കോവളം കവികളുടെ പാദമുദ്രകൾ തേടി...

KOVALAM-TRIP1
SHARE

സമീപകാലത്തു വിടവാങ്ങിയ ടി.ഗോമതിയമ്മയെന്ന തെക്കേവീട്ടിൽ ഗോമതിയമ്മ  ബാക്കിവയ്ക്കുന്നത് സർഗാത്മകമായ ഒരുകാലത്തിന്റെ സ്മരണകളാണ്. എഴുത്തുകാരിയോ സാമൂഹിക പ്രവർത്തകയോ അല്ലാത്ത ആ വീട്ടമ്മ ശ്രദ്ധേയമായത് കേരളത്തിലെ പ്രാചീനമായ രാമകഥാ– ഭാരതം പാട്ടുകളുടെ തുടർച്ചയ്ക്കു കാവൽനിന്നതിനാലാണ്. 

kovalam-heritage-walk2

കണ്ണശ്ശ രാമായണത്തിനും എഴുത്തച്ഛന്റെ ആദ്ധ്യാത്മരാമായണത്തിനും ഇടയിൽ ജീവിച്ചിരുന്ന രണ്ടു മഹാകവികളാണ് അയ്യപ്പിള്ളയും അയ്യനപ്പിള്ളയും.  കോവളം കവികൾ എന്നു പ്രസിദ്ധരായ ഇവരുടെ പിന്മുറക്കാരിയായിരുന്നു കോവളം തെക്കേ വീട് കുടുംബാംഗമായ ഗോമതിയമ്മ. കോവളം കവികളിൽ മൂത്തയാളായ അയ്യപ്പിള്ള ആശാൻ രചിച്ച രാമകഥാപാട്ടിന്റെ  ശ്രുതിഭംഗമില്ലാത്ത ആലാപനമായിരുന്നു അവരുടെ നിയോഗം. അറിഞ്ഞും കേട്ടുമെത്തിയവരോടെല്ലാം പൂർവഗാമികളുടെ കഥ അവർ പങ്കുവച്ചു. അങ്ങനെ വാമൊഴിയിലൂടെ പ്രചരിച്ച പാട്ടുകൾക്കൊപ്പം മണ്‍മറഞ്ഞ കവികളും അനശ്വരരായി. ആ കാലം ഇനി ദീപ്തമായ ഓർമ.  

heritage-walk-trip2

കോവളത്തിന്റെ പൈതൃക മുദ്രകൾ 

തിരുവനന്തപുരം ജില്ലയുടെ തെക്കൻ മേഖലയായ നെയ്യാറ്റിൻകര താലൂക്കിലാണു കോവളം. പണ്ടത്തെ രാജകീയ ഉപ്പളമാണിതെന്നൊരു വാദമുണ്ട്.  ഇപ്പോൾ രാജ്യാന്തര പ്രശസ്തി നേടിയ വിനോദ സഞ്ചാര കേന്ദ്രമാണിത്. പാറക്കല്ലുകൾ നിറഞ്ഞ മനോഹരതീരം. പായലുകൾ നിറഞ്ഞ ഈ പാറക്കെട്ടുകളിൽ തട്ടി മുത്തുകളുതിർക്കുന്ന പോലെ ചിതറിത്തെറിക്കുന്ന തിരമാലകൾ. ഏതു തിരക്കിലും നിറയുന്ന ശാന്തത.  ഈ സൗന്ദര്യ തീരത്തെ പശ്ചാത്തലമാക്കി ഒട്ടേറെ ചലച്ചിത്രങ്ങൾ പിറവിയെടുത്തിട്ടുണ്ട്. 

