ധീര പോരാട്ടങ്ങളുടെ ചരിത്രം പറയാനുണ്ട് 502 വയസുള്ള ഈ കോട്ടയ്ക്ക്

Tangasseri-Fort-Kollam1
SHARE

കൊല്ലം കലക്ടറേറ്റ് റോഡിൽനിന്നു കൊട്ടാരക്കുളം ക്ഷേത്രത്തിനു മുന്നിലൂടെ വാടിയിലേക്കു നീളുന്ന പാത. മുക്കാൽ കിലോമീറ്റർ പിന്നിട്ടാൽ ആൽത്തറമൂട് ജംക്‌ഷൻ. വലത്തേക്കു തിരിഞ്ഞ് അരക്കിലോമീറ്റർ കഴിയുന്നതോടെ തങ്കശ്ശേരിയിലേക്ക് സ്വാഗതം ആശംസിച്ച് കൂറ്റൻ പ്രവേശന കവാടം. മുന്നോട്ടുള്ള വഴിയുടെ ഇരുപുറവുമുള്ള കെട്ടിടങ്ങള്‍ക്ക് നൂറ്റാണ്ടിന്റെ പഴക്കം. മത്സ്യത്തൊഴിലാളികളുടെ വീടുകൾ കടന്ന് റോഡ് എത്തുന്നത് വാടി– തങ്കശ്ശേരി വിളക്കുമാടം നാലുവരി പാതയിലേക്ക്. 

Tangasseri-Fort-Kollam3

പാതയ്ക്കപ്പുറം 100 മീറ്റർ അകലെ അറബിക്കടലിലേക്ക് നോട്ടം പായിച്ച് 502 വർഷത്തെ ചരിത്ര കഥയുമായി തങ്കശ്ശേരി കോട്ട. രാജപഥങ്ങളുടെയും സാമ്രാജ്യങ്ങളുടെയും ഉയർച്ചതാഴ്ചകളുടെ വേദി. അടിസ്ഥാനം തൊട്ട് വെട്ടുകല്ലും സുർക്കിയും ഉപയോഗിച്ച് 20 അടി ഉയരവും എട്ടു കൊത്തളങ്ങളും വിശാലമായ ഇടനാഴികളുമായി പോർച്ചുഗീസ് എൻജിനീയർ ഹെക്ടർ ഡി. ലാക്കസിന്റെ നേതൃത്വത്തിൽ ആയിരക്കണക്കിനു മനുഷ്യർ രണ്ടു വർഷത്തിനുള്ളിൽ പടത്തുയർത്തിയ നിർമിതിയാണിത്. 1519 സെപ്റ്റംബറിൽ നിർമാണം പൂർത്തീകരിച്ച കോട്ടയിൽ ഇന്ന് അവശേഷിക്കുന്നത് ഒരു ചെറിയ ഭാഗം മാത്രം. 

പോരാട്ടങ്ങളുടെ വീര്യവും ചരിത്രപ്പെരുമയും പറയുന്ന കോട്ടയുടെ നിർമാണത്തിലേക്കു വഴി തുറന്നത് 1516 സെപ്റ്റംബറിൽ പോർച്ചുഗീസ് ഗവർണർ ലോപ്പോ ഡോറസും കൊല്ലം റാണിയുമായുണ്ടാക്കിയ കരാർ. കൊല്ലത്തെ സെന്റ് തോമസ് പള്ളി പുതക്കിപ്പണിയാനും മൂന്നു വാർഷിക ഗഡുക്കളായി 500 കണ്ടി (പ്രാചീന അളവ്) കുരുമുളക് പോർച്ചുഗീസ് രാജാവിന് നൽകാനും ആയിരുന്നു കരാർ. ഇതനുസരിച്ച് 1517 ഫെബ്രുവരി ഒന്നിന് റൊഡ്രിഗസ് കൊല്ലത്ത് പോർച്ചുഗീസ് ക്യാപ്റ്റനായി നിയമിതനായി. മുൻ തീരുമാനം അനുസരിച്ച് കുരുമുളക് നൽകാൻ രാജ്ഞിക്കായില്ല. പരിഹാരമെന്നോണം, തങ്ങളുടെ വാസത്തിനായി സുരക്ഷിത കേന്ദ്രം പണിയാൻ അനുവദിച്ചാൽ മതിയെന്ന ഒത്തുതീർപ്പ് റൊഡ്രിഗസ് മുന്നോട്ടു വച്ചു. 

Tangasseri-Fort-Kollam

തദ്ദേശീയമായ എതിർപ്പു പരിഗണിക്കാതെ റാണി സമ്മതം നൽകി. നാട്ടുകാർ സംഘടിച്ചെത്തിയെങ്കിലും പീരങ്കി കാട്ടി പോർച്ചുഗീസുകാർ പിന്തിരിപ്പിച്ചു. കോട്ടയുടെ നിർമാണം കഴിഞ്ഞതോടെ റൊഡ്രിഗസ് കുരുമുളകിനായി വിലപേശൽ തുടങ്ങി. ആര്യങ്കാവു വഴി കൊല്ലത്തേക്കു കൊണ്ടുവന്ന കുരുമുളക് ബലമായി പിടിച്ചെടുത്തു. ഈ നീക്കത്തിൽ പ്രകോപിതരായ ഉണ്ണീരിപ്പിള്ള, ബാലൻപിള്ള, കൊല്ലംകുറുപ്പ് എന്നിവരുടെ നേതൃത്വത്തിൽ തദ്ദേശീയ പോരാളികൾ തങ്കശ്ശേരി കോട്ട ആക്രമിച്ചു കീഴടക്കി കോട്ടയിലെ താമസക്കാരെ തടവുകാരാക്കി. ഭക്ഷണം കിട്ടാതെയും ചികിത്സ കിട്ടാതെയും ഒട്ടേറെ പോർച്ചുഗീസുകാർ കോട്ടയ്ക്കുള്ളിൽ മരിച്ചു വീണു. 

Tangasseri-Fort-Kollam5

ഈ വിവരം അറിഞ്ഞ കൊച്ചിയിലെ പോർച്ചുഗീസ് ഗവർണർ കൊല്ലത്തേക്ക് സേനയെ അയച്ചു. നീണ്ട പോരാട്ടത്തിനൊടുവിൽ 1520 ഓഗസ്റ്റിൽ കോട്ട വീണ്ടും പോർച്ചുഗീസ് നിയന്ത്രണത്തിലായി. പോർച്ചുഗീസുകാരുമായി റാണി വൈകാതെ പുതിയ കരാർ ഉണ്ടാക്കി. 1658ൽ ഡച്ചുകാർ കൊല്ലത്ത് എത്തും വരെ ഇണങ്ങിയും പിണങ്ങിയും ഈ സഖ്യം തുടർന്നു. 

Tangasseri-Fort-Kollam2

വാൻ ഗോയെൻസിന്റെ നേതൃത്വത്തിലുള്ള ഡച്ച് നാവികസംഘം 1658 ഡിസംബർ 28ന് തങ്കശ്ശേരി കോട്ട പിടിച്ചെടുത്ത് തങ്ങളുടെ നിയന്ത്രണത്തിലാക്കി. 1659 ൽ പ്രാദേശിക യോദ്ധാക്കളെ കൂട്ടി പോർച്ചുഗീസുകാർ പ്രത്യാക്രമണം നടത്തി. രണ്ടു വർഷത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ ഡച്ചു സേന വിജയക്കൊടി ഉയർത്തി. കോട്ടയ്ക്കൊപ്പം കൊല്ലത്തിന്റെ ഭരണത്തിലും ഡച്ച് സ്വാധീനം വൈകാതെ ഉണ്ടായി. 1741 ൽ കുളച്ചൽ യുദ്ധത്തിൽ മാർത്താണ്ഡവർമ ഡച്ചു സേനയെ തുരത്തി വേണാടിന്റെ ഭരണം പിടിക്കും വരെ ഇതു തുടർന്നു. നഗര പരിധി കുറയ്ക്കുന്നതിന്റെ ഭാഗമായി ഡച്ചുകാർ വരുത്തിയ ചില മാറ്റങ്ങളെ തുടർന്നാണ് തങ്കശ്ശേരി കോട്ടയുടെ വലുപ്പം ആദ്യം കുറഞ്ഞത്. കാലത്തിന്റെ കുത്തൊഴുക്കിൽ കോട്ട ഇന്നൊരു ചീളു മാത്രം

English Summary:  Tangasseri Fort Kollam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HERITAGE WALK
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ആ ഷോട്ട് കഴിഞ്ഞപ്പോൾ ഞാൻ ഗിരീഷ് ഗംഗാധരന് ഒരു ഉമ്മ കൊടുത്തു |Kunchacko Boban | Bheemante Vazhi | Manorama Online

MORE VIDEOS
FROM ONMANORAMA