മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരം

arakursi1
ചിത്രം:ഷിബിൻ സി ശങ്കർ
SHARE

മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാട് പൂരമെന്ന പ്രസിദ്ധമായ ഗാനം ഓർമയുണ്ടോ? മലയാറ്റൂർ രാമകൃഷ്ണന്റെ പൊന്നിയെന്ന നോവലിന്റെ പശ്ചാത്തലത്തിൽ പിറന്ന സിനിമയിലേതാണിത്. പി.ഭാസ്കരൻ, ദേവരാജൻ ടീം അണിയിച്ചൊരുക്കിയ ഈ പാട്ട് മണ്ണാർക്കാട് അരക്കുർശി ഉദയർക്കുന്ന് ഭഗവതി ക്ഷേത്ര പൂരവുമായി ബന്ധപ്പെട്ടാണ്. ഇവിടെ ഇനി പൂരോത്സവത്തിന്റെ രാപകലുകളാണ്. ഈ മാസം 21വരെ നീളുന്ന ആഘോഷങ്ങൾ ശ്രദ്ധേയമാകുന്നതു വൈവിധ്യം കൊണ്ടാണ്. പാലക്കാട് ജില്ലയിലെ മണ്ണാർക്കാടെന്ന വാണിജ്യ നഗരത്തിലേക്കു പലകാലങ്ങളിലായി കുടിയേറിയ വിവിധ സമൂഹങ്ങളുടെ സംസ്കാരവും കൂട്ടായ്മയും ഇടകലരുന്നതാണ് ഇവിടത്തെ പൂരക്കാലം. അതിൽ മണ്ണാർക്കാട് മൂപ്പിൽ നായരെന്ന നാടുവാഴിയുടെ പ്രതാപ സ്മരണകളുണ്ട്. അട്ടപ്പാടി കാടിറങ്ങി വരുന്ന ഗോത്ര വർഗക്കാരുടെ ആചാരവിശേഷങ്ങളുണ്ട്. ഈ യാത്ര ആ വഴികളിലൂടെയാണ്. 

ഉദയർകുന്ന് ഭഗവതി ക്ഷേത്രം

arakursi-2
ചിത്രം: നിദീഷ് പാവുപ്പാടം

മണ്ണാർക്കാട് ടൗണിൽനിന്ന് ഒരു കിലോമീറ്റർമാത്രം ദൂരത്തിൽ അരകുർശ്ശിയിലാണ് പൂരാഘോഷം നടക്കുന്ന ഉദയർകുന്ന് ഭഗവതി ക്ഷേത്രം. അരയാലിലകളുടെ തണലും പ്രവേശന കവാടവും കഴിഞ്ഞാൽ ക്ഷേത്രമായി. കയറുമ്പോൾത്തന്നെ ചുവരിൽ ദേവിയുടെ ഛായാചിത്രം . മുന്നിൽ ചെമ്പു പൊതിഞ്ഞ കൊടിമരം. പ്രദക്ഷിണ വഴി. കൊടിമരത്തിന് അഭിമുഖമായി ശിലാ വിഗ്രഹത്തിൽ ശാന്ത സ്വരൂപിണിയായി തിരുമാന്ധാംകുന്നിലമ്മ കുടിയിരിക്കുന്നു. ഉദ്ദേശം 600 വർഷങ്ങളിലധികം പഴക്കമുണ്ട് ക്ഷേത്രത്തിന്. അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി, നായർ തറവാട്ടിലെ ഒരു ഭക്തനു ദർശനം നൽകിയത്രേ. തുടർന്നു ദേവിയെ തറവാട്ടിൽ കുടിയിരുത്തി ക്ഷേത്രം നിർമിച്ചു പ്രതിഷ്ഠ നടത്തിയെ‌ന്നാണ് ഐതിഹ്യം. നേരത്തേ വരിക്കപ്ലാവിൽ കടഞ്ഞെടുത്ത വിഗ്രഹമായിരുന്നു ഇവിടെ. അതിനു കേടുവന്നതിനെത്തുടർന്നാണു ശിലാ വിഗ്രഹമാക്കിയത്. അയ്യപ്പൻ, ഭദ്രകാളി, ശിവൻ, ഗണപതി, ബ്രഹ്മരക്ഷസ്സ്, നാഗങ്ങൾ എന്നീ പ്രതിഷ്ഠകളുമുണ്ട്. പന്തലക്കോടത്തു മന  ശങ്കരനാരായണൻ നമ്പൂതിരിപ്പാടാണ് ഇപ്പോൾ ക്ഷേത്രം തന്ത്രി.

