300 വർഷത്തെ പഴക്കം ; മൂന്ന് കാവുകളും ആറ് കുളങ്ങളും, ചരിത്രമുറങ്ങുന്ന ഉള്ളന്നൂർ മന

Ullannoor-Mana3
ഉള്ളന്നൂർ മന
SHARE

തൃശൂർ ജില്ലയിൽ വെങ്കിടങ്ങിൽ സ്ഥിതി ചെയ്യുന്ന അതിപുരാതനമായ നമ്പൂതിരി ഗൃഹമാണ് ഉള്ളന്നൂർ മന. 300 വർഷത്തെ പഴക്കവും പാരമ്പര്യവുണ്ട് ഉള്ളന്നൂർ മനയ്ക്ക്. പരശുരാമനാൽ നിർമിതമായ അറുപത്തിനാലു ബ്രാഹ്മണ ഗ്രാമങ്ങളിൽ മലയാളം മാതൃഭാഷയായ 32 ഗ്രാമങ്ങളിൽ ഏറ്റവും വലുതും ശ്രേഷ്ഠതയുമുള്ള പെരുവനം ഗ്രാമസഭാംഗങ്ങളാണ് ഉള്ളന്നൂർ മനക്കാർ.

പഴമയുടെ പുതുമ

കേരളീയ വാസ്തു വിദ്യയുടെ നാലുകെട്ട് ഗണത്തിൽപ്പെടുന്ന നിർമിതിയാണിത്. അതിവിശാലമായ നടുമുറ്റവും നാലിറയവും അതിനെ ആധാരമാക്കി കിഴക്കിനി, തെക്കിനി, പടിഞ്ഞാറ്റിനി, വടക്കിനി എന്നിവയും അതിൽ കിഴക്കേക്കെട്ട് ശ്രീലകം, മേലടുക്കള, കീഴടുക്കളയും തെക്കിനിക്കെട്ടിൽ തെക്കിനിത്തറയും തെക്കേമച്ചും പടിഞ്ഞാറെ കെട്ട് പുറത്തളം, രണ്ട് കോണിയകങ്ങൾ, മച്ച്, വടക്കേ മച്ച് എന്നിങ്ങനെയുമുണ്ട്. മുകളിൽ മൂന്നു കിടപ്പറകളും അതിനു മുകളിൽ തട്ടിൻപുറവുമുണ്ട്.

Ullannoor-Mana
കോലായ

വടക്കേക്കെട്ടിൽ അഴികൾ ഇട്ട വടക്കിനിത്തറയും വടക്കേ മച്ചും നിലനിൽക്കുന്നു. മനോഹരമായ തടിപ്പണികളെ കൊണ്ട് സമ്പന്നമാണ് മനയുടെ അകത്തളങ്ങൾ. ഒറ്റത്തടിയിൽ നിർമിച്ച ഉത്തരങ്ങൾ, തൂണുകൾ, പോതിക കൊത്തുപണികളോടു കൂടിയ കഴുക്കോലുകളും കാണാം. വടക്കു കിഴക്കേ മൂലയിൽ അടുക്കളയോടു ചേർന്ന് അടുക്കളക്കിണറും കൈപ്പിടികൾ ഇല്ലാത്ത കോണികളും നാലു ഭാഗങ്ങളിലായി ചുറ്റുവരാന്തയുമുണ്ട്.

Ullannoor-Mana9
ഇരട്ടപ്പത്തായം

കാലങ്ങൾക്ക് മുമ്പ് ഒരു ഉള്ളന്നൂർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവരിൽ ഒരു സഹോദരൻ വെങ്കിടങ്ങിൽ മാറി താമസമായപ്പോൾ വെങ്കിടങ്ങിൽ ഉള്ളവർ കാക്കര ഉള്ളന്നൂരും അമ്മാടത്ത് ഉള്ളവർ കടവത്ത് ഉള്ളന്നൂർ എന്ന പേരിലും രണ്ട് വ്യത്യസ്തങ്ങളായ കുടുംബങ്ങളായി എന്ന് പറയപ്പെടുന്നു. ഇന്ന് കാണുന്ന വെങ്കിടങ്ങ് റജിസ്ട്രാർ ഓഫീസിന്റെ അടുത്തായിരുന്നുവത്രേ പഴയ മന.

Ullannoor-Mana1
നാലുകെട്ട്

പോർച്ചുഗീസ് കാലത്ത് കാഞ്ഞാണി ചാവക്കാട് റോഡ് വന്നപ്പോൾ എല്ലാവർക്കും വഴി നടക്കാമെന്നായപ്പോൾ അക്കാലത്ത് നിലവിലിരുന്ന ശുദ്ധാശുദ്ധ പ്രശ്നങ്ങൾ മൂലം വെങ്കിടങ്ങിൽ നിന്നു ഒന്നര കിലോമീറ്റർ തെക്ക് കിഴക്ക് മാറി ഏലുമത കോൾപ്പാടങ്ങളുടെ അരികിലേക്ക് മന മാറ്റി സ്ഥാപിച്ചു. അതിനും മാറ്റം വന്ന് മറ്റൊരു മന കൂടി നിർമിക്കുക ഉണ്ടായി.

പൗരാണികത നിറഞ്ഞ ഇല്ലം

ശ്രീലകത്ത് ഇല്ലത്തെ ഉപാസനാമൂർത്തികളായ വേട്ടയ്ക്കരൻ ദുർഗ്ഗാഭഗവതി അന്നപൂർണേശ്വരി ശങ്കരനാരായണ മൂർത്തി ഗോപാലകൃഷ്ണൻ നിരവധി സാളഗ്രാമങ്ങൾ ശിവലിംഗങ്ങൾ എന്നീ പ്രതിഷ്ഠകളുമുണ്ട്. നടുമുറ്റത്ത് കൊടുങ്ങല്ലൂർ ഭഗവതിയും പരദേവതയായ തിരുവുള്ളക്കാവ് ശാസ്താവും ഇല്ലത്തിന് പുറത്ത് ധർമ്മദേവൻ തറയിൽ രക്തേശ്വരി പാതിരാ പഞ്ചമി മണികണ്ഠൻ തുടങ്ങിയ പ്രതിഷ്ഠകളും പാമ്പിൻ കാവും ഉണ്ട്. വെങ്കിടങ്ങ് വലിയമ്പലം എന്നറിയപ്പെടുന്ന വെങ്കിടങ്ങ് ശ്രീ ശങ്കരനാരായണ ക്ഷേത്രത്തിന്റെ ഒമ്പത് ഊരായ്മക്കാരിൽ ഒരു ഊരായ്മക്കാരാണ് ഉള്ളന്നൂർ മനക്കാർ.

1vadakkini
വടക്കിനി

കൽപിക്കാൻ അധികാരമുള്ള ചൂനാമന ഒരു കാലത്ത് ഇവിടേക്ക് ലയിച്ചുവെന്നാണ് പറയപ്പെടുന്നത്. ചൂനാമിയിൽ നിന്നു വന്ന് ചേർന്നതാണ് കോറളി നരസിംഹമൂർത്തി ക്ഷേത്രം. ഉള്ളന്നൂർ മനയുടെ ഒറ്റ ഊരായ്മയിലാണ് ഈ ക്ഷേത്രം. കൊടുങ്ങല്ലൂരിൽ മകരച്ചൊവ്വയ്ക്ക് വിശിഷ്ടമായ ശ്രീചക്രം നമസ്കരിക്കാനും ഒറ്റപ്പണം സമർപ്പിക്കുവാനും മുഖമണ്ഡപത്തിൽ ഇരുന്ന് ഭക്ഷണം കഴിക്കുവാനുമുള്ള അവകാശം ഈ മനക്കാർക്കുമുണ്ട്. അന്നേ ദിവസം കൊടുങ്ങല്ലൂർ രാജകുടുംബം ക്ഷേത്രത്തിലേക്ക് വരില്ല എന്നതും ഒരു പ്രത്യേകതയാണ്.

മൂന്ന് കാവുകൾ ആറ് കുളങ്ങൾ ആറ് കിണറുകൾ

Ullannoor-Mana5
പോതിക

പ്രകൃതിയുടെ സന്തുലിതാവസ്ഥയ്ക്ക് ഒരു കോട്ടവും തട്ടാതെ കാലത്തിന്റെ പരിണാമം ഒട്ടും ഏൽക്കാതെ ഇന്നും നിലനിൽക്കുന്നതാണ് മനയിലെ മൂന്ന് കാവുകളും ആറ് കുളങ്ങളും ആറ് കിണറുകളും. കുളി തേവാരം എന്നിവയ്ക്കു വേണ്ടി വെട്ടുകല്ലിൽ തീർത്ത കുളപ്പുരയും ഉരൽപ്പുര, സ്കൂൾപ്പുര എന്നിവയും ഇന്ന് ഉള്ളന്നൂർ മനയ്ക്ക് അന്യമായിട്ടില്ല. പഴയ കാലങ്ങളിൽ ഇല്ലത്ത് അധ്യാപകർ കുട്ടികളെ പഠിപ്പിക്കുവാനായി വരാറുണ്ടായിരുന്നു. അതാണ് സ്കൂൾപ്പുര.

temple
കോറളി നരസിംഹമൂർത്തി ക്ഷേത്രം

ഒരു കാലത്ത് ആനയും കാലങ്ങളോളം പല ആനകളുടെയും താവളവും കൂടിയായിരുന്നു മനപ്പറമ്പ്. ആനയെ കാണാൻ വരുന്നവർ ,പാപ്പാൻമാർ, ആനപ്പുറത്ത് കയറുന്നവർ ഇങ്ങനെ പലതരത്തിലുള്ള ആളുകളും മനയില്‍ എത്തിച്ചേരാറുണ്ടായിരുന്നു. ആനയ്ക്ക് വെള്ളം കൊടുത്തിരുന്ന ഒറ്റക്കല്ലിൽ തീർത്ത വലിയ കൽത്തൊട്ടി ഇന്നും ഇവിടെ കാണാം.

Ullannoor-Mana8
പത്തായപ്പുരയുടെ മുകൾഭാഗം

ഒരു വലിയ കാർഷിക പാരമ്പര്യത്തിന്റെ ഉടമകളാണ് ഉള്ളന്നൂർ മനക്കാർ. ഒരു കാലത്ത് കോഞ്ചിറ ഏലുമത കോൾപ്പാടങ്ങളിലെ ഒട്ടുമുക്കാൽ പടവുകളുടെയും ഉടമസ്ഥാവകാശവും പടിയിൽ പന്തീരായിരം പറ എന്ന പ്രതാപകാലവും ഇവിടേക്ക് ഉണ്ടായിരുന്നു. ഒറ്റപ്പൂവിലുള്ള നെൽകൃഷിയാണ് ഇന്ന് നടക്കുന്നത്. കോൾ പാടങ്ങളിൽ ഏനാമാവ് കായലിലെ ഉപ്പു വെള്ളം കയറാതിരിക്കാനായി ചിറ കെട്ടുന്ന പതിവാണ് ആധുനിക ഷട്ടർ സംവിധാനം വരുന്നതിന് മുൻപ് ഉണ്ടായിരുന്നത്.

ഈ ചിറ കെട്ടൽ ഉള്ളന്നൂർ മനക്കാരാണ് നടത്തിയിരുന്നത്. വലിയ കളപ്പുരയുടെ തറയും  ഇരുനിലയുള്ള പത്തായപ്പുരയിൽ ഇരട്ട നെല്ലറകളും ഇപ്പോഴും ഇവിടെ കാണാം. കാർഷിക സംബന്ധമായ കാര്യങ്ങളെല്ലാം പത്തായപ്പുരയിലും കളപ്പുരയിലുമാണ് നടന്നിരുന്നത്. ഒരു വലിയ തൊഴുത്ത് ഇന്നും നിലനിൽക്കുന്നു. വിഷുവിന് മുമ്പായി കതിർക്കറ്റകൾ അരിഞ്ഞ് ഇല്ലത്തേക്ക് കയറ്റുന്ന പൊഴുത അരിയൽ എന്ന ചടങ്ങിന് ഇന്നും മാറ്റം വന്നിട്ടില്ല. കർക്കടക സംക്രാന്തിക്കും വിഷുവിനും പണിക്കാർക്ക് നെല്ല് കൊടുക്കുമ്പോൾ  ഓണത്തിന് അരിയും മുണ്ടുമാണ് കൊടുക്കുക. ഓണക്കാലത്ത് 60 കുടുംബങ്ങളോളം അളവ് വാങ്ങാനായി നിലവിൽ ഇവിടെ എത്താറുണ്ട്.

കഥകളി യോഗവും കളരിയും കോപ്പുകളും

Ullannoor-Mana10
വേട്ടയ്ക്കാരൻ കളമെഴുത്ത്

ഒരു കാലത്ത് കഥകളി യോഗവും അതിനാവശ്യമായ കളരിയും കോപ്പുകളും ഈ ഇല്ലത്തിന്റെ ഭാഗമായിരുന്നുവെന്ന് ചരിത്രം പറയുന്നു. തൃശൂർ ജില്ലയിലെ ആദ്യത്തെ കഥകളിയോഗവും ഇവിടെ ആയിരുന്നു. കഥകളിക്കൊട്ടിന്റെ കുലപതിയായ മൂത്തമനയ്ക്കൽ നമ്പൂതിരി അദ്ദേഹത്തിന്റെ കളിയരങ്ങുകളിലെ നിത്യസഹയാത്രികനായിരുന്ന അസാമാന്യ വലിപ്പമുണ്ടായിരുന്ന ചെണ്ട ഇവിടുത്തെ കളിയോഗത്തിൽ നിന്ന് സ്വീകരിച്ചതാണ്. കൂടാതെ സിനിമകളിലും ഇൗ മനയുണ്ട്. കാറ്റു വന്നു വിളിച്ചപ്പോൾ, തൃശ്ശിവപേരൂർ ക്ലിപ്തം എന്നീ സിനിമകളിലൂടെ അഭ്രപാളികളിലും മന നിറഞ്ഞു നിൽക്കുന്നു.

ഇല്ലത്തിന്റെ ചരിത്രത്തിലേക്ക്

ഇല്ലത്ത് നിന്ന് ഒരു മുത്തശ്ശൻ തൃശൂർ തെക്കേമഠത്തിലേക്ക് സന്യാസം സ്വീകരിച്ചിട്ടുണ്ട്. ബ്രഹ്മശ്രീ ബ്രഹ്മദത്തൻ നമ്പൂതിരിയും അനിയൻ ബ്രഹ്മശ്രീ ത്രിവിക്രമൻ നമ്പൂതിരിയും കാലയവനികയിൽ മറഞ്ഞതോടെ ഇല്ലം ഇപ്പോൾ എത്തി നിൽക്കുന്നത് യഥാക്രമം അവരുടെ മക്കളായ ബ്രഹ്മദത്തൻ നമ്പൂതിരിയുടെ മകൻ ബിജു നമ്പൂതിരിയിലും (ബ്രഹ്മദത്തൻ നമ്പൂതിരി) ത്രിവിക്രമൻ നമ്പൂതിരിയുടെ മകൻ ബ്രഹ്മദത്തൻ നമ്പൂതിരിയിലുമാണ്. മുമ്പ് പറഞ്ഞ പരേതനായ ബ്രഹ്മദത്തൻ നമ്പൂതിരി രാഷ്ട്രീയ സാമൂഹിക പ്രവർത്തനങ്ങളിൽ വളരെ അധികം പ്രവർത്തിച്ചിട്ടുണ്ട്. ഏനാമാവ് സ്കൂൾ, സ്കൂൾ ഗ്രൗണ്ട്, ഏനാമാവ് കെട്ടിന്റെ ഷട്ടറുകൾ, വെങ്കിടങ്ങ് ഗ്രാമീണ സഹകരണ സംഘം എന്നിവയുടെ ആശയ വികസന പ്രവർത്തികളിൽ അദ്ദേഹം മുൻകൈ എടുത്ത് പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ പരേതയായ ലീല അന്തർജനം തിരുനാവായ വാദ്ധ്യാൻ മനയിലെ അംഗമായിരുന്നു.

Ullannoor-Mana4

പരേതനായ ത്രിവിക്രമൻ നമ്പൂതിരിയുടെ സഹധർമ്മിണിയായി പ്രസിദ്ധ വൈദ്യനും ആയുർവേദ പണ്ഡിതനുമായ വള്ളൂർ മനയ്ക്കൽ ചെറിയ ശങ്കരൻ നമ്പൂതിരിയുടെയും പഴയേടത്തു മനയ്ക്കൽ ദേവകി അന്തർജനത്തിന്റെയും നാലാമത്തെ സന്തതിയായ വിമല അന്തർജനം 1975 കാലഘട്ടത്തിൽ ഉള്ളന്നൂർ മനയിലേക്ക് വേളി കഴിഞ്ഞ് വന്നതോടെ ചികിത്സാ പാരമ്പര്യത്തിന്റെ ഒരു യുഗം ഇവിടെ ആരംഭിച്ചത്. 45 വർഷത്തെ ചികിത്സാ പാരമ്പര്യം ഇന്നും അനസ്യൂതം തുടർന്നു വരുന്നു. 

പാമ്പ് കടിയേറ്റു വരുന്ന രോഗികളിൽ നിന്ന് ഒരു രൂപ പോലും സ്വീകരിക്കാതെ ഇന്നും എഴുപത്തിയൊന്നാം വയസ്സിലും വിമല അന്തർജനം ചികിത്സ നടത്തുന്നുണ്ട്. അമ്മയുടെ കാൽപ്പാടുകളെ പിൻതുടർന്ന് മകൻ ബ്രഹ്മദത്തൻ നമ്പൂതിരി മുത്തശ്ശനായ വി.എം.സി ശങ്കരൻ നമ്പൂതിരിയുടെ കീഴിൽ ഗുരുകുല വിദ്യഭ്യാസ പ്രകാരം ആയുർവേദം വിഷചികിത്സ തുടങ്ങിയവ പഠിച്ച് അമ്മയുടെ കാൽപ്പാടുകളെ  പിന്തുടർന്ന് ചികിത്സയും കൂടാതെ വൈദ്യ വിദ്യാർത്ഥികൾക്ക് മനയിൽ പഴയ സമ്പ്രദായ പ്രകാരമുള്ള വൈദ്യ പാഠനവും ചെയ്തു കൊണ്ടിരിക്കുന്നു. ഇദ്ദേഹം വെൽക്കം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ദ ഹിസ്റ്ററി ഓഫ് മെഡിസിൻ ലണ്ടൻ, ക്യോട്ടോ യൂണിവേഴ്സിറ്റി ഓഫ് അസ്വാൻസ്ഡ് സയൻസ്, ക്യോട്ടോ ജപ്പാൻ, യൂണിവേഴ്സിറ്റി ഓഫ് വിസ്കോൻസിൻ, മാഡിസൻ യുഎസ് എന്നിങ്ങനെ ഒട്ടനവധി വിദേശത്തെയും സ്വദേശത്തെയും സർവകലാശാലകളിലെ റിസോർഴ്സ് പേഴ്സൺ ആണ്. ഒട്ടനവധി സർവകലാശാലകളുടെ ഗവേഷണ പഠനത്തിലും പങ്കു ചേർന്നിട്ടുണ്ട്. കൂടാതെ രാജ്യാന്തര ജേണലുകളിൽ നിരവധി ആയുർവേദ പഠനങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്തിട്ടുണ്ട്.

English Summary: Heritage Walk, Ullannoor Mana Thrissur

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അന്ന് ഒരേ ഹോട്ടലിൽ വെയിറ്റർമാർ, ഇന്ന്... ! കണ്ണു നനയിക്കും ഈ സൗഹൃദം

MORE VIDEOS
FROM ONMANORAMA