കുമെല്ലാം വിളമ്പുന്ന ഷാപ്പ് സഞ്ചാരികളുടെ മനസ്സും വയറും നിറയ്ക്കും. പ്രകൃതിസ്‌നേഹികള്‍ക്കും പക്ഷികളെ സ്‌നേഹിക്കുന്നവര്‍ക്കും പറ്റിയ ഇടം കൂടിയാണ് കാക്കത്തുരുത്ത്. വേമ്പനാട്ടു കായലിനു നടുവിൽ‌ കാക്കകളുടെ മാത്രമല്ല മറ്റു പല പക്ഷികളുടെയും സങ്കേതമാണ് കാക്കത്തുരുത്ത്. അതുകൊണ്ടുതന്നെ പക്ഷി നിരീക്ഷകരുടെയും ഇഷ്ട സ്‌പോട്ടാണിത്. 

ആലപ്പുഴയുടെ വടക്കേ അറ്റത്തെ എഴുപുന്ന പഞ്ചായത്തിലാണ് കാക്കത്തുരുത്ത്. എരമല്ലൂരാണ് കാക്കത്തുരുത്തിനോട് ഏറ്റവും അടുത്തുള്ള കരയിലെ ഭാഗം. എരമല്ലൂരില്‍നിന്ന് ഒരു കിലോമീറ്റര്‍ വള്ളത്തില്‍ സഞ്ചരിച്ചാല്‍ തുരുത്തിലെത്താം. 

kakkathuruthu1
Image Source: kakkathuruthu Official Page

മൂന്ന് കിലോമീറ്റര്‍ നീളവും ഒന്നര കിലോമീറ്റര്‍ വീതിയും മാത്രമുള്ള കാക്കത്തുരുത്തില്‍ താമസക്കാരായി 300 ഓളം കുടുംബങ്ങളുണ്ട്. വലിയ റോഡുകളോ വാഹനപ്പെരുപ്പമോ ഇല്ല. മണ്‍പാതകളിലൂടെയുള്ള പ്രധാന വാഹനം സൈക്കിളുകളാണ്. കണ്ടല്‍കാടുകളും ചതുപ്പു നിലങ്ങളും തെങ്ങിന്‍തോപ്പുകളും എങ്ങോട്ടു തിരിഞ്ഞാലും കാണാവുന്ന വെള്ളവും വേമ്പനാട്ടു കായലിന്റെ വിശാലതയുമെല്ലാം ചേര്‍ന്ന് കാക്കത്തുരുത്തിനെ ആലപ്പുഴയുടെ ബ്യൂട്ടിസ്‌പോട്ടാക്കിയിട്ടുണ്ട്.

kakkathuruthu2
Image Source: kakkathuruthu Official Page

2016 ലായിരുന്നു നാഷനല്‍ ജിയോഗ്രഫി ലോകത്തെ ഏറ്റവും മനോഹരമായ 24 ദൃശ്യങ്ങളിലൊന്നായി  കാക്കത്തുരുത്തിനെയും തിരഞ്ഞെടുത്തത്. വൈകീട്ട് ആറുമണിയെന്ന, അസ്തമയത്തിന്റെ ഏറ്റവും മനോഹര സമയമാണ് കാക്കത്തുരുത്തിനായി നാഷനല്‍ ജിയോഗ്രഫി മാറ്റിവച്ചത്. കാക്കത്തുരുത്തിലെ അസ്തമയം എത്രത്തോളം വശ്യമാണെന്നതിന്റെ തെളിവാണ് ഈ തിരഞ്ഞെടുപ്പ്. 

ചെറുവള്ളങ്ങളില്‍ വീടുകളിലേക്കു തുഴഞ്ഞു പോകുന്നവർ. ചീനവലകളില്‍ മീന്‍പിടുത്തക്കാര്‍ വിളക്കു തെളിക്കുന്നു. വര്‍ണവിസ്മയം തീര്‍ക്കുന്ന ആകാശത്ത് പറന്നു നീങ്ങുന്ന വവ്വാല്‍ കൂട്ടങ്ങള്‍. അതിശയമാണ് ഇവിടുത്തെ ഓരോ അസ്തമയവും എന്നായിരുന്നു നാഷനല്‍ ജിയോഗ്രഫി കാക്കത്തുരുത്തിലെ അസ്തമയത്തെ വിശേഷിപ്പിച്ചത്.

English Summary: Kakkathuruthu Village Tourism

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വേഗം പണിയാം! ചെറിയ കുടുംബത്തിന് പറ്റിയ വീട്

MORE VIDEOS