ആറാട്ടുകടവ്

arakursi3
ചിത്രം: നിദീഷ് പാവുപ്പാടം

ക്ഷേത്ര കവാടം കഴിഞ്ഞു മുന്നോട്ടു നടന്നാൽ ആറാട്ടു കടവായി.  തണൽ മരങ്ങളുടെ താഴെ കുന്തിപ്പുഴ ഒഴുകുന്നു. സൈലന്റ് വാലി മലനിരകളിൽ നിന്ന് ഒഴുകിയെത്തുന്ന പുഴയിൽ വേനലിലും ഒഴുക്കു നിലച്ചിട്ടില്ല. ഈ ശാന്തത കണ്ടു ഭ്രമിക്കരുത്. കഴിഞ്ഞ പ്രളയകാലത്ത് ഉഗ്ര രൂപം കണ്ടതാണ്. അതിന്റെ ബാക്കി പത്രമായി ഉരുളൻ കല്ലുകളും മണലും നിറഞ്ഞിരിക്കുന്നു. കൂറ്റൻ തണൽ മരങ്ങളുടെ തീരത്തു കാലികൾ മേയുന്നു. മണലിൽ തോർത്തു വിരിച്ചു മയങ്ങുന്നവരെയും കാണാം. ഏറനാടിന്റെ സൗന്ദര്യത്തിന്റെ പകർപ്പാണ് ഈ ആറാട്ടു കടവ്.   

mannarcad-pooram99
മണ്ണാർക്കാട് പൂരം ചിത്രം: രാജേഷ് മണ്ണാർക്കാട്

ഭക്ത സഹസ്രങ്ങളെ സാക്ഷി നിർത്തി അരകുർശ്ശി ഉദയർക്കുന്നു ഭഗവതി ഇവിടേക്ക് ആറാട്ടിനെഴുന്നള്ളുന്നതോടെയാണു മണ്ണാർക്കാടു തട്ടകത്തിൽ പൂരാഘോഷത്തിനു തുടക്കം. 

പൂരം പുറപ്പാട്

ഈ മാസം 14ന് അർധ രാത്രി നടന്ന പൂരം പുറപ്പാടോടെയാണ് ഈ വർഷത്തെ ഉത്സവത്തിനു തുടക്കമായത്.  പ്രതിപുരുഷനായ വെളിച്ചപ്പാടിന്റേയും വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കോമരങ്ങളുടെയും  അകമ്പടിയോടെയാണു ദേവി ശ്രീലകത്തുനിന്നു പുറത്തേക്ക് എഴുന്നെള്ളിയത്. വാളുകൊണ്ടു വെട്ടി വെളിച്ചപ്പാട് വെളിച്ചപ്പെട്ട് ഉറഞ്ഞുതുള്ളി  ഭക്തജനങ്ങളോടു കൽപനകൾ  പറഞ്ഞു.തുടർന്നു

mannarcad-pooram2
മണ്ണാർക്കാട് പൂരം ചിത്രം: രാജേഷ് മണ്ണാർക്കാട്

ഗജവീരന്മാരുടെയും വാദ്യഘോഷങ്ങളുടേയും അകമ്പടിയോടെ എഴുന്നള്ളിപ്പ് ആറാട്ടുകടവിലേക്ക് നീങ്ങി. കൊടിയ വേനലിലും കുന്തിപ്പുഴ ജലസമൃദ്ധമായിരുന്നു.  ഓലകൊണ്ടു മറച്ച ആറാട്ടുകടവിൽ പാറപ്പുറത്തു പ്രത്യേകം തയ്യാറാക്കിയ ആറാട്ടു പാറയ്ക്കു സമീപത്തെ വെള്ളത്തിലാണു ദേവിയുടെ നീരാട്ട്. ഇവിടെ പന്തൽകാൽ നാട്ടാനും വിഗ്രഹം പ്രതിഷ്ഠിച്ചു പൂജ നടത്താനും സംവിധാനമുണ്ട്. നൂറ്റാണ്ടുകൾക്കു മുൻപ് ഏതോ ശിൽപികൾ പാറയിൽ കൊത്തിയെടുത്തു തയാറാക്കിയതാണിതൊക്കെ. വിഗ്രഹത്തിന്റെ പീഠം പ്രതിഷ്ഠിക്കാൻ പാകത്തിനു കൊത്തിയെടുത്ത ഈ പാറ കേരളത്തിന്റെ പൈതൃക ശേഖരത്തിലെ മുതൽക്കൂട്ടാണ്. നൂറ്റാണ്ടുകളായി ഇവിടെ ആറാട്ടു നടക്കുന്നു. കണ്ണാടിപോലെ തെളിഞ്ഞ വെള്ളം. കാലത്തിന്റെ മാറ്റങ്ങളൊന്നും ഗതിമാറലൊന്നും എന്തുകൊണ്ടോ ആറാട്ടു കടവിനെ ബാധിച്ചിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. 

രാവിലെ ആറാട്ടെഴുന്നെള്ളിപ്പിനു ശേഷം ക്ഷേത്രത്തിൽ തിരിച്ചെത്തിയ ശേഷമായിരുന്നു ഉച്ചപൂജ. ക്ഷേത്രത്തിലെ പ്രധാന വഴിപാടും നിവേദ്യവുമാണു ചതുർശ്ശതം എന്ന പായസം. പൂരാഘോഷവേളയിൽമാത്രമാണ് ഈ പ്രത്യേക നിവേദ്യം ദേവിക്ക് സമർപ്പിക്കുന്നത്. ഉദ്ദേശം 4 ലക്ഷത്തോളം രൂപയുടെ പായസമാണ് ഇപ്പോൾ ഭക്തജനങ്ങൾ ശീട്ടാക്കുന്നത്. സൗജന്യമായി ഈ പ്രസാദം വിതരണം ചെയ്തു.

മണ്ണാർക്കാട് മൂപ്പിൽ നായർ

mannarcad-pooram1
മണ്ണാർക്കാട് പൂരം ചിത്രം: രാജേഷ് മണ്ണാർക്കാട്

മണ്ണാർക്കാടു മൂപ്പിൽ നായരെന്ന നാടുവാഴിയുടെ സ്മരണകൾ കൂടി നിറയുന്നതാണു മണ്ണാർക്കാട് പൂരം. ലോക പ്രശസ്തമായ സൈലന്റ്‌വാലി ഉൾപ്പെടുന്ന അട്ടപ്പാടി മലവാരത്തിന്റേതുൾപ്പെടെയുള്ള ജന്മിയും നാടുവാഴിയുമായിരുന്നു മണ്ണാർക്കാട് മൂപ്പിൽനായർ. കുന്നത്താട്ടുമാടമ്പിൽ തറവാട്ടിലെ മൂത്ത കാരണവരാണു മൂപ്പിൽ നായർ. തങ്ങളുടെ കുടുംബക്ഷേത്രത്തിലെ ഉത്സവമെന്ന നിലയിൽ ഗംഭീമായിട്ടു തന്നെയാണ് അദ്ദേഹം  പൂരാഘോഷങ്ങൾ നടത്തിവന്നിരുന്നത്. ജന്മിത്വത്തിന്റെ ധാർഷ്ട്യങ്ങളൊന്നുമില്ലാതെ സഹാനുഭൂതിയും ആതിഥേയമനോഭാവവും പണ്ടുകാകാലത്തുതന്നെ  അദ്ദേഹത്തിനുണ്ടായിരുന്നു. പൂരാഘോഷത്തിലെ പ്രധാന ചടങ്ങുകളായ കഞ്ഞിപാർച്ചയും ചെട്ടിവേലയും ഇതിന്റെ അടയാളപ്പെടുത്തലുകളാണ്. 

വലിയാറാട്ടും  കഞ്ഞിപ്പാർച്ചയും

mannarcad-pooram3
മണ്ണാർക്കാട് പൂരം ചിത്രം: രാജേഷ് മണ്ണാർക്കാട്

അട്ടപ്പാടിയിലെ ആദിവാസി സമൂഹം വനവിഭവങ്ങളും തുവര ഉൾപ്പെടെയുള്ള കാർഷികോൽപന്നങ്ങളും വിറ്റഴിക്കുന്നതിനു പൂരാഘോഷ സമയത്തു കാടിറങ്ങിവരും. അവർക്കാവശ്യമുള്ള കൽച്ചട്ടി, പുകല, ചേല എന്നിവ വാങ്ങുന്നതിനുമുള്ള അങ്ങാടികൂടിയാണു പൂരപ്പറമ്പ്. കുന്തിപ്പുഴയിലെ ആറാട്ടുകടവിൽ ഇവർക്കു വേണ്ടി നടത്തിവന്നിരുന്ന കഞ്ഞിപാർച്ച എന്ന സമൂഹ സദ്യ ഇന്നു മണ്ണാർക്കാടിന്റെ പൊതു സമൂഹം ഏറ്റെടുത്തു കഴിഞ്ഞു. വലിയാറാട്ടുദിവസം പതിനായിരക്കണക്കിനാളുകളാണുകുന്തിപ്പുഴയിലെ ആറാട്ടുകടവിലെ കഞ്ഞിപാർച്ചയിൽപങ്കെടുക്കുന്നത്. ഏഴാം ഉത്സവ ദിവസമായ 20നു നടക്കുന്ന വലിയാറാട്ടിന്റെ ഭാഗമായാണു കഞ്ഞിപ്പാർച്ച നടക്കുക. രാവിലെ 8.30ന് മേജർ സെറ്റ് പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ആറാട്ടെഴുന്നള്ളത്തിനു തുടക്കമാകും. 11 മണിമുതൽ 12 വരെയാണ് ആറാട്ടുകടവിൽ കഞ്ഞിപ്പാർച്ച നടക്കുക. രാത്രി 9 മണിമുതൽ ആറാട്ടെഴുന്നള്ളത്തും കുടമാറ്റവും നടക്കും.

ചെട്ടിവേല

mannarcad-pooram6
മണ്ണാർക്കാട് പൂരം ചിത്രം: രാജേഷ് മണ്ണാർക്കാട്

മണ്ണും ആറും കാടും സംഗമിക്കുന്ന മണ്ണാർക്കാട് താലൂക്കിന് ആലപ്പുഴ ജില്ലയേക്കാൾ ഭൂവിസ്തൃതിയുണ്ട്. കിഴക്കുഭാഗത്തു നെല്ലിപ്പുഴയും പടിഞ്ഞാറുഭാഗത്തു കുന്തിപ്പുഴയും ഒഴുകുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം എന്നീ വിവിധ ഭാഷകളും സംസ്‌കാരങ്ങളും സമന്വയിക്കുന്ന സങ്കര സംസ്‌കാരം ഈ നാടിന്റെ പ്രത്യകതയാണ്. നൂറ്റാണ്ടുകൾക്കു മുൻപു വ്യാപാര ആവശ്യങ്ങൾക്കു വേണ്ടി അയൽ സംസ്ഥാനങ്ങളിൽനിന്നു കുടിയേറിയവർ ഇന്ന് ഈ ദേശത്തിന്റെ സംസ്കാരവുമായി ഇഴചേർന്നു കഴിയുന്നു. ഉത്സവത്തിലെ ഒരു ദിവസം അവർക്കുവേണ്ടിയുള്ളതാണ്.  അയൽദേശക്കാരും അന്യഭാഷക്കാരുമായ ഇവരെ പൂരത്തിന്റെ എട്ടാം നാൾ നഗര പ്രദക്ഷിണം നടത്തി ക്ഷേത്രസന്നിധിയിലേക്കാനയിക്കുന്നു. അന്നത്തെ പൂരാഘോഷം അവരുടേതാണ്. ആ ദിവസത്തെ ദീപാരാധനയും ആറാട്ടും അവർക്കുവേണ്ടി. ശ്രീലകത്തു നിന്നു ദേവി ബലിപ്പുരയിലേക്ക് ഇറങ്ങിയിരുന്ന് അവരെ സ്വീകരിക്കുന്നു. ഇവരെ ക്ഷേത്രത്തിലേക്ക് ആനയിക്കുന്ന ചടങ്ങാണു ചെട്ടിവേല.  ചെട്ടിവേല സ്ഥാനീയരെ ആനയിക്കുന്നതു വിവിധ ദേശവേലകൾ സംഗമിക്കുന്ന സാസ്‌കാരിക ഘോഷയാത്രകൂടിയാണ്. അതിനു മുമ്പു  ക്ഷേത്രത്തിൽ  താന്ത്രിക ചടങ്ങായ യാത്രാബലി നടക്കും. സ്ഥാനീയരെ ആനയിക്കുന്നതിനു ദേവിയുടെ അനുമതിയോടെ മൂപ്പിൽ നായരുടെ പ്രതിനിധി പുറപ്പെടുന്ന ചടങ്ങാണിത്.  ഈ മാസം 21നാണു ചെട്ടിവേല.അന്നു വൈകിട്ട് നടക്കുന്ന ആറാട്ടിനും  21 പ്രദക്ഷിണത്തിനും ശേഷം ഉത്സവത്തിനു കൊടിയിറങ്ങും. 

mannarcad-pooram4
മണ്ണാർക്കാട് പൂരം ചിത്രം: രാജേഷ് മണ്ണാർക്കാട്

വാദ്യ പ്രവീണ പുരസ്കാരം

വാദ്യ രംഗത്തെ കുലപതിയായിരുന്ന ആലിപ്പറമ്പ് ശിവരാമ പൊതുവാളുടെ സ്മരണയ്ക്കായി പൂരോഘോഷ കമ്മിറ്റി 2010ൽ ഏർപ്പെടുത്തിയതാണു ആലിപ്പറമ്പു ശിവരാമ പൊതുവാൾ സ്മാരക വാദ്യ പ്രവീണ പുരസ്കാരം. വാദ്യകലയിലെ വിവിധ വിഭാഗങ്ങളിൽ സവിശേഷമായ വ്യക്തി മുദ്ര പതിപ്പിച്ച  കലാകാരന്മാർക്കാണ് ഈ പുരസ്കാരം നൽകുന്നത്. ഉത്സപ്പറമ്പുകളിൽ പഞ്ചവാദ്യത്തിനു പ്രാമാണ്യം വഹിച്ചു തമിലയിൽ താള വ്സ്മയം തീർക്കുന്ന കുനിശ്ശേരി അനിയൻ മാരാർക്കാണ് ഈ വർഷത്തെ പുരസ്കാരം സമ്മാനിച്ചത്. ഡോ. എൻ.പി. വിജയകൃഷ്ണൻ, ചെർപ്പുളശ്ശേരി രാജ് ആനന്ദ്, കെ.സി. സച്ചിദാനന്ദൻ എന്നിവരടങ്ങിയ ജൂറിയാണു പുരസ്കാരം നിർണയം നടത്തിയത്. 25,00 രൂപയുടെ കാഷ് അവാർഡും പ്രശസ്തി പത്രവും ശിൽപവും അടങ്ങിയ പുരസ്കാരം ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകൻ ജയരാജ് സമർപ്പിച്ചു. 

പൂരപ്പൊലിമ

mannarcad-pooram77
മണ്ണാർക്കാട് പൂരം ചിത്രം: രാജേഷ് മണ്ണാർക്കാട്

കേരളത്തിലെ പ്രഗത്ഭരായ വാദ്യകലാകാരൻമാർ അണിനിരക്കുന്ന തായമ്പകയും പഞ്ചവാദ്യവും മേളവും പൂരത്തിനു പൊലിമ കൂട്ടുന്നു. ഓട്ടൻതുള്ളൽ, ചാക്യാർകൂത്ത് തുടങ്ങിയ ക്ഷേത്ര കലകൾ ആസ്വാദകർക്ക് ആനന്ദം പകരുന്നു. ക്ഷേത്രത്തിനു പുറത്തുള്ള സ്റ്റേജിൽ വിവിധ കലാപരിപാടികൾ, പൂരപ്പറമ്പിൽ അമ്യൂസ്‌മെന്റ്, ആളും ആരവങ്ങളും ഇതെല്ലാം ചേരുന്നതാണു മണ്ണാർക്കാട് പൂരം.  

ഭൂപരിഷ്‌ക്കരണത്തിനുശേഷം  മൂപ്പിൽനായർ പൂരാഘോഷം ഒരു ജനകീയ കമ്മിറ്റിക്കു കൈമാറി. കുന്നത്താട്ടുമാടമ്പിൽ തറവാട്ടിലെ മുതിർന്ന കാരണവരായ .കെ.എം.ബാലചന്ദ്രനുണ്ണിയാണ് ഇപ്പോഴത്തെ മൂപ്പിൽ നായരും ക്ഷേത്ര മാനേജിങ് ട്രസ്റ്റിയും. പൂരം പുറപ്പാടു മുതൽ ചെറിയാറാട്ടുവരെ 3 ഗജവീരന്മാരും വലിയാറാട്ടിന് 9 ഗജവീരന്മാരും മാത്രം അണിനിരക്കുന്നതാണു മണ്ണാർക്കാട് പൂരം. വെടിക്കെട്ടിനു വലിയ പ്രാധാന്യമില്ല. എന്നിട്ടും മണ്ണാർക്കാട് പൂരം വള്ളുവനാട്ടിലെ ഉത്സവ പൂരങ്ങളിൽ പ്രമുഖ സ്ഥാനം നേടി. അതെപ്പറ്റി പൂരം കമ്മിറ്റി ജനറൽ സെക്രട്ടറി എം.പുരുഷോത്തമൻ പറയുന്നു:

‘ഞങ്ങളുടെ ഈ പൂരം പ്രസിദ്ധി നേടിയിട്ടുള്ളത് ആചാരാനുഷ്ഠാനുങ്ങളുടെ സവിശേഷതകൾ കൊണ്ടാണ്. മറ്റൊരു പൂരത്തിനുമില്ലാത്ത ഒട്ടേറെ സവിശേഷതകൾ നിറഞ്ഞതാണ് ഞങ്ങളുടെ സ്വന്തം പൂരം. മാർഗഴിയിൽ മല്ലിക പൂത്താൽ മണ്ണാർക്കാടു പൂരമെന്ന ഈ പാട്ട് ഞങ്ങളുടെ  സ്വകാര്യ അഹങ്കാരം കൂടിയാണ്.’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HERITAGE WALK
SHOW MORE
FROM ONMANORAMA