ADVERTISEMENT

അകത്തളങ്ങളിലെയും പൂമുഖത്തെയും കാഴ്ചകൾ പലകുറി നമ്മുടെ കണ്മുമ്പിലൂടെ കടന്നു പോയി പരിചയിച്ച എട്ടുകെട്ടാണ് ഒളപ്പമണ്ണ മന. തിരശീലയിൽ ഇന്ദുചൂഢനും ജഗനാഥനുമൊക്കെ കസേര വലിച്ചിട്ടിരുന്നത് ഈ മനയുടെ പൂമുഖത്തായിരുന്നു. മൂന്നുശതാബ്ദത്തിന്റെ പഴക്കമുണ്ട് ഒളപ്പമണ്ണ മനയ്ക്ക്. കേരളീയ വാസ്തുവിദ്യയുടെ തനതു ശൈലിയിൽ പണിതീർത്തിരിക്കുന്ന മന, ഇന്നത്തെ തലമുറയ്ക്ക് ആശ്ചര്യജനകമായ കാഴ്ചയാണ്. കെട്ടിലും മട്ടിലും പ്രൗഢി തുളുമ്പി നിൽക്കുന്ന ഒളപ്പമണ്ണ മന കാണാൻ വിദേശികളടക്കമുള്ള ധാരാളം സഞ്ചാരികൾ എത്താറുണ്ട്.

Olappamanna-mana4

പാലക്കാട് ജില്ലയിലെ വെള്ളിനേഴി എന്ന ഗ്രാമത്തിലാണ് ഒളപ്പമണ്ണ മന സ്ഥിതി ചെയ്യുന്നത്. ഇന്ന് കാണുന്ന മനയ്ക്കു മുന്നൂറു വർഷത്തെ പഴക്കമെന്നാണ് ചരിത്രരേഖകളിൽ പറയുന്നത്. ആദ്യകാലത്തു മണ്ണിനാൽ നിർമിച്ച ചുവരുകളും ഓല മേഞ്ഞ മേൽക്കൂരയുമായിരുന്നു. ഒറ്റനോട്ടത്തിൽ എട്ടുകെട്ടെന്നു തോന്നുമെങ്കിലും പുരയുടെ അകത്തു സ്ഥിതി ചെയ്യുന്ന കിണറിനു ചുറ്റുമുള്ള നാലുകെട്ട് കൂടി പരിഗണിച്ചാൽ പന്ത്രണ്ടു കെട്ടാണ് ഒളപ്പമണ്ണ മന. മനയും അതിനു ചുറ്റുമുള്ള ഭൂമിയും ചേർന്ന് ഏകദേശം ഇരുപതു ഏക്കറിലധികം വിസ്തൃതിയുണ്ട്. പഴമയുടെ പ്രൗഢി പേറുന്ന ധാരാളം പുരാവസ്തുക്കൾ ഇവിടെ കാണാവുന്നതാണ്. അതിൽ നൂറ്റാണ്ടുകളുടെ പഴക്കമുള്ള അലമാരകളും പാത്രങ്ങളും മുതൽ തടിയിലും ലോഹത്തിലും തീർത്ത  ഗൃഹോപകരണങ്ങളും കരകൗശല വസ്തുക്കളും വരെയുണ്ട്. 

Olappamanna-mana5
Image From Official Site

ഒളപ്പമണ്ണ മനയിലെ പൂർവികർ ആരെന്ന കാര്യത്തിൽ രണ്ടു കഥകളാണ് പൊതുവെ പറഞ്ഞു കേൾക്കുന്നത്. അതിലൊന്ന് തൃശൂർ, മായന്നൂരിലെ ഓട്ടൂർ മനയിൽ നിന്നുള്ളവർ ഏകദേശം 600 വർഷം മുൻപ് വെള്ളിനേഴിയിൽ എത്തിയെന്നും അങ്ങനെ ഒളപ്പമണ്ണ മനക്കാരായെന്നുമാണ്. രണ്ടാമത്തേത്, തറവാട് അന്യം നിന്നു പോകുമെന്ന അവസ്ഥ ഉണ്ടായപ്പോൾ വരിക്കാശ്ശേരി മനയിൽ നിന്നും ദത്തെടുത്തവരാണ് ഒളപ്പമണ്ണ മനയിലെ പിന്മുറക്കാരെന്നതാണ്.  

കഥകളിയ്ക്കും സാഹിത്യത്തിനും വാദ്യകലക്കുമൊക്കെ ധാരാളം സംഭാവനകൾ നൽകിയ ഒരു മന കൂടിയാണിത്. കഥകളിയിലെ കല്ലുവഴിച്ചിട്ടയ്ക്കു 200 വർഷം മുൻപ് രൂപം നൽകിയത് ഇവിടുള്ളവരാണ്. അതുകൊണ്ടു തന്നെ കഥകളി മന എന്നൊരു പേരുകൂടി ഈ ഒളപ്പമണ്ണ മനയ്ക്കുണ്ട്.  ഒളപ്പമണ്ണ സുബ്രമണ്യൻ നമ്പൂതിരിപ്പാട്, ബാലസാഹിത്യത്തിലൂടെ പ്രശസ്തയായ സുമംഗല, ഋഗ്വേദം മലയാളത്തിലേയ്ക്ക് മൊഴിമാറ്റം നടത്തിയ ഒ. എം. സി. നാരായണൻ നമ്പൂതിരിപ്പാട്, വേദാധ്യാപകനായ നീലകണ്ഠൻ നമ്പൂതിരി, ഒ. എം. അനുജൻ തുടങ്ങിയവരും മനയിലെ പിൻതലമുറയിൽപ്പെട്ടവരാണ്.

Olappamanna-mana

നിർമിതിയിലെ ചാരുത കൊണ്ടുതന്നെ ധാരാളം സിനിമകളുടെ ഭാഗമാകാൻ ഒളപ്പമണ്ണ മനയ്ക്കു സാധിച്ചിട്ടുണ്ട്. പരിണയം, ഇളവങ്കോട് ദേശം, നരൻ, മാടമ്പി, ആറാംതമ്പുരാൻ, നരസിംഹം മുതൽ ഒടിയൻ, ആകാശഗംഗ, എന്ന് നിന്റെ മൊയ്‌തീൻ പോലുള്ള ധാരാളം സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്. 

എങ്ങനെ എത്തിച്ചേരാം ?

പാലക്കാട് നിന്നും 43 കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ ഒറ്റപ്പാലത്തിനടുത്തുള്ള വെള്ളിനേഴി എന്ന ഗ്രാമത്തിലെ ഒളപ്പമണ്ണ മനയിലെത്തി ചേരാം. തൃശൂരിൽ നിന്നും 60 കിലോമീറ്ററാണ് മനയിലേക്കുള്ള ദൂരം.

English Summary: Visit Olappamanna Mana on your trip to Vellinezhi 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com