ലെനിൻ രാജേന്ദ്രൻ സംവിധാനം ചെയ്ത സ്വാതി തിരുന്നാൾ എന്ന സിനിമയിൽ ‘ പന്നഗേന്ദ്ര ശയന’ എന്ന ഗാന ചിത്രീകരണത്തിൽ ആ സൗന്ദര്യം മുഴുവൻ ആവാഹിച്ചിട്ടുണ്ട്. 

heritage-walk-trip1

ഇവിടെ ലൈറ്റ് ഹൗസിനോടു ചേർന്നാണ് ആവാടു തുറ. ഭദ്രകാളിയുടെ തുറയെന്ന അർഥത്തിൽ ഔവാടുതുറയെന്നാണ് ഇത് അറിയപ്പെട്ടിരുന്നതെന്നു ചരിത്രകാരൻ ഡോ.എംജി. ശശിഭൂഷൺ പറയുന്നു. പിൽക്കാലത്ത് കർക്കിടകവാവു ബലി തർപ്പണ കേന്ദ്രമെന്ന നിലയിൽ ഇതിനു പ്രചാരം കിട്ടി. ആ അർഥത്തിൽ വാവാടും തുറയായി. ഇപ്പോൾ ഹൗവാ ബീച്ചെന്ന പേരിൽ മുഖം മാറി.  ഈ മണ്ണിൽ സംസ്കൃതിയുടെയും ചരിത്രത്തിന്റെ വേരുകളുണ്ട്.

കോവളം ലൈറ്റ് ഹൗസിൽ നിന്നു തീരത്തേക്കു നടക്കുമ്പോൾ കാണുന്ന ‘ കോവളം കവികൾ സ്മാരകം’ എന്ന ബോർഡാണതിന്റെ വിളംബരം. തുഞ്ചത്തെഴുത്തച്ഛനും മുൻപോ ഒപ്പമോ രാമായണ, ഭാരത ഇതിഹാസങ്ങൾ പാടി നടന്ന രണ്ടു കവി സഹോദരങ്ങളുടെ സ്മരണയ്ക്കു മുന്നിൽ സമർപ്പിക്കപ്പെട്ട ഈ കേന്ദ്രം ഇന്നു സംസ്ഥാന പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണ്. തെക്കൻ കേരളത്തിന്റെ വാസ്തുവിദ്യയും ആരാധനാ സംസ്കാരവും ഇവിടെ സംഗമിക്കുന്നു. കവികളുടെ പേരിലുള്ള രണ്ടു മണ്ഡപങ്ങളും കോൺക്രീറ്റിൽ നിർമിച്ചതാണ്. തെക്കേവീട്ടു കുടുംബത്തിലെ പിന്മുറക്കാർക്ക് ഇവർ ഉപാസനാ മൂർത്തികൾ കൂടിയാണ്. 

kovalam-heritage-walk1

പീഠ പ്രതിഷ്ഠനടത്തിയാണിവരെകുടിയിരുത്തിയിരിക്കുന്നത്. മൂത്ത സഹോദരനായ അയ്യപ്പിള്ള ആശാനെ മന്ത്ര മൂർത്തിയായും ഇളയ സഹോദരൻ അയ്യനപിള്ള ആശാനെ ഗുരുവുമായിട്ടാണ് ആരാധിക്കുന്നത്. സമീപത്തായി ‌അവരുടെ ഉപാസനാമൂർത്തികളായ ദുർഗ, ചാമുണ്ഡി ഉപ ദേവതകളായ ഗണപതി, നാഗർ, യക്ഷി, മണ്ണാറമൂർത്തി, എന്നിവരുടെ പ്രതിഷ്ഠ. 

ഈ  മൂർത്തികളെ തെക്കൻ തിരുവിതാംകൂറുകാർ വീടിന്റെ പറമ്പിലെ വിശുദ്ധമായ ഒരു പുരയിൽ കുടിയിരുത്തിയാണ് ആരാധിച്ചിരുന്നത്. തെക്കതുകൾ എന്നാണിവ അറിയപ്പെടുന്നത്. പ്രാചീനമായ പല തറവാടുകളിലും തെക്കതുകളുണ്ട്. വർഷത്തിലോ മാസങ്ങളിലോ ഒരിക്കലുള്ള പ്രത്യേക പൂജകൾക്കു പുറമേ ദിവസവും സന്ധ്യക്കു വിളക്കു വക്കുന്നതു മുടക്കാറില്ല. കോവളത്തെ തറകളിൽ എല്ലാ ഞായറാഴ്ചകളിലും പ്രത്യേക പൂജകളുണ്ട്. ദേവതകൾക്കു വച്ചു നിവേദ്യവും കവികൾക്കു കുടുംബക്കാരുടെ വക മലരു നിവേദ്യവുമാണ്. മിഥുനമാസത്തിലെ ചോതി നക്ഷത്രത്തിലാണ് വാർഷിക പൂജ. വിദ്യാരംഭ ദിവസത്തെ എഴുത്തിനിരുത്തൽ, മേടത്തിലെ ചിത്തിര നക്ഷത്രത്തിൽ നടക്കുന്ന ചിത്തിരപുത്തിര പുരാണവായന എന്നിവയും ഇവിടത്തെ അനുഷ്ഠാനങ്ങളാണ്. യമധർമന്റെ സചിവൻ ചിത്രഗുപ്തന്റെ പുരാണം പാരായണം ചെയ്യുന്ന തെക്കൻ തിരുവിതാംകൂറിലെ സവിശേഷമായ ഒരു ആചാരമാണിത്. 

heritage-walk-trip

ഇവിടെ നടക്കുന്നത് അനുഷ്ഠാനങ്ങൾ മാത്രമാണെന്നു കരുതരുത്.  സജീവമായ സാംസ്കാരിക പ്രവർത്തനങ്ങളാണ് കോവളം കവികൾ സ്മാരക സമിതി ഏറ്റെടുത്തിരിക്കുന്നത്. അതിൽ പ്രധാന രാമകഥാ–ഭാരതപ്പാട്ടുകളെ പുതിയ തലമുറയിലെത്തിക്കുന്നതിനുള്ള പരിശ്രമങ്ങളാണ്. വിവിധ സർവകലാശാലകളിലെ മലയാള വിഭാഗവുമായി സഹകരിച്ചാണിതു നടപ്പിലാക്കുന്നത്. അതിനു പുറമേ പുസ്തക പ്രസിദ്ധീകരണം,സാംസ്കാരിക സംവാദങ്ങൾ എന്നിവയും സജീവമാണ്. സംസ്ഥാന സർക്കാർ 2010ൽ അനുവദിച്ച സാമ്പത്തിക സഹായം ഉപയോഗിച്ചാണിവ മുന്നോട്ടു പോകുന്നത്. 

കോവളം കവികളുടെ കഥ

തിരുവിതാംകൂറിൽ ഏറെ പ്രചാരമുള്ള തെക്കൻ പാട്ടുകളുടെ ഭാഗമാണ് രാമകഥാ– ഭാരതം പാട്ടുകൾ. പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ മുറജപകാലത്ത് ചന്ദ്രവളയം എന്ന വാദ്യം ഉപയോഗിച്ചാണിതു പാടിയിരുന്നത്. തമിഴ് ഭാഷാ പണ്ഡിതന്മാരായിരുന്ന അയ്യപ്പിള്ള ആശാൻ മലയാംതമിഴിൽ രാമകഥാപാട്ടും ഇളയ സഹോദരൻ അയ്യനപിള്ള ആശാൻ മലയാളത്തിൽ ഭാരതം പാട്ടും രചിച്ചതായി സാഹിത്യ ചരിത്ര നിരൂപകരിൽ പലരും വിലയുരുത്തിയിട്ടുണ്ട്. ഇവർ ജീവിച്ചിരുന്ന കാലത്തെപ്പറ്റി വ്യത്യസ്ത അഭിപ്രായ ഗതികളുണ്ട്. കണ്ണശ്ശന്മാർക്കു ശേഷമാണ് ഇവരുടെ ജീവിതകാലമെന്നു മഹാകവി ഉള്ളൂർ. എസ്. പരമേശ്വരയ്യർ കേരള സാഹിത്യ ചരിത്രത്തിൽ വ്യക്തമാക്കുന്നു. രാമകഥാപാട്ടിന്റെ തുടക്കത്തിൽ നൽകുന്ന ചില സൂചനകൾ കണക്കാക്കി കൊല്ലവർഷം ഏഴാം ശതകത്തിലാണിവർ രചന നടത്തിയതെന്നാണ് അദ്ദേഹം അനുമാനിക്കുന്നത്. അതനുസരിച്ചാ‌ണെങ്കിൽ 16–ാം നൂറ്റാണ്ടിലായിരിക്കാം ഇവർ ജീവിച്ചിരുന്നത്. ഭാഷാപിതാവ് തുഞ്ചത്തെഴുത്തച്ഛന്റെ കാലമാണിത്. വടക്കൻ കേരളത്തിലും തെക്കൻ കേരളത്തിലുമായി സമാന്തരമായ രണ്ടു രാമായണ ധാരകൾ ഏറെക്കാലം നിലനിന്നിരിക്കണം. കോവളം കവികൾ കർഷകരായിരുന്നെന്ന് ഒരുവാദമുണ്ട്. ഉപാസനാ മൂർത്തികളെ മുൻനിർത്തി പരിശോധിച്ചാൽ കളരി ഗുരുക്കന്മാരാകാനാണു സാധ്യതയെന്ന് ഡോ. എം.ജി. ശശിഭൂഷൺ പറയുന്നു.  

kovalam-heritage-walk

ഗോമതിയമ്മയുടെ സംഭാവന

തെക്കേവീട്ടിലെ മുതിർന്ന കുടുംബാംഗമെന്ന നിലയിൽ കവികളുടെ പിന്മുറക്കാരിയായ ഗോമതിയമ്മ ആ പാരമ്പര്യം മുന്നോട്ടുകൊണ്ടു പോകുന്നതിൽ നൽകിയ സംഭാവന വിലപ്പെട്ടതാണ്. ഒരു ഒറ്റയാൾപോരാട്ടത്തിന്റെ കഥ കൂടിയാണിത്. കർക്കിടകമാസത്തിൽ കേരളത്തിലുടനീളം അധ്യാത്മ രാമായണത്തിന്റെ ശിലുകൾ ഉയരുമ്പോൾ കോവളത്തെ ഒരു വീട് വേറിട്ടു നിൽക്കും. ഗോമതി അമ്മ പാരായണം ചെയ്യുന്ന രാമകഥാപാട്ടിലൂടെയാണിത്. കവികൾ അവലംബിച്ച വൃത്തത്തിന്റെ താളഭംഗംവരാതെ അവർ കാലങ്ങളോളം ഇത് ആലപിച്ചു. മറ്റുള്ളവരോട് അത് ഏറ്റെടുക്കാൻ  ആവശ്യപ്പെട്ടില്ല.  കർമപരമ്പരയുടെ തുടർച്ചയായ നിയോഗം പിന്തുടരുക മാത്രമായിരുന്നു. അതൊക്കെ അറിഞ്ഞും കേട്ടും ഒട്ടേറെപ്പേർ അവിടേക്കു തീർഥയാത്ര നടത്തി.ധർമരാജയെന്ന നോവലിൽ ത്രിപുര സുന്ദരിക്കുഞ്ഞമ്മയിലൂടെ സി.വി. രാമൻപിള്ള നടത്തുന്ന ഒരു പ്രയോഗമുണ്ട്. ‘വാടാക്കരൾകൊണ്ടകുലം’ ആ വിശേഷണത്തിനുടമകളായ തിരുവിതാംകൂർ സ്ത്രീകളുടെ പ്രതീകമായിരുന്നു അവർ. സന്ദർശകരോട് ലളിത സുഭഗമായി തന്റെ പൂർവികരെപ്പറ്റി അവർ വിവരിച്ചുകൊണ്ടിരുന്നു. 

തിരുവിതാംകൂർ രാജകുടുംബാംഗമായ അശ്വതി തിരുന്നാൾ ലക്ഷ്മീബായി പദ്മനാഭ സ്വാമി ക്ഷേത്രമെന്ന തന്റെ പുസ്തകത്തിൽ ഈ സ്നേഹ സ്മരണകൾ പങ്കുവയ്ക്കുന്നുണ്ട്. വിടപറയുന്നതിനു മുൻപ് രാമകഥാപാട്ടിന്റെ ആലാപനത്തിന്റെ ഒരുഭാഗം  ഡിജിറ്റലാക്കാനും തയാറായി.   മുൻതലമുറയിലെ കണ്ണികളായ രാമൻ നായർ, കുട്ടൻപിള്ള എന്നിവരും രാമകഥാ– ഭാരതം പാട്ടുകൾ പാടിയിരുന്നു.      ചന്ദ്രവളയം കൊട്ടി പാടുന്നതിൽ വിദഗ്ധനായിരുന്നത്രേ കുട്ടൻപിള്ള. 

കോവളം കവികളും അശ്വത്ഥാമാവും

കോവളം കവികളുടെ ചരിത്രത്തിനും ഐതിഹ്യത്തിനും തിരുവനന്തപുരത്തെ  ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രവുമായിട്ടാണു ബന്ധം. രണ്ടുപേർക്കും വ്യത്യസ്ത ഉപാസനാ മൂർത്തികളുണ്ടെങ്കിലും അവർ പദ്മനാഭ സ്വാമി ക്ഷേത്ര ദർശനം മുടക്കിയിരുന്നില്ല. പഴയകാലത്ത് കിലോമീറ്ററോളം കാൽനട യാത്രചെയ്യണം അവിടെ എത്താൻ. വഴിയിൽ ചെറു തോടുകളും ആറുകളുമുണ്ട്. ഒരിക്കൽ അയ്യപ്പിള്ള ആശാൻ ഉണരാൻ വൈകി. ഈ സമയം സഹോദരൻ ഉറക്കത്തിലായിരുന്നു. കാത്തു നിന്നാൽ ക്ഷേത്രത്തിലെത്താൻ വൈകുമെന്നതിനാൽ അന്ന് ഒറ്റയ്ക്കാണു  പോയത്. മടക്കയാത്രയിൽ തിരുവല്ലം ശ്രീ പരശുരാമ സ്വാമി ക്ഷേത്രത്തിനു സമീപത്തുവച്ചു ദിവ്യത്വം തോന്നിക്കുന്ന ഒരാളെ കാണാനിടയായി. പരിചയപ്പെടാൻ ശ്രമിച്ചെങ്കിലും അപരിചിതൻ ഒന്നും പ്രതികരിച്ചില്ല. പുഞ്ചിരിയോടെ ഒരു വാഴപ്പഴം നൽകിയ ശേഷം നദിയുടെ ഉപരിതലത്തിലൂടെ നടന്നു മറഞ്ഞു. കൗതുകത്തോടെ അതു  നോക്കി നിന്നശേഷം വീട്ടിലേക്കു മടങ്ങി. വഴിയിലുടനീളം അദ്ദേഹം പാടുകയായിരുന്നത്രേ. വീട്ടിലെത്തിയിട്ടും അതു തുടർന്നു. അതാണ് രാമകഥാപാട്ടായി പ്രചാരം നേടിയത്. ഈ സമയത്ത് ഉറക്കമുണർന്ന അനുജൻ കാര്യം തിരക്കി. പഴത്തിന്റെ കഥ അറിഞ്ഞ് നേരെ തിരുവല്ലം ലക്ഷ്യമാക്കി നടന്നപ്പോൾ വഴിയിൽ പഴത്തൊലി കണ്ടെത്തി. അതു കഴിച്ച അദ്ദേഹവും പാടിത്തുടങ്ങി. അതു ഭാരതം പാട്ടായെന്നാണു കഥ. 

പഴം നൽകിയത്. അശ്വത്ഥാമാവായിരുന്നത്രേ. പദ്മനാഭ സ്വാമി ക്ഷേത്രത്തിൽ വ്യാസ പ്രതിഷ്ഠ്ക്കു സമീപത്തായിട്ടാണ് ചിരഞ്ജീവിയായ അശ്വത്ഥാമാവിനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കുരുക്ഷേത്ര യുദ്ധാനന്തരം ശാപ ഗ്രസ്ഥനായ അദ്ദേഹത്തിന് വേദ വ്യാസ മഹർഷി അഭയം നൽകിയതായിട്ടാണു കഥ. ആ സങ്കൽപത്തിലാണിവിടത്തെ പ്രതിഷ്ഠ. 

തന്റെ പാപങ്ങൾക്കു പ്രായശ്ചിത്തമായി അശ്വത്ഥാമാവ് പല അദ്ഭുതങ്ങളും പ്രവർത്തിച്ചിട്ടുണ്ടത്രേ. ഗംഗാനദിയെ തപശക്തികൊണ്ട് ആവാഹിച്ചു വരുത്തിയതാണ് തിരുവനന്തപുരത്തെ ശുദ്ധജലത്തടാകമായ വെള്ളായണിക്കായലെന്നൊരു വിശ്വാസമുണ്ട്. പദ്മനാഭ സ്വാമിയുടെ പൂജയ്ക്കാവശ്യമായി താമരപ്പൂക്കൾ വിരിയിക്കാനാണത്രേ അദ്ദേഹം ഈ പവിത്രമായ ജലാശയം സൃഷ്ടിച്ചത്. തിരുവല്ലം ക്ഷേത്രത്തിനു സമീപം മുനിപ്പാറയെന്ന ഗുഹയിൽ അദ്ദേഹം തപസ്സിരുന്നതിന്റെ സ്മരണയ്ക്കായി ഇപ്പോഴും വിളക്കു വയ്ക്കുന്ന പതിവുണ്ട്. 

ഉടയാൻ വാഴി

കോവളം തീരത്തിലൂടെ യാത്ര ചെയ്താൽ പാറക്കെട്ടുകൾക്കിടയ്ക്ക് ഒരു ഗുഹയുണ്ട്. അവിടേക്കു സമുദ്ര ജലം കയറിയാൽ തിരിച്ചിറങ്ങാറില്ല. അതു വെള്ളായണിക്കായലിൽ പതിക്കുന്നെന്നാണു സങ്കൽപം. വെള്ളമൊഴിയുന്ന ഘട്ടങ്ങളിൽ ഇവിടെ ഒരു ആൾ രൂപം തെളിഞ്ഞു വരാറുണ്ട്. അത് അശ്വത്ഥാമാവാണെന്നാണു വിശ്വാസം. സമുദ്ര സ്നാനത്തിനും തപസ്സിനുമായി അശ്വത്ഥാമാവ് ഇവിടെ വരാറുണ്ടത്രേ. ഉടയാൻവാഴിയുടെ നിഗൂഡത ഇതുവരെയും അനാവരണം ചെയ്യപ്പെട്ടിട്ടില്ല. 

മഹാകവി ഉള്ളൂരും കോവളം കവികളും

കോവളം കവികളുടെ താളിയോലഗ്രന്ഥം ആദ്യമായി കണ്ടെടുത്തത്  മഹാകവി ഉള്ളൂർ പരമേശ്വര അയ്യരാണ്. അതു പൂർണമായിരുന്നില്ല. അതെപ്പറ്റി  കേരള സാഹിത്യ ചരിത്രത്തിൽ അദ്ദേഹം എഴുതി: ‘രാമായണം പാട്ടിന്റെ നിർമാതാവ് അയ്യപ്പിള്ള ആശാനാണ്. നല്ല തമിഴ് പണ്ഡിതനായിരുന്നതിനാൽ തന്റെ കൃതി രചിച്ചത് മലയാം തമിഴിലാണ്. രാമകഥ ബാലകാണ്ഡത്തിന്റെ ആരംഭം മുതൽ യുദ്ധകാണ്ഡത്തിന്റെ അവസാനം വരെ ഞാൻ കണ്ടിട്ടുണ്ട്. അദ്ദേഹം അക്ഷര ജ്ഞാനമില്ലാത്ത കൃഷിക്കാരനായിരുന്നെന്നും അശ്വത്ഥാമാവിന്റെ സാന്നിദ്ധ്യം കാരണമാണു ഒരു സാധാരണ കവിയായതെന്നുമുള്ള ഐതിഹ്യം വിശ്വസനീയമായി തോന്നുന്നില്ല.’

മഹാഭാരതം പാട്ടെഴുതിയ അയ്യനപ്പിള്ളയുമായി ബന്ധപ്പെട്ട ഐതിഹ്യവും ഉള്ളൂർ തള്ളിക്കളയുന്നു. 

പിൽക്കാലത്ത്  സാഹിത്യ നിരൂപകനും അധ്യാപകനുമായ ഡോ. പി.കെ. നാരായണപിള്ളയ്ക്ക് ഈ  താളിയോല ഗ്രന്ഥങ്ങൾ ലഭിക്കുന്നതോടെയാണു കോവളം കൃതികൾക്ക് ഇന്നത്തെ പ്രചാരം കിട്ടിയത്. 1970ൽ അവ  പുസ്തക രൂപത്തിലേക്കു മാറി. ഇപ്പോൾ രാമകഥാപാട്ടു മാത്രമാണു പുസ്തക രൂപത്തിലുള്ളത്. ഭാരതം പാട്ടും പ്രസിദ്ധീകരിക്കാനുള്ള ശ്രമമാണു സ്മാരക സമിതി നടത്തി വരുന്നത്. 

പ്രഫ. എരുമേലി പരമേശ്വരൻ പിള്ള

സാഹിത്യ നിരൂപകൻ പ്രഫ. എരുമേലി പരമേശ്വരൻപിള്ള മലയാള സാഹിത്യ ചരിത്രം കാലഘട്ടങ്ങളിലൂടെയെന്ന പുസ്തകത്തിൽ കോവളം കവികളെപ്പറ്റി എഴുതുന്നു: 

‘പാന, താരാട്ട്,കുറത്തി, കുമ്മി,പറയൻതുള്ളൽ,പുലവൃത്തം തുടങ്ങിയ പല ദ്രാവിഡ വൃത്തങ്ങളും  കാവ്യത്തിലുണ്ട്.അയ്യിപ്പിള്ള ആശാന്റെ സഹോദരൻ അയ്യനപ്പിള്ള ആശാന്റെ കൃതിയാണ് ഭാരതം പാട്ട്. തനി മലയാള ശൈലിയിലാണു രചന.ഭാരതം കഥയാണ് ഇതിവൃത്തം. ഭാരതംകഥ പാടിയാൽ വീട്ടിൽ കലഹമുണ്ടാകുമെന്ന അന്ധവിശ്വാസം കൊണ്ട് അതിനു വേണ്ട പ്രചാരം കിട്ടിയില്ല. ഭക്തി കാവ്യമാണിത്. ഇത് ജനകീയ കാവ്യമായി പരിഗണിക്കുന്നു.’

രാമകഥാ– ഭാരതം പാട്ടിന്റെ വരികൾ കൂടി പരിചയപ്പെട്ടാലേ ഈ യാത്ര പൂർണമാവുകയുള്ളൂ. 

രാമകഥാപാട്ട്

(ആസന്നമരണനായ ബാലി ശ്രീരാമനോടു പറയുന്ന പരിഭവ വാക്യങ്ങൾ): 

‘ മന്നാ നീയേതുക്കെന്നെയെയ്തായ്– പുത്തി

ചൊന്നതാർ കുരങ്കുകളൈക്കൊന്റാക്കിലാമോ?

മന്നർ ചിലർ കേട്ടാലും ചിരിക്കും–താരൈ

മടിയാമലനല് വളർത്തു മരിക്കും–പാരിൽ

അന്നേരം ഇരവിതേരിലിരിക്കും– അന്ത

ഇളയവനും നലമായ്ച്ചെന്റിരുന്തരശു പരിക്കും...

ഭാരതം പാട്ട് ( പാഞ്ചാലീ സ്വയംവരത്തിനു ശേഷമുള്ള രംഗം)

ധർമപുത്രർ നല്ലതോരു സ്ത്രീധനങ്ങളും വരിച്ചു

സൗഖ്യമോടവിടെ മേവും നാളിനിലേ

വർമ്മമൊടു പൊരുതുപോയ കർണ്ണനും സുയോധനനും

മന്തിരിച്ചു തമ്മിലൊക്കെ മുദ്രയായ്

ദുർമ്മദമതുള്ളതോരു മന്നരേയരക്കറയിൽ

ചുട്ടുകൊന്നതെങ്ങനെ ജീവിച്ചതും?

വർമ്മമുണ്ടു വല്ലജാതിയുമവരെക്കൊന്നിടായ്കയിൽ

പാഞ്ചാലമഹിപൻ നല്ല ബന്ധുവോ?

ബന്ധുവാമവൻ പുരത്തിലേ പടെയെടുത്തു ചെന്നു

വിരവിലൈവരെയും കൊല്ലവേണമേ

ശാന്തവ പാഞ്ചാലനേയും കൂടവേയറുതി ചെയ്തു

തക്ക പെണ്ണിനെയും കൊണ്ടു പോരണം.    

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
FROM ONMANORAMA