ADVERTISEMENT

കോഴിക്കോട് ആസ്ഥാനമാക്കി ഭരണം നടത്തിയ സാമൂതിരിയുടെ ഭരണകേന്ദ്രമായിരുന്ന മലബാറിന്റെ തെക്കേ അതിർത്തിയായിരുന്നു മുല്ലശ്ശേരി. ഇവിടുത്തെ നാടുവാഴി പാരമ്പര്യമുള്ള പഴയ നായർ തറവാടായ വെള്ളാംഗമഠത്തിന് സാമൂതിരിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. ഇന്ന് നിശബ്ദതയിലാണെങ്കിലും മുല്ലശ്ശേരിയുടെ ചരിത്രത്തിൽ വെളളാംഗമഠത്തിന് വലിയ സ്ഥാനമാണുള്ളത്. 

ചരിത്രം കഥകളിലൂടെ

നികുതി പിരിവും തങ്ങളുടെ ചേരിക്കല്ലായിരുന്ന ചാവക്കാട് ദേശത്തിന്റെ പടനായകത്വവും വാകയിൽ നായർ, കാരണപ്പാട് കൈമൾ എന്നീ സ്ഥാനപ്പേരുകളും സാമൂതിരി ഈ തറവാടിന് പതിച്ചു കൊടുത്തിരുന്നു. നായർ നാടുവാഴികൾക്കു കൊടുക്കുന്ന അതിശ്രേഷ്ഠ പദവിയാണ് ‘വാകയിൽ നായർ’. മറ്റു നായർ വിഭാഗങ്ങളുമായി വിവാഹബന്ധം പോലും പണ്ട് ഇവർക്കുണ്ടായിരുന്നില്ല. വാകയിൽ നായർ തറവാടുകൾ തമ്മിലേ വിവാഹം നടന്നിരുന്നുള്ളൂ. എന്നാൽ മറ്റു നായർ സമുദായങ്ങളിലെന്നപോലെ മരുമക്കത്തായമായിരുന്നു ഇവിടെയും.

vellanga-madam7

തമ്പുരാക്കൻമാർക്കു വേണ്ടി അങ്കം വെട്ടുകയും കാര്യങ്ങൾ തീരുമാനിക്കാൻ സഹായിക്കുകയും ചെയ്തിരുന്ന ചങ്കരം കുമരത്ത് തറവാടുമായി ഇവർക്ക് അടുത്ത ബന്ധം ഉണ്ടായിരുന്നു. ദേശത്തെ പ്രബലരായിരുന്ന ചങ്കരം കുമരത്തുകാർക്ക് തണ്ടാൻ സ്ഥാനത്തിനു പുറമേ നാട്ടുതണ്ടാൻ, മൂത്ത തണ്ടാൻ എന്നീ സ്ഥാനങ്ങളും കൊടുത്തതിൽനിന്ന് അവരുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാകും. വെള്ളാംഗമഠക്കാർ സാമൂതിരിയുടെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക കാര്യങ്ങളുടെ ചുമതല വഹിച്ചിരുന്നുവെന്നതിനു തെളിവാണ് ഇന്നും ഇവിടെ സൂക്ഷിച്ചിരിക്കുന്ന പഴയ രസീതികളും കീഴാധാരങ്ങളും മറ്റും.

ഇന്നത്തെ വെളളാംഗമഠം

നാലു തലമുറ മുമ്പ്, പ്രഗത്ഭ വിഷവൈദ്യനായ ചാത്തൻ നായർ ഇവിടെയുണ്ടായിരുന്നു. കടിച്ച പാമ്പിനെ വരുത്തിച്ച് വിഷമിറക്കുന്നതടക്കം കഠിന ചികിത്സകൾ പോലും ഇവിടെ ചെയ്‌തിരുന്നെന്നാണ് പറയപ്പെടുന്നത്. ഇത്തരം കഠിനക്രിയകൾ ചെയ്യുന്നിടത്ത് സമ്പത്തും സന്താനവും ഒരുമിച്ചു നിലനിൽക്കുകയില്ലെന്നാണ് വിശ്വാസം.  

vellanga-madam8
പൂമുഖം

സമ്പത്തിനു കുറവു വന്നില്ലെങ്കിലും മരുമക്കത്തായ സമ്പ്രദായം നിലനിന്നിരുന്ന ഈ തറവാട്ടിൽ പെൺമക്കൾ ഇല്ലാതാവുകയും മാളു എന്ന കുഞ്ഞു നേശ്യാരുടെ മകനായ കൃഷ്ണനുണ്ണി നായരോടു കൂടി ഈ ശാഖ അവസാനിക്കുകയും ചെയ്തു. കൃഷ്ണനുണ്ണി നായരുടെ മക്കളുടെ പിൻതലമുറക്കാരാണ് ഇന്ന് തറവാട്ടു കാര്യങ്ങളും ക്ഷേത്രസംബന്ധമായ കാര്യങ്ങളും നോക്കി നടത്തുന്നത്. 

പഴയ കാലത്തെ വില്ലേജ് ഓഫിസ്

വെള്ളാംഗമഠത്തെ  പഴയ കാലത്തെ ‘വില്ലേജ് ഓഫിസ്’ എന്നു വിശേഷിപ്പിക്കുന്നതിൽ ഒട്ടും അതിശയോക്തിയില്ല. രാജഭരണം അവസാനിച്ചപ്പോഴാണ് ഇത്തരം കാര്യങ്ങൾക്ക് മാറ്റം വന്നത്. ‘അധികാരി’മാരായിരുന്നു ഈ തറവാട്ടിലെ പഴയ കാരണവൻമാർ. ചാപ്പൻ നായർ ബ്രിട്ടിഷ് സൈന്യത്തിൽ ക്യാപ്റ്റനായിരുന്നു. ബ്രിട്ടിഷ് നയങ്ങളെ എതിർത്ത അദ്ദേഹം ജോലി വിട്ട് തറവാട്ടിലേക്കു മടങ്ങി.

കുഞ്ഞുണ്ണി നായർ, കോമൻ നായർ എന്നിവർ അധികാരിമാരും അപ്പു നായർ സബ് ഇൻസ്പെക്ടറും ആയിരുന്നു. മദ്രാസ് പ്രസിഡൻസി കോളജിൽനിന്ന് ഇന്റർമീഡിയറ്റ് പാസായി ഡിസ്ട്രിക് ഹെൽത്ത് സൂപ്പർ വൈസിങ് ഓഫിസർ ആയി റിട്ടയർ ചെയ്ത കൃഷ്ണനുണ്ണി നായർ ആയിരുന്നു അവസാനത്തെ വാകയിൽ നായർ. സാത്വികനായ അദ്ദേഹം നല്ലൊരു ചിത്രമെഴുത്തുകാരനുമായിരുന്നു. അദ്ദേഹം വരച്ച 75 വർഷം പഴക്കമുള്ള വേട്ടയ്ക്കൊരുമകന്റെയും ദേവിയുടെയും ചിത്രങ്ങൾ ഇന്നും ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. 

vellanga-madam1
തിരുവാഭരണം

എട്ടു കെട്ടിന്റെ മനോഹാരിത

മുൻപ് എട്ടു കെട്ടായിരുന്നു വെള്ളാംഗമഠം തറവാട്. വടക്കേക്കെട്ട് എന്നറിയപ്പെടുന്ന ഒരു നാലുകെട്ട് പിന്നീട് പൊളിച്ചു മാറ്റി. ബാക്കി ഭാഗമായ നാലുകെട്ട് ഇന്നുമുണ്ട്. പ്രൗഢിയുള്ള പൂമുഖവും ചുറ്റുവരാന്തകളും. മുകൾ നിലയിലേക്ക് രണ്ട് കോണിപ്പടികൾ. അതിലൊന്ന് വീട്ടുകാർക്ക് ഉപയോഗിക്കാൻ അകത്തുനിന്നും മറ്റൊന്ന് അതിഥികൾക്കു മുകളിലേക്കെത്തുവാനായി പുറത്ത് പൂമുഖത്തിനോടു ചേർന്നും. ഇരുനിലകളും മരം കൊണ്ടുള്ള തട്ടാണ്. മരപ്പലകകളാൽ വേർതിരിക്കപ്പെട്ട ഓവകങ്ങളുള്ള അഞ്ച് കിടപ്പുമുറികൾ മുകൾ നിലയിലുണ്ട്. 

vellanga-madam3
ചിത്രങ്ങള്‍ എഴുതിയ കട്ടിലുകൾ

പ്രകൃതിദത്തമായ ചായക്കൂട്ടുകളാലുള്ള അലങ്കാരമെഴുത്ത് കട്ടിലുകളിൽ കാണാം. പുലിത്തോൽ, മാൻകൊമ്പ് തുടങ്ങിയവ കൊണ്ട് ചുവരുകൾ അലങ്കരിക്കപ്പെട്ടിരിക്കുന്നു. ചിത്രപ്പണികളോടു കൂടിയ ഭസ്മക്കൊട്ട, ആമാടപ്പെട്ടി, ചങ്ങലവട്ട തുടങ്ങിയവയും കലവറയിൽ വലിയ ചെമ്പുകൾ, ഓട്ടുരുളികൾ, ചരക്ക്, തൂക്കുവിളക്ക്, ചങ്ങല വിളക്ക്, മാടമ്പിവിളക്ക്, കുത്തുവിളക്ക്, മരത്തവികൾ എന്നിവയും പല വലുപ്പത്തിലുള്ള ചീനഭരണികൾ, കൽച്ചട്ടികൾ എന്നിവയുമടക്കം പഴയ കാലത്ത് ഉപയോഗത്തിലിരുന്ന നിരവധി വസ്തുക്കൾ ഇന്ന്  വിശ്രമത്തിലാണ്. മച്ചിൽ ശ്രീചക്രം വച്ചാരാധിക്കുന്നു. വാസ്തു ശാസ്ത്രത്തിൽ പറയപ്പെടും വിധം തെക്കുഭാഗത്തായി ഒരു കരിമ്പനയും ഇവിടെ കാണാം. നാൽപത് സെന്റ് സ്ഥലത്ത് എന്നും തിരി തെളിക്കുന്ന പാമ്പിൻകാവും വേട്ടയ്ക്കൊരു മകൻ പ്രതിഷ്ഠയുള്ള ഒരു ക്ഷേത്രവും തറവാട്ടുവളപ്പിലുണ്ട്.

vellanga-madam4
ചിത്രങ്ങള്‍ എഴുതിയ കട്ടിലുകൾ

കാർഷിക പാരമ്പര്യം

തണ്ണീർ കായൽ പാടശേഖരത്തിനോടു ചേർന്നു നിൽക്കുന്ന വെളളാംഗ മഠക്കാർക്ക് ഒരു കാലം വരെ ധാരാളം കൃഷിയിടങ്ങളും ഉണ്ടായിരുന്നു. കൊയ്ത നെല്ല് പല കളപ്പുരകളിലായി ശേഖരിച്ചിരുന്നു. ഓരോ ജാതിക്കും ഓരോ കളപ്പുര പോലും ഇവിടെ ഉണ്ടായിരുന്നുവത്രേ. രണ്ടു വീതം പടിപ്പുര, തൊഴുത്ത്, കയ്യാല, നാല് കുളങ്ങൾ, കുളപ്പുരകൾ എന്നിവ ഉണ്ടായിരുന്നു. തറവാട്ടുപറമ്പിൽ ഇന്നും കുളങ്ങളും തൊഴുത്തും  നിലനിൽക്കുന്നുണ്ട്. 

vellanga-madam2
ചിത്രങ്ങള്‍ എഴുതിയ കട്ടിലുകൾ

സാമൂഹിക പ്രാമാണ്യം

ജന്മിമാരായിരുന്ന കാലത്ത് ഈ തറവാടും അവരുടെ കുടിയാൻമാരും തമ്മിൽ ഊഷ്മളമായ ബന്ധമാണ് നിലനിന്നിരുന്നതെന്നു പറയപ്പെടുന്നു. അക്കാലത്ത് ജന്മിയുടെ വിലാസത്തിലാണ് അവിടുത്തെ കുടിയാൻമാർ അറിയപ്പെട്ടിരുന്നത്. ജന്മികുടുംബത്തിന്റെ പേര് ഇവർ സ്വന്തം പേരിനൊപ്പം ചേർക്കുകയാണ് പതിവ്. ഓണക്കാലത്ത് അവർ പാട്ടം, മിച്ചവാരം എന്നിവയ്ക്കൊപ്പം വാഴക്കുല, വെറ്റില, ചുണ്ണാമ്പ് മുതലായവയും കൊല്ലൻ, കരുവാൻ തുടങ്ങിയവർ പണിയായുധങ്ങളും കാഴ്ചയായി വച്ചിരുന്നു. കാഞ്ഞിരത്തിങ്കൽ എന്ന ക്രിസ്ത്യൻ കുടുംബക്കാരാണ് കടുക് കാഴ്ചയുമായി എത്തിയിരുന്നത്. ‘കാഞ്ഞിരത്തിങ്കൽ മാപ്പിള എത്തിയിട്ടുണ്ടോ?’ എന്നു വിളിച്ചു ചോദിക്കൽ തുടങ്ങിയ പ്രത്യേകമായ ചില നടപ്പുകളും ഇവിടെ ഉണ്ടായിരുന്നു. കാഴ്ചയുമായി എത്തുന്നവർക്ക് ഓണപ്പുടവയും വാഴക്കുലകളും രണ്ടോണ ദിവസം നടപ്പുരയിൽ ആശ്രിതർക്കും കുടിയാൻമാർക്കും സദ്യയും പകർച്ചയും കൊടുത്തിരുന്നു.

vellanga-madam
വെള്ളാംഗമഠം സ്കെച്ച്

ഊരായ്മ ക്ഷേത്രങ്ങൾ                  

അഞ്ച് ക്ഷേത്രങ്ങളിൽ ഊരായ്മ സ്ഥാനം ഉണ്ട് വെള്ളാംഗമഠക്കാർക്ക്. വേട്ടയ്ക്കൊരുമകന്റെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ വളരെ പ്രാധാന്യമുള്ള ഒരു ക്ഷേത്രമാണ് പെരുവല്ലൂർ ശ്രീ കോട്ട വേട്ടയ്ക്കൊരു മകൻ ക്ഷേത്രം. വേട്ടയ്ക്കൊരുമകന്റെ ക്ഷേത്രങ്ങൾ പൊതുവേ കോട്ടകൾ എന്നാണ് അറിയപ്പെടുന്നത്. ചരിത്രത്തിൽ ഏറെ ശ്രദ്ധേയമാണ് തളിയാതിരിമാരുടെ ഭരണകാലം. പെരുവല്ലൂർ അടക്കമുള്ള ഭൂഭാഗത്തിന്റെ ഭരണ സിരാകേന്ദ്രമായിരുന്നു പറമ്പൻ തളി മഹാദേവ ക്ഷേത്രം. പിന്നീട് ഈ പ്രദേശങ്ങൾ രാജഭരണത്തിൻ കീഴിലായപ്പോൾ പെരുവല്ലൂരും രാജഭരണത്തിലായി. അന്നു നിർമിക്കപ്പെട്ട കോട്ടയുടെ അവശിഷ്ടങ്ങൾ ഇന്നും കാണാം. അക്കാലത്ത് നിർമിച്ച കോട്ടയ്ക്കകത്താണ് പെരുവല്ലൂരിലെ ശ്രീ കോട്ട വേട്ടയ്ക്കൊരു മകൻ ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

ഭക്തോത്തമനായ ഒരു രാജാവാണ് കിരാതമൂർത്തിയെ ഇവിടെ പ്രതിഷ്ഠിച്ചത്. കാലക്രമേണ ഇത് ചില നായർ തറവാടുകളുടെ കീഴിലാവുകയും പിന്നീട് പെരുവല്ലൂരും അടുത്ത പ്രദേശങ്ങളും വെള്ളാംഗമഠക്കാരുടേതാവുകയും ചെയ്തപ്പോൾ ഈ ക്ഷേത്രത്തിലെ ഊരാമയ്മ സ്ഥാനവും വെള്ളാംഗമഠക്കാരിലെത്തി. മണ്ഡലക്കാലത്ത് നാല്പത്തിയൊന്ന് ദിവസം പാട്ടു കഴിക്കൽ അടുത്തകാലം വരെ   വെളളാംഗമഠക്കാരായിരുന്നു നടത്തിയിരുന്നത്. അന്ന് വേട്ടയ്ക്കൊരു മകന്റെ, വെള്ളിയിൽ തീർത്ത ഗോളക ഈ തറവാട്ടിൽനിന്ന് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന പതിവും ഉണ്ടായിരുന്നു. 

ഇവരുടെ മറ്റൊരു ഊരായ്മ ക്ഷേത്രമാണ് പെരുവല്ലൂർ പട്ടക്കുളങ്ങര വിഷ്ണു ക്ഷേത്രം. അഷ്ടമിരോഹിണി നാളിൽ ഭഗവാന് ചാർത്താനുള്ള തിരുവാഭരണങ്ങൾ വെളളാംഗമoത്തിൽനിന്നാണ് കൊണ്ടുപോയിരുന്നത്. പെരിങ്ങാട് അയ്യപ്പസ്വാമി ക്ഷേത്രത്തിലെ മൂന്ന് ഊരായ്മ സ്ഥാനങ്ങളിൽ ഒരു സ്ഥാനം വെള്ളാംഗമഠക്കാർക്കാണ് ഉള്ളത്. അയ്യപ്പ സ്വാമിയാണ് ഇവിടെ പ്രതിഷ്ഠ. ഒരു ഏക്കറോളം വിസ്തൃതിയുള്ള ക്ഷേത്രക്കുളം ഈ ക്ഷേത്രത്തിനുണ്ട്. മുല്ലശ്ശേരി താണവീഥി അയ്യപ്പസ്വാമി ക്ഷേത്രത്തിനു വേണ്ടി പത്ത് ഏക്കർ സ്ഥലം വെളളാംഗമഠക്കാർ അനുവദിച്ച് കൊടുത്തിരുന്നുവത്രേ. പറയ്ക്കാട് ചേലൂർകുന്ന് അയപ്പസ്വാമി ക്ഷേത്രത്തിലേക്ക് ഏഴ് ഏക്കർ സ്ഥലവും വെള്ളാംഗമഠക്കാർ കൊടുക്കുകയുണ്ടായി. അയപ്പസ്വാമിയും വാവരും ആണ് ഇവിടുത്തെ പ്രതിഷ്ഠകൾ. 

English Summary: Vellanga Madam Nayar Tharavadu Old Architecture in Kozhikode 